Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളി സുന്ദരികളും സുന്ദരന്മാരും നിരന്ന ലണ്ടൻ തെരുവ്; ചെണ്ടമേളവും കേരള നൃത്തവുമായി അരങ്ങ് നീണ്ടു; വർണ്ണങ്ങൾ വാരി വിതറി ലണ്ടൻ പരേഡിൽ മലയാളി സാന്നിദ്ധ്യം വേറിട്ടു നിന്നത് ഇങ്ങനെ

മലയാളി സുന്ദരികളും സുന്ദരന്മാരും നിരന്ന ലണ്ടൻ തെരുവ്; ചെണ്ടമേളവും കേരള നൃത്തവുമായി അരങ്ങ് നീണ്ടു; വർണ്ണങ്ങൾ വാരി വിതറി ലണ്ടൻ പരേഡിൽ മലയാളി സാന്നിദ്ധ്യം വേറിട്ടു നിന്നത് ഇങ്ങനെ

ലണ്ടൻ: പുതുവർഷത്തോട് അനുബന്ധിച്ച് നടന്ന ലണ്ടൻ പരേഡ് മലയാളികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടി. സുന്ദരികളായ മലയാളി വീട്ടമ്മമാരും യുവതീയുവാക്കളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് കെസിഡബ്ല്യുഎ, സംഗീത യുകെ എന്ന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ലണ്ടൻ പരേഡിലെ മലയാളി സാന്നിദ്ധ്യമായത്. മലയാളത്തിന്റെ സ്വന്തം നൃത്തങ്ങളും ചെണ്ടമേളവും അടക്കം ലണ്ടനിലെ തെരുവുകൾ കേരളത്തിന്റെ കെട്ടു കാഴ്ചകൾ കൊണ്ടു കൂടി മുഖരിതമായ കാഴ്ച അപൂർവ്വമായി മാറി.

ക്രോയിഡോൺ ബോറോയെ പ്രതിനിധീകരിച്ച് ലണ്ടനിലെത്തിയ കെസിഡബ്ല്യുഎ, സംഗീത യുകെ ടീം മികച്ച പ്രകടനമാണ് ന്യൂ ഇയേഴ്‌സ് ഡേ പരേഡിൽ കാഴ്ച വച്ചത്. ഗ്രീൻ പാർക്ക് ട്യൂബ് സ്റ്റേഷനിൽനിന്നാണ് പരേഡ് ആരംഭിച്ചത്. പാർലമെന്റ് സ്‌ക്വയറിൽ അവസാനിക്കുകയും ചെയ്തു. പിക്കാഡ്‌ലി സർക്കസ്, റീജജന്റ് സ്ട്രീറ്റ്, പാൾ മാൾ, ട്രാഫൽഗർ സ്‌ക്വയർ, വൈറ്റ് ഹാൾ എന്നിവിടങ്ങളിലൂടെയാണ് പരേഡ് നീങ്ങിയത്. ബ്രിട്ടീഷ് പതാകയേന്തിയ കാണികൾ തെരുവിന്റെ ഇരുവശവും നിന്ന് കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

മിലാൻ സക്ക്‌സ്, ആകാശ് സൈമി, കിരൺ സൈമി, റിനോയ് മനോജ്, ഹരികൃഷ്ണ വിനോദ്, ജീവൻ രാജൻ, ശ്രുതി അനിൽ, പ്രിയങ്ക സുനിൽകുമാർ, ദേവിക സുനിൽകുമാർ, പൂജ പിള്ളൈ, അഞ്ജലി നായർ, റിയാ നായർ, ആദിത്യാ ജ്യോതി, ലിയാ നജിബ്, റോംനാ സുജിത്ത്, മരൂൺ രാമൻ എന്നിവരാണ് കെസിഡബ്ല്യുഎയുടെ ഡാൻസ് ടീമിൽ പങ്കെടുത്തത്.

വിവിധ ബോളിവുഡ് ഗാനങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻ നൃത്തത്തിൽ അവസാനം എത്തിയ ജെയ് ഹോ എന്ന മ്യൂസിക് രാജ്യത്തിന്റെ തന്നെ മുഴുവൻ ഇന്ത്യൻ ജനതയുടെയും ദേശീയ വികാരവും ആവിഷ്‌കരിക്കുന്നതായിരുന്നു. തുടർച്ചയായി ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ നൃത്തയിനം കലാഭവൻ നൈസിനൊപ്പം സുകുമാരൻ പരമു, ജോഷിതാ എന്നിവരും ചേർന്നാണ് കോറിയോഗ്രാഫ് ചെയ്തത്.

കോച്ചുന്ന തണുപ്പിലും കുട്ടികളും വയോധികരുമടക്കം ആയിരക്കണക്കിനു പേരാണ് പരിപാടി ആസ്വദിക്കാനായി തെരുവിന്റെ ഇരു ഭാഗങ്ങളിലുമായി എത്തിയത്. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം കാണാൻ എത്തിയവരും ചുവടുവച്ചത് പരേഡിന്റെ ആവേശം ഇരട്ടിയാക്കി മാറ്റി. വിനോദ് നവധാരയുടെ നേതൃത്വത്തിലാണ് ചെണ്ടമേശം ലണ്ടന്റെ വീഥികളിൽ മുഴങ്ങിയത്. സംഗീത യുകെയിൽ നിന്നും ഇരുപത് പേർ അടങ്ങിയ ചെണ്ടമേള സംഘമാണ് നിറഞ്ഞുകൊട്ടി കേരളത്തിന്റെ സാംസ്‌കാരിക പ്രൗഢി വിളിച്ചോതിയത്. സ്ത്രീകളും പുരുഷന്മാരും ചേർന്ന് കൊട്ടിയ ചെണ്ടമേളം കാഴ്ചക്കാർക്കു നവ്യാനുഭവമായി.

ആദ്യമായാണ് ഒരു മലയാളി സംഘം ഈ പരേഡിൽ പങ്കെടുക്കുന്നത്. മികച്ച പ്രകടനത്തിന് 1000പൗണ്ട് സമ്മാനമായ ലഭിച്ചപ്പോൾ പുതുതലമുറയ്ക്കും മലയാളി സമൂഹത്തിനും ഏറെ അഭിമാനിക്കാൻ കഴിയാവുന്ന ഒന്നായി കൂടി മാറി. ഇതിന് അവസരമൊരുക്കുകയും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയ മഞ്ജു ഷാഹുൽ ഹമീദിന് നന്ദി പറയുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. പരേഡിന്റെ ആദ്യം മുതൽ അവസാനം വരെ ക്രോയിഡോൺ മേയറും ഡെപ്യൂട്ടി മേയറും ഒപ്പമുണ്ടായിരുന്നത് കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.

ആയിരക്കണക്കിനാളുകളാണ് ന്യൂ ഇയേഴ്‌സ് ഡേ പരേഡിലൂടെ പുതുവർഷത്തെ വരവേറ്റത്. ചിയർലീഡർമാരും നർത്തകിമാരും സംഗീതജ്ഞരും സംഗീത വാദക സംഘങ്ങളുമൊക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങൡനിന്നെത്തിയ ആയിരങ്ങൾ പരേഡിൽ അണിനിരന്നു. വൈറ്റ്ഹാളിൽ തമ്പടിച്ച ജനങ്ങൾ അടിവച്ചുനീങ്ങി. മഴയും തണുപ്പും ആഘോഷത്തിന് വിഘാതമായി നിന്നെങ്കിലും ജനക്കൂട്ടത്തിന്റെ ആവേശത്തെ ഭേദിക്കാൻ അവയ്ക്കായില്ല.

പരേഡിന് പിന്നാലെ ലണ്ടൻ മേയർ ആതിഥേയത്വം വഹിച്ച കരിമരുന്ന് പ്രയോഗവും പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി. സുരക്ഷയൊരുക്കാൻ 3000 പൊലീസുകാരെയാണ് ഇക്കുറി നിയോഗിച്ചിരുന്നത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ജനങ്ങൾ ആവേശതത്തോടെ പുതുവർഷാഘോഷങ്ങളിൽ പങ്കെടുത്തു. പരേഡിന് ചുറ്റും സുരക്ഷാവലയം തീർത്താണ് പൊലീസ് നിലയുറപ്പിച്ചത്.

പൊലീസുമായി ചർച്ചകൾ നടത്തിയശേഷമാണ് പരേഡ് എങ്ങനെവേണമെന്ന് നിശ്ചയിച്ചതെന്ന് പരേഡിന്റെ വക്താവ് ഡാർ കിർക്‌ബി പറഞ്ഞു. ബെർലിനിൽ പുതുവർഷാഘോഷതത്തിനിടെ കഴിഞ്ഞവർഷമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ലണ്ടനിൽ സുരക്ഷ ശക്തമാക്കിയത്. അധികൃതർ ആവശ്യപ്പെട്ട മുൻകരുതലുകളൊക്കെ സ്വീകരിച്ചിരുന്നതായി കിർക്ക്‌ബി പറഞ്ഞു.

നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചും സംഗീതോപകരങ്ങൾ വായിച്ചും നൃത്തച്ചുവടുകളൊരുക്കിയുമാണ് പരേഡ് മുന്നേറിയത്. സിനിമാ, ടിവി വിനോദ വ്യവസായത്തിനുവേണ്ടി ജീവിച്ചവർക്കാണ് ഇത്തവണ പരേഡ് സമർപ്പിച്ചിരുന്നത്്. വിഖ്യാതമായ ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും പരേഡിലുണ്ടായിരുന്നു. പരേഡിനൊടുവിൽ ജനക്കൂട്ടം വിറ്റ്‌ലി ബേയിൽ നോർത്ത് സീയിലിറങ്ങിയാണ് ആഘോഷങ്ങൾ അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP