Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിൽ നിന്നും കൊണ്ടു വരണമെങ്കിൽ അഞ്ചു ശതമാനം നികുതി അടയ്ക്കണം; ടൂറിന് പോകാനും പഠനത്തിന് പോകാനും കാശു വിദേശത്തേക്ക് അയക്കുന്നവർക്ക് അഞ്ച് ശതമാനം ടിഡിഎസ് ബാധകം; പ്രവാസി നികുതി ഒഴിവാക്കിയപ്പോഴും പ്രവാസികൾക്ക് പാരകൾ ബജറ്റിൽ ബാക്കിയാകുന്നു

ഏഴു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിൽ നിന്നും കൊണ്ടു വരണമെങ്കിൽ അഞ്ചു ശതമാനം നികുതി അടയ്ക്കണം; ടൂറിന് പോകാനും പഠനത്തിന് പോകാനും കാശു വിദേശത്തേക്ക് അയക്കുന്നവർക്ക് അഞ്ച് ശതമാനം ടിഡിഎസ് ബാധകം; പ്രവാസി നികുതി ഒഴിവാക്കിയപ്പോഴും പ്രവാസികൾക്ക് പാരകൾ ബജറ്റിൽ ബാക്കിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രവാസി നികുതിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഇനിയും പരിഹാരമായിട്ടില്ല. ഇതിനിടെ ഇന്ത്യൻ ടൂറിസ്റ്റുകൾക്കും ബജറ്റിൽ പണിയുണ്ട്. വിദേശത്ത് വിനോദ സഞ്ചാരിയായി പോകുന്നുണ്ടെങ്കിൽ അതിനും അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയതാണ് സഞ്ചാരികൾക്ക് തിരിച്ചടിയാത്. വിദേശത്ത് ഉപരിപഠനത്തിനും ഇനി ചിലവേറും എന്നതാണ് പ്രത്യേകത.

വിനോദസഞ്ചാരത്തിനും ഉപരിപഠനത്തിനുമായുള്ള വിദേശയാത്രകൾക്ക് ചിലവഴിക്കുന്ന തുകയുടെ സ്രോതസ്സിൽ അഞ്ചുശതമാനം നികുതി പിടിക്കാനുള്ള ബജറ്റ് നിർദേശമാണ് കാരണം. ടൂർ ഓപ്പറേറ്റർമാർവഴി ബുക്ക്‌ചെയ്യുന്ന വിദേശ വിനോദസഞ്ചാര പാക്കേജുകൾക്ക് ടൂർ ഓപ്പറേറ്റർമാരിൽനിന്ന് അഞ്ചുശതമാനം നികുതി സ്രോതസ്സിൽ പിടിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അംഗീകൃത വിദേശവിനിമയ സ്ഥാപനങ്ങളാണ് (പ്രധാനമായും ബാങ്കുകൾ) ഈ തുക ശേഖരിക്കുക. 'പാൻ' വിവരങ്ങൾ നൽകിയില്ലെങ്കിൽ പത്തുശതമാനം തുക സ്രോതസ്സിൽ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്.

വർഷാവസാനം നികുതി കുറവാണ് നൽകേണ്ടതെങ്കിൽ റിട്ടേൺ ഫയൽ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഹോട്ടലുകളും വിമാന ടിക്കറ്റും മറ്റു ചെലവുകളും പ്രത്യേകമായാണ് ബുക്ക് ചെയ്യുന്നതെങ്കിൽ ഈ തുക മുൻകൂട്ടി നൽകേണ്ടതില്ല. വിദേശത്തേക്ക് ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിൽ(എൽ.ആർ.എസ്.) ഏഴുലക്ഷം രൂപയിൽ കൂടുതൽ അയയ്ക്കുമ്പോഴും അഞ്ചുശതമാനം നികുതി സ്രോതസ്സിൽ പിടിക്കും. ഓഹരികളിൽ അല്ലെങ്കിൽ വസ്തുക്കളിൽ നിക്ഷേപിക്കുന്നതിനോ വിദ്യാഭ്യാസ ആവശ്യത്തിനോ ചികിത്സയ്ക്കോ മറ്റോ ഒക്കെയാണ് ഇത്തരത്തിൽ തുക അയയ്ക്കാറ്.

റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം എൽ.ആർ.എസ്. വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് 2015 സാമ്പത്തികവർഷം 109 കോടി ഡോളർ (ഏകദേശം 7,000 കോടി രൂപ) അയച്ചിരുന്നു. 2019 സാമ്പത്തികവർഷം ഇത് 1134 കോടി ഡോളർ (ഏകദേശം 80,900 കോടി രൂപ) ആയി വർധിച്ചു. വിദേശയാത്രകൾക്കായി 480 കോടി ഡോളറും (34,270 കോടി രൂപ) വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 350 കോടി ഡോളറും (24,900 കോടി രൂപ) ഉൾപ്പെടെയാണിത്.

അതേസമയം വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചാണെങ്കിലും ഇടയ്ക്കിടെ വിദേശയാത്ര നടത്തുന്ന പ്രവാസികൾക്ക് ഇത് പാരയാകുമോ എന്ന ആശങ്കയും ശക്തമാണ്. കേന്ദ്രബജറ്റിൽ പ്രവസികൾക്ക് നികുതി ഏർപ്പെടുത്തുന്നതായി കണക്കാക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസി തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കവും ഭയപ്പെടുത്തുന്നത്.

ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂ എന്നാണ് കേന്ദ്രസർക്കാർ പ്രവാസി നികുതിയുടെ കാര്യത്തൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ വ്യക്തമാക്കിയത്. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്നും ധനകാര്യമന്ത്രാലയും വിശദീകരിച്ചു. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദ്ദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാർഥ തൊഴിലാളികളെ നികുതിപരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിർദ്ദേശം.

ഗൾഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികൾ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാർഥ തൊഴിലാളികൾ അവിടെ സമ്പാദിക്കുന്നതിന് ഇന്ത്യയിൽ നികുതി നൽകേണ്ടിവരുമെന്നതരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു. 'നിർദിഷ്ട നിർവചനമനുസരിച്ച്, ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ പൗരൻ, ഇന്ത്യൻ ബിസിനസിലൂടെയോ ജോലിയിലൂടെയോ അല്ലാതെ ഇന്ത്യക്കു പുറത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി ചുമത്തില്ല' എന്നാണ് വിശദീകരണം. ഇക്കാര്യം നിർദിഷ്ട ഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

നിലവിൽ എൻ.ആർ.ഐ. ആയി കണക്കാക്കുന്നതിന് 182 ദിവസം വിദേശത്തു താമസിച്ചാൽ മതി. 182 ദിവസത്തെ താമസം നാട്ടിലാണെങ്കിൽ സ്ഥിരവാസിയായി കണക്കാക്കും. എന്നാൽ, ബജറ്റുനിർദ്ദേശമനുസരിച്ച് 240 ദിവസം വിദേശത്തു താമസിച്ചാലേ എൻ.ആർ.ഐ. ആനുകൂല്യം ലഭിക്കൂ. പലമേഖലകളിലും ജോലിചെയ്യുന്ന പ്രവാസികളെ ഈ നിർദ്ദേശം ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP