Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ സർട്ടിഫിക്കറ്റെന്ന പേരിൽ പൊലീസ് അറസ്റ്റു ചെയ്തത് ബ്രിട്ടീഷ് എംപിയുടെ മലയാളിയായ ജീവിത പങ്കാളിയെ; നിധിൻ ചന്ദ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് 20 മണിക്കൂർ സമയം; ഇന്ത്യൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്; ബ്രിട്ടീഷ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോഴും ഒന്നുമറിയാതെ മോദിയും പിണറായി

വ്യാജ സർട്ടിഫിക്കറ്റെന്ന പേരിൽ പൊലീസ് അറസ്റ്റു ചെയ്തത് ബ്രിട്ടീഷ് എംപിയുടെ മലയാളിയായ ജീവിത പങ്കാളിയെ; നിധിൻ ചന്ദ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് 20 മണിക്കൂർ സമയം; ഇന്ത്യൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്; ബ്രിട്ടീഷ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോഴും ഒന്നുമറിയാതെ മോദിയും പിണറായി

പ്രത്യേക ലേഖകൻ

 ലണ്ടൻ: ബ്രിട്ടനിലേക്ക് പഠിക്കാൻ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷാവർഷം കൂടാറുണ്ട്. ബ്രിട്ടീഷ് ഹോം ഓഫീസ് നിർദേശിക്കുന്ന യോഗ്യത പരീക്ഷകൾ പാസായി എത്തുന്നവരോട് വിവേചനപരമായി പെരുമാറുന്നു എന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. ഈ ആക്ഷേപങ്ങളെ ശരിവെക്കും വിധാണ് ഇപ്പോൾ ഒരു മലയാളി വിദ്യാർത്ഥി ഉൾപ്പെട്ട സംഭവം പുറത്തുവരുന്നത്. സ്‌കോ്ട്ട്‌ലന്റിലെ ലിങ്ലിതഗോ ആൻഡ് ഈസ്റ്റ് ഫാൽക്രിക് എംപി കൂടിയായ മാർട്ടിൻ ഡേയുടെ ജീവിത പങ്കാളിയും മലയാളിയുമായ നിധിൻ ചന്ദ് എന്ന യുവതിയും അകാരണമായി പൊലീസ് പിടിയിലായതോടെ മാർട്ടിൻ ഡേയും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുമായി മികച്ച വ്യക്തിബന്ധം പുലർത്തുന്ന സ്റ്റീഫൻ ടിംസ് എംപിയും ചേർന്നു നടത്തിയ ലോബിയിങ്ങിലാണ് ഒടുവിൽ ഹോം ഓഫീസിന്റെ കുറ്റസമ്മതം പുറത്തു വന്നിരിക്കുന്നത്.

അതേസമയം അകാരണമായി കുറ്റാരോപിതരായ 36000 വിദ്യാർത്ഥികളിൽ നല്ല പങ്കിനും കേസിനു പിന്നാലെ നടന്നു വിലപ്പെട്ട പഠന സമയവും അതുവഴി ഉറപ്പാക്കാൻ കഴിയുമായിരുന്ന മികച്ച ഭാവിക്കും ഇനിയാര് ഉത്തരം പറയും എന്ന ചോദ്യത്തിന് മറുപടിയില്ലാതെ പോകുന്നത് ഇപ്പോൾ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്. തന്റെ ജീവിത പങ്കാളിയും മലയാളിയുമായ നിധിൻ ചാന്ദ് ബ്രിട്ടീഷ് ഹോം ഓഫിസിന്റെ ഇരയായ കഥയാണ് മാർട്ടിൻ ഡേ എംപി പങ്കിടുന്നത്. ഐഇഎൽറ്റിസിന് സമാനമായ ടിഓഐഇസി പരീക്ഷയിൽ കൃത്രിമം നടന്നതുവഴിയാണ് നിധിൻ യോഗ്യത നേടിയതെന്ന ആരോപണം ഉന്നയിച്ചാണ് ഹോം ഓഫിസ് ഈ മലയാളി യുവതിയെ കൂട്ടുകാർക്കു മുൻപിൽ വച്ച് അറസ്റ്റ് ചെയ്തത്.

കൂടാതെ ഇവരെ 20 മണിക്കൂർ ഡിറ്റൻഷൻ സെന്ററിൽ ചോദ്യം ചെയ്യലിനായി സൂക്ഷിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദുരനുഭവം എന്നാണ് നിധിൻ പിന്നീട് അതേക്കുറിച്ചു വെളിപ്പെടുത്തിയത്. ഈ പരീക്ഷകൾ ബ്രിട്ടനിൽ പഠിക്കാനുള്ള യോഗ്യതയ്ക്കു പ്രാപ്തം അല്ലെന്നു കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്നാണ് ഈ അനുഭവത്തിൽ നിധിന്റെ പങ്കാളി കൂടിയായ മാർട്ടിൻ ഡേ എംപി വെളിപ്പെടുത്തുന്നത്. ടിഓഐഇസി പരീക്ഷ സിസ്റ്റത്തിൽ കൃത്രിമം ഉണ്ടെന്നു കണ്ടെത്തി 20 പേരെ ജയിലിൽ എത്തിച്ചതായാണ് ഇതിനു മറുപടിയായി ഹോം ഓഫിസിനു പറയാനുള്ളത്. എന്നാൽ യഥാർത്ഥ വിദേശ വിദ്യാർത്ഥികളെ തങ്ങൾ സ്വാഗതം ചെയ്യുന്നതായി വീണ്ടും ഹോം ഓഫീസ് വക്താക്കൾ ആവർത്തിക്കുകയും ചെയ്യുന്നു.

നാല് വർഷം മുൻപ് താൻ നേരിട്ട ദുരനുഭവമാണ് ഇപ്പോൾ നിധിൻ ചന്ദിന്റെ വാക്കുകളായി ഇന്ത്യൻ മാധ്യമങ്ങളിൽ നിറയുന്നത്. പിഎച്ച്ഡി ചെയ്യുന്നതിനുള്ള വിസ കാലാവധി ദീർഘിപ്പിച്ചു കിട്ടുന്നതിന് താൻ കാത്തിരിക്കവെയാണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ എത്തി വെസ്റ്റ് ലണ്ടനിൽ നിന്നും തന്നെ കുറ്റവാളിയെ പോലെ പിടികൂടുന്നതെന്നും നിധിൻ പറയുന്നു. താൻ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സമയത്തു അറിയുന്നവർ ആയിട്ടും യാതൊരു ദയയും കാട്ടാതെയാണ് കയ്യോടെ അറസ്‌റ് നടന്നതെന്നും നിധിൻ ഓർമ്മിക്കുന്നു. 2015 ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴും ഭീതിയോടെയാണ് നിഥിന്റെ മനസ്സിൽ എത്തുന്നത്. യുകെയിൽ തന്നെ മാസ്റ്റർ ഡിഗ്രി എടുത്ത നിധിനെ സംബന്ധിച്ച് ഈ പരീക്ഷ ആവശ്യം അല്ലാതിരുന്നിട്ടും മുൻ വർഷം എഴുതിയ പരീക്ഷയുടെ പേരിലായിരുന്നു ഹോം ഓഫിസ് നോട്ടപ്പുള്ളിയാക്കിയത്.

തന്റെ കൂട്ടുകാരുടെ മുന്നിൽ വച്ച് അറസ്റ്റ്്് ചെയ്തു ഹോം ഓഫിസിന്റെ ഡിറ്റൻഷൻ സെന്ററിൽ കഴിഞ്ഞ ആ രാത്രി ഒരുപോള കണ്ണടയ്ക്കാതെ നേരം വെളുപ്പിക്കുക ആയിരുന്നു എന്നും നിധിൻ ഓർമ്മിച്ചെടുക്കുന്ന . തുടർന്ന് ഇമ്മി്രേഗഷൻ ഓഫിസർ എത്തി നിധിനുമായി സംസാരിച്ചു ഇംഗ്ലീഷ് കൈകാരം ചെയ്യുന്നതിലെ വൈദഗ്ദ്യം മനസിലാക്കിയാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതയാകുന്നത്. മാത്രമല്ല, താൻ സംസാരിക്കുന്നതിനൊപ്പം ബ്രിട്ടീഷ് ശൈലിയിൽ സംസാരിക്കാൻ നിഥിന് കഴിയുന്നുണ്ടെന്നും ഹോം ഓഫീസിനു തെറ്റ് പറ്റിയെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് ചോദ്യം ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥൻ മടങ്ങിയത്. അന്നത്തെ ഓർമ്മകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നു എന്നും നിധിൻ മറച്ചു വയ്ക്കുന്നില്ല. ഇത്തരം അനുഭവങ്ങൾ ഉള്ള ആയിരങ്ങളാണ് ഇപ്പോഴും ലൈവ് അപ്പീലുമായി ഹോം ഓഫിസിനു പിന്നാലെ കരുണ തേടി അലയുന്നത്.

ഇക്കാര്യം ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രെക്‌സിറ്റിനു ശേഷം നിലനിൽപ്പ് ചോദ്യത്തിലാകുന്ന ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വലവിരിക്കുമ്പോൾ ഇക്കാര്യം സർക്കാർ തലത്തിൽ ഗൗരവമേറിയ ചർച്ചയാകണമെന്നാണ് മാധ്യമ റിപോർട്ടുകൾ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനു എത്തിയ നിധിൻ ചന്ദിനെ പോലെ അനേകം മലയാളി വിദ്യാർത്ഥികളും ഹോം ഓഫീസിന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാൽ വിദേശ പഠനത്തിന് ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ വിമാനം കയറുന്നുണ്ടെകിലും ഇക്കാര്യത്തിൽ ഒന്നും ഇടപെടാനോ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനോ പോലും കേരള സർക്കാർ മിനക്കെടുന്നില്ല എന്നതാണ് സത്യം. പ്രവാസികൾ അയക്കുന്ന പണത്തിൽ മാത്രം ശ്രദ്ധിക്കുന്ന കേന്ദ്ര, കേരള സർക്കാരുകൾ പ്രവാസികൾ ആയി എത്തുന്ന വിദ്യാർത്ഥി സമൂഹം നേരിടുന്ന യാതനകളിൽ ഒട്ടും ആശങ്കപ്പെടുന്നില്ല എന്നതാണ് ബ്രിട്ടനിലും മറ്റും എത്തി നിർഭാഗ്യത്തിനൊപ്പം സഞ്ചരിക്കേണ്ടി വന്ന മലയാളി വിദ്യാർത്ഥികൾ പങ്കിടുന്ന അനുഭവവും.

ഐഇഎൽടിഎസ്, ടിഓഐഇസി പരീക്ഷകളിൽ കൃത്രിമം കാട്ടിയെന്ന് പറഞ്ഞു 36000 പേരുടെ കാര്യത്തിലാണ് ഹോം ഓഫീസ് നിയമനടപടികൾ സ്വീകരിച്ചത്. ഇതേ തുടർന്ന് പലരും കാൽ ലക്ഷം പൗണ്ട് വീതമെങ്കിലും നിയമനടപടികൾക്കായി മുടക്കിയ ശേഷമാണു ആരോപണ വിധേയമായ കുറ്റത്തിൽ നിന്നും രക്ഷപ്പെട്ടത്. പലരും ഗൗരവമായി പഠിക്കേണ്ട സമയത്തു ഈ കേസിനു പിന്നാലെ പോയി ജീവിതം തുലച്ച അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സ്വാഭാവിക നീതിയുടെ നിഷേധമാണ് ഈ വിദ്യാർത്ഥികൾ ബ്രിട്ടനിൽ പഠിക്കാൻ എത്തി അനുഭവിക്കേണ്ടി വന്നതെന്ന് ഈസ്റ്റ് ഹാം എം പി സ്റ്റീഫൻ ടിംസ് ചൂണ്ടിക്കാട്ടുന്നു. നരകതുല്യമായ ജീവാതാനുഭവങ്ങളാണ് ഈ വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്നത്. ഹോം ഓഫിസ് കുറ്റം ആരോപിച്ച പലരും കൃത്രിമ ടെസ്റ്റുകൾ പാസായി എത്തിയവരല്ല. പലർക്കും തങ്ങളുടെ കോഴ്സുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്ന ദുര്യോഗവും ഉണ്ടെന്നു അദേഹഹം പറയുന്നു.

ഇത്തരം ദുരനുഭവം നേരിട്ടവർ വിദ്യാർത്ഥികൾക്കിടയിൽ യുകെ പഠനം ഏതു വിധത്തിലും ഒഴിവാക്കണം എന്നാണ് അഭ്യർത്ഥ്ിക്കുന്നത്. ഇന്ത്യൻ ദേശീയ മാധ്യമങ്ങളും ഇത്തരം വാർത്തകളുമായി രംഗത്ത് വരുമ്പോൾ ബ്രെക്‌സിറ്റിനു ശേഷം വിദേശ വിദ്യാർത്ഥികളെ പിടിച്ചു നിലനിൽക്കാം എന്ന യൂണിവേഴ്‌സിറ്റികളുടെ ചിന്തയ്ക്കു മേലും കരിനിഴൽ പരക്കുകയാണ്. ഓരോ രണ്ടു വര്ഷത്തേക്കും വിസ പുതുക്കുമ്പോഴും ഇംഗ്ലീഷ് പ്രാവിണ്യം തെളിയിക്കുന്നതിനായി ടി ഓ ഐ ഇ സി പരീക്ഷ പാസായത്തിന്റെ കൂടി തെളിവുകളാണ് ഹാജരാക്കേണ്ടത്. കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പിലാക്കിയ 2011 മുതൽ ഇത്തരത്തിലാണ് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത്. ബിസിനസ് വിസ അനുവദിക്കുന്നതിനും സമാനമായ തരത്തിൽ തന്നെയാണ് ഹോം ഓഫിസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസാണ് ടി ഓ ഐ ഇ സി പരീക്ഷ നടത്തുന്നത്.

കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണമാക്കണം എന്ന രാഷ്്്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊണ്ട വിൻഡ് റൂഷ് ജെനറേഷൻ (രണ്ടാം ലോക യുദ്ധ കാലത്തും ബ്രിട്ടനിൽ എത്തിയവരെ കുടിയേറ്റ നിയമത്തിൽ ഉൾപ്പെടുത്തിയത്) എന്ന പേരിൽ കുപ്രസിദ്ധമായ നടപടികൾക്കു തുടക്കമിട്ടതിലൂടെ വിമർശം നേരിട്ട ഹോം സെക്രട്ടറി തെരേസ മേ പ്രധാനമന്ത്രി ആയി മാറിയ സാഹചര്യത്തിലും പല പേരിലും രൂപത്തിലും കുടിയേറ്റ നിയമങ്ങൾ ശക്തമാകുന്നു എന്ന സൂചന തന്നെയാണ് വിദ്യാർത്ഥികളായി എത്തുന്നവർ നേരിടുന്ന ദുരിതങ്ങളും എന്ന വിമർശവും ശക്തമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP