Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്മസ് അവധിക്കാലം മുന്നിലെത്തിയപ്പോൾ നാട്ടിൽ പോകാൻ കാത്തിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വീണ്ടും ഓസിഐ കാർഡ് ഭീഷണി; ഇത്തവണ പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണർ രുചി ഘനശ്യാമും; ഹീത്രൂവിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട മലയാളി കുടുംബത്തെ എത്തിഹാദ് വിലക്കി; ഓസ്ട്രേലിയയിൽ കുടുങ്ങിയത് അനേകം പേർ; വിദേശ മലയാളികൾക്കിടയിൽ രോഷം പടരുന്നു

ക്രിസ്മസ് അവധിക്കാലം മുന്നിലെത്തിയപ്പോൾ നാട്ടിൽ പോകാൻ കാത്തിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വീണ്ടും ഓസിഐ കാർഡ് ഭീഷണി; ഇത്തവണ പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണർ രുചി ഘനശ്യാമും; ഹീത്രൂവിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട മലയാളി കുടുംബത്തെ എത്തിഹാദ് വിലക്കി; ഓസ്ട്രേലിയയിൽ കുടുങ്ങിയത് അനേകം പേർ; വിദേശ മലയാളികൾക്കിടയിൽ രോഷം പടരുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഓസിഐ കാർഡുകളുടെ പേരിൽ ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശക്തമായി പടർന്ന പ്രചാരണം ഒരിക്കൽ കൂടി എത്തിയിരിക്കുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറേക്കൂടി ഗൗരവമാണ്. മുന്നറിയിപ്പുമായി എംബസി തന്നെ പത്രക്കുറിപ്പുമായി രംഗത്ത് വന്നിരിക്കുന്നു, നിയമമാറ്റത്തിന്റെ ബലിയാടുകളും മുന്നിലുണ്ട്. പ്രവാസി മലയാളികൾക്ക് ഇരുട്ടടിയായി മാറിയിരിക്കയാണ് ഓസിഐ കാർഡ് വിഷയം. ഓസ്ട്രേലിയയിൽ നിരവധി പേരുടെ യാത്ര മുടങ്ങിയതായി വാർത്തകൾ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുൻപ് ഹീത്രൂവിൽ നിന്നും നാട്ടിലേക്കു യാത്ര ചെയ്യാൻ കുഞ്ഞുങ്ങളുമായി എത്തിയ കുടുംബത്തിന് ഓസിഐ കാർഡിന്റെ പേരിൽ യാത്ര മുടങ്ങിയതായി വിവരം ലഭിച്ചു.

ആ വിമാനത്തിൽ ഈ ഒരൊറ്റ കുടുംബം മാത്രമാണ് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാൻ ഉണ്ടായിരുന്നത്. ഇതേതുടർന്ന് നിയമ മാറ്റത്തിന്റെ ബലിയാടായ വ്യക്തി മറ്റാർക്കെങ്കിലും സമാനമായ അനുഭവമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഈ ദിവസങ്ങളിൽ ആരെങ്കിലും പഴയ ഓസിഐ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ വിമാനക്കമ്പനികൾ സ്വീകരിക്കുന്ന ഇരട്ട നയത്തിന് എതിരെ പരാതി കൊടുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. നിലവിൽ എത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ഇത്തരം ഒരു അഗ്‌നി പരീക്ഷ നേരിടേണ്ടി വന്നിരിക്കുന്നത്.

2017 നവംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട സർക്കുലറിന്റെ തുടർന്നാണ് ഈ വർഷം ആദ്യവും ഇപ്പോഴും ഓസി ഐ സംബന്ധിച്ച ആശയക്കുഴപ്പം വീണ്ടും ചർച്ച ആകുന്നത്. ഓസിഐ കാർഡുകളിൽ കുട്ടികളുടെയും അമ്പതു വയസിനു മുകളിൽ പ്രായം ചെന്നവരുടെയും പാസ്‌പോർട്ട് പുതുക്കുമ്പോൾ ഓസിഐ കാർഡിലെ പഴയ ഫോട്ടോയുമായി സാമ്യം ഇല്ലാതെ പോകുന്നതാണ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട നോട്ടിഫിക്കേഷൻ വഴി അനേകായിരങ്ങളുടെ യാത്ര അങ്കലാപ്പിൽ ആക്കുന്നത്. ഇതോടെ പുതിയ ഓസിഐ കാർഡുകൾ വീണ്ടും അപേക്ഷിക്കണം എന്ന സ്ഥിതിയായി.

അതേസമയം അവധിക്കാലം മുന്നിൽ നിൽക്കെ എത്തിയ പരിഷ്‌കാര നടപടികൾ ഏവരെയും ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാൽ മുന്നേ നടപ്പിലാക്കിയ ചട്ടം ഇപ്പോൾ പ്രവർത്തികമാകുന്നു എന്നേയുള്ളൂ എന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. ഇതിനു കൂടുതൽ സാധുത നൽകാൻ ഇന്ത്യൻ എംബസികളോട് പത്രക്കുറിപ്പ് ഇറക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യ വകുപ്പ്.

എന്നാൽ അടിക്കടിയുള്ള ഇത്തരം മാറ്റങ്ങൾ മലയാളി സമൂഹത്തിനും പ്രവാസികൾക്ക് മൊത്തമായും വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നു വിദേശകാര്യ മന്ത്രി വി മുരളീധരനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രയാസത്തിലായ വിദേശ മലയാളി സമൂഹം. ഒന്നുകിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചു വേഗത്തിൽ കാർഡ് ലഭിക്കുന്ന സമ്പ്രദായം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കണം എന്നതാണ് വിദേശ മലയാളികളുടെ ആവശ്യം.

അടുത്തിടെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും എത്തിഹാദ് വിമാനം വഴി നാട്ടിലേക്കു തിരിക്കാൻ തയ്യാറെടുത്ത കോട്ടയം സ്വദേശിയായ മലയാളി കുടുംബത്തിന്റെ യാത്രയാണ് റദ്ദാക്കേണ്ടി വന്നത്. ടിക്കറ്റ് ക്യാൻസൽ ആയതുവഴിയുള്ള മുഴുവൻ നഷ്ടവും ഈ കുടുംബം താങ്ങേണ്ടിവന്നു. കുട്ടികളുടെ ഫോട്ടോ ഉള്ള പഴയ ഒസിഐ കാർഡ് പുതിയ പാസ്‌പോർട്ട് ഫോട്ടോയുമായി മാച്ചാകുന്നില്ല എന്നതായിരുന്നു എയർലൈൻസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ പോലും ഇങ്ങനെ പലരും യാത്ര ചെയ്തിട്ടുണ്ടല്ലോ എന്ന് വിശദീകരിച്ചിട്ടും ഉദ്യോഗസ്ഥർ നിലപാട് മാറ്റിയില്ല എന്ന് യാത്രക്കാർ പറയുന്നു.

പ്രശ്‌നം ഇതായതിനാൽ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് എടുക്കാൻ ധൈര്യം ഇല്ലാതെ ഈ കുടുംബം യാത്ര ഉപേക്ഷിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തും ആയിരക്കണക്കിന് യുകെ മലയാളി കുടുംബങ്ങളാണ് പഴയ ഓസിഐ കാർഡുമായി കേരളത്തിലേക്ക് കുട്ടികളുമായി യാത്ര ചെയ്തത്. പുതിയ ഓസിഐ കാർഡ് എടുക്കാൻ ഉള്ള ദുഷ്‌ക്കരവുമായ നടപടികളാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

എന്നാൽ യുകെയെക്കാൾ ഉപരി ഓസ്ട്രേലിയൻ മലയാളികളാണ് ദുരിതത്തിൽ ആയിരിക്കുന്നത്. ഇവിടെ അനേകർക്ക് യാത്ര തടസം നേരിട്ടത് മൂലം കടുത്ത പ്രതിഷേധത്തിലാണ് മലയാളി സമൂഹങ്ങൾ അടക്കമുള്ള ഇന്ത്യക്കാർ. യുകെയിലെ പോലെത്തന്നെ പഞ്ചാബി സമൂഹം ശക്തമായ ഓസ്ട്രേലയയിൽ ഓസിഐ പ്രശ്നത്തിൽ കൂടുതൽ ശബ്ദം ഉയർത്തുന്നതും പഞ്ചാബികൾ തന്നെ. കഴിഞ്ഞ ദിവസം മെൽബൺ എയർപോർട്ടിൽ പഴയ ഓസിഐ കാർഡുള്ള പ്രായമായ പഞ്ചാബി ദമ്പതികളെ തിരിച്ചയച്ചത് കടുത്ത പ്രതിഷേധത്തിനു വഴി തെളിച്ചിരിക്കുകയാണ്.

തായ് എയർവേയ്സിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യാൻ തയ്യാറായ വൃദ്ധ ദമ്പതികൾക്കാണ് ദുരനുഭവം. പുതിയ പാസ്പോർട്ടിലെ നമ്പറും ഓസിഐ കാർഡും തമ്മിൽ മാച്ച് ആകുന്നില്ല എന്ന പതിവ് പല്ലവിയാണ് ഇവർ പാടുന്നതും. അതിനിടെ ചട്ടം കർശനമായി നടപ്പിലാക്കൻ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലവും വിശദീകരിച്ചു. എന്നാൽ വിമാനക്കമ്പനികൾ തുടർച്ചയായി യാത്രക്കാരെ നിരസിക്കുന്നത് കണക്കിലെടുത്ത ലണ്ടൻ, ഓസ്ട്രേലിയൻ എംബസികൾ യാത്രാ മുൻ കരുതൽ എടുക്കണ്ടേതിന്റെ പ്രാധാന്യം വ്യക്തമാക്കി വാർത്തകുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. പുതിയ നയം മാറ്റത്തിൽ തങ്ങൾക്ക് ഒരു റോളും ഇല്ലെന്ന് കാണിക്കാനുള്ള വ്യഗ്രതയും ഈ പത്രക്കുറിപ്പിനു പിന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP