Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ശേഷം പ്രവാസികൾ അയക്കുന്ന പണത്തിൽ രേഖപ്പെടുത്തിയത് വൻവർധന; രൂപയുടെ മൂല്യ ശോഷണത്തോടെ പ്രവാസിപ്പണത്തിലെ വർദ്ധനവ് 20 ശതമാനം വരെ; ഫെഡറൽ ബാങ്കിലേക്ക് മാത്രം ഒരാഴ്‌ച്ച എത്തിയപ്പോൾ 800 കോടി രൂപ! രൂപയുടെ ഇടിവും ഇന്ധനവില വർധനയും പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങായി മാറുമ്പോൾ

പ്രളയ ശേഷം പ്രവാസികൾ അയക്കുന്ന പണത്തിൽ രേഖപ്പെടുത്തിയത് വൻവർധന; രൂപയുടെ മൂല്യ ശോഷണത്തോടെ പ്രവാസിപ്പണത്തിലെ വർദ്ധനവ് 20 ശതമാനം വരെ; ഫെഡറൽ ബാങ്കിലേക്ക് മാത്രം ഒരാഴ്‌ച്ച എത്തിയപ്പോൾ 800 കോടി രൂപ! രൂപയുടെ ഇടിവും ഇന്ധനവില വർധനയും പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങായി മാറുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്രളയം നാടിനെ മുക്കിക്കൊന്നപ്പോൾ തിരികെ ജീവവായു നൽകാൻ കെൽപ്പുള്ളതു പ്രവാസി മലയാളി സമൂഹത്തിനു മാത്രമാണെന്ന നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുകയാണ് രൂപയുടെ മൂല്യ ശോഷണം. നാടിനു ദാനമായി നൽകിയത് കൂടാതെ രൂപയുടെ മൂല്യ ശോഷണം നേട്ടമാക്കി മാറ്റാൻ ലോക മലയാളി പ്രവാസി സമൂഹം ശ്രമിക്കുമ്പോൾ പ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് അതൊരു വലിയ ആശ്വാസമായി മാറുകയാണ്. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുൻപായി തന്നെ പ്രവാസികൾ അയക്കുന്ന പണവിഹിതത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

നാട്ടിൽ ഉണ്ടായ ദുരിതത്തിൽ കൈത്താങ്ങാകാൻ നൽകിയ തുകയും ദുരിത ബാധിതരായ പ്രവാസി കുടുംബങ്ങൾക്ക് അടിയന്തിരമായി പിടിച്ചു നിൽക്കാൻ ബന്ധുക്കൾ അയച്ച പണവും ഒക്കെ ചേർന്നാണ് ഈ വർധന ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപ മൂല്യ ശോഷണം നേരിട്ടതോടെ പ്രവാസികൾ അയക്കുന്ന പണത്തിൽ 20 ശതമാനം വരെ വർധന ഉണ്ടായിരിക്കുകയാണ്.

അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ, നിശ്ചലമായി നിൽക്കുന്ന കേരള സമ്പദ് ഘടനയെ ചെറുതായി എങ്കിലും ചലിക്കാൻ അവസരം ഒരുക്കുകയാണ് ഇപ്പോൾ പ്രവാസികളുടെ അധ്വാനം. ഡോളർ എഴുപതും പൗണ്ട് തൊണ്ണൂറിനു മുകളിലും കുതിക്കുമ്പോൾ ഗൾഫ് നാണയങ്ങളും രൂപക്കെതിരെ ശക്തമായ നിലയിലാണ്. കാത്തിരുന്നു കിട്ടുന്ന അവസരം എന്ന നിലയിൽ പ്രവാസികൾ പണം അയച്ചു തുടങ്ങിയതോടെ ബാങ്കുകളിൽ വലിയ തോതിൽ വിദേശ പണം എത്തിത്തുടങ്ങിയിട്ടുണ്ട്. മുൻ ആഴ്ചകളിൽ ഫെഡറൽ ബാങ്ക് ശാഖകളിൽ ആഴ്ചയിൽ 800 കോടി രൂപ എത്തിയിരുന്നത് ഇപ്പോൾ ആയിരം കോടിക്ക് മുകളിലായി ഉയർന്നിരിക്കുകയാണ്. ഇതേ നിലയിൽ മറ്റു ബാങ്കുകളിലും പണം എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ പലിശ നിരക്ക് താണു നിൽക്കുന്നതിനാൽ വായ്പ എടുത്തു പോലും പണം അയക്കുന്നവരും കുറവല്ല.

ഭൂമി ഇടപാടുകൾ ഏറെക്കുറെ നിലച്ചിരിക്കുകയാണെങ്കിലും വീട് നിർമ്മാണം, വിവാഹം, വാഹനം വാങ്ങൽ തുടങ്ങിയ പ്രവാസി സ്വപ്നങ്ങൾ പൂവണിയിക്കുകയാണ് രൂപയുടെ ഓരോ മൂല്യ ശോഷണ കാലവും. ഇക്കുറി ഇന്ധന വിലയും പിടി വിട്ടു പാഞ്ഞതോടെ രൂപ തല്ക്കാലം തിരികെ കയറില്ല എന്നുറപ്പാണ്. ഇപ്പോഴത്തെ പണവരവ് വെള്ളപ്പൊക്കത്തിൽ തകർന്നു തരിപ്പണമായ വ്യാപാര, വാണിജ്യ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനു കാര്യമായ സഹായമായി മാറും. സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റും ദുരിതശവസത്തിനു പോകുന്നതോടെ വിപണിയിൽ ഉണ്ടാകുന്ന പണദൗർബല്യം നേരിടാൻ പ്രവാസികൾ അയക്കുന്ന കൂടുതൽ തുകയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ. പണവിപണി ചലനമറ്റു പോകും എന്ന ധാരണ ശക്തമായപ്പോൾ എത്തിയ രൂപയുടെ മൂല്യ ശോഷണം ഈ നിലക്ക് സംസ്ഥാനത്തിന് കരുത്തായി മാറുകയാണ്.

വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിൽ നിന്നും കൂടുതൽ പണം എത്താൻ ഉള്ള സാധ്യത നിലനിൽക്കുകയാണ് എന്നും ഫെഡറൽ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ശ്യാം ശ്രീനിവാസൻ വാർത്ത ഏജൻസിയോട് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയിലേക്കാൾ 25 ശതമാനം വരെ വർധന ഉണ്ടായതു തികച്ചും ശുഭ വാർത്തയായി സ്വാഗതം ചെയ്യുകയാണ് ബാങ്കിങ് മേഖല. അതേ സമയം പ്രളയം വിതച്ച വിനാശം മറികടക്കാൻ പ്രവാസി സമൂഹം നൽകുന്ന താങ്ങു കൊണ്ട് മാത്രം സാധിക്കില്ല എന്നും വ്യക്തമാണ്. പക്ഷെ രൂപയുടെ മൂല്യ ശോഷണം വഴി സാധന വില ഉയരാൻ ഉള്ള സാധ്യത നിലനിൽക്കുന്നതിനാൽ അത്യാവശ്യമായി സംസ്ഥാനത്തു പണ ലഭ്യത ഉണ്ടാകേണ്ടിയിരുന്നു. ഈ വിടവിലേക്കാണ് പ്രവാസികൾ ഇപ്പോൾ അയക്കുന്ന പണം മുതൽക്കൂട്ടായി മാറുക.

ഇത്തരം സാഹചര്യത്തിൽ എത്തുന്ന അധിക പണത്തിൽ നല്ല പങ്കും സ്ഥിര നിക്ഷേപമായി മാറാതെ പല വിധ ആവശ്യങ്ങൾക്കായി വിപണിയിൽ കറങ്ങി തിരിയും എന്നതാണ് മുൻകാല അനുഭവം. ഇത്തവണയും മാറ്റമില്ലാതെ ഈ ട്രെന്റ് ആവർത്തിക്കും എന്നാണ് ബാങ്കിങ് വൃത്തങ്ങൾ പങ്കിടുന്ന പ്രതീക്ഷയും. ദുരന്ത സമയത്തു മുക്കുവർ എത്തിയതിനു സമാനമായാണ് സാമ്പത്തിക മേഖലയുടെ ചലനത്തിന് പ്രവാസികൾ കാരണമായി മാറുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ദുരന്തത്തിൽ കൈതാങ് ആയി നിന്ന ലോക പ്രവാസി സമൂഹം മറ്റൊരു വിധത്തിൽ കൂടി സംസ്ഥാനത്തിന് സുരക്ഷാ ഒരുക്കുന്ന നിലയാണ് രൂപയുടെ മൂല്യ ശോഷണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ബാങ്കിൽ ആവശ്യത്തിന് പണം എത്തിത്തുടങ്ങിയത് പ്രളയ ശേഷം നിരവധി ആവശ്യങ്ങൾക്കായി വായ്പ തേടി ബാങ്കുകളിൽ എത്തുന്ന സാധാരണക്കാരോട് ഉദാര മനസ്ഥിതിയോടെ സമീപിക്കാൻ ബാങ്കുകൾക്കും ധൈര്യം നൽകും. ചെറുകിട വായ്പകളിൽ കിട്ടാക്കടം അധികമായി സംഭവിക്കില്ല എന്ന ചിന്തയിൽ വായ്പ തേടി എത്തുന്നവർക്ക് നൽകാൻ ഉള്ള പണവും രൂപയുടെ മൂല്യ ശോഷണത്തിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ പ്രവാസി സമൂഹത്തിനു കരുത്തുണ്ട് എന്നാണ് പൊതു വിലയിരുത്തൽ. പ്രളയ ശേഷം ബാങ്കിങ് പ്രവർത്തനം ഏറെക്കുറെ നിശ്ചലമായ സാഹചര്യത്തിൽ മൂന്നോ നാലോ മാസം വേണ്ടിവരുമായിരുന്ന കാലതാമസമാണ് രൂപ മെലിഞ്ഞതോടെ ഇല്ലാതായിരിക്കുന്നത്.

പണം കയ്യിൽ ആവശ്യത്തിന് ഉണ്ടെന്ന തോന്നലിൽ ദുരന്ത ശേഷവും പണം വിനിയോഗിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ കൂടി രൂപയുടെ മൂല്യ ശോഷണം വഴി ഒരുക്കും എന്നതാണ് കൂടുതൽ യാഥാർഥ്യം. ദുരന്തത്തിന് പിന്നാലെ പണ ദൗർബല്യം കൂടി ഉണ്ടായാൽ ജനത്തിന്റെ മനോബലം കൂടിയാണ് നഷ്ടമാകുക. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് അത് താങ്ങാൻ കഴിയില്ല എന്ന അനുമാനം ശക്തമായപ്പോളാണ് അനുഗ്രഹം പോലെ രൂപയുടെ തകർച്ച സംസ്ഥാനത്തിന് താങ്ങായി മാറുന്നത്.

പ്രളയ ശേഷം കൂട്ടമായി എത്തുന്ന ചെറുകിട വായ്‌പ്പകളോട് കൂടുതൽ ഉദാരതയോടെ സമീപിക്കാൻ ബാങ്കുകൾക്കും അവസരം സൃഷ്ടിക്കുകയാണ് രൂപയുടെ ഇടിവ്. മുടങ്ങിക്കിടക്കുന്ന വായപ്കളിൽ ശ്രദ്ധിക്കാതെ ജനത്തിന് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ഉള്ള അവസരം സൃഷ്ടിക്കാൻ കൂടെ നിൽക്കണം എന്നാണ് ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്ന പൊതു നിർദേശവും. ഇതോടെ അത്യാവശ്യ വായ്പ തേടി എത്തുന്ന സാധാരണക്കാരെ നിരാശരാക്കി മടക്കാതിരിക്കാൻ ബാങ്കിങ് മേഖല ശ്രമിക്കും. സർക്കാർ ജീവനക്കാരുടെയും മറ്റും ഭവന വായ്പകൾക്കു കൂടുതൽ കാലയളവ് നൽകുന്നതും അടക്കമുള്ള കാര്യങ്ങൾ ആണിപ്പോൾ ബാങ്കുകൾ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ബാങ്കുകളുടെയും ബിസിനസ്സിൽ വർധന ഉണ്ടാകും എന്നതാണ് വസ്തുത. പ്രളയ ശേഷം ബാങ്കിങ് മേഖല പഴയ നിലയിലേക്ക് മടങ്ങാൻ ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷം എടുക്കും എന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP