Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശ ഇന്ത്യക്കാരുടെ പണമൊഴുക്കു നിലയ്ക്കുന്നു; ഗൾഫിൽ എണ്ണവില പ്രതിസന്ധിയായപ്പോൾ യൂറോപ്പിൽ ബ്രെക്സിറ്റ് വില്ലനായി; വിദേശ മലയാളി മുഖം തിരിക്കുന്നതോടെ കേരളത്തിൽ വ്യാപാര രംഗത്തു മാന്ദ്യസാധ്യത

വിദേശ ഇന്ത്യക്കാരുടെ പണമൊഴുക്കു നിലയ്ക്കുന്നു; ഗൾഫിൽ എണ്ണവില പ്രതിസന്ധിയായപ്പോൾ യൂറോപ്പിൽ ബ്രെക്സിറ്റ് വില്ലനായി; വിദേശ മലയാളി മുഖം തിരിക്കുന്നതോടെ കേരളത്തിൽ വ്യാപാര രംഗത്തു മാന്ദ്യസാധ്യത

കെ ആർ ഷൈജുമോൻ

ലണ്ടൻ: കഴിഞ്ഞ ആറു വർഷത്തിനിടയിൽ ആദ്യമായി കേരളത്തിലേക്ക് വിദേശ മലയാളികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്. അന്താരാഷ്ട്ര തലത്തിൽ ഏതാനും വർഷമായി വിലയിടിഞ്ഞു നിൽക്കുന്ന ക്രൂഡ് ഓയിൽ വിപണിയുടെ ചുവടു പിടിച്ചു ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നില തകരാറിൽ ആയതും അനവധി പേരുടെ ജോലി നഷ്ടം സംഭവിച്ചതും ഒക്കെ കേരളത്തിലേക്കുള്ള പണവരവിൽ കാര്യമായ ഉലച്ചിലിനു ഇടയാക്കിയപ്പോൾ രണ്ടു മാസം മുൻപുണ്ടായ ബ്രെക്‌സിറ്റ് മൂലം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ബ്രിട്ടനിൽ നിന്നും ഉള്ള പണ വരവും കുറയാൻ കാരണമായതും വിദേശ നാണ്യ വരവിനു തിരിച്ചടി ആയി മാറിയിരിക്കുന്നു.

ബ്രിട്ടീഷ് നാണയം പൗണ്ടിന് 20 ശതമാനത്തോളം മൂല്യം ഇടിഞ്ഞതോടെ യുകെ മലയാളികൾ ഏറെക്കുറെ പൂർണ്ണമായും പണമയക്കൽ നിർത്തി വച്ച സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കൂട്ടത്തിൽ അനുകൂല അന്തരീക്ഷം ഉപയോഗപ്പെടുത്താൻ പലരും കേരളത്തിൽ നിന്നും പണം യുകെ യിലേക്ക് വീട് വാങ്ങാനും മറ്റുമായി തിരിച്ചെത്തിക്കുന്ന ട്രെന്റും ആരംഭിച്ചിട്ടുണ്ട്. വിനിമയം നടത്തുമ്പോൾ കൂടുതൽ പൗണ്ട് ലഭിക്കും എന്നതാണ് ഇതിലേക്ക് ആകർഷിക്കുന്നത്. ഓണക്കാലം ആയിട്ടും വിദേശ പണവരവിൽ ഉണ്ടായ കുറവ് വ്യാപാര രംഗത്ത് മാന്ദ്യം സൃഷ്ടിക്കാൻ ഉള്ള സാധ്യത കൂടിയാണ് തെളിയിക്കുന്നത്.

ഇതിനു അടിവരയിടുന്ന തരത്തിൽ കഴിഞ്ഞ ദിവസം ധനമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. വിദേശ മലയാളികൾ പണമയക്കാൻ മടിക്കുന്നതോടെ കേരളത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ ഇടയുണ്ടെന്നു സാമ്പത്തിക വിദഗ്ധൻ കൂടിയായ ധനമന്ത്രി തോമസ് ഐസക് സൂചിപ്പിച്ചതു കേരളത്തിലെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പ്രധാന സൂചകമായി വിലയിരുത്തപ്പെടുകയാണ്. കേരളത്തിലെ ധനാഗമ മാർഗത്തിൽ 35 ശതമാനത്തോളം വരുന്ന തുക സംഭാവന ചെയ്യുന്ന വിദേശ മലയാളികൾക്കുണ്ടാകുന്ന ക്ഷീണം അതേവിധം തന്നെ സംസ്ഥാനത്തും പ്രതിഫലിക്കാൻ സാധ്യത തെളിയുകയാണ്.

ഇതിന്റെ ആദ്യ സൂചനയാണ് ആറു വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിൽ എത്തുന്ന വിദേശ നാണ്യത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ്. ഈ വർഷം ഇതുവരെയുള്ള കണക്കിൽ 2. 1% തുല്യമായ തുകയാണ് ആകെ വരവിലുള്ള കുറവ്. ലോകത്തു തന്നെ ഏറ്റവും അധികം വിദേശ നാണ്യം സമ്പാദ്യമായി എത്തുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായിരിക്കുന്ന കുറവ് ആശങ്കപ്പെടുത്തുന്നത് അല്ലെങ്കിലും, ഇതിലൂടെ സംഭവിക്കുന്ന കുറവ് കൂടുതൽ വർധിക്കാൻ ഇടയുള്ളതിനാൽ വരും വർഷങ്ങളിൽ, പ്രത്യേകിച്ച് കേരളത്തെ കൂടുതലായി പ്രയാസപ്പെടുത്തും എന്നത് നിസ്തർക്കമാണ്.

ഗൾഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു എന്ന സാധ്യത വിലയിരുത്തിയാണ് പ്രതികൂല സാഹചര്യത്തെ കുറിച്ച് തോമസ് ഐസക് മുന്നറിയിപ്പ് നൽകിയത്. ഈ വർഷം അവസാന പാദത്തിൽ കണക്കുകൾ കുറച്ചു കൂടി പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം കോടിയിലേറെ രൂപ കടബാധ്യതയുള്ള കേരളത്തിന് ഏകദേശം അത്ര തന്നെ തുല്യമായ തുകയാണ് വിദേശ മലയാളികൾ സംഭാവന ചെയ്യുന്നത്. സർക്കാരിന്റെ ബാലൻസ് ഷീറ്റ് തകിടം മറിയാതെ പിടിച്ചു നിർത്തുന്നതിൽ ഇതോടെ വിദേശ മലയാളികളുടെ പങ്കു വ്യക്തമാകുകയാണ്.

കൂനിന്മേൽ കുരു എന്ന പോലെ ഗൾഫ് മലയാളികൾക്ക് പ്രയാസം ഉണ്ടായ സമയം തന്നെ യൂറോപ്പിലും തുടർന്ന് ബ്രിട്ടനിലും ഉണ്ടായ സാമ്പത്തിക പ്രയാസങ്ങൾ ഒരു പരിധി വരെ കേരളത്തെ ഇപ്പോൾ നേരിട്ട് ബാധിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ബ്രെക്‌സിറ്റ് സംഭവിച്ച ശേഷം മലയാളികൾ കേരളത്തിലേക്ക് പണം അയക്കുന്നത് ഏറെക്കുറെ പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.

ലോക ബാങ്ക് കണക്കനുസരിച്ചു ലോകത്തു ഏറ്റവും കൂടുതൽ വിദേശ പണവരവ് ഉള്ള രാജ്യമായി ഇന്ത്യ മാറിയ സ്ഥാനത്തു, ഈ വർഷം ഉണ്ടായ കുറവ്, ഈ നേട്ടത്തിൽ തിരിച്ചടി ആയി മാറും എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഈ കണക്കിൽ കഴിഞ്ഞ വർഷം ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തേക്ക് അയച്ചത് 4. 59 ലക്ഷം കോടി രൂപയാണ്. എന്നാൽ ഈ സംഘ്യ 2014 ളിൽ 4. 66 ലക്ഷം കോടി ആയിരുന്നു. 2009 നു ശേഷം സംഭവിക്കുന്ന ആദ്യ ഇടിച്ചിലാണിത്. ഇതിൽ പ്രത്യക്ഷമായി തോന്നുന്ന കാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് എണ്ണവില പ്രതിസന്ധി. ഇതോടൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചതും അവരിൽ പലരും നാട്ടിൽ തിരിച്ചെത്തിയതും പണവരവിനെ പ്രതികൂലമായി ബാധിച്ച ഘടകമാണ്.

ഇന്ത്യയിൽ എത്തുന്ന വിദേശ പണത്തിൽ പാതിയോളവും ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ തിരിച്ചടിയുടെ ആക്കം ഈ വർഷവും കൂടുതലായിരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മിക്ക ഗൾഫ് രാജ്യങ്ങളിലും സ്വദേശി വൽക്കരണം ശക്തമായി നടപ്പാക്കാൻ തുടങ്ങിയതും കൂടുതൽ ജോലി നഷ്ടത്തിനും അതുവഴി ഇന്ത്യയിലേക്കുള്ള വിദേശ പണവരവിനെയും നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കും എന്ന ഭീക്ഷണി വേറെയും. എണ്ണവില പ്രതിസന്ധി ഉടനെ തീരില്ല എന്ന് വ്യക്തമായ നിലയ്ക്ക് മിക്ക ഗൾഫ് രാഷ്ടങ്ങളും കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ വഴി തേടുകയാണ്. ഇതിൽ ആദ്യമായി നടപ്പാക്കുക ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ ആയിരിക്കും. ഈ വർഷം ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ 14% സ്വകാര്യ കമ്പനികൾ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ കൂടുതൽ മലയാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന സാഹചര്യം സംജാതമാകുകയാണ്.

എണ്ണവിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തന്നെ 47% കുറവ് ഉണ്ടായതു പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളായ സൗദിയേയും യുഎഇയെയും ഏറെ പ്രയാസത്തിലാക്കി കഴിഞ്ഞു. ലോക കപ്പു നടക്കാൻ ഇരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഖത്തർ പിടിച്ചു നിൽകുമ്പോൾ നാല് വർഷം അകലെയുള്ള വേൾഡ് എക്‌സ്‌പോ സമ്മാനിക്കുന്ന പ്രതീക്ഷയാണ് ദുബൈയുടെ കരുത്തു. ഇതോടെ ഗൾഫിനു പഴയ പ്രതാപം നഷ്ടമാകുന്നു എന്ന ചിന്ത പടർന്നത്, ജോലി തേടിയുള്ള ഇന്ത്യക്കാരുടെ അന്വേഷണത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഗൾഫിലേക്കു ജോലി തേടി പോകുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിക്കുന്നുണ്ട്. ഇന്ത്യക്കാരിൽ മടങ്ങി എത്തുന്നവരിലും മുഖ്യ സ്ഥാനം മലയാളികൾക്കാണ്. ഈ കണക്കിൽ 2011 ലിൽ പതിനൊന്നര ലക്ഷം ആയിരുന്നത് 2014 ലിൽ പന്ത്രണ്ടര ലക്ഷമായി വർദ്ധിച്ചു. 1998 ളിൽ ഏഴര ലക്ഷവും 2003 ളിൽ 9 ലക്ഷവും ആയിരുന്നു എന്നിടത്തു മടങ്ങി വരവിന്റെ ആക്കം വ്യക്തമാകും.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദേശ വരുമാനം എത്തുന്ന സംസ്ഥാനം എന്ന പദവിയും കേരളത്തിന് അന്യമാകുകയാണ്. 2012 വരെ ഈ കണക്കിൽ കേരളം ഒന്നാം സ്ഥാനത്തു ആയിരുന്നു. പിന്നാലെ തമിഴ്‌നാട്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും. എന്നാൽ 2014 മുതൽ ചിത്രം വ്യത്യസ്തമാകുകയാണ്. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന റിയൽ എസ്റ്റേറ്റ് മാന്ദ്യത്തിനും മറ്റും പ്രധാന കാരണവും ഈ പണവരവിൽ ഉണ്ടായ കുറവ് തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിന്റെ ആഭ്യന്തര വളർച്ച ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പിന്നോക്കമാണ് എന്ന കണ്ടെത്തലിലും വിദേശ പണവരാവിലെ കുറവ് തന്നെയാണ് മുഖ്യമായി മാറുന്നത്. സംസ്ഥാന തല ബാങ്കിങ് സമിതി നൽകുന്ന സൂചനയും ഏറെ വ്യത്യസ്ഥമല്ല. നിക്ഷേപ വളർച്ച പാതിയായി ഇടിയുക ആണെന്ന് ഇവർ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP