Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പോൺസറുടെ ചതിയിൽപ്പെട്ട് സൗദി അറേബ്യയിൽ എത്തിയ യുവാവ് നയിച്ചത് ആട് ജീവിതം; ഒട്ടകത്തിന് നൽകുന്ന വെള്ളവും വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിച്ച് നെടുമങ്ങാട് സ്വദേശി ജീവിച്ചത് രണ്ട് മാസത്തോളം: ഒടുവിൽ നോർക്കയുടെ തണലിൽ അദ്വൈത് നാടണഞ്ഞു

സ്‌പോൺസറുടെ ചതിയിൽപ്പെട്ട് സൗദി അറേബ്യയിൽ എത്തിയ യുവാവ് നയിച്ചത് ആട് ജീവിതം; ഒട്ടകത്തിന് നൽകുന്ന വെള്ളവും വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിച്ച് നെടുമങ്ങാട് സ്വദേശി ജീവിച്ചത് രണ്ട് മാസത്തോളം: ഒടുവിൽ നോർക്കയുടെ തണലിൽ അദ്വൈത് നാടണഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തന്റെ ജീവിതം മരുഭൂമിയിൽ തന്നെ നരകിച്ചു തീരുമെന്നാണ് അദ്വൈത് എന്ന യുവാവ് കരുതിയത്. ഉറ്റവരേയും ഉടയവരേയും കാണാതെ, താൻ അനുഭവിക്കുന്ന പീഡനം പുറം ലോകത്തെ അറിയിക്കാനാവാതെ ജീവിതം അവസാനിച്ചു പോകുമെന്ന് കരുതിയ യുവാവിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയിരിക്കുകയാണ് നോർക്ക. സ്പോൺസറുടെ ചതിയിൽ പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയതായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറിൽ വി.അദ്വൈത്.

രണ്ട് മാസം മാത്രമാണ് മരുഭൂമിയിലെ മണലാരണ്യത്തിൽ കഴിഞ്ഞതെങ്കിലും രണ്ട് യുഗം പോലെയായിരുന്നു അദ്വൈതിന് ആ കാലയളവ്. ഭക്ഷണമോ ശുദ്ധ ജലമോ ഇല്ലാത്ത അവസ്ഥ. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വീസയിൽ 2 മാസം മുൻപാണ് ജീവിതം കരുപ്പിടിപ്പിക്കാൻ അദ്വൈത് കുവൈത്തിലെത്തിയത്. സ്പോൺസറുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ചു ദിവസത്തിനു ശേഷം അദ്വൈതിനെ സ്പോൺസർ റിയാദിലേക്കു മാറ്റി. അറബിയുടെ സഹായിയാണു സൗദിയിലേക്കു കടത്തിയത്. ഫാമിൽ ഒട്ടകത്തെയും ആടുകളെയും മെയ്‌ക്കാൻ ഏൽപിച്ച ശേഷം സ്‌പോൺസർ സ്ഥലംവിട്ടു. അപ്പോഴും താൻ ചതിക്കപ്പെടുകയായിരുന്നെന്ന് ഈ യുവാവിന് മനസ്സിലായിരുന്നില്ല.

മണലാരണ്യത്തിലെ ടെന്റിൽ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ ഒരു മാസത്തോളം അദ്വൈതിനു കഴിയേണ്ടി വന്നു. ഒട്ടകത്തിനു നൽകുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഇടയ്ക്കു മറ്റാരുടെയോ ഫോണിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു. തുടർന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്വൈതിന്റെ പിതാവ് വേണുകുമാർ നോർക്കയെ സമീപിച്ചു. എന്നാൽ, അദ്വൈത് കുടുങ്ങിയ സ്ഥലം എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അദ്വൈത് വീണ്ടും സഹായം തേടി വിളിച്ചപ്പോൾ ലൊക്കേഷൻ മാപ്പ് നോർക്കയിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അവിടത്തെ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടു.

തുടർന്നാണു ദമാമിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയിൽ അവശനിലയിൽ അദ്വൈതിനെ കണ്ടെത്തിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടി പൂർത്തിയാക്കി നോർക്ക തന്നെ വിമാന ടിക്കറ്റെടുത്തു നൽകിയാണ് ഇന്നലെ അദ്വൈതിനെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ നോർക്ക അധികൃതരും ബന്ധുക്കളും ചേർന്ന് അദ്വൈതിനെ സ്വീകരിച്ചു. മരുഭൂമിയിൽ തീരുമെന്നു കരുതിയ ജീവിതം തിരിച്ചുനൽകിയ സർക്കാരിനു കണ്ണീരോടെ നന്ദി പറഞ്ഞാണ് അദ്വൈത് തിരികെയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP