Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്ക് ലഭിച്ച ഭാഗ്യദേവതയുടെ കടാക്ഷം 'ഒളി മങ്ങാതെ' മറ്റൊരു മലയാളിക്കും സമ്മാനിച്ച് ജോർജ് മാത്യു; 23 കോടി ഭാഗ്യം നേടിയ ജോർജ് 'മുഹമ്മദ് കുഞ്ഞിക്ക്' നൽകിയത് 13 കോടിയുടെ ഭാഗ്യം! അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾ നേടിയ ഭാഗ്യക്കൊയ്ത്ത് കേട്ട് ആഹ്ലാദം നിറഞ്ഞ് പ്രവാസികൾ; ഇത് 'കാണാൻ പോകുന്ന കൺമണി' നൽകിയ ഭാഗ്യമെന്ന് വിശ്വസിച്ച് ജോർജ്

തനിക്ക് ലഭിച്ച ഭാഗ്യദേവതയുടെ കടാക്ഷം 'ഒളി മങ്ങാതെ' മറ്റൊരു മലയാളിക്കും സമ്മാനിച്ച് ജോർജ് മാത്യു; 23 കോടി ഭാഗ്യം നേടിയ ജോർജ് 'മുഹമ്മദ് കുഞ്ഞിക്ക്' നൽകിയത് 13 കോടിയുടെ ഭാഗ്യം! അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾ നേടിയ ഭാഗ്യക്കൊയ്ത്ത് കേട്ട് ആഹ്ലാദം നിറഞ്ഞ് പ്രവാസികൾ; ഇത് 'കാണാൻ പോകുന്ന കൺമണി' നൽകിയ ഭാഗ്യമെന്ന് വിശ്വസിച്ച് ജോർജ്

മറുനാടൻ ഡെസ്‌ക്‌

അബുദാബി : ഭാഗ്യദേവതയുടെ കടാക്ഷം ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അയാൾക്ക് അത് മറ്റൊരാളിലേക്ക് പകരാനും സാധിക്കും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ അബുദാബിയിലെ പ്രവാസികളുടെ ഇടയിൽ നിന്നും പുറത്ത് വരുന്നത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നടന്ന അത്ഭുതത്തിന്റെ അലകൾ ഇപ്പോഴും അബുദാബിയിൽ അവസാനിച്ചിട്ടില്ല. ബുധനാഴ്‌ച്ചയായിരുന്നു നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ (70 ലക്ഷം ദിർഹം) നേടിയ കാസർകോട് ദേലംപാടി പഞ്ചായത്തിലെ മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞിക്ക് ആ ഭാഗ്യം എത്തിച്ചത് കഴിഞ്ഞ നറുക്കെടുപ്പിലെ ഭാഗ്യവാൻ തൊടുപുഴ സ്വദേശി ജോർജ് മാത്യു.

അബുദാബി വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിൽ കഴിഞ്ഞ തവണ 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) നേടിയ ജോർജ് മാത്യു സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്.തന്റെ ഭാഗ്യം മറ്റൊരു മലയാളിയിലേക്കും ജോർജ് മാത്യു പകർന്നു നൽകുകയായിരുന്നു. മുൻപും നിരവധി തവണ മലയാളി എടുക്കുന്ന നറുക്കിലൂടെ അബുദാബിയിൽ മറ്റൊരു മലയാളിക്ക് കോടികളുടെ സമ്മാനം ലഭിച്ചിരുന്നു.ഇപ്പോഴും തനിക്ക് ഒന്നും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് നറുക്കെടുപ്പിൽ ഭാഗ്യവാനെ തിരഞ്ഞെടുക്കാൻ എത്തിയപ്പോഴും ജോർജ് മാത്യു പ്രതികരിച്ചു.

വമ്പൻ സമ്മാനം ലഭിക്കുന്നതിന് മുൻപ് നാലു ടിക്കറ്റുകൾ എടുത്തിരുന്നു. ഒടുവിൽ ഭാഗ്യം തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. അർധരാത്രി അവസാന നിമിഷമാണ് 12 ദശലക്ഷം ദിർഹത്തിന്റെ ടിക്കറ്റ് എടുക്കാൻ ജോർജും കൂട്ടുകാരും തീരുമാനിച്ചത്. ഉടൻ തന്നെ ഓൺലൈനിൽ പോയി സമയം അവസാനിക്കാൻ ഒന്നോ രണ്ടോ മിനിറ്റ് അവശേഷിക്കവേ ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അജ്മാനിലാണ് ജോർജ് മാത്യു ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നത്.ബിഗ് ടിക്കറ്റിൽ നിന്നും ഫോൺ കോൾ വന്നപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല.

വ്യാജ കോൾ ആണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഇന്ന് എന്റെ ഭാഗ്യ ദിവസമാണ് എന്നാണ് പുതിയ ഭാഗ്യവാൻ മുഹമ്മദ് കുഞ്ഞി പ്രതികരിച്ചത്. ഏറെ നാളായി സ്വപ്നം കാണുന്ന വീട് ഉണ്ടാക്കണമെന്നാണ് ആഗ്രഹം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനും പദ്ധതിയുണ്ട്. എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടായിരിക്കുകയാണ്. അതിനു കാരണം ബിഗ് ടിക്കറ്റ് ആണ്. ഇനി സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. മറ്റുള്ളവരെ സഹായിക്കണമെന്നും മനസിലുണ്ടെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ജീവിക്കുന്ന ഇദ്ദേഹം തനിച്ചാണ് സൂപ്പർ 7 സീരീസ് 196 നറുക്കെടുപ്പിൽ പങ്കെടുത്തത്.

കാണാൻ പോകുന്ന കൺമണി തന്ന ഭാഗ്യമെന്ന് ജോർജ് മാത്യു

പിറക്കാൻ പോകുന്ന കുഞ്ഞാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നാണ് ജോർജ് മാത്യുവിന്റെ വിശ്വാസം. പിന്നെ, തന്നെ നിർബന്ധിച്ച് നറുക്കെടുപ്പിൽ പങ്കെടുപ്പിച്ച കൂട്ടുകാരുടെ സ്‌നേഹവും. ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടി ക്ലിനിക്കിൽ കൊണ്ടുചെന്നപ്പോഴായിരുന്നു ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചത്. നറുക്കെടുപ്പ് ഇന്നാണെന്ന് അറിഞ്ഞിരുന്നതിനാൽ സമ്മാനം നേടിയെന്ന് കേട്ടപ്പോൾ പറ്റിക്കാനുള്ള വിളിയാണെന്ന് സംശയിച്ചില്ല.

എങ്കിലും ഭാര്യയുടെ പരിശോധനകൾ സംബന്ധമായ തിരക്കിൽപ്പെട്ടതിനാൽ സമ്മാനം ഉറപ്പുവരുത്താനും സാധിച്ചില്ല. പിന്നീട്, താൻ പ്രഡക്ഷൻ ഓഫീസറായി ജോലി സ്ഥലമായ ഡിഐപിയിലെ ഗൾഫ് ന്യൂസ് പ്രിന്റിങ് പ്രസിൽ നിന്നും ഫോൺ കോളെത്തിയപ്പോൾ സംഭവം സത്യമാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. യുഎഇയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കൽ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞ മാസം 30ന് ഓൺലൈനിലൂടെ കൂപ്പണെടുത്തത്.

ആയിരം ദിർഹമിന്റെ കൂപ്പണിന് എല്ലാവരും തുല്യമായി പണം നൽകി.നേരത്തെ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ഇവർ. പിന്നീട് പലരുടേയും കുടുംബം നാട്ടിൽ നിന്ന് വന്നതോടെ താമസം പലവഴിക്കായി. എങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി സുഹൃദ് ബന്ധം തുടരുന്ന ആറംഗ സംഘം മാസങ്ങളായി നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. അടുത്തിടെ കുറച്ച് സാമ്പത്തിക പ്രതിസന്ധി വന്നതിനാൽ ഇത്തവണത്തെ നറുക്കെടുപ്പിൽ നിന്ന് തന്നെ ഒഴിവാക്കാൻ ജോർജ് മാത്യു സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ സമ്മതിച്ചില്ല. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരുന്ന കൂട്ടുകാരാണ് നമ്പർ പരിശോധിച്ച് സമ്മാനം ഉറപ്പുവരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP