Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം 55,000 കവിഞ്ഞു; നിയമനത്തട്ടിപ്പു തടയാൻ 'ഇ മൈഗ്രേഷനു'മായി തൊഴിൽ വകുപ്പ്; അർഹതയുള്ളവരെ വിദേശ രാജ്യങ്ങൾ തേടിയെത്തും

വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം 55,000 കവിഞ്ഞു; നിയമനത്തട്ടിപ്പു തടയാൻ 'ഇ മൈഗ്രേഷനു'മായി തൊഴിൽ വകുപ്പ്; അർഹതയുള്ളവരെ വിദേശ രാജ്യങ്ങൾ തേടിയെത്തും

തിരുവനന്തപുരം: രാജ്യത്തിനു പുറത്ത് ജോലിക്കായി ശ്രമിക്കുന്ന നഴ്‌സുമാർക്കായി സംസ്ഥാന തൊഴിൽ വകുപ്പിന്റെ പുതിയ സംവിധാനം. നിലവിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 55,000 കവിഞ്ഞിരിക്കെ പുതിയ സംവിധാനമായ 'ഇ മൈഗ്രേഷൻ' ഫലപ്രദമാകുമെന്ന വിശ്വാസത്തിലാണ് ഉദ്യോഗാർഥികളും തൊഴിൽ വകുപ്പും.

നിയമനത്തട്ടിപ്പിന് നഴ്‌സുമാർ ഇരയാകുന്നതു തടയാൻ കൂടി വേണ്ടിയാണ് ഇ മൈഗ്രേഷൻ സോഫ്റ്റ്‌വെയറുമായി ഹൈടെക് പദ്ധതി നടപ്പാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്. തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇ മൈഗ്രേഷൻ സോഫ്റ്റ്‌വെയറിന് രൂപം നൽകിയത്.

നഴ്‌സുമാരുടെ സേവനം ആവശ്യമുള്ള വിദേശരാജ്യങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നഴ്‌സുമാരുടെ സേവനം ആവശ്യമുള്ള രാജ്യങ്ങൾ 'ഇ മൈഗ്രേഷനി'ൽ രജിസ്റ്റർ ചെയ്യണം. നഴ്‌സുമാരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം തുടങ്ങിയ എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്യുന്ന രാജ്യങ്ങൾക്ക് ലഭ്യമാകും. അനുയോജ്യമായവരെ തിരഞ്ഞെടുക്കാം.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ മുഖേന മാത്രമേ നഴ്‌സുമാർക്ക് ഇനി വിദേശത്ത് ജോലിക്ക് പോകാൻ അനുവാദമുള്ളൂ. തട്ടിപ്പ് തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ നിബന്ധന മൂലം ഒഡെപെക് (ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്‌ളോയീസ് പ്രൊമോഷൻ കൺസൾട്ടന്റ്), 'നോർക്ക' എന്നിവിടങ്ങളിൽ 55,000 ത്തിലേറെ നഴ്‌സുമാർ പേരു രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അഞ്ഞൂറോളം പേരാണ് പ്രതിദിനം പേരു രജിസ്റ്റർ ചെയ്യുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ഓവർസീസ് മാൻപവർ കൺസൾട്ടൻസിയിലും പേരു രജിസ്റ്റർ ചെയ്യാം.

'ഇ മൈഗ്രേഷൻ' ഉപയോഗിച്ച് ആവശ്യമുള്ള നഴ്‌സുമാരെ കണ്ടെത്തുന്ന രാജ്യങ്ങൾ ഒഡെപെക്കിനെയോ നോർക്കയെയോ ആണ് ബന്ധപ്പെടേണ്ടത്. ഇന്റർവ്യൂവിന് ഈ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കും. ഇന്റർവ്യൂ ബോർഡിൽ ഈ സ്ഥാപനങ്ങളുടെ ഒരു പ്രതിനിധിയെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടും. സേവന വേതന വ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്. കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് നഴ്‌സുമാർ കൂടുതലും പോകുന്നത്. രണ്ട് രാജ്യങ്ങളിലും ശമ്പളവും മറ്റു ആനുകൂല്യങ്ങളും താരതമ്യേന കൂടുതലാണ്. ഇരുരാജ്യങ്ങളിലെയും പ്രതിനിധികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഒരു സംഘം ഈ മാസം 16ന് ചർച്ചയ്ക്ക് കേരളത്തിൽ എത്തുന്നുണ്ട്.

ഒരു തരത്തിലുള്ള ഫീസും വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‌സുമാരിൽ നിന്ന് ഈടാക്കാൻ പാടില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശം. ഫീസ് ഈടാക്കി നഴ്‌സുമാരെ പിഴിയുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഇത്. ജോലി നൽകുന്ന രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഇനി മുതൽ ഫീസ് ഈടാക്കാൻ പാടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP