Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇവിടെ ആളുകൾ മരിച്ചു വീഴുകയാണ്.. ഇങ്ങോട്ടു വരരുത്.. നിങ്ങൾ വീട്ടിൽ മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം നാട്ടിൽ തന്നെ കഴിയൂ..! വിസാ കാലാവധി നീട്ടുന്ന കാര്യം അന്വേഷിക്കുന്നതിനായി സൗദി എംബസിയിൽ വിളിച്ച മലയാളി യുവതിക്ക് ലഭിച്ച മറുപടി ഇങ്ങനെ; മലയാളം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ശബ്ദ സന്ദേശം ഇങ്ങനെ; വ്യാജമോ ഒറിജിനലോ എന്നറിയാതെ പ്രവാസികളിലും ആശങ്ക പടർത്തി സന്ദേശം; രാജ്യാന്തര വിമാന സർവീസുകളും ടൂറിസ്റ്റ് വിസയും നിർത്തി കൊവിഡിനെ നേരിട്ട് സൗദി ഭരണകൂടം

ഇവിടെ ആളുകൾ മരിച്ചു വീഴുകയാണ്.. ഇങ്ങോട്ടു വരരുത്.. നിങ്ങൾ വീട്ടിൽ മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം നാട്ടിൽ തന്നെ കഴിയൂ..! വിസാ കാലാവധി നീട്ടുന്ന കാര്യം അന്വേഷിക്കുന്നതിനായി സൗദി എംബസിയിൽ വിളിച്ച മലയാളി യുവതിക്ക് ലഭിച്ച മറുപടി ഇങ്ങനെ; മലയാളം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ശബ്ദ സന്ദേശം ഇങ്ങനെ; വ്യാജമോ ഒറിജിനലോ എന്നറിയാതെ പ്രവാസികളിലും ആശങ്ക പടർത്തി സന്ദേശം; രാജ്യാന്തര വിമാന സർവീസുകളും ടൂറിസ്റ്റ് വിസയും നിർത്തി കൊവിഡിനെ നേരിട്ട് സൗദി ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ അതിജാഗ്രത പുലർത്തുന്ന കാലമാണ്. വൈറസിന്റെ വ്യാപനം തടയാൻ വേണ്ടി പള്ളികളിൽ വെള്ളിയാഴ്‌ച്ച നിസ്‌ക്കാരങ്ങൾ പോലും ഒഴിവാക്കിക്കൊണ്ടാണ് സൗദി മുൻകരുതൽ സ്വീകരിക്കുന്നത്. ഇന്നലെ മുതൽ രാജ്യത്ത് നിന്നു പുറത്തേക്കും രാജ്യത്തേക്കുമുള്ള എല്ലാ തരം രാജ്യാന്തര വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അവധി കഴിഞ്ഞോ വിദേശ സന്ദർശനം കഴിഞ്ഞോ തിരിച്ചെത്തുന്ന സ്വദേശികളും വിദേശികളും 14 ദിവസം പുറത്തിറങ്ങരുതെന്നും പൊതു സമ്പർക്കം പുലർത്തരുതെന്നും മന്ത്രാലയം നിർദ്ദേശിക്കുകയും ചെയ്തു. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ഈ കാലയളവിൽ മെഡിക്കൽ ലീവ് അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തുക, ടൂറിസ്റ്റ് വീസകൾ താത്കാലികമായി നിർത്തുക, എല്ലാ പൊതു പരിപാടികളും നിരോധിക്കുക എന്നിവയടക്കം വൈറസ് പടരാതിരിക്കുന്നതിനു രാജ്യം നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ദിവസവും പ്രവാസി മലയാളികൾ വനനു പോയിരുന്ന സഞ്ചാരപാത തന്നെ നിലച്ചു. സൗദിയിൽ വിസ ഉള്ളവർക്ക് എങ്ങനെ വിസ പുതുക്കണം എന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ്. നാട്ടിലുള്ളവർ വിസ പുതുക്കാൻ എന്തു ചെയ്യണം എന്ന ചോദ്യത്തിന് അടക്കം കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു ഇന്ത്യൻ യുവതി സൗദി എംബസിയിൽ വിളിച്ചു കാര്യം തിരക്കുമ്പോൾ ഉദ്യോഗസ്ഥർ ആശങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നത്.

മലയാളി എന്നു തോന്നിക്കുന്ന യുവതിയാണ് സൗദി എംബസിയിൽ വിളിച്ചു കാര്യം തിരിക്കുന്നത്. താൻ നാട്ടിലാണെന്നും വിസ പുതുക്കാൻ എന്തു ചെയ്യണം എന്നുമാണ് യുവതി ഫോണിൽ വിളിച്ചു ചോദിക്കുന്നത്. എന്നാൽ കൊറോണ ഉണ്ടാക്കിയ അടിയന്തര സാഹചര്യത്തിൽ ഇപ്പോൾ ഇങ്ങോട്ടു വരുന്ന കാര്യം ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് മറുതലയ്ക്കൽ ഉള്ള ഉദ്യോഗസ്ഥൻ മറുപടി പറയുന്നത്. യുവതിയുടെ ചോദ്യത്തിന് ശരിക്കും ഉത്തരം പറയാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല. ഇവിടെ ആളുകൾ മരിച്ചു വീഴുകയാണ്.. ഇങ്ങോട്ട് വരരുത്.. നിങ്ങൾ നാട്ടിൽ തന്നെ തുടരുക.. വീട്ടിൽ മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം കഴിയുക... എന്നാണ് ഉദ്യോഗസ്ഥന്റെ ഉപദേശം. തുടർന്ന് കൊറോണ ലോകം മുഴുവൻ വ്യാപിക്കുന്ന കാര്യവും പറയുന്നു. കൊറോണ വൈറസിനോട് ചോദിക്കൂവെന്ന് തമാശ രൂപത്തിൽ പറയുകയും ചെയ്യുന്നു...

ഈ ശബ്ദസന്ദേശം സോഷ്യൽമീഡിയയിൽ തമാശ രൂപത്തിലാണ് പറന്നു നടക്കുന്നത്. എന്നാൽ, കൊവിഡ് ഭീതി മുഴുവൻ നിഴലിക്കുന്നുണ്ട് ഇതിൽ. ഈ സന്ദേശം ഒറിജിനലാണോ വ്യാജമാണോ എന്ന കാര്യത്തിൽ വ്യക്തത ഒന്നുമില്ല. എന്നാൽ, പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയാണ് ശബ്ദസന്ദേശം വരുത്തി വെക്കുന്നത്. വിസ പുതുക്കുന്ന കാര്യത്തിൽ അടക്കം കടുത്ത ആശങ്കയാണ് ഇന്ത്യൻ പ്രവാസികളിൽ ഉണ്ടായിരിക്കുന്നത്. ജോലി പോകുമോ എന്ന ആശങ്കയാണ് ഇന്ത്യയിൽ കഴിയുന്നവർക്ക് ഉള്ളത്. തൽക്കാലം അത്തരം കാര്യങ്ങളിലൊന്നും ഉത്തരം നൽകാതെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് സൗദി.

രാജ്യത്തെ എല്ലാ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും താൽക്കാലികമായി നിർത്തിവെച്ചുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളിൽ 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനാൽ വിവിധ കമ്പനികളുടെ മെയിൻ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഓഫീസിൽ ഹാജരാകാൻ പാടില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ. സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസിൽ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. അനിവാര്യമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കണം. ബാക്കിയുള്ളവർ വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിപ്പിക്കണം. വെള്ളം, കമ്യൂണിക്കേഷൻ, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. കൊറോണ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

മന്ത്രാലയത്തിന്റെ ഉത്തരവുകളിൽ പറയുന്ന സ്വകാര്യ സ്ഥാപനങ്ങൾ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ മുഴുവൻ മെയിൻ ഓഫീസുകളും പതിനഞ്ച് ദിവസത്തേക്ക് അവധി നൽകണം. ഇത് മന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനാൽ ഇപ്പോൾ മുതൽ പ്രാബല്യത്തിലാണ്.
സ്ഥാപനങ്ങളിൽ ഒരേ സമയം 40% കൂടുതൽ ജീവനക്കാർ പാടില്ല. എന്നാൽ വെള്ളം, വൈദ്യുതി, കമ്യൂണിക്കേഷൻ എന്നീ മേഖലയിലുൾപ്പെടെ അനിവാര്യമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ അമ്പതിലധികം ജീവനക്കാരുണ്ടെങ്കിൽ ഇവിടെ നിർബന്ധമായും ചില ക്രമീകരണങ്ങൾ വേണം. ഓരോ ദിവസവും സ്ഥാപനത്തിൽ ജീവനക്കാരെത്തുന്‌പോൾ ഉപകരണമുപയോഗിച്ച് താപനില നോക്കണം, ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കിൽ ഓഫീസിൽ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന അകലം വർധിപ്പിക്കണം. ഹെഡ്ക്വാർട്ടേഴ്‌സുകളിലെ ജിം, നഴ്‌സറി സന്പ്രദായങ്ങളും നിർത്തലാക്കി.
ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. എന്നാൽ ഇവിടെ നാൽപതിലധികം ജീവനക്കാരുണ്ടെങ്കിൽ മേൽപറഞ്ഞ ക്രമീകരണങ്ങൾ നിർബന്ധമായും പാലിക്കണം.
ചരക്കു നീക്കം ഉൾപ്പെടെയുള്ള മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഓൺലൈൻ വഴിയും ടെലഫോൺ വഴിയും ഈ ജോലി വീട്ടിൽ നിന്നും ചെയ്യാനാകുമെങ്കിൽ അത് നടപ്പാക്കണം.
ഗർഭിണികൾ, അസുഖ ലക്ഷണമുള്ളവർ, ഗുരുതര അസുഖമുള്ളവർ, 55 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് നിർബന്ധമായും 14 ദിവസത്തെ ലീവ് നൽകണം. ഇത് ഇവരുടെ ആകെയുള്ള അവധികളിൽ നിന്ന് കുറക്കാനും പാടില്ല.
സർക്കാറുമായി സഹകരിച്ചും സർക്കാറിന് സേവനം നേരിട്ട് നൽകുന്നതുമായ മുഴുവൻ സ്ഥാപനങ്ങളും മതിയായ ക്രമീകരണങ്ങളും സേവനങ്ങളും ഉറപ്പു വരുത്തി മാത്രമേ ജീവനക്കാർ അവധി നൽകാവൂ.
ലീവ് അനുവദിക്കാതിരിക്കുന്നതും മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതിരിക്കുന്നതും നിയമ ലംഘനമായി കണക്കാക്കും. നടപടി ക്രമങ്ങളിലെ സംശയങ്ങൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും വകുപ്പ് അറിയിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ പൂഴ്‌ത്തിവെക്കുകയോ വില അനാവശ്യമായി കൂട്ടി വിൽക്കുകയോ ചെയ്താൽ ഒരു കോടി റിയാൽ വരെ പിഴശിക്ഷ ചുമത്തു സൗദിമെന്ന് അറിയിച്ചിട്ടുണ്ട്. അസാധാരണമായ സന്ദർഭങ്ങളിൽ ഏറ്റവും അത്യാവശ്യമായ സാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്‌ത്തിവെക്കുകയോ വിലകൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വാണിജ്യ, വ്യവസായിക, കാർഷിക ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും ഇത്തരത്തിൽ നിയമലംഘനം നടത്തുകയും അനാവശ്യ മത്സരം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി.

ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൽപന്നങ്ങൾ പൂഴ്‌ത്തിവെക്കുന്നതും സേവനങ്ങൾ നൽകാതിരിക്കുന്നതും വലിയ നിയമലംഘനമായി കണക്കാക്കും; പ്രത്യേകിച്ചും രാജ്യത്ത് അസാധാരണ സാഹചര്യങ്ങളോ ആഗോള സംഭവങ്ങളോ ഉണ്ടാകുന്ന പരിതസ്ഥിതിയിൽ. വിലകൂട്ടാനോ കുറക്കാനോ ഉപജാപകം നടത്തുന്നതും ഗുരുതര കുറ്റമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റും വിപണിയിൽ വലിയ ആവശ്യമുണ്ടാകുകയും എന്നാൽ പലതിനും ഒരിക്കലുമുണ്ടാകാത്ത രീതിയിൽ വില വർധിപ്പിക്കുകയോ ദൗർലഭ്യം സൃഷ്ടിക്കുന്നതിനുവേണ്ടി പൂഴ്‌ത്തിവെക്കുകയോ ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി സാനിറ്റൈസർ, ഫേസ് മാസ്‌കുകൾ എന്നിവക്കായി ആളുകൾ സൂപ്പർമാർക്കറ്റുകളെയും ഫാർമസികളെയും വൻതോതിൽ ആശ്രയിക്കുന്ന സ്ഥിതിവിശേഷം രാജ്യത്താകെയുണ്ട്.

എന്നാൽ, ഈ ഉൽപന്നങ്ങൾ മനഃപൂർവം പൂഴ്‌ത്തിവെച്ച് ദൗർലഭ്യമാണ് എന്ന അവസ്ഥ സൃഷ്ടിച്ച് അസാധാരണമായി വിലകൂട്ടി വിൽക്കാനുള്ള ഉപജാപകശ്രമങ്ങൾ നടക്കുന്നതായി വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഫേസ്മാസ്‌കിനൊക്കെ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്തവിധം ഞെട്ടിക്കുന്ന രീതിയിൽ വിലയുയർത്തി വിൽക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പരാതികളുണ്ടായി. ഫേസ്മാസ്‌കുകളും സാനിറ്റൈസറും കിട്ടാനില്ല എന്ന ഒരു പ്രതീതി സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നു. വിപണിമത്സരം സംബന്ധിച്ച നിയമാവലിയിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം വൻനഷ്ടസാധ്യത സൃഷ്ടിച്ച് വിപണിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ യഥാർഥ വിലയെക്കാൾ കുറഞ്ഞ തുകക്ക് ഉൽപന്നങ്ങൾ വിൽക്കുകയോ സേവനങ്ങൾ നൽകുകയോ ചെയ്യുന്നതും കുറ്റകരമാണ്. ചില സ്ഥാപനങ്ങളെ കൃത്യമായി ലക്ഷ്യംവെച്ച് ഇത്തരം അനാരോഗ്യ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതും നിയമലംഘനമാണ്.

മോദിയുമായി സംസാരിച്ചു സൗദി കിരീടാവകാശി

പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിൽ സംസാരിച്ചു. കൊവിഡ് 19ന്റെ വ്യാപനത്തെ തുടർന്നുള്ള ആഗോള സാഹചര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിന് പുറമെ സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന സവിശേഷ സാഹചര്യം അതിജീവിക്കാൻ യോജിച്ച പരിശ്രമങ്ങളുണ്ടാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ മുൻകൈയെടുത്ത് സാർക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ച കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു. സമാനമായ രീതിയിൽ ജി 20 രാജ്യങ്ങളുടെ യോഗം സൗദിയുടെ നേതൃത്വത്തിൽ വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യോജിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP