Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 27 ശതമാനം വരെ നികുതി നൽകേണ്ടിവരുമോ? പ്രവാസികളുടെ വിദേശ ബാങ്ക് വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടി വരുമോ? മോദി സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ ഒരു കോടിയിലേറെ വരുന്ന പ്രവാസികളെ വെട്ടിലാക്കുമെന്ന വാദം ശക്തമാകുമ്പോൾ

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 27 ശതമാനം വരെ നികുതി നൽകേണ്ടിവരുമോ? പ്രവാസികളുടെ വിദേശ ബാങ്ക് വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടി വരുമോ? മോദി സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ ഒരു കോടിയിലേറെ വരുന്ന പ്രവാസികളെ വെട്ടിലാക്കുമെന്ന വാദം ശക്തമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ വിദേശത്തുണ്ടാക്കിയ സമ്പാദ്യത്തിന് കനത്ത പ്രവാസി നികുതി ചുമത്താൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയെന്ന വിവരം കുറച്ചുകാലമായി ശക്തമായി പ്രചാരത്തിലുണ്ട്. പ്രവാസികളുടെ വിദേശ സമ്പാദ്യത്തിന് 27 ശതമാനം വരെ നികുതി ഈടാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയെന്ന വിവരം കഴിഞ്ഞ വർഷം ചർച്ചയായിരുന്നു. ഇതിനായി വിജ്ഞാപനം പോലുമില്ലാതെ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ ജിഎസ്ടി നടപ്പായതിന് പിന്നാലെ പ്രവാസികളെ ആശങ്കയിലാഴ്‌ത്തി പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും പ്രവാസികളെ പിഴിയാനുള്ള ഇത്തരമൊരു നീക്കമുണ്ടെന്ന ധാരണയാണ് പൊതുവെ.

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന തുകയ്ക്ക് മൂന്നു മുതൽ അഞ്ചുശതമാനംവരെ നികുതി ഈടാക്കാൻ ഗൾഫ്് രാജ്യങ്ങൾ ആലോചിച്ചിരുന്നെങ്കിലും അതുപോലും പ്രവാസികളുടെ എതിർപ്പിനെ തുടർന്ന് വേണ്ടെന്നു വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം രാജ്യത്തെ ഭരണകൂടം തന്നെ പ്രവാസികളെ പിഴിയാൻ നീക്കം നടത്തുന്നതെന്നതാണ് ചർച്ചയാകുന്നത്. ഇത്തരമൊരു രഹസ്യ നിയമഭേദഗതി നടപ്പാക്കിയെന്നും ഇതിന്റെ മുന്നോടിയായി നടപടികൾ സ്വീകരിച്ചുതുടങ്ങിയെന്നുമുള്ള പ്രചാരണം ശക്തമാണ്. ഇതിനെല്ലാം അടിസ്ഥാനമായത് അടുത്തിടെ നികുതി റിട്ടേൺ നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വരുത്തിയ പരിഷ്‌കരണമാണ്.

ഇതോടെയാണ് വൻ നികുതി പ്രവാസികൾക്കായി കേന്ദ്രസർക്കാർ ചുമത്തുന്നുവെന്ന പ്രചാരണം ശക്തമാകുന്നത്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ എഴു ശതമാനത്തോളം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്. ഇതിന്മേൽ നികുതി ചുമത്തിയാൽ വൻ വരുമാനം ഉണ്ടാക്കാനാകുമെന്ന നീക്കത്തിലാണ് കേന്ദ്രസർക്കാർ എന്നാണ് പ്രചരണം. ഇതിന് മുന്നോടിയായി ആണ് നികുതി റിട്ടേൺ നൽകുന്ന കാര്യത്തിൽ പ്രവാസികളുടെ വിദേശ അക്കൗണ്ട് വിവരം ഉൾപ്പെടെ ശേഖരിക്കുന്നത് എന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ പ്രവാസി സമ്പാദ്യത്തിന്മേൽ നികുതി ചുമത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇതുവരെ ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല.

ആദായ നികുതി റിട്ടേണുകൾ സമിർപ്പിക്കാനുള്ള രണ്ടാം നമ്പർ ഫോറത്തിൽ പ്രവാസികൾ തങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ വിശദമായി രേഖപ്പെടുത്തണം എന്ന് ഭേദഗതി വരുത്തിയിട്ടുണ്ട് കേന്ദ്രം. നികുതി നിയമത്തിൽ ഭേദഗതി വരുത്താതെയും വിജ്ഞാപനം ചെയ്യാതെയുമാണ് ഈ ഭേദഗതി വരുത്തിയതെന്നും ഇത് വൻ നികുതി ചുമത്തുന്നതിന്റെ മുന്നോടിയായി നടപ്പിൽ വരുത്തുന്ന പരിഷ്‌കാരമാണെന്നും ഉള്ള രീതിയിലാണ് ചർച്ചയായത്. എന്നാൽ ഇത്തരമൊരു പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കിയ കേന്ദ്രം ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികളുടെ കാര്യത്തിൽ മാത്രമാണ് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകേണ്ടതെന്നും വിശദീകരിച്ചിട്ടുണ്ട്.

പരിഷ്‌കാരം ലക്ഷ്യമിടുന്നത് ഇന്ത്യയിൽ താമസിച്ച് വിദേശത്ത് നിക്ഷേപം നടത്തുന്നവരെ

വിദേശ ഇന്ത്യക്കാർ നാട്ടിൽ ആദായ നികുതി റിേട്ടൺ നൽകുമ്പോൾ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന നിർദ്ദേശം സാധാരണ പ്രവാസികളെ ബാധിക്കില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസി വെൽഫയർ ട്രസ്റ്റ് ചെയർമാനുമായ കെ.വി.ഷംസുദ്ദീൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന പല വാർത്തകളും പ്രവാസികളിൽ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.

അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: സാധാരണക്കാരായ പ്രവാസികൾ ഇതിൽ ഭയക്കേണ്ടതില്ല. എല്ലാ പ്രവാസികളും നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതില്ല. നാട്ടിൽ വാടക, കച്ചവടത്തിൽ നിന്ന് ആദായം, ഓഹരി വിൽപ്പനയിൽ നിന്ന് ഹ്രസ്വകാല ലാഭം തുടങ്ങിയ വഴി വരുമാനമുണ്ടെങ്കിലേ പ്രവാസികൾ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതുള്ളൂ. പ്രവാസി ഇന്ത്യക്കാരുടെ വിദേശത്തുള്ള സമ്പത്തിനോ വരുമാനത്തിനോ നിക്ഷേപത്തിനോ നികുതിയില്ല.

നാട്ടിൽ വരുമാനമുണ്ടെങ്കിലാണ് റിട്ടേൺ നൽകേണ്ടത്. നാട്ടിൽ വാടക നിയമപരമായ മാർഗത്തിലൂടെയാണ് ലഭിക്കുന്നതെങ്കിൽ ഉറവിടത്തിൽ നിന്ന് തന്നെ ആദായനികുതി പിടിച്ചിട്ടുണ്ടാകും. ചിലർക്ക് ബാങ്കുകളിൽ എൻ.ആർ.ഒ അക്കൗണ്ടുണ്ടാകും. അതിലെ പലിശക്കും ഉറവിടത്തിൽനിന്ന് തന്നെ ബാങ്ക് നികുതി പിടിക്കും. ഇത്തരക്കാർക്ക് നികുതി ബാധ്യതയുള്ള മറ്റു വരുമാനമൊന്നും ഇല്ലെങ്കിൽ നികുതി റിേട്ടൺ ഫയൽ ചെയ്താൽ, പിടിച്ചെടുത്ത നികുതി തിരിച്ചുകിട്ടും.

ഇന്ത്യയിൽ രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിലേ നികുതി നൽകേണ്ടതുള്ളൂ. ഇതിൽ തന്നെ ചില ഇളവുകളുണ്ട്. അഞ്ചു ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി നൽകേണ്ടത്. പ്രവാസി ആയാലും അല്ലെങ്കിലും ആരെങ്കിലും നികുതി റിേട്ടൺ നൽകുന്നുണ്ടെങ്കിൽ പുതിയ കോളം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് കാണിക്കണമെന്നാണ് അതിൽ പറയുന്നത്. അതും സാധാരണ പ്രവാസികളെ ഉദ്ദേശിച്ചുള്ളതല്ല.

നാട്ടിൽ സ്ഥിരമായ താമസിച്ച് വിദേശത്ത് നിക്ഷേപം നടത്തി അതിൽ നിന്ന് ലാഭമുണ്ടാക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പുതിയ നിർദ്ദേശം വന്നത്. നാട്ടിലെ പല സിനിമാ താരങ്ങൾക്കും വിദേശത്ത് നിക്ഷപവും ആദായവുമുണ്ട്. ഇവർ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ വരുമാനം ഉൾപ്പെടുത്തേണ്ടിവരും. നിയമവിരുദ്ധ മാർഗത്തിലൂടെ വിദേശത്ത് നിന്ന് പണമിടപാട് നടത്തുന്നവരുമുണ്ട്. ഇവരെയൊക്കെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ആദായ നികുതി വകുപ്പ് പുതിയ നിർദ്ദേശം കൊണ്ടുവന്നത്. പ്രവാസികളുടെ വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണത്തിന് നികുതി വരുന്നു എന്നത് തെറ്റിദ്ധാരണയാണ്. ഭാവിയിൽ വിദേശ വരുമാനത്തിന് നികുതി വരുമെന്ന ആശങ്കയും അസ്ഥാനത്താണെന്ന് കെ.വി.ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP