Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവം; കേരളത്തിനു വേണ്ടി യുഎഇ പ്രസിഡന്റ് സ്വീകരിക്കുന്ന പണം സന്നദ്ധ സംഘടനകൾ വഴി ഉപയോഗപ്പെടുത്താൻ ചർച്ചകൾ; കേന്ദ്രസർക്കാർ നടപടിയിൽ പ്രവാസി ലോകത്തും അമർഷം പുകയുന്നു; സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് തായ്‌ലാൻഡും

യുഎഇ സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവം; കേരളത്തിനു വേണ്ടി യുഎഇ പ്രസിഡന്റ് സ്വീകരിക്കുന്ന പണം സന്നദ്ധ സംഘടനകൾ വഴി ഉപയോഗപ്പെടുത്താൻ ചർച്ചകൾ; കേന്ദ്രസർക്കാർ നടപടിയിൽ പ്രവാസി ലോകത്തും അമർഷം പുകയുന്നു; സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് തായ്‌ലാൻഡും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായമടക്കം വിദേശരാജ്യങ്ങളുടെ ധനസഹായങ്ങൾ സ്വീകരിക്കേണ്ടെനന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ രാജ്യം സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. വിദേശ സഹായം സ്വീകരിക്കേണ്ടെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ നടപടി. കേരളത്തിലും പ്രവാസി ലോകത്തും കടുത്ത പ്രതിഷേധത്തിനിടയാക്കിയ തീരുമാനത്തെ മറികടക്കാൻ യു.എ.ഇ അടക്കം ആലോചന തുടങ്ങിയിട്ടുണ്ട്.

പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാനുള്ള വിദേശ രാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ഇതേക്കുറിച്ച് വിശദീകരണം നൽകിയ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. എന്നാൽ, ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കുമെന്ന നയം ഇന്ത്യ തുടരുമെന്നും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു.

കേരളത്തിൽ പ്രളയമുണ്ടായതിന് പിന്നാലെതന്നെ സംസ്ഥാനത്തെ സഹായിക്കാൻ യു.എ.ഇ പ്രത്യേകം ശ്രമം തുടങ്ങിയിരുന്നു. അടിയന്തര ഫണ്ട് ശേഖരണവും ആരംഭിച്ചു. മലയാളികളായ പ്രവാസികളടക്കം ഈ നിധിയിലേക്ക് നൽകിയ സംഭാവനകൾ ഉൾപ്പെടെയാണ് 700 കോടി രൂപ നൽകുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചത്. കേരളം ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനത്തെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ കേന്ദ്രം നിരസ്സിക്കുകയായിരുന്നു. കേരളത്തിനായി വിദേശ രാജ്യങ്ങൾ മുന്നോട്ടുവെയ്ക്കുന്ന സഹായങ്ങൾ സ്‌നേഹപൂർവം നിരസിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം എല്ലാ ഇന്ത്യൻ എംബസികൾക്കും കത്തുനൽകിയിട്ടുമുണ്ട്.

സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് തായ്‌ലാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ കേരളത്തെ സഹായിക്കുന്നതിൽ തടസ്സമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, രാജ്യങ്ങൾ നേരിട്ട് വാഗ്ദാനം ചെയ്യുന്ന സഹായങ്ങൾ സ്വീകരിക്കില്ല. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങളും വിദേശ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് സർക്കാർ സംവിധാനത്തെ സഹായിക്കുന്നുണ്ടെന്ന് അവരോട് പറയണമെന്ന് എംബസികൾക്ക് അയച്ച കത്തിൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും, അതിനെ മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവമാണ്. സന്നദ്ധ സംഘടനകൾ്‌ക്കോ വ്യക്തികൾക്കോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്ന പഴുതുപയോഗിച്ചാവും യു.എ.ഇ ഇനി അടുത്ത നടപടികൾ നീക്കുക. പ്രസിഡന്റിന്റെ ആഹ്വാനത്തെത്തുടർന്ന് ആരംഭിച്ച അടിയന്തര നിധിയിലേക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയടക്കമുള്ള പ്രവാസികൾ ഇതിനകം വൻതുക സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ പണം കേരളത്തിനായി വിനിയോഗിക്കാതിരിക്കാനും മാർഗമില്ല.

കേരളത്തിലുണ്ടായ പ്രളയകക്കെടുതിയിൽ യു.എ.ഇയുടെ നടുക്കവും ആശങ്കയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായീദ് ബിൻ സുൽത്താൻ അൻ നഹ്യാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. സഹായ സന്നദ്ധതയും യു.എ.ഇ പങ്കുവെച്ചു. തങ്ങളുടെ ദുരിതാശ്വാസ ജീവകാരുണ്യ സ്ഥാപനങ്ങൾ കേരളത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വിദേശസഹായം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചതോടെ, ഇത്തരം സംഘടനകളിലൂടെ കേരളത്തെ സഹായിക്കാനാകും യു.എ.ഇ. ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP