Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ നിന്നും പാവപ്പെട്ടവരെ ശുശ്രൂഷിക്കുവാൻ ബീഹാറിലെത്തിയ മലയാളി ഡോക്ടറെ സർക്കാർ നോട്ടമിട്ടു; മെഡിക്കൽ മിഷനറി പ്രവർത്തനം ആരോപിച്ച് പൗരത്വം റദ്ദാക്കാൻ ശ്രമിക്കവേ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി; വിദേശ മലയാളികൾക്ക് ആശ്വാസകരമായ വിധി ഇനി പല കേസുകളിലും വഴിത്തിരിവാകും

അമേരിക്കയിൽ നിന്നും പാവപ്പെട്ടവരെ ശുശ്രൂഷിക്കുവാൻ ബീഹാറിലെത്തിയ മലയാളി ഡോക്ടറെ സർക്കാർ നോട്ടമിട്ടു; മെഡിക്കൽ മിഷനറി പ്രവർത്തനം ആരോപിച്ച് പൗരത്വം റദ്ദാക്കാൻ ശ്രമിക്കവേ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി; വിദേശ മലയാളികൾക്ക് ആശ്വാസകരമായ വിധി ഇനി പല കേസുകളിലും വഴിത്തിരിവാകും

പ്രത്യേക ലേഖകൻ

ന്യൂഡൽഹി: ജീവിതം തേടി വിദേശത്തു പോകുന്ന പൗരന്മാരോട് നാട്ടുകാരും വീട്ടുകാരും മാത്രമല്ല സർക്കാരും പലപ്പോഴും ചിറ്റമ്മ നയം കാട്ടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അമേരിക്കൻ മലയാളിയായ ഡോ ക്രിസ്റ്റോ ഫിലിപ് തോമസ് ഡൽഹി ഹൈക്കോടതിയിൽ നേടിയ ചരിത്ര വിജയം. സ്വത്തു ഭാഗം വയ്ക്കുമ്പോൾ മുതൽ പെറ്റി കേസ് ഉണ്ടായാൽ വരെ വിദേശ മലയാളി ആണെങ്കിൽ പടിപുറത്താണ് പൊതുവെയുള്ള രീതി. എന്നാൽ ഇന്ത്യൻ പൗരന് ഉള്ള എല്ലാ മൗലിക അവകാശവും വിദേശ മലയാളികൾക്കും ഉണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒക്കെ പൗരത്വം എടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ഇതോടെ ഈ വിധി ആശ്വാസമായി മാറും എന്നുറപ്പ്. നിലവിൽ അനവധി കോടതികളിൽ തീർപ്പു കൽപ്പിക്കാനിരിക്കുന്ന സിവിൽ കേസുകളിൽ ഈ വിധി നിർണായകമായി മാറും. വിദേശ പാസ്‌പോർട്ട് ഉടമ ആണെങ്കിലും ഓസിഐ കാർഡ് കൈവശം ഉള്ളവർക്ക് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉള്ള അവകാശങ്ങൾ നിക്ഷേധിക്കാൻ കഴിയില്ലെന്നാണ് കോടതി വിധിയുടെ രത്‌ന ചുരുക്കം.

ഓസിഐ കാർഡ് ഹോൾഡറായ ഡോ ക്രിസ്റ്റോ ബിഹാറിൽ എത്തി മെഡിക്കൽ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കൽ നടപടികളിലേക്ക് സർക്കാർ നീങ്ങിയത്. എന്നാൽ ഇത് ഭരണഘടനാ ലംഘനം ആണെന്ന് കാട്ടി ഡോ. ക്രിസ്റ്റോ നൽകിയ കേസ് ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. മുൻവിധിയോടെ സർക്കാർ കേസിനെ സമീപിക്കുക ആയിരുന്നു എന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജൻ ആണെന്നാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ തന്റെ ജന്മസ്ഥലം കേരളമാണെന്നു ഡോ. ക്രിസ്റ്റോ വാദിച്ചു. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഡോ. ക്രിസ്റ്റോയുടെ ബിഹാറിലെ പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കേസ് രൂപം കൊണ്ടത്. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാൻ കാരണമായ നടപടികളാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തി നടത്തിയത് എന്നായിരുന്നു കേസിന്റെ അടിസ്ഥാന കാരണം.

എന്നാൽ ഡോ. ക്രിസ്റ്റോ ചെയ്തതിനു സമാനമായി അനവധി അമേരിക്കൻ, യൂറോപ്, ഓസ്‌ട്രേലിയൻ മലയാളികളായ ഡോക്ടർമാർ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം സേവനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതിൽ ഉള്ള തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നിന്നും ഒരു സംഘം ഇന്ത്യൻ ഡോക്ടർമാർ എത്തി സൗജന്യ സേവനം നൽകിയിരുന്നു. കേരളത്തിലെ പ്രധാന ഹോസ്പിറ്റലുകളിൽ മിക്കവയിലും ഇത്തരം സേവനത്തിനായി മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘങ്ങൾ എത്താറുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷണത്തിനു വിധേയമാകുന്നതാണ് കേസിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ഭരണഘടനാ നൽകുന്ന അവകാശങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കുള്ളതിനു സമാനം തന്നെയാണ് ഓസിഐ കാർഡ് ഉടമകൾക്കും ഉള്ളതെന്നും വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. ഇതോടെ ഒട്ടേറെ കേസുകളിൽ വിദേശ ഇന്ത്യക്കാർക്ക് അനുകൂല വിധിയുണ്ടാകാൻ ഉള്ള സാഹചര്യമാണ് തെളിയുന്നത്. സിറ്റിസൺഷിപ് ആക്ട് 1955 അനുസരിച്ചു സെക്ഷൻ 7 ബി (1) ൽ പറയുന്ന അവകാശങ്ങൾ തനിക്കു നിക്ഷേധിക്കപ്പെടുക ആയിരുന്നു എന്നാണ് ഡോ ക്രിസ്റ്റോ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 14 (നിയമത്തിനു മുന്നിലെ തുല്യത), ആർട്ടിക്കിൾ 19 (സംസാര സ്വാതന്ത്ര്യം) എന്നിവയും വിദേശ ഇന്ത്യക്കാർക്ക് തുല്യമാണെന്ന് ഈ കേസിൽ ജസ്റ്റിസ് വിഭു ബക്രുവിന്റെ വിധിന്യായത്തിൽ നിർണ്ണയിക്കപ്പെട്ടു. ഇതോടെ വിദേശ ഇന്ത്യാക്കാർക്കുള്ള സ്വതന്ത്ര ദിന സമ്മാനമായി ഈ വിധി വ്യാഖ്യാനിക്കപ്പെടുന്നു.

ഡോക്ടർ ക്രിസ്റ്റോയുടെ ജന്മസ്ഥലം സംബന്ധിച്ച തർക്കമാണ് ഓസിഐ റദ്ദാക്കാൻ കാരണമെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചപ്പോൾ തന്റെ ജന്മസ്ഥലം കേരളമാണെന്നു വാദിച്ചു തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് നിർണായകമായത്. ഇതോടെ കേസ് കെട്ടിച്ചമച്ചത് ആണെന്ന വാദവും ഉണ്ടായി. ക്രിസ്റ്റോ ബിഹാറിൽ എത്തിയത് മെഡിക്കൽ മിഷനറി പ്രവർത്തനത്തിന് ആണെന്ന് സർക്കർ ആരോപിച്ചെങ്കിലും ഇത് തെളിവുകൾ മുഖേനെ തെളിയിക്കാനും കഴിഞ്ഞില്ല. താൻ നിയമത്തിനു അതീതമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മിഷനറി പ്രവർത്തനം തന്റെ ഉദ്ദേശം അല്ലായിരുന്നു എന്നും സംസ്ഥാനത്തെ നിയമ ക്രമസമാധാനം തകർക്കുന്ന വിധത്തിൽ യാതൊരു പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും വാദിക്കു വേണ്ടി അഭിഭാഷകരായ റോബിൻ ഡേവിഡ്, ദിൽരാജ് ഫിലിപ്പ് എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.

2012 ൽ ഓസിഐ നേടിയ ഡോക്ടർ ക്രിസ്റ്റോ 2014 ജനുവരി മുതൽ പലവട്ടം ഇന്ത്യയിൽ എത്തിയിരുന്നു. ബിഹാറിലെ റക്‌സോളിൽ ഉള്ള ഡങ്കൻ ഹോസ്പിറ്റലിൽ ആണ് ഇദ്ദേഹം സേവനത്തിനു എത്തിയിരുന്നത്. എന്നാൽ 2016 ഏപ്രിലിൽ ഇദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ നിന്നും നാട് കടത്തുക ആയിരുന്നു. തുടർന്നാണ് കേസ് രൂപം കൊള്ളുന്നത്. അമേരിക്കയിലെ ഹൂസ്റ്റൺ കോൺസുലേറ്റ് ഓഫീസാണ് ഡോക്ടർ ക്രിസ്റ്റോയുടെ ഓസിഐ കാർഡ് റദ്ദാക്കിയത്. തന്റെ കേരളത്തിലെ ബന്ധുക്കളെ സന്ദർശിക്കാൻ ഉള്ള അവകാശം നിക്ഷേധിക്കകപ്പെട്ടതും ഡോക്ടർ ക്രിസ്റ്റോ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാദിക്കു ഓസിഐ കാർഡിനായി വീണ്ടും അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP