Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൻ ലണ്ടനിലേക്ക് വിളിച്ചപ്പോൾ പിന്നെയാകട്ടെ എന്ന് പറഞ്ഞു; പിതാവ് മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ കവർച്ചക്കാർ അമ്മയുടെ ജീവനെടുത്തപ്പോൾ തോരാാക്കണ്ണൂരുമായി അന്തോണീസ്; ഇരിഞ്ഞാലക്കുടയെ നടുക്കിയ കൊലപാതകം കേംബ്രിഡ്ജിനടുത്ത കിങ്സിലിയിലെ മലയാളികൾക്കും വേദനയായി; ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്ന കൊലപാതകികളെ കണ്ടെത്താൻ 12 പൊലീസ് സംഘങ്ങൾ

മകൻ ലണ്ടനിലേക്ക് വിളിച്ചപ്പോൾ പിന്നെയാകട്ടെ എന്ന് പറഞ്ഞു; പിതാവ് മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ കവർച്ചക്കാർ അമ്മയുടെ ജീവനെടുത്തപ്പോൾ തോരാാക്കണ്ണൂരുമായി അന്തോണീസ്; ഇരിഞ്ഞാലക്കുടയെ നടുക്കിയ കൊലപാതകം കേംബ്രിഡ്ജിനടുത്ത കിങ്സിലിയിലെ മലയാളികൾക്കും വേദനയായി; ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്ന കൊലപാതകികളെ കണ്ടെത്താൻ 12 പൊലീസ് സംഘങ്ങൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: കഴിഞ്ഞ അവധിക്കാലത്തും നാട്ടിൽ എത്തിയപ്പോൾ അന്തോണീസ് കഴിവതും അമ്മയോട് പറഞ്ഞു നോക്കിയതാണ് കുറച്ചുകാലം തന്റെ കൂടെ വന്നു നിൽക്കാൻ. എന്നാൽ സാധാരണ നാട്ടിൻ പുറത്തെ അമ്മമാർ പറയുന്നത് തന്നെയാണ് മകനോട് ഇരിഞ്ഞാലക്കുട കോമ്പാറ കൂനൻ വീട്ടിൽ പൗലോസിന്റെ ഭാര്യ ആലീസ് പറഞ്ഞതും. ''അടുത്ത വരവിനാകട്ടെ. എന്നാൽ അമ്മയുടെ വാക്കുകളിൽ അൽപം ആശങ്കയുണ്ടായ മകൻ തൊട്ടടുത്ത വീടുകളിൽ എത്തി യാത്ര പറയവേ വീട്ടിലേക്കു ഒരു കണ്ണ് വേണം കേട്ടോ എന്നും ഓർമ്മിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ കുറിച്ചുള്ള ആധിയായിരുന്നു ആ വാക്കുകളിൽ നിറയെ. ഇപ്പോൾ അന്തോണീസ് ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു''.

അന്തോണീസിന്റെ അടുത്ത വരവു കാത്തിരിക്കാൻ ആ അമ്മയ്ക്ക് ക്രൂരരായ കൊലയാളികൾ അവസരം നൽകിയില്ല. നാലു നാൾ മുൻപ് ആലീസ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്തോണീസിന്റെ വീട്ടിൽ കച്ചവടക്കാരുടെ വേഷത്തിൽ വന്നവരെന്നു പൊലീസ് സംശയിക്കുന്ന കൊലയാളികൾ ആ അമ്മയെ നിഷ്‌ക്കരുണം വെട്ടി വീഴ്‌ത്തുക ആയിരുന്നു. എല്ലാ ദിവസവും എന്ന പോലെ അമ്മയെ വിളിച്ചിരുന്ന കേംബ്രിഡ്ജിനു അടുത്തുള്ള കിങ്സ്ലിയിൽ താമസിച്ചിരുന്ന അന്തോണീസിന്റെ വിളി കൊല നടന്ന വ്യാഴാഴ്ചയും അമ്മയെ തേടി എത്തിയിരുന്നു. ഇതിനു ശേഷമാണു നാടിനെ നടുക്കിയ നിഷ്ടൂര കൊലപാതകം നടക്കുന്നത്.

മൂന്നു പെൺമക്കളും ഏക ആൺ തരിയുമാണ് ആലീസിനും പൗലോസിനും ഉണ്ടായിരുന്നത്. എന്നാൽ രണ്ടു വർഷം മുൻപ് പൗലോസിന്റെ ആകസ്മിക മരണത്തെ തുടർന്ന് ആലീസ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വാർധക്യത്തിലേക്കു എത്താൻ ഇനിയും കാലം ഉണ്ടായിരുന്നതും ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്നതുമാണ് ഒറ്റയ്ക്ക് കഴിയാൻ ആലീസിനെ പ്രേരിപ്പിച്ചത്. ലൗ ബേർഡ്‌സ് ഉൾപ്പെടെയുള്ള ആഡംബര പക്ഷികളെ വളർത്തി ചെറിയ രീതിയിൽ വരുമാനം ഉണ്ടായിരുന്ന ആലീസ് മക്കളെ അകാരണമായി ബുദ്ധിമുട്ടിക്കേണ്ട എന്നും തീരുമാനിച്ചിരിക്കണം.

മാത്രമല്ല മൂന്നു പെണ്മക്കൾ വിളിപ്പുറത്ത് ഉണ്ടായിരുന്നതും അവരൊക്കെ എല്ലായ്‌പ്പോഴും വീട്ടിൽ എത്തി സുഖ വിവരം അന്വേഷിക്കാറുണ്ടായിരുന്നതും അവർക്കു നൽകിയ മനക്കരുത്ത് ഏറെ വലുതായിരുന്നു. എന്നാൽ തന്നെ തേടി ഇങ്ങനെ ഒരു മരണം ഉണ്ടാകുമെന്നു അവർ സ്വപ്നേപി വിചാരിച്ചിരിക്കില്ല. അതുകൊണ്ടു തന്നെയാണ് മകന്റെ നിർബന്ധത്തെ സ്നേഹപൂർവ്വം നിരസിച്ചതും.

കേംബ്രിഡ്ജിനു അടുത്ത് കിങ്സ്ലിയിൽ താമസിക്കുന്ന യുവാവായ അന്തോണീസിന്റേയും ഭാര്യ സ്റ്റെഫിയുടെയും കുടുംബത്തെ തേടി എത്തിയ ഈ ദുരന്തം പ്രദേശവാസികളായ മലയാളികളെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഏറെ സൗമ്യനും ആരോടും സ്നേഹത്തോടെ പെരുമാറാൻ കഴിയുന്നവനുമായ അന്തോണീസിന് നിനച്ചിരിക്കാതെ അടുത്തടുത്ത സമയങ്ങളിൽ അപ്പനും അമ്മയും നഷ്ടമായ ദുര്യോഗം താങ്ങാൻ കരുത്തു നൽകണമേയെന്നാണ് ഇപ്പോൾ കിങ്സ്ലി മലയാളികൾ പ്രാർത്ഥിക്കുന്നത്.

അമ്മയുടെ മരണംമറിഞ്ഞു ഉടൻ നാട്ടിൽ എത്തിയ അന്തോണീസിന്റെയും മറ്റു മക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെ ആലീസിന്റെ ശവസംസ്‌കാരം ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. നാടിനെ നടുക്കിയ കൊലപാതകത്തിൽ ഇരയായ വീട്ടമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ കൂനൻ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ക്രിസ്ത്യൻ തറവാടുകളിൽ ഒന്നായ കൂനൻ കുടുംബത്തിൽ ഉണ്ടായ ദുരന്തം നാട്ടുകാർക്കും കനത്ത ആഘാതമായി. പ്രദേശത്തെ ഏറെ അറിയപ്പെടുന്ന വീട് കൂടിയാണ് അന്തോണീസിന്റേത്. പക്ഷികളെ വിൽക്കുന്ന കച്ചവടം ഉണ്ടായിരുന്നതിനാൽ പ്രദേശത്തുള്ള എല്ലാവർക്കും പരിചിതവുമാണ് അന്തോണീസിന്റെ വീട്.

പക്ഷികളെ വാങ്ങാൻ എത്തിയവരും മറ്റും ആലീസ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്നതും വീട്ടിൽ സ്വർണവും പണവും ഉണ്ടാകാം എന്ന നിഗമനം നടത്തിയതും കൊലപാതകത്തിലേക്ക് നയിക്കാൻ ഉള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ആലീസിന്റെ മകനും മരുമകളും ഇംഗ്ലണ്ടിൽ ആണെന്നതിനാൽ അമ്മയെ സംരക്ഷിക്കുന്നതിന് പണം എത്തിക്കുമെന്ന നിഗമനവും കൊലയാളികൾക്ക് ഉണ്ടായിരിക്കണം. ആലീസിന്റെ കൊലപാതകത്തിൽ ഒരാൾ ഇതിനകം പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനയുണ്ട്. എന്നാൽ പൊലീസ് ഇത് വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ പ്രദേശത്തു തുടർച്ചയായി രണ്ടു വർഷത്തിനിടെ ഉണ്ടായ നാലാമത്തെ കൊലപാതകം എന്ന നിലയിൽ ആളുകളുടെ ഭയം മാറ്റുന്നതിന് വേണ്ടിയും ഏറെ ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. 36 പേരടങ്ങുന്ന അന്വേഷണ സംഘത്തെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് പ്രതികളെ കണ്ടെത്താനുള്ള നീക്കം നടക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒന്നും കാര്യമായി ഇല്ലാത്ത ഈസ്റ്റ് കോമ്പാറയിലെ കൊലപാതകം പൊലീസിനും തലവേദന ആയിരിക്കുകയാണ്.

നാലു ജില്ലകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത് എന്ന് സൂചനയുണ്ട്. അയൽ സംസ്ഥാന തൊഴിലാളികൾ കൊലയ്ക്കു പിന്നിലുണ്ടോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ കാരണമായ തെളിവുകൾ ലഭിച്ചിട്ടുമില്ല. എന്നാൽ കർട്ടൻ വിൽപ്പനയുമായി ബന്ധപ്പെട്ട ഒരാൾ കൊലപാതകം നടന്നുവെന്ന് കരുതപ്പെടുന്ന രാവിലെ പത്തരക്കും പന്ത്രണ്ടിനും മദ്ധ്യേ വീട്ടിൽ എത്തിയിരുന്നതായി സൂചനയുണ്ട്. മേഖല ഡിഐജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

ആലീസ് ഉപയോഗിച്ചിരുന്ന എട്ടു സ്വർണ വളകൾ കാണാതായതോടെയാണ് കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് കരുതുന്നത്. എന്നാൽ ആലീസിന്റെ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുമില്ല. കഴുത്തിന് വെട്ടേറ്റ നിലയിൽ സ്വീകരണ മുറിയോട് ചേർന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടിനു മുൻവശത്തെ വാതിൽ പുറത്തു നിന്നും കുറ്റിയിട്ട നിലയിലും ആയിരുന്നു. ആലീസിനു കൂട്ടുകിടക്കാൻ വരാറുണ്ടായിരുന്ന അയൽവാസിയായ സ്ത്രീ എത്തി വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആലീസിനെ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP