Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറെ മോഹിച്ച ജോലിക്കായി കടൽകടന്നു പോയിട്ടും ശമ്പളമില്ലാതെ മലയാളി നഴ്‌സുമാർ; ദുരിതത്തിൽ കഴിയുന്നതു കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ജോലി ചെയ്യുന്ന നൂറ് കണക്കിനു പേർ; കോടികൾ കൊയ്യുന്നതു റിക്രൂട്ടിങ്ങ് ഏജൻസികൾ

ഏറെ മോഹിച്ച ജോലിക്കായി കടൽകടന്നു പോയിട്ടും ശമ്പളമില്ലാതെ മലയാളി നഴ്‌സുമാർ; ദുരിതത്തിൽ കഴിയുന്നതു കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ജോലി ചെയ്യുന്ന നൂറ് കണക്കിനു പേർ; കോടികൾ കൊയ്യുന്നതു റിക്രൂട്ടിങ്ങ് ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയിൽ ജോലി ചെയ്യുന്ന നൂറ് കണക്കിന് മലയാളി നഴ്‌സുമാർക്ക് ശമ്പളമില്ലാതെ വലയുന്നു. ജോലിക്കു വേണ്ടി 22 ലക്ഷം രൂപ ഏജൻസിക്ക് നൽകി കുവൈറ്റ് ഗവൺമെന്റിന് കീഴിൽ ജോലിക്ക് കയറിയ 324 മലയാളികൾ അടക്കം 327 പേരാണ് 10 മാസം കഴിഞ്ഞിട്ടും ശമ്പളമില്ലാതെ ഗൾഫിൽ വലയുന്നത്.

വന്നിട്ട് ഇതുവരെ ഒരു തവണ പോലും ശമ്പളം കിട്ടാതെ 10 മാസമായിട്ടും ജോലി ചെയ്യുന്ന ഇവർ ജോലി സ്ഥലത്ത് നിന്ന് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം റൂമിൽ പൊതിഞ്ഞു കൊണ്ടുവന്നു കഴിച്ചാണ് പലപ്പോഴും വിശപ്പകറ്റുന്നത്. ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിന് പോലും വകയില്ലാതെ വിഷമിക്കുകയാണ് ഇവർ.

മിനിസ്ട്രിയുടെ താമസസൗകര്യം ലഭ്യമാണെങ്കിലും ഭക്ഷണത്തിനായോ വീട്ടിലേക്ക് ഫോൺ ചെയ്യാനോ പണം തികയാറില്ലെന്നും ഇവർ പറയുന്നു. കടംവാങ്ങിയും സ്വർണവും വസ്തുവും വരെ പണയം വച്ചാണ് ഇവർ 22 ലക്ഷം രൂപാ വിതം ഏജന്റിന് കൊടുത്തത്. എന്നാൽ ഈ പണം കൊടുത്തതിനോ പണം വാങ്ങിയതിനോ യാതൊരു തെളിവും ഇവരുടെ പക്കലില്ല. അന്ന് ഇന്റർവ്യൂ കഴിഞ്ഞു പാസായ പലരുടെയും പണം വാങ്ങാൻ വന്നത് മലപ്പുറം രജിസ്‌ട്രേഷൻ വണ്ടിയിൽ വന്ന ചിലർ ആണെന്നും അവർക്ക് ഏജന്റ് പറഞ്ഞ കോഡ് ഭാഷയിൽ പണം ക്യാഷായി ഡയറട്ക്ട് കൈയിൽ കൊടുത്തുവെന്നും ഇവർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

വലിയ സ്വപ്നങ്ങൾ കണ്ടു കുവൈത്തിൽ ജോലിക്കായി എത്തിയ ഇവർക്ക് ശമ്പളം കിട്ടാതായതോടെ നാട്ടിലെ ഇവരുടെ കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി അവിടയും കാര്യങ്ങൾ കുഴപ്പമായി. ഉറപ്പിച്ചു വച്ച സഹോദരിയുടെ കല്യാണം, മുടങ്ങിയവരും സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ടും നാട്ടിൽ എത്താൻ സാധിക്കത്തവരും ഇവരുടെ ഇടയിൽ ഉണ്ട്.

ഫിബ, ജെ.കെ ഇന്റർനാഷണൽ, പോളൻസ് എന്നി മുന്നു ഏജൻസികൾ പത്രത്തിൽ പരസ്യം കൊടുത്തു. അതിൽ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ ഏജൻസികൾ സംയുക്തമായാണ് ഇന്റർവ്യൂ നടത്തിയത്. ഇതിൽ പ്രാക്റ്റിക്കൽ, തിയറി പരിക്ഷകൾ ഉണ്ടായിരുന്നു ഇതിൽ പാസായ ഇവരുടെ കയ്യിൽനിന്നും ആളൊന്നിനു 22 ലക്ഷം രൂപ വച്ച് കൈപ്പറ്റിയെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോൾ ശമ്പളം ഇല്ലാത്തതിനാൽ ഇവരിൽ പലരും നാട്ടിൽ നിന്നും പണം വാങ്ങിച്ചും, പ്രവാസികളായ ഇവിടെ തന്നെ മറ്റു ആശുപത്രികളിൽ ജോലിചെയ്യുന്ന നേഴ്‌സുമാർ കൊടുക്കുന്ന പണം കൊണ്ടാണ് ഇവർ ഇപ്പോൾ ഇവിടെ പല കാര്യങ്ങളും നടത്തുന്നത്.

തട്ടിപ്പിൽ ഇരയായ നേഴ്‌സുമാരിൽ 327 പേരിൽ 325 പേരും മലയാളികളാണ്. ഇവരുടെ ഫയലുകൾ ഏജൻസികൾ പൂഴ്‌ത്തി വച്ചിരിക്കുകയാണ്. ഇപ്പോഴും തലവരി പണം വാങ്ങി ഈ ഏജൻസികൾ ഇതേ വകുപ്പുകൾക്കായി ഇന്ത്യയിൽ ഇന്റർവ്യൂകൾ നടത്തുന്നുണ്ട്. പലരും പണം ഇപ്പോൾ തന്നെ നൽകി ജോലിക്കായി കുവൈറ്റിൽ എത്താനായി തയ്യാറാകുന്നുണ്ട്. കോടികളുടെ കളികളാണ് ഇതെന്നും അതിനാൽ പേര് വെളിപ്പെടുത്താൻ ഭയമുണ്ടെന്നും മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ട നഴ്‌സുമാർ പറഞ്ഞു.

കഴിഞ്ഞ മെയ് 29 നാണ് 327 പേർ വരുന്ന നഴ്‌സുമാരുടെ സംഘം കുവൈറ്റിലെത്തിയത്. മാർച്ച് 12 ന് 2000 ത്തോളം പേർക്ക് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ച് നടത്തിയ ഇന്റർവ്യൂവിനും ശേഷമാണ് ഇവർക്ക് ജോലി ഇവിടെ ലഭിച്ചത്. കൊച്ചിയിൽ നിന്ന് പോലെ തന്നെ ഡൽഹിയിൽ വച്ച് നടത്തിയ ഇന്റർവ്യൂവിലൂടെ 40 പേർക്കും ജോലി ലഭിച്ചു. അങ്ങനെ ആകെ 327 പേരാണ് ജോലിക്കായി എത്തിയത്. 2015 മെയ് 29 ന് നാട്ടിൽ നിന്നും കുവൈറ്റിലെത്തിയ നഴ്‌സുമാർക്ക് ജൂൺ ഒന്നിന് തന്നെ മെഡിക്കലും, വിരലടയാള, റസിഡൻസ്, സിവിൽ ഐഡി എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. ജൂലൈ 18 ന് എല്ലാ പരിശോധനകൾക്കും ശേഷം ഇവർ ജോലിക്കു കയറുകയും ചെയ്തു. കുവൈറ്റിലെത്തിയ ഇവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ജോലിക്ക് കയറിയിരിക്കുന്നത്.

സാധാരണ നിലയിൽ ജോലിക്ക് കയറി മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ശമ്പളം ലഭിക്കേണ്ടിയിരുന്ന ഇവർക്ക് പത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ ഇവരിൽ ചിലർ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും ഇവർക്ക് ഫയലുകൾ മിനിസ്ട്രിയിൽ സബ്മിറ്റ് ചെയ്തിട്ടില്ലെന്നും കുറച്ച് പേരേ കുടി റിക്രൂട്ട് ചെയ്യാനുണ്ടെന്നും അതിന് ശേഷമേ ഫയൽ സബ്മിറ്റ് ചെയ്യുവെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ ബാക്കിയുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്താനായി ഫണ്ട് അനുവദിക്കാനില്ലെന്ന വാദവും മിനിസ്ട്രി ഉയർത്തുന്നുണ്ട്. ബഡ്ജറ്റിൽ ഫണ്ട് അനുവിദിച്ചാൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ശമ്പളം ലഭിക്കുമെന്നും ഏജൻസികൾ പറയുന്നുണ്ട്.

ഏജൻസിയിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തത് മൂലം മിനിസ്ട്രിയുമായി നേരിട്ട് ബന്ധപ്പെട്ട നഴ്‌സുമാർ ശമ്പളം ലഭിക്കുന്നില്ലെന്ന് അറിയിച്ചു. എന്നാൽ മിനിസ്ട്രി അറിയിച്ചത് ഫണ്ട് പ്രശ്‌നമില്ലെന്നാണ്. ഇതറിഞ്ഞ ഇവർ വീണ്ടും ഏജൻസിയോട് ഇക്കാര്യം ചോദിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തപ്പോൾ ഫെബ്രുവരിയിൽ ശമ്പളം ലഭിച്ചു തുടങ്ങുമെന്ന് അറിയിച്ചു. ഇനി മിനിസ്ട്രിയുമായി ബന്ധപ്പെടേണ്ടന്ന മുന്നറിയിപ്പും ലഭിച്ചു. നിരന്തരം ബന്ധപ്പെട്ടതിന്റെ ഭാഗമായി ഇതിൽ 100 പേരുടെ ഫയൽ റിലീസായി പറയുന്നുണ്ട്. പക്ഷെ ഇവർക്ക് ശമ്പളം ഇതുവരെ കിട്ടിയില്ല എന്നാന്നു ഇവർ പറയുന്നത്. ഫയൽവർക്കുകൾ ഏജൻസികൾ നടത്താത്താണ് ശമ്പളം ലഭിക്കാത്തിന് കാരണമെന്നും ഇതു നടത്തേണ്ടത് അറബിയിലായതുകൊണ്ട് മറ്റൊരു ഏജന്റിനാണ് അതിന്റെ ചുമതല എന്നും ഫയൽവർക്കുകൾ നടത്തേണ്ട ഏജൻസിയുടെ പേര് ഹോളിസ്റ്റിക് ഇന്റർനാഷണൽ എന്നാണെന്നും എഡ്വിൻ എന്ന പേരിലുള്ള ആളാണ് ഏജൻസി നടത്തുന്നതെന്നും ഇവർ പറഞ്ഞു. ഫയൽ വർക്ക് തീർക്കുന്നതിനായി ഈ ഏജൻസിക്കും 150 ദിർഹം സർവ്വീസ് ചാർജായും നഴ്‌സുമാർ നല്കി. ഏജൻസികൾക്ക് നല്കിയ തുകയിൽ നിന്നുള്ള കുവൈറ്റിലെ സ്‌പോൺസർക്ക് നല്കാത്തത് ഫയൽ നീങ്ങാൻ തടസ്സമായെന്നും സൂചനയുണ്ട്.

കുവൈറ്റിന്റെ പല സ്ഥലതുമായിയാണ് ഇവർ ജോലി ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇവർക്ക് എല്ലാവർക്കും കുടി ഒരുമിച്ചിരുന്നു ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല എന്നതും ഇവരുടെ പ്രശ്‌നങ്ങൾ ആരും അറിയാതെ പോകുന്നു. ഇന്ത്യയിലെ ഫയർ ഫോഴ്‌സ് പോലെ 24 മണിക്കൂർ സേവന രീതിയിലാണ് കുവൈറ്റിലെ ആംബുലൻസ് സർവിസുകൾ. അതുകൊണ്ട് റോഡുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ജോലി. ജോലി കഴിഞ്ഞു റൂമിൽ എത്തിയാൽ പുറത്തേക്കു ഇറങ്ങാനുള്ള പണം പോലും ഇവരുടെ കൈയിൽ ഉണ്ടാവില്ല . 'ഞങ്ങൾക്ക് അരി വച്ച് ഊണ് കഴിക്കാൻ ആഗ്രഹം തോന്നുന്നു' എന്നാണു പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത തട്ടിപ്പിനിരയായ ഒരു നേഴ്‌സ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഒരു ജോലിക്കായി സ്വന്തം വീട്ടിലെ സർവതും പണയം വച്ചും വിറ്റും മറുനാട്ടിൽ വന്ന ഇവരുടെ വികാരം കേൾക്കുക്കവാൻ ആരുംമില്ല. പല ആശുപത്രികളിലും ജോലി ചെയുന്ന നേഴ്‌സു സുഹൃത്തുക്കൾ പണം നൽക്കി സഹായിച്ചാണ് ഇവർ ജീവിതം ഇപ്പോൾ തള്ളി നീക്കുന്നത്. എന്നാൽ ഇതു എത്ര കാലമെന്നു ഇവർക്കറിയില്ല. ശമ്പളവും നാടും അന്യമായ ഈ മലയാളികളോട് ആരെങ്കിലും ഈ വാർത്ത കണ്ടു കരുണ കാണിക്കുമെന്നുള്ള പ്രതീക്ഷയിലാണിവർ. ആഗസ്റ്റിലോ ജൂണിലോ ശമ്പളം ലഭിക്കുമന്ന് പറയുന്നു എങ്കിലും പ്രതീക്ഷകൾ കൈവിട്ടുപോയ അവസ്ഥയിൽ ആണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP