Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ഇന്ത്യ ബർമിങ്ങാമിൽ നിന്നും ഓഗസ്റ്റ് 15 മുതൽ ആറു ദിവസവും ഇന്ത്യയിലേക്ക്; അതിർത്തി സംഘർഷം കനത്തപ്പോൾ വ്യോമപാത അടച്ചത് ദുർഘടമായതു യുകെയിലെ മലയാളികൾക്ക്; ഇന്ത്യ- പാക് വ്യോമപാത തുറന്നതോടെ ആഴ്‌ച്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്താൻ ഒരുങ്ങുന്നു

എയർ ഇന്ത്യ ബർമിങ്ങാമിൽ നിന്നും ഓഗസ്റ്റ് 15 മുതൽ ആറു ദിവസവും ഇന്ത്യയിലേക്ക്; അതിർത്തി സംഘർഷം കനത്തപ്പോൾ വ്യോമപാത അടച്ചത് ദുർഘടമായതു യുകെയിലെ മലയാളികൾക്ക്; ഇന്ത്യ- പാക് വ്യോമപാത തുറന്നതോടെ ആഴ്‌ച്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്താൻ ഒരുങ്ങുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ആറു മാസത്തെ യാത്ര ദുരിതവും കാത്തിരിപ്പും തീരുന്നു. ഫെബ്രുവരിയിൽ ബാലക്കോട്ട ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷങ്ങളുടെ കാർമേഘം പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും അടച്ച ആകാശപാതയിൽ വശം കെട്ടത് യുകെ മലയാളികൾ അടക്കമുള്ള പ്രവാസികളാണ്. പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ച് ബർമിങ്ഹാമിൽ നിന്നും അമൃത്സർ വഴി ഡൽഹി സർവീസ് നടത്തിയിരുന്ന മൂന്നു എയർ ഇന്ത്യ സർവീസ് താൽക്കാലികമായി നിർത്തുകയായിരുന്നു.

ആ വിമാനങ്ങൾ ഓഗസ്റ്റ് 15 മുതൽ തിരിച്ചെത്തുകയാണ്. യുകെ മലയാളികൾക്കുള്ള സ്വതന്ത്ര ദിന സമ്മാനം എന്ന നിലയിലാണ് വിമാനം വീണ്ടും പറന്നു തുടങ്ങുന്നത്. ഇതോടെ ബർമിങ്ഹാമിൽ നിന്നും ആഴ്ചയിൽ ആറു സർവീസുകളാകും. തുടർന്ന് ഒരു മാസത്തിനിടയിൽ തന്നെ ഏഴാമത്തെ വിമാനവും ബർമിങ്ഹാമിൽ എത്തും എന്നാണ് സൂചന. സെപ്റ്റംബർ മുതൽ ഈ സാഹചര്യത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യയിലേക്ക് ബർമിങ്ഹാമിൽ നിന്നും പറക്കാനാകും.

അതിർത്തി സംഘർഷം ഒഴിഞ്ഞതോടെ ഇരു രാജ്യങ്ങളും നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും വ്യോമപാത പൂർണമായും തുറന്നതു കഴിഞ്ഞ ദിവസമാണ്. ഇതിനകം ഇരു രാജ്യങ്ങൾക്കും ഇതുവഴി കനത്ത നഷ്ടം സംഭവിച്ചിരുന്നു. വ്യോമ മേഖല പൂർണമായും അടച്ചതോടെ പാകിസ്ഥൻ ഏറെക്കുറെ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. എയർ ഇന്ത്യക്കും പാക് എയർലൈൻസിനും ചേർന്ന് ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വ്യോമപാത ഒഴിവാക്കി പറക്കുന്നത് മൂലമുള്ള അധിക സഞ്ചാര സമയം വരുത്തിയ നഷ്ടവും വ്യോമപാത മറ്റു വിമാനങ്ങൾക്കു നൽകുന്നത് വഴി ലഭിക്കുന്ന വരുമാനവും ചേർത്താണ് ഈ നഷ്ടം കണക്കാക്കുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തൽ സംഭവിക്കുന്ന നഷ്ടങ്ങളുടെ കണക്കുകൾ എത്ര വലുതായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകുന്നത്.

എയർ ഇന്ത്യ നിർത്തലാക്കിയ ബർമിങ്ഹാം - അമൃതസർ വിമാനം ആഴ്ചയിൽ മൂന്നു ദിവസമാണ് ഇനി പറക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ ഡൽഹിയിലേക്ക് മൂന്നു വിമാനങ്ങൾ പറക്കുന്നുണ്ട്. കൂടുതൽ സർവീസുകൾ എത്തുന്നത് പ്രത്യക്ഷമായും പരോക്ഷമായും മലയാളി യാത്രികർക്ക് സഹായകമാകും എന്നതിനാൽ എയർ ഇന്ത്യയുടെ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. അടുത്ത നാളുകളിൽ അനുഭവിക്കുന്ന ഉയർന്ന യാത്ര നിരക്കിന് അൽപം ആശ്വാസം നൽകാൻ പുതിയ സർവീസ് സഹായിച്ചേക്കും എന്ന പ്രതീക്ഷയും ശക്തമാകുകയാണ്.

പുതിയ വിമാനങ്ങൾ എത്തുന്ന കാര്യം ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് വ്യക്തമാക്കിയത്. വിമാനം നിലച്ചത് മുതൽ ഇന്ത്യൻ വംശജരായ യുകെയിലെ പഞ്ചാബി സമൂഹം ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. വിമാനം ഉടൻ ആരംഭിക്കാൻ നടപടി എടുക്കും എന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പു പാക്കിസ്ഥാൻ നിയന്ത്രണം നീക്കം ചെയ്ത ഉടൻ നടപ്പിലാക്കാൻ വ്യോമയാന മന്ത്രാലയം തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പുതിയ വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

സ്വതവേ നഷ്ടത്തിൽ ഓടുന്ന കമ്പനി എന്ന നിലയിൽ വ്യോമപാത നിരോധനം എയർ ഇന്ത്യക്കുണ്ടാക്കിയ നഷ്ടം 500 കോടിയോളമാണ്. ഒരു ദിവസത്തെ കണക്കു നോക്കിയാൽ എയർ ഇന്ത്യക്കു ഈ യാത്രാവിലക്ക് മൂലം 13 ലക്ഷം രൂപ വീതമാണ് നഷ്ടമായികൊണ്ടിരുന്നത്. സമാനമായ തരത്തിൽ മറ്റു സ്വകാര്യ ഇന്ത്യൻ വിമാനകമ്പനികൾക്കും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം മന്ത്രി തന്നെയാണ് ലോകസഭയെ അറിയിച്ചതും. ഇന്ത്യ വ്യോമപാതയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെയാണ് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമയാന പാതയും പൂർണമായും തുറന്നു നല്കാൻ സമ്മതിച്ചത്.

ആകാശ പാത അടഞ്ഞു കിടന്നപ്പോൾ ആഴ്ചയിൽ യൂറോപ്പിലേക്കുള്ള 66 സർവീസുകളും അമേരിക്കയിലേക്കുള്ള 33 സർവീസുകളുമാണ് എയർ ഇന്ത്യക്കു കനത്ത നഷ്ടം സമ്മാനിച്ചത്. ഇതിൽ സിംഹ ഭാഗവും പാക്കിസ്ഥാന് മുകളിലൂടെയാണ് പറന്നിരുന്നത്. ആകാശ പാത അടഞ്ഞതോടെ ഇവ പൂർണമായും മറ്റു വഴികൾ തേടേണ്ടി വന്നു. ഇവയിൽ ചിലതു ക്യാൻസലാക്കി നഷ്ടം കുറയ്ക്കാൻ എയർ ഇന്ത്യനടത്തിയ ശ്രമത്തിൽ ബർമിങ്ഹാം - ഡൽഹി സർവീസും ഉൾപ്പെട്ടിരുന്നു. കാബൂൾ മുതൽ ഡൽഹി വരെയുള്ള റൂട്ടിലാണ് അപകട ഭീതിയിൽ വിമാനങ്ങൾക്ക് മാറി പറക്കേണ്ടി വന്നിരുന്നത്. അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യൻ യുദ്ധ വിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടതോടെയാണ് ആകാശ പാതയിൽ നിയന്ത്രണം ഉണ്ടായതു തുടർച്ചയായി അഞ്ചു തവണ നീട്ടിയ ശേഷമാണു പാക്കിസ്ഥാൻ വിലക്ക് പൂർണമായും മാറ്റാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി യു എസ് സന്ദർശനത്തിന് തിങ്കളാഴ്ച മുതൽ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഉള്ള ശ്രമം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. ഭീകരരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തെളിയിക്കുന്നതും ഇത് തന്നെയാണ്. മേഖല പൂർണമായും സമാധാനത്തിലേക്കു മടങ്ങുന്നു എന്ന് ബോധ്യപ്പെടുത്താൻ പാക് പക്ഷത്തു നിന്നുള്ള ശ്രമമവും സജീവമാണ്. കഴിഞ്ഞ ദിവസം അന്തരാഷ്ട്ര കോടതി കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞ നടപടിക്കു ശേഷം നിലപാടുകളിൽ അയവു വരുത്താൻ ഉള്ള പാക് ശ്രമം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP