Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്‌ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില് യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും

കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്‌ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില് യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കൊറോണ സർവ്വതും നശിപ്പിച്ചേ അടങ്ങൂ. ജീവനും സ്വത്തും എല്ലാം അതുകൊണ്ട് പോകും. ഇതിനകം പതിനായിരക്കണക്കിന് പേരുടെ ജീവനും ദശലക്ഷക്കണക്കിനു കോടി രൂപയുടെ നാശവും ഉണ്ടാക്കി കഴിഞ്ഞു. ഇനിയും എത്രയോ ഉണ്ടാകാൻ ബാക്കി കിടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക മഹായുദ്ധം നടന്നിരുന്നെകിൽ പോലും ഇതിന്റെ പത്തിലൊന്നു നാശം ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. ലോകം അപ്പാടെ മാറ്റിമറിക്കുകയാണ് ഈ നാശകാരിയായ സൂക്ഷ്മ ജീവി. മനുഷ്യ രാശിയോടാണ് കൊറാണയുടെ യുദ്ധം. രാജ്യമോ അതിർത്തികളോ ഒന്നും ഇല്ലാതെ അത് പായുകയാണ്.

ഓരോ മനുഷ്യനെയും കൊന്നൊടുക്കുമ്പോൾ കൊറോണ ആർത്തിയോടെ അട്ടഹസിക്കുന്നുണ്ടാകാം, വിറങ്ങലിച്ചു നിൽക്കുന്ന മാനവ കുലത്തെ ഓർത്തു. ശാസ്ത്രവും വൈദ്യവും സാങ്കേതികതയും ഒക്കെ പകച്ചു നിൽക്കുമ്പോൾ കുറച്ചു കാലം കൂടി കൊറോണ ലോകം അടക്കിവാഴും. എന്നാൽ തോൽക്കാൻ അറിയാത്ത മനുഷ്യൻ ഒരു നാൾ കൊറോണയെയും കീഴടക്കും. എന്നാൽ അതിനു ശേഷം ലോകം ഒരിക്കലും മുൻപത്തെ പോലെ ആയിരിക്കില്ല എന്ന സൂചന ഇതിനകം ലഭ്യമായിക്കഴിഞ്ഞു.

കൊറോണയെ മെരുക്കാൻ ലോകം രാപ്പകൽ പണി ചെയ്യുമ്പോൾ തന്നെ ഈ മഹാമാരിക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കും എന്ന ചിന്തയും സജീവമായി കഴിഞ്ഞു. ഏതു ദുരന്തത്തിലും എന്ന പോലെ കൊറോണയും അപ്പാടെ തകർക്കുക മധ്യവർഗത്തിന്റെ സ്വപ്നങ്ങൾ തന്നെ ആയിരിക്കും. വൻപണക്കാർ എല്ലാ ദുരിതത്തിലും എന്നപോലെ അൽപസ്വൽപം നഷ്ടങ്ങൾ മറന്നു അതിജീവിക്കുമ്പോൾ തീരെ ദരിദ്രരായവരും തങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഒന്നും വരാത്തത് പോലെ കൊറോണക്ക് ശേഷവും ജീവിതം തുടരും. എന്നാൽ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന മധ്യവർഗ്ഗക്കാരായ ആളുകൾക്ക് അവരുടെ അൽപ സ്വത്തിന്റെയും വരുമാനത്തിന്റെയും മൂല്യം കുത്തനെ ചോരുന്നത് വെറുതെ കണ്ടു നിൽക്ക്നേടി വരും എന്നതാണ് യാഥാർഥ്യം. അതിൽ തന്നെ വിരമിക്കൽ പ്രായം ആയവരുടെ കാര്യം തീർത്തും ദുരിതം ആയി മാറുകയും ചെയ്യും. ലോകത്തെവിടെയും ഇത് തന്നെയാണ് സംഭവിക്കുക.

ഇതോടെ കൊറോണ കാലത്തിനു ശേഷം പ്രവാസി മലയാളികളുടെ ജീവിതവും ദുരിതപൂർണമാകും. യൂറോപ്യൻ മലയാൡകളുടെ കാര്യത്തിലാകും ഇത് കൂടുതൽ പ്രശ്‌നമായി മാറുക. യുകെയിലെ മലയാളികളുടെ ജീവിതവും ഏറെ പ്രയാസം നിറഞ്ഞതു ആയിരിക്കും എന്നാണ് വ്യക്തമാകുന്നത . രണ്ടാം കുടിയേറ്റത്തിൽ എത്തിയവർ ആദ്യകാലത്തെ പ്രയാസങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരുവിധം സ്വന്തം കാലിൽ നിൽക്കുന്ന സമയമാണിപ്പോൾ. അവർക്കായി ഒട്ടും വിശ്രമത്തിനു അവസരം നൽകാതെയാണ് കൊറോണ എത്തിയിരിക്കുന്നത്. അടുത്തകാലത്ത് വന്ന യുകെ മലയാളികളുടെ കാര്യവും വ്യത്യസ്തമാകില്ല.

എരിതീയിൽ നിന്നും വറചട്ടിയിലേക്കു എടുത്തിട്ട പോലെയാകും അവരുടെ കാര്യങ്ങളും. യുകെയിൽ എത്തിയിട്ടു പലരും മാസങ്ങൾ ആകുന്നതേയുള്ളൂ. ചിലരാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരും ഉണ്ട്. ഇവരൊക്കെ ചവിട്ടി നിൽക്കാൻ തയ്യാറെടുക്കും മുന്നെയാണ് കൊറോണ വന്നു സീൻ മൊത്തം കോൺട്രാ ആക്കിയത് എന്നതും ഗൗരവം കൂട്ടുകയാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ ജീവിതം എപ്രകാരം ആയിരിക്കും.

അനേകായിരങ്ങൾ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ലോകം ഇപ്രകാരം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ലോക യുദ്ധത്തിന് ബദൽ ആയി എത്തിയ കൊറോണ അനേകം രാഷ്ട്രങ്ങളുടെ നിലനിൽപിൽ പോലും വിള്ളൽ ഉണ്ടാക്കിക്കഴിഞ്ഞു. സ്പെയിനും ഇറ്റലിയും ഒക്കെ അനേക വർഷങ്ങൾ കൊറോണ തകർത്ത സമ്പദ് സ്ഥിതിയുമായി മുന്നോട്ടു പോകേണ്ടി വരും. കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തു വിട്ട കണക്കുകൾ പറയുന്നത് ഈ ദുരന്തത്തിൽ നിന്നും കാര്യമായ പോറൽ ഏൽക്കാതെ രക്ഷപ്പെടുക രണ്ടു ഏഷ്യൻ രാജ്യങ്ങൾ മാത്രമായിരിക്കും എന്നാണ്. കൊറോണാ സാമൂഹ്യ വ്യാപനമായി പടരുന്നതിൽ വളരെ വേഗം നിയന്ത്രങ്ങളുമായി നീങ്ങിയ ചൈനയും ഇന്ത്യയും ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുന്നതാണ് ലോകം കാണാനിരിക്കുന്ന കൊറോണക്ക് ശേഷമുള്ള പ്രധാന കാഴ്ചയെന്നും ലോകബാങ്ക് പഠനം വ്യക്തമാക്കുന്നു.

പലരെയും കാത്തിരിക്കുന്നത് കടബാധ്യതകളുടെ വലിയൊരു മല തന്നെയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർക്ക് പറയാനുള്ളത്. ജനങ്ങൾക്ക് മാത്രമല്ല സർക്കാരുകൾക്കും കൊറോണ സമ്മാനിക്കുക വലിയൊരു കടം തന്നെയാണ്. ഇത് മറികടക്കാൻ ബ്രിട്ടൻ പിന്നീട് ഒരു ബിൽ തന്നെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചന ഇതിനകം കാബിനറ്റ് മിനിസ്റ്റർ കൂടിയായ മൈക്കേൽ ഗോവ് നൽകിക്കഴിഞ്ഞു.

കമ്പനികളുടെ ദേശ സൽക്കരണം, ബ്രിട്ടീഷ് അയർവെയ്സിനെ മറ്റു കമ്പനികളിൽ നിന്നുള്ള പങ്കാളിത്തത്തിൽ നിന്നുള്ള മോചിപ്പിക്കാൽ തുടങ്ങി അനവധി കാര്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ഷെയർ മാർക്കറ്റിലെ തകർച്ച സർക്കാർ പെൻഷൻ സ്‌കീമിനെ തന്നെ ബാധിക്കാനും സാധ്യത ഏറെയാണ്. 2008 മുതൽ ഏറെക്കാലം മാന്ദ്യം അനുഭവിച്ച ബ്രിട്ടൻ വീണ്ടും അതിനേക്കാൾ വലിയ മാന്ദ്യത്തിലേക്കാണ് കൊറോണ മൂലം നടന്നടുക്കുന്നത് എന്നും സർക്കാർ സൂചന നൽകിക്കഴിഞ്ഞു. കൊറോണയെ നേരിടാൻ രാജ്യം ചെലവിടുന്ന പണം സമ്പദ് രംഗത്തെ വലിയ ഇടിവിലേക്കാണ് എത്തിക്കുക.

ഇതിനേക്കാൾ ഒക്കെ ഉപരിയായി കുറയ്ക്കാവുന്നതിന്റെ ഏറ്റവും താണ പടിയായ 0.01 എന്ന പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് എത്രകാലം കൊണ്ട് പലിശ നിരക്ക് ഉയർത്തിക്കൊണ്ടു വരുവാൻ കഴിയും എന്ന ചോദ്യവും പ്രസക്തമാകുകയാണ്. പ്രായമാകുമ്പോൾ പ്രയോജനപ്പെടട്ടെ എന്ന് കരുതി ആളുകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിനു തിരികെ പലിശയായി നൽകാൻ ബാങ്കിന്റെ കയ്യിൽ ഒന്നും ഉണ്ടാകില്ല എന്നതാണ് സ്ഥിതി.

കഴിഞ്ഞ പത്തു വർഷത്തിലേറെയായി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഏറെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം അൽപം ഉയർത്തിയ നിരക്ക് ഈ വർഷം വീണ്ടും മെയ് മാസത്തിൽ വർദ്ധിപ്പിക്കാൻ ഇരിക്കെയാണ് ഇടിത്തീ പോലെ കൊറോണ എത്തുന്നതും നിരക്ക് ബാങ്കിന്റെ 345 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും താണ നിലയിൽ എത്തുന്നതും. ഇതിനൊപ്പം തൊഴിൽ ഇല്ലായ്മ നാലു ശതമാനത്തിൽ നിന്നും എട്ടു ശതമാനമായി മാറുന്ന കാഴ്ചയും ബ്രിട്ടനെ തേടിയെത്തും.

വീടുകൾ ഭാരമാകുമോ?

കൊറോണക്കാലത്തു വീട് മാറ്റം പോലും പ്രയാസമായി മാറുകയാണ്. വാങ്ങലും വിൽപ്പനയും ഒകെ അനാവശ്യ കാലതാമസത്തിനു കാരണമാക്കും. ലോക് ഡൗൺ കാലത്തെങ്കിലും വീടുകൾ മാറിത്താമസിക്കാൻ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ആദ്യം മൂന്നാഴ്ച എന്ന് പറഞ്ഞ ലോക് ഡൗൺ കാലാവധി ഇനിയും നീളുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ചെയിൻ ലിസ്റ്റിൽ ഉള്ള വീടുകൾ ആണ് വാങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ കാലതാമസം പിന്നെയും കൂടും. ഓഫർ അംഗീകരിച്ച വിൽപ്പനകളിൽ സർവേയും വാലുവേഷനും ഒക്കെ മുടങ്ങിക്കിടക്കുന്ന സ്ഥിതിയും ഉടലെടുക്കുകയാണ്. മറ്റൊരു പ്രധാന വസ്തുത സകലരുടെ മനസിലും ഉള്ളത് തന്നെയാണ്. വിലയുടെ കാര്യത്തിൽ എന്തുണ്ടാകും? താൽക്കാലികമായി അഞ്ചു മുതൽ പത്തു ശതമാനം ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെൻഷൻ രംഗം തുലാസിൽ

കൊറോണ വ്യാപനം ഉണ്ടായതോടെ ഓഹരി വിപണിയിക്കു ഏറ്റവും ചുരുങ്ങിയത് 30 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. സർക്കാർ ബോണ്ടുകളിലും മറ്റുമുള്ള നിക്ഷേപങ്ങളെയും കൊറോണ ക്ഷതം ഏൽപ്പിക്കും. ഓഹരി വിപണിയുടെ തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തരായാൽ പെൻഷൻ പദ്ധതികൾ പോലും അവതാളത്തിൽ ആകുന്ന സ്ഥിതിയാകും. ഉടൻ വിരമിക്കാൻ തയ്യാറെടുക്കുന്നവർക്കും ഇക്കാലം നല്ലതല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനി ഡിവിഡന്റിൽ നിന്നും ആദായം ലഭിക്കേണ്ടവർക്കൊക്കെ ഇത് തനി കഷ്ടകാല സമയം കൂടിയാണ്. തകർച്ച നേരിടുന്ന കമ്പനികൾക്ക് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം സംബന്ധിച്ച ഉറപ്പുകൾ പോലും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP