പെരുന്നാൾ ദിനത്തിലെ ബംപർ ഭാഗ്യം ലഭിച്ചത് ഇന്ത്യക്കാരന്; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോൾ 18 കോടിയുടെ ബംപർ അടിച്ചത് സഞ്ജയ് നാഥിന്; ബിഗ് ടിക്കറ്റ് വിജയികളായവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ
June 04, 2019 | 06:19 PM IST | Permalink

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുകയാണ്. യുഎഇയിൽ അടക്കം ഇന്നാണ് പെരുന്നാൾ ആഘോഷം. പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബി ബിഗ് ടിക്കറ്റ് നറക്കെടുത്തപ്പോൾ ഇന്ത്യക്കാരന് വീണ്ടും ബംപറടിച്ചു. ആർ. സഞ്ജയ് നാഥ് എന്നയാളാണ് ഭാഗ്യവാൻ. പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 18.86 കോടി ഇന്ത്യൻ രൂപ വരുമിത്. ഇദ്ദേഹത്തിന്റെ 211711 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഇക്കുറിയും പതിവുപോലെ നറുക്കെടുപ്പിലെ ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. ഇതിൽ തന്നെ മലയാളികളും ഉണ്ട്. പത്ത് സമ്മാനങ്ങളിൽ ഒൻപതും നേടിയത് ഇന്ത്യക്കാരാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശിക്ക് ലഭിച്ചു. വിജയിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ്.
ബിനു ഗോപിനാഥൻ (100,000 ദിർഹം), ആഷിഖ് പുള്ള്യശേരി (90,000 ദിർഹം), അനസ് ജമാൽ (80,000 ദിർഹം), സുഭാഷ് (50,000 ദിർഹം), അബ്ദുൽ അസീസ് വലിയ പറമ്പത്ത് (30,000 ദിർഹം), സുനിൽ കുമാർ (20,000 ദിർഹം), അബ്ദുൽ മുതലാബ് ചുള്ളിയോടൻ കോമാച്ചി (10,000 ദിർഹം), ഓഫുർ കൂട്ടാഗൽ മാമു (10,000 ദിർഹം) എന്നിവരാണ് ഭാഗ്യദേവത കടാക്ഷിച്ച മറ്റ് ഇന്ത്യാക്കാർ. പാക്ക് സ്വദേശിയായ സാഖിബ് നസീർ മുഹമ്മദ് നസീറിന് 70,000 ദിർഹം കിട്ടി. ലാൻഡ് റോവർ കാറിനായി നടത്തിയ നറുക്കെടുപ്പിൽ ബംഗ്ലാദേശ് സ്വദേശി ശിപാക് ബൗറ വിജയിയായി.