Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു മണിക്ക് എത്തിയ യാത്രക്കാർ ലഗേജ് നോക്കി കാത്തിരുന്നത് നാലുമണിക്കൂർ; വിവരം തിരക്കിയപ്പോൾ മുട്ടുന്യായം പറഞ്ഞ് എയർഇന്ത്യ: എയർഇന്ത്യയുടെ അഹമ്മതി എന്നു തീരും?

നാലു മണിക്ക് എത്തിയ യാത്രക്കാർ ലഗേജ് നോക്കി കാത്തിരുന്നത് നാലുമണിക്കൂർ; വിവരം തിരക്കിയപ്പോൾ മുട്ടുന്യായം പറഞ്ഞ് എയർഇന്ത്യ: എയർഇന്ത്യയുടെ അഹമ്മതി എന്നു തീരും?

യാത്രക്കാരെ എങ്ങനെയും കഷ്ടപെടുത്തുകയെന്ന വ്രതം നോറ്റിരിക്കുകയാണ് എയർ ഇന്ത്യ എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ദുരിതം നിറഞ്ഞ യാത്ര സമ്മാനിക്കുന്നതിനൊടൊപ്പം യാത്രക്കാരോടുള്ള ദാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും എയർ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്ന് പറയേണ്ടിവരും.

ഇന്നു രാവിലെ അബുദാബിയിൽനിന്നുമെത്തിയ എയർഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാർക്കും പറയാനുണ്ട് എയർഇന്ത്യയുടെ അഹമ്മതിയുടെ കഥ. ഇന്നലെ രാത്രി അവിടെ നിന്നും പുറപ്പെട്ട് ഇന്നു തിരുവനന്തപുരം വിമാനത്താവളത്തിൽവന്നിറങ്ങിയ യാത്രക്കാരിൽ 50തോളം പേരെയാണ് എയർഇന്ത്യ വട്ടം ചുറ്റിച്ചത്. മൂന്നുമണിക്ക് എത്തേണ്ടിയിരുന്ന വിമാനം മുക്കാൽ മണിക്കൂറോളം വൈകിയതോ പോട്ടെ, പലരുടെയും ലഗേജുകൾ എത്തിക്കാതിരുന്നാണ് എയർഇന്ത്യ യാത്രക്കാർക്ക് ഇരുട്ടടി നൽകിയത്.

നാലുമണിയോടെ ലഗേജ് കാത്തിരുന്ന 50തോളം യാത്രക്കാരുടെ ലഗേജാണ് മണിക്കൂറു കഴിഞ്ഞിട്ടും ലഭിക്കാതിരുന്നത്. തിരക്കിയപ്പോഴാകട്ടെ മുട്ടുന്യായം പറഞ്ഞ് ഒഴുവാകാനായിരുന്നു അധികൃതരുടെ ശ്രമം. മഴ മൂലം ലഗേജ് എത്താത്തതാണെന്നായിരുന്നു ആദ്യം യാത്രക്കാരെ അറിയിച്ചത്. അബുദാബിയിൽ രാത്രി വിമാനം കയറും വരെ മഴയുണ്ടായില്ലെന്ന് വാദിച്ച യാത്രക്കാരോട് ഇന്നലെത്തെ വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ബാഗേജ് ആണ് ഇന്നത്തെ വിമാനത്തിൽ എത്തിയതെന്ന വിചിത്രമായ ന്യായമാണ് അധികൃതർ പറഞ്ഞത്. ഇന്നലെ ലഗേജ് ലഭിക്കാതിരുന്ന യാത്രക്കാരുടെ ബാഗേജുകൾ ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുകയാണ്.

ലഗേജ് കിട്ടാത്ത വിഷമത്തിൽ നിൽക്കുന്ന 50തോളം യാത്രക്കാരുടെ പേരുവിവരങ്ങളും ലഗേജ് ഡീറ്റെയിൽസും എഴുതിയെടുക്കാൻ എയർഇന്ത്യ നിയോഗിച്ചതാകട്ടെ ഒരു സ്റ്റാഫിനെയും. 10 മിനിറ്റോളം എടുത്ത് യാത്രക്കാരുടെ പേരുവിവരങ്ങൾ എഴുതിയ ഇയാൾക്കെതിരെ അക്ഷമരായ യാത്രക്കാർ പ്രതിഷേധമറിയിച്ചു. ഒടുവിൽ രണ്ടുമൂന്നു സ്റ്റാഫുകളെ കൂടി നിയോഗിച്ചാണ് എയർഇന്ത്യ തടിതപ്പിയത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെയും തമിഴ്‌നാടിനോട് അടുത്ത് കിടക്കുന്ന എയർപോർട്ടായതിനാൽ കന്യാകുമാരി ഉൾപെടെയുള്ള സ്ഥലത്തുനിന്നുള്ള യാത്രക്കാരുമാണ് തിരുവനന്തപുരം എയർപ്പോർട്ടിൽ വന്നിറങ്ങുന്നത്. ഇവർക്കെല്ലാം ഇനി ലഗേജ് വേണമെങ്കിൽ നാളെ വരണം എന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. നാളെയെന്നും ഉറപ്പിച്ച് പറയുന്നില്ല എന്നതും യാത്രക്കാരെ കുഴപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ വൈകി വരുന്ന യാത്രക്കാരുടെ ലഗേജുകൾ അവരുടെ അഡ്രസിൽ എത്തിക്കണമെന്നാണ് നിയമം. എന്നാൽ ലഗേജ് എത്തിയാൽ വിളിച്ചറിയിക്കാമെന്നാണ് യാത്രക്കാരോട് അധികൃതർ അറിയിച്ചിരിക്കുന്നത്. ടാക്‌സി ഫെയർ നൽകാമത്രേ.

മക്കളെയും വീട്ടുകാരെയും കാണാൻ അവർക്കായി സാധനങ്ങളും വാങ്ങി വരുന്ന തങ്ങൾ വെറും കൈയോടെ എങ്ങനെ വീട്ടിൽ ചെന്നുകയറുമെന്ന് യാത്രക്കാർ വേദനയോടെ ചോദിക്കുന്നു. ഇനി ലഗേജുകളിൽ വാങ്ങിയ സാധനങ്ങൾ മുഴുവനും ഉണ്ടാകുമോ എന്ന സംശയവും ഇവർ പങ്കുവയ്ക്കുന്നുണ്ട്. എയർ ഇന്ത്യയുടെ ധിക്കാരം നിറഞ്ഞ പെരുമാറ്റത്തിൽ ഉള്ള സന്തോഷം കൂടി നഷ്ടപെട്ട അവസ്ഥയിലാണ് ഇവർ. എത്ര കുറ്റം ചെയ്താലും യാത്രക്കാരോടുള്ള പെരുമാറ്റം പോലും മയപ്പെടുത്താൻ എയർഇന്ത്യ ഒരുക്കമല്ലെന്നും ഈ സംഭവം അടിവരയിടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP