Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാൽ നൂറ്റാണ്ടിനിടിയൽ യുകെയിൽ നടന്ന ഏറ്റവും വലിയ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് മലയാളി ജീവനുകൾ; പാലാക്കാരനായ ബെന്നിക്ക് പിന്നാലെ കോട്ടയം സ്വദേശിയായ ഋഷി രാജീവും മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്; അഞ്ച് വയസുള്ള പെൺകുട്ടിയടക്കം മൂന്ന് പേർ തീവ്ര ഗുരുതരാവസ്ഥയിൽ; കൊല്ലപ്പെട്ട എട്ടുപേരും വിപ്രോ ജീവനക്കാരും ബന്ധുക്കളും; മരിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരോ ഇന്ത്യൻ വംശജരോ

കാൽ നൂറ്റാണ്ടിനിടിയൽ യുകെയിൽ നടന്ന ഏറ്റവും വലിയ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് മലയാളി ജീവനുകൾ; പാലാക്കാരനായ ബെന്നിക്ക് പിന്നാലെ കോട്ടയം സ്വദേശിയായ ഋഷി രാജീവും മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്; അഞ്ച് വയസുള്ള പെൺകുട്ടിയടക്കം മൂന്ന് പേർ തീവ്ര ഗുരുതരാവസ്ഥയിൽ; കൊല്ലപ്പെട്ട എട്ടുപേരും വിപ്രോ ജീവനക്കാരും ബന്ധുക്കളും; മരിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരോ ഇന്ത്യൻ വംശജരോ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ലണ്ടനിൽ ഇന്നലെ ഉണ്ടായ റോഡപകടത്തിൽ പാലാക്കാരനായ സിറിയക് ജോസഫ് എന്ന ബെന്നിക്ക് പിന്നാലെ മറ്റൊരു മലയാളിയും മരിച്ചതായി റിപ്പോർട്ട്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ഋഷി രാജീവും മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. നേരത്തെ ഋഷി അപകടത്തിൽപ്പെട്ടതായി വിവരം ഉണ്ടായിരുന്നെങ്കിലും ഋഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രി വൈകിയാണ് ഋഷിയുടെ മരണത്തിൽ സ്ഥിരീകരണം ഉണ്ടായത്. ബെന്നിയുടെ മരണ വിവരം അറിഞ്ഞ ആഘാതത്തിൽ ഇരുന്ന മലയാളികൾ ഋഷിയുടെ മരണ വാർത്തയും ഞെട്ടലോടെയാണ് കേട്ടത്. ഋഷിയും അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചപ്പോൾ മുതൽ ഇയാൾക്ക് ഒന്നും പറ്റിയിട്ടുണ്ടാകരുതേ എന്നുള്ള പ്രാർത്ഥനയിലായിരുന്നു ബ്രിട്ടനിലെ മലയാളി സമൂഹം. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഇന്നലെ അർദ്ധരാത്രിയോടെ ഋഷിയുടെ മരണ വാർത്ത പുറത്ത് വരികയായിരുന്നു.

കാൽ നൂറ്റാണ്ടിനിടയിൽ യുകെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ റോഡ് അപകടമായിരുന്നു ഇന്നലെ നോട്ടിങ്ഹാമിൽ ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ ഉൾപ്പെട്ടത് ഒരു മലയാളി ഓടിച്ചിരുന്ന വാഹനം ആയിരുന്നു എന്നതാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ നടുക്കിയത്. ഇന്നലെ ബ്രിട്ടീഷ് സമയം രാവിലെ മൂന്ന് മണിക്ക് നടന്ന ദുരിതത്തിൽ എട്ട് ജീവനുകളാണ് റോഡിൽ പൊലിഞ്ഞപ്പോൾ നോട്ടിൻഹാമിലെ സിറിയക് ജോസെഫ് എന്ന ബെന്നിയുടെ വാഹനവും ഇടിച്ച വാർത്ത അവിശ്വസനീയതയോടെയാണ് മലയാളികൾ കേട്ടത്. ബെന്നിക്ക് പിന്നാലെ ഋഷിയുടെ മരണവും യുകെ മലയാളി സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ബെന്നിക്ക് പുറമേ കോട്ടയം സ്വദേശിയായ ഋഷി രാജീവും അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇയാൾ മരിച്ചിട്ടില്ലെന്ന നിഗമനത്തിലായിരുന്നു മലയാളികൾ. കോട്ടയം ചിങ്ങവനത്തിനു അടുത്ത് ഇരുമ്പാപുഴ ചാന്നാനിക്കാട് സ്വദേശിയാണ് ഋഷി രാജീവ്്. കൂട്ടുകാരുടെ കുടുംബത്തിന് ഒപ്പം യാത്ര ചെയ്യാൻ തയ്യാറായതാണ് ഋഷിയും അപകടത്തിൽ ഉൾപ്പെടാൻ കാരണം. ഇന്നലെ പകൽ തന്നെ ബി ബി സി ഏഷ്യൻ നെറ്റ് വർക്കിൽ നിന്നും പൊലീസിൽ നിന്നും ഋഷിയുടെ ബന്ധുക്കൾക്കും അപകടം സംബന്ധിച്ച് വിവരം നല്കിയിരുന്നെകിലും ഋഷി പരിക്കേറ്റവരുടെ കൂട്ടത്തിലാണോ മരിച്ചവരുടെ പട്ടികയിലാണോ എന്ന് വെളിപ്പെടുത്തിയിരുന്നില്ല. അക്കാര്യത്തിൽ വ്യക്തത വരുത്തിയ പൊലീസ് ഋഷി മരിച്ചെന്ന വാർത്ത പുറത്ത് വിടുകയായിരുന്നു. 

വെള്ളിയാഴ്ച നാട്ടിൽ നിന്നും എത്തിയ സീറോ മലബാർ നോട്ടിങ്ഹാം ചാപ്ലയിൻ ഫാ ബിജു കുന്നുകാടിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വന്ന ശേഷമാണു ബെന്നി രാത്രി ഒരു മണിയോടെ വിപ്രോ ജീവനക്കാരുടെ ട്രിപ്പ് എടുക്കാൻ പുറപ്പെട്ടത്. സാധാരണ ട്രിപ്പുകൾ നൽകാറുള്ള നോട്ടിങ്ഹാമിലെ ഒരു മലയാളി വഴി തന്നെയാണ് ചെന്നൈ സ്വദേശികളായ വിപ്രോ ജീവനക്കാരുടെ ട്രിപ്പും ബെന്നി ഏറ്റെടുത്ത്. നേരത്തെ ബുക്ക് ചെയ്തിരുന്ന ബിർമിങ്ഹാം യാത്ര മാറ്റി വച്ചാണ് യൂറോപ്പ് യാത്രക്ക് പുറപ്പെട്ട 11 അംഗ സംഘത്തെ വെംബ്ലി സ്റ്റാർ ടൂർ ഏജൻസിയിൽ എത്തിക്കാൻ ബെന്നി പുറപ്പെട്ടത്. എന്നാൽ ബിർമിങ്ഹാമിലേക്കുള്ള ചെറു ട്രിപ്പ് സുഹൃത്ത് കൂടിയായ ബൈജു മേനാച്ചേരിക്ക് നൽകി വലിയ സംഘത്തിന് യാത്ര ചെയ്യാൻ കഴിയുന്ന തന്റെ വാനുമായി അർദ്ധ രാത്രി വെംബ്ളിക്ക് പുറപ്പെടുക ആയിരുന്നു ബെന്നി. ബെന്നി നൽകിയ ഓട്ടവുമായി ബിർമിങ്ഹാം പോയി മടങ്ങി വരുമ്പോളാണ് അപകടത്തെ പറ്റി ബൈജു അറിയുന്നത് പോലും.

പുലർച്ചെ മൂന്നു മണിക്ക് അന്ധകാരം വിട്ടൊഴിയാത്ത സമയം ജംക്ഷൻ 14 നും 15 നും ഇടയിൽ രണ്ടു കൂറ്റൻ ട്രൈലറുകളും ബെന്നിയുടെ മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം രാവിലെ പൊലീസ് വീട്ടിൽ എത്തി അറിയിക്കുക ആയിരുന്നു. അപകടത്തിൽ നാല് പേരെ പരുക്കുകളോടെ മിൽട്ടൺ കെയ്ൻസ്, കവെൻട്രി, ബിർമിങ്ഹാം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന വാർത്ത പുറത്തു വരുമ്പോഴും ബെന്നിയുടെ ജീവന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു മലയാളികളുടെ നിശബ്ദ പ്രാർത്ഥന. എന്നാൽ ഉച്ചയോടെ ബി ബി സി അടക്കമുള്ള മാധ്യമങ്ങൾ പ്രധാന വാർത്തയായി അപകടം റിപ്പോർട്ട് ചെയ്തതോടെ മലയാളികൾക്കിടയിൽ തീക്കാറ്റായി വിവരം പരക്കുക ആയിരുന്നു.

ലഭ്യമായ വിവരം വച്ച് ബ്രിട്ടീഷ് മലയാളിയും ഉച്ചക്ക് വാർത്ത നൽകിയെങ്കിലും ബെന്നിയുടെ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുന്നതു വൈകുന്നേരത്തോടെയാണ്. ഇതിനിടയിൽ ആശങ്കയും അസ്വസ്ഥതയും നിറഞ്ഞ മണിക്കൂറുകളാണ് കടന്നു പോയത്. നോട്ടിൻഹാമിൽ പകൽ വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ പേരും തന്നെ വിവരം തേടി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും അവരെ കാത്തിരുന്നത് ഏറ്റവും വേദനാജനകമായ വാർത്ത ആയിരുന്നു. അപകടം നടന്നു പത്തു മണിക്കൂറിനു ശേഷം ഉണ്ടായ സ്ഥിരീകരണമാണ് കൊടുക്കാറ്റ് പോലെ മിന്നൽ വേഗത്തിൽ യുകെയിൽ എങ്ങും നിമിഷ നേരത്തിനകം വാർത്തയായി പരന്നത്. അപകടത്തിൽ ഉൾപ്പെട്ട മിനി വാൻ ഓടിച്ചിരുന്നത് ബെന്നി ആയതിനാൽ അപകടത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നത്തിന് മുൻപ് തന്നെ ബെന്നിയുടെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള സൂചനയാണ് പൊലീസ് രാവിലെ തന്നെ അറിയിച്ചതും.

അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ കൃത്യമായി വാഹനത്തിൽ ആരൊക്കെയാണ് സഞ്ചരിച്ചിരുന്നത് എന്ന പൂർണ വിവരം ഇനിയും വ്യക്തമായിട്ടില്ല. പകൽ മരണ സംഖ്യാ എട്ടെന്നു മാധ്യമങ്ങൾ വിവരം പുറത്തു വിട്ടിരുന്നെങ്കിലും രാത്രിയോടെ മരണ സംഖ്യ ഉയരുകയാണ് എന്ന അഭ്യൂഹവും പടർന്നു. മിനി വാനിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചവരും പരിക്കേറ്റവരും. ആകെ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ വാൻ ഓടിച്ചിരുന്ന ബെന്നി ഒഴികെ എല്ലാവരും തന്നെ ഇന്ത്യൻ വംശജരും ഇന്ത്യൻ പാസ്പോര്ട് ഉടമകളുമാണ്. നാലു വിപ്രോ കമ്പനി ജീവനക്കാരും അവരുടെ ബന്ധുക്കളുമാണ് അപകടത്തിൽ ഉൾപ്പെട്ടത്. ഇതിൽ മൂന്നു പേർ ചെന്നൈയിൽ നിന്നും മറ്റേയാൾ ഋഷിയുമാണ്.

ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതിൽ അഞ്ചു വയസായ പെൺകുട്ടിയും വല്യമ്മയും മറ്റൊരു സ്ത്രീയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. നാലാമത്തെയാൾ പുരുഷൻ ആണ് എന്ന് മാത്രമാണ് പൊലീസ് നൽകുന്ന സൂചന. ഇദ്ദേഹം പ്രായമായ ആൾ ആണ് എന്ന വിവരം പുറത്തു വന്നതോടെ ഋഷിയും മരണപ്പെട്ടിരിക്കാൻ സാധ്യത ഏറെയാണെന്നാണ് കൂടെ ജോലി ചെയ്യുന്നവരും ഇവർക്കായി ബെന്നിയുടെ വാഹനം ബുക്ക് ചെയ്തു നൽകിയ വ്യക്തിയും കരുതുന്നത്.

ഋഷിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ ഇന്നലെ രാത്രി മുഴുവൻ യുകെ മലയാളി സമൂഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വിപ്രോ പ്രോജക്ട് മാനേജർ കാർത്തിക്, രമേശ് എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഇവരാരും കൃത്യമായ വിവരം നല്കാൻ തയ്യാറല്ല. മരിച്ചവരുടെ കൃത്യമായ വിവരം കുടുംബ അംഗങ്ങളെ പൊലീസ് അറിയിക്കും എന്ന നിലപാടാണ് വിപ്രോ സ്വീകരിച്ചത്. അതിനിടെ ബന്ധുക്കളെ വിവരം അറിയിക്കാൻ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് യുകെ മലയാളി സമൂഹം ആവശ്യപെട്ടിട്ടുണ്ട്. കേരള സർക്കാരിലും കേന്ദ്ര സർക്കാരിലും ഇത് സംബന്ധിച്ച വിവരങ്ങൾ എത്തിച്ചു കഴിഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനും ഉണർന്നു പ്രവർത്തിക്കാൻ തയാറാകണമെന്നു മലയാളി സംഘടനകൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP