Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ കനത്ത മഴയിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി; ബാക്കി അഞ്ചുപേർക്കായുള്ള തെരച്ചിൽ തുടരുന്നു; ഷബ്‌ന ബീഗത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട മകൻ സർദാർ ഫസൽ അഹമ്മദ് പത്താൻ; ഫസലിന് നഷ്ടമായത് മാതാവും പിതാവും ഭാര്യയും കുട്ടികളുമടക്കം സ്വന്തം കുടുംബത്തെ ഒന്നാകെ; വിവിധയിടങ്ങളിൽ നിന്നായി പൊലീസ് രണ്ടുദിവസത്തിനിടെ രക്ഷപെടുത്തിയത് 14 പേരെ

ഒമാനിൽ കനത്ത മഴയിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി; ബാക്കി അഞ്ചുപേർക്കായുള്ള തെരച്ചിൽ തുടരുന്നു; ഷബ്‌ന ബീഗത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട മകൻ സർദാർ ഫസൽ അഹമ്മദ് പത്താൻ; ഫസലിന് നഷ്ടമായത് മാതാവും പിതാവും ഭാര്യയും കുട്ടികളുമടക്കം സ്വന്തം കുടുംബത്തെ ഒന്നാകെ; വിവിധയിടങ്ങളിൽ നിന്നായി പൊലീസ് രണ്ടുദിവസത്തിനിടെ രക്ഷപെടുത്തിയത് 14 പേരെ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയിൽ വാദിയിൽ പെട്ട് കാണാതായ ഇന്ത്യക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തന്റെ മാതാവ് ഷബ്‌ന ബീഗത്തിന്റേതാണെന്ന് സർദാർ ഫസൽ തിരിച്ചറിഞ്ഞിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ ആറുപേരെയാണ് കാണാതായത്. ശർഖിയ ഗവർണറേറ്റിലെ വാദി ബനീഖാലിദിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ വെള്ളപ്പൊക്കത്തിലാണ് മഹാരാഷ്ട്ര സ്വദേശി സർദാർ ഫസൽ അഹ്മദ് പത്താന്റെ കുടുംബത്തെ കാണാതായത്.

പ്രവാസി സമൂഹത്തെ നടുക്കിയ അപകടത്തിൽ സർദാർ ഫസലിന്റെ പിതാവ് ഖാൻ ഖൈറുല്ല സത്താർ ഖാൻ പത്താൻ, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്‌റ ഖാൻ (നാല്), സൈദ് ഖാൻ (രണ്ട്), നൂഹ് ഖാൻ (28 ദിവസം) എന്നിവരെയാണ് കാണാതായത്. ഇബ്‌നുഹൈതം ഫാർമസിയിൽ ഫാർമസിസ്റ്റായ സർദാർ ഫസൽ ഇബ്രയിൽ കുടുംബസമേതമാണ് താമസിക്കുന്നത്.  പുതുതായി പിറന്ന കുഞ്ഞിനെ കാണുന്നതിനായി ഇന്ത്യയിൽ നിന്നെത്തിയ മാതാവും പിതാവും തിരിച്ചുപോകാനിരുന്ന ദിവസത്തിന്റെ തലേന്നാണ് മരണം തേടിയെത്തിയത്. സർദാർ ഫസലും ഒഴുക്കിൽപൈട്ടങ്കിലും മരത്തിൽ പിടിച്ചുകയറി രക്ഷപ്പെടുകയായിരുന്നു.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാദി ബനീഖാലിദ് മഴക്കാലത്ത് ഏറ്റവും അപകടകരമായ സ്ഥലം കൂടിയാണ്. മലനിരകളാലും വാദികളാലും ചുറ്റപ്പെട്ട ഇവിടെ കുത്തിയൊലിച്ച് വലിയ ശക്തിയിലാണ് മഴവെള്ളമെത്തിയത്. സംഭവസമയം ഇവിടെയുണ്ടായിരുന്ന സ്വദേശികൾ പലരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഈ വാഹനങ്ങൾ നിശ്ശേഷം തകർന്ന നിലയിൽ ഞായറാഴ്ച വാദിയിൽനിന്ന് കണ്ടെടുത്തു.

അപകട വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വാദിയിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിവരുകയാണ്. നൈറ്റ്‌വിഷൻ കണ്ണടകളടക്കം സജ്ജീകരണങ്ങളോടെയുള്ള തിരച്ചിൽ സംഘത്തിൽ പരിശീലനം സിദ്ധിച്ച നായ്ക്കളുമുണ്ട്. കിലോമീറ്ററുകളോളം നീളുന്ന വാദിയുടെ വെള്ളക്കെട്ടുകളടക്കം കഴിഞ്ഞ ദിവസങ്ങളിൽ അരിച്ചുപെറുക്കിയിരുന്നു.

ഇബ്ര ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹത്തിലെ രക്തസാമ്പിളുകൾ ശേഖരിച്ചതായും ആളെ തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് മസ്‌കത്തിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

അതിനിടെ, കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ വിഭാഗം അറിയിച്ചു. കനത്ത മഴയിൽ ആറ് രക്ഷാ പ്രവർത്തനങ്ങളാണ് ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയത്. ശനിയാഴ്ച വാദി ബനീ ഖാലിദിൽ നിന്ന് രക്ഷിച്ച നാലുപേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി.


സമയിൽ വിലായത്തിലെ വാദി സുറൂറിൽ നിന്ന് ആറുപേരെയും വാദി അൽ അഖിൽ നിന്ന് മൂന്നുപേരെയും രക്ഷിച്ചു. അൽ കാമിൽ അൽ വാഫി വിലായത്തിൽ സീഖ് മേഖലയിൽ മലയുടെ മുകളിൽ നിന്ന് വീണയാളെയും ഹെലികോപ്ടറിൽ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP