Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയൽ മരണത്തിന് കീഴടങ്ങിയത് നീന്താനായി ബോട്ടിൽ നിന്നും ചാടിയ ജേസൺ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോൾ; ഓസ്ട്രിയയിൽ വിനോദ സഞ്ചാരത്തിന് പോയപ്പോൾ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച മാഞ്ചസ്റ്ററിലെത്തും; പ്രവാസി യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ യു കെ മലയാളി സമൂഹം

ജോയൽ മരണത്തിന് കീഴടങ്ങിയത് നീന്താനായി ബോട്ടിൽ നിന്നും ചാടിയ ജേസൺ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോൾ; ഓസ്ട്രിയയിൽ വിനോദ സഞ്ചാരത്തിന് പോയപ്പോൾ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച മാഞ്ചസ്റ്ററിലെത്തും; പ്രവാസി യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ യു കെ മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓസ്ട്രിയയിലെ വിയന്നയിൽ വച്ച് ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടിൽ നിന്ന് വീണ് അപകടത്തിൽ മരിച്ച ബോൾട്ടണിലെ മലയാളി കസിൻ സഹോദരന്മാരുടെ മൃതദേഹം അടുത്ത ആഴ്ച മാഞ്ചസ്റ്ററിലെത്തും. തുടർന്ന് സെപ്റ്റംബർ എട്ടിന് സംസ്‌ക്കാര ശുശ്രൂഷകൾ നടത്താനാണ് കുടുംബങ്ങൾ ആലോചിക്കുന്നത്. നദിയിൽ നീന്താനായി ചാടിയ 15കാരനായ ജേസൺ മുങ്ങുന്നത് കണ്ട് രക്ഷിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു 19കാരനായ ജോയൽ മരണത്തിന് കീഴടങ്ങിയതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ബോൾട്ടനിലെ റോയൽ ഹോസ്പിറ്റലിലെ നഴ്‌സ് സഹോദരിമാരായ സൂസന്റെയും സുബിയുടെയും മക്കളുടെ മരണം വിശ്വസിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ബോൾട്ടനിലെ മലയാളി സമൂഹം. ചെങ്ങന്നൂർ സ്വദേശിയായ അനിയൻ കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബുവാണ് ജേസണിന്റെ പിതാവ്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെ പ്രമുഖ ടൂറിസം കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

വിയന്നയിലെ ബന്ധുക്കളെ സന്ദർശിക്കാനും ഹോളിഡേയ്ക്കുമായിരുന്നു ഇവർ കുടുംബസമേതം പോയത്. ഞായറാഴ്ച തിരിച്ച് വരാനിരിക്കവെയായിരുന്നു മരണം ഇവരെ തട്ടിയെടുത്തത്. കുടുംബാംഗങ്ങളോടൊപ്പം വിയന്നയിലെ നാച്വർ പാർക്കിൽ ഉച്ചക്ക് രണ്ട് മണിക്ക് കറങ്ങാനെത്തിയപ്പോഴായിരുന്നു ഈ കസിൻ സഹോദരങ്ങൾ ബോട്ട് യാത്ര നടത്തി മരണക്കയത്തിലേക്ക് മുങ്ങിയത്. ഇതിൽ ജേസൺ കഴിവുറ്റ അത്‌ലറ്റായിരുന്നു.

വിയന്നയിലെ 30 ഡിഗ്രി ചൂടിൽ ദേഹമൊന്ന് തണുപ്പിക്കാൻ ജേസൺ ബോട്ടിൽ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്ത് തന്നെ നീന്തിയത്. എന്നാൽ അധികം വൈകാതെ ജേസൺ നീന്താനാവാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ജലസസ്യത്തിൽ കാൽകുരുങ്ങി നീന്തി നീങ്ങാനാവാതെ 15കാരൻ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്. കാലിൽ ജലസസ്യം കുരുങ്ങിയതിനെ തുടർന്ന് താൻ മുങ്ങുന്നുവെന്ന് ഇയാൾ വിളിച്ച് പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇത് കണ്ട് ജേസണെ രക്ഷിക്കാൻ ജോയൽ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ഇരുവരും മുങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ ജോയലും വെള്ളത്തിൽ നീന്താനിറങ്ങിയതിനിടയിലായിരുന്നു ഈ രക്ഷാശ്രമമെന്നും സൂചനയുണ്ട്. കൊടു തണുപ്പുള്ള വെള്ളത്തിൽ പൊങ്ങി നിൽക്കാനാവാതെ രണ്ട് പേരും മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ബോട്ടിൽ നിന്നും വെറും പത്തടി അകലത്ത് വച്ചായിരുന്നു ഇവർ മരണക്കയത്തിലേക്ക് മുങ്ങിപ്പോയത്. അപകടത്തെ തുടർന്ന് ദി ഓസ്ട്രിയൻ എമർജൻസി സർവീസുകൾ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

ഇവരെ കാണാതായതോടെ പൊലീസ് തടാകത്തിൽ വല കെട്ടി തിരിച്ചാണ് അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി പത്ത് പൊലീസ് ഡൈവർമാർ വെള്ളത്തിനടിയിൽ ഒരു മനുഷ്യച്ചങ്ങല തന്നെ തീർത്തിരുന്നു. തടാകത്തിന്റെ അടിത്തട്ടിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ലീനിയൽ തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തരച്ചിൽ ആരംഭിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തിൽ നിന്നും ഉയർത്തിയത്. എന്നാൽ ജേസന്റെ മൃതദേഹം വീണ്ടും രണ്ടു മണിക്കൂറിന് ശേഷമാണ് ഉയർത്തിയത്. രണ്ട് പേരും ബന്ധുക്കളായിരുന്നുവെങ്കിലും സഹോദരന്മാരെ പോലെയായിരുന്നുവെന്ന് ജേസന്റെ പിതാവ് ഷിബു വർഗീസ് ബോൽട്ടൻ ന്യൂസിനോട് പറഞ്ഞു. ഇരുവർക്കും പരസ്പരം നല്ല ബഹുമാനമായിരുന്നുവെന്നും അദ്ദേഹം സ്മരിക്കുന്നു.

ജോയൽ ജേസണ് മൂത്ത സഹോദരനെ പോലെയായിരുന്നുവെന്നും ഇരുവരും എല്ലാം പരസ്പരം തുറന്ന് പറയുന്നവരായിരുന്നുവെന്നും ഷിബു വെളിപ്പെടുത്തുന്നു. ഒരു ഐടി സ്ഥാപനത്തിൽ രണ്ടാം വർഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയൽ. അതേ സമയം ബുറി കോളജിൽ പഠിക്കുന്നുമുണ്ടായിരുന്നു. ഒരു ഫുട്‌ബോളറായി വളർന്ന് വന്നിരുന്ന പ്രതിഭയായിരുന്നു ജേസൺ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അങ്ങേയറ്റം മനസിൽ ആരാധിച്ചിരുന്നു ഈ കൗമാരക്കാരൻ. സമ്മർ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളിൽ ഇയർ 11ന് ചേരാനിരിക്കുകയായിരുന്നു ജേസൺ.

ഇക്കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയിൽ ജേസണിന് നല്ല മാർക്കുണ്ടെന്ന സന്തോഷവാർത്ത അറിഞ്ഞ് കൊണ്ടായിരുന്നു ഇവരുടെ കുടുംബം ബോൾട്ടണിൽ നിന്നും വിയന്നയിലേക്ക് പുറപ്പെട്ടത്. ഇരുവർക്കും ഓസ്ട്രിയയിലേക്ക് പോകാൻ വളരെ ആവേശമായതിനാലാണ് കുടുംബം ഹോളിഡേ ഇവിടേക്ക് ആക്കിയതെന്നാണ് ഇവരുടെ കുടുംബസുഹൃത്ത് വെളിപ്പെടുത്തുന്നത്. ഇവിടെയുള്ള കസിൻസിനെ കാണുകയെന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഏതാനും ദിവസം ഓസ്ട്രിയയിൽ താങ്ങാൻ എത്തിയ മലയാളി കുടുംബങ്ങളെ തേടി തീരാ ദുഃഖം എത്തിയ സങ്കടം പങ്കിടുകയാണ് ബോൾട്ടൻ മലയാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP