Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടു വിട്ടിട്ടും നാടിന്റെ നന്മകൾ വിട്ടു കളയാതെ മലയാളി കുട്ടികൾ; അത്തപ്പൂക്കളമിട്ടും വടംവലിച്ചും തിരുവാതിര നൃത്തമാടിയും ബൾഗേറിയയിൽ ഓണാഘോഷം; വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 250ലധികം വിദ്യാർത്ഥികൾ ഒത്തുച്ചേർന്ന് ഓണസദ്യയുണ്ടപ്പോൾ അത്ഭുതം കൂറി സായിപ്പന്മാരും

നാടു വിട്ടിട്ടും നാടിന്റെ നന്മകൾ വിട്ടു കളയാതെ മലയാളി കുട്ടികൾ; അത്തപ്പൂക്കളമിട്ടും വടംവലിച്ചും തിരുവാതിര നൃത്തമാടിയും ബൾഗേറിയയിൽ ഓണാഘോഷം; വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 250ലധികം വിദ്യാർത്ഥികൾ ഒത്തുച്ചേർന്ന് ഓണസദ്യയുണ്ടപ്പോൾ അത്ഭുതം കൂറി സായിപ്പന്മാരും

ടോമിച്ചൻ കൊഴുവനാൽ

ബൾഗേറിയ: ബൾഗേറിയയിലെ ബ്ലാക്ക് സിയുടെ തീരത്തു ഭംഗിയാർന്ന ബീച്ചുകളും മറ്റു വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി പ്രദേശങ്ങളും സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് നഗരമായ 'വർണ' എന്ന മനോഹരമായ പ്രദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് നാളുകളേറെയായി. ലോകത്തെവിടെ മലയാളികൾ എത്തപ്പെട്ടാലും ഓണമാകുമ്പോൾ ഒരുമിച്ചുകൂടി ഓണമാഘോഷിക്കുന്ന പതിവ് ബൾഗേറിയയിൽ എത്തിയിട്ടും കുട്ടികൾ മറന്നില്ല എന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നു.

അത്തപൂക്കളമിട്ടും, വടം വലിച്ചും, നൃത്തച്ചുവടുകൾ വച്ചും, തിരുവാതിര കളിച്ചും, ഓണമാഘോഷിക്കാൻ വർണയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇരുനൂറ്റി അൻപതിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ഒരുമിച്ചുചേർന്നപ്പോൾ ആഘോഷങ്ങൾ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നത് സായിപ്പന്മാരടക്കമുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്.

ഡെക്കറേഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗെയിംസ് കമ്മിറ്റി എന്നിങ്ങനെ ഓരോ പ്രോഗ്രാമിനും പ്രത്യേകം പ്രത്യേകം കമ്മിറ്റികൾ എടുത്തു ഓരോ ടീമുകളെ ഉത്തരവാദിത്വം ഏൽപ്പിച്ചു ചിട്ടയായ ഒരുക്കങ്ങൾ നടത്തിയാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണാഘോഷം വിജയകരമാക്കിയത്. രാവിലെ പത്തുമണിക്ക് എല്ലാവരെയും സ്വാഗതം ചെയ്തു തിരുവാതിരയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. തുടർന്ന് കസേരകളി, ബലൂൺ ഗെയിംസ്, ആനിമൽ സൗണ്ട് ഗെയിംസ് തുടങ്ങിയ ഗെയിംസുകൾക്കു ശേഷം ഓണസദ്യക്കുള്ള വിഭവങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ തന്നെ ഉണ്ടാക്കി ഹാളിലെത്തിച്ചു വിളമ്പുകയായിരുന്നു.

തുടർന്ന് സെക്കൻഡ് ഇയർ മുതൽ സിക്സ്ത് ഇയർ വരെയുള്ള കുട്ടികൾ അവതരിപ്പിച്ച നിരവധി കലാപരിപാടികളാണ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിയത്. കൂടാതെ ബൾഗേറിയയിലെ മറ്റു യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന നിരവധി കുട്ടികളും ഈ ഓണാഘോഷത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേരിതിരിഞ്ഞു നടത്തിയ വടം വലി ആയിരുന്നു ആഘോഷപരിപാടിയിലെ മുഖ്യ ആകർഷക ഇനം. ബെല്ലാരി രാജ, പുലിമുരുകൻ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയവ പേരുകളോടെ ആൺകുട്ടികളും മന്ത്രി കൊച്ചമ്മ, മായാമോഹിനി, കാർത്തുമ്പി, നാഗവല്ലി തുടങ്ങിയ പേരുകളോടെ പെൺകുട്ടികളും തമ്മിൽ നടത്തിയ വടം വലി മത്സരത്തിൽ ബെല്ലാരിരാജയും, മായാമോഹിനിയും വിജയികളായി.

കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിലൂടെ മിച്ചംവച്ചു സ്വരൂപിച്ച ഒരുലക്ഷം രൂപ റാന്നിയിൽ ഒരു പാവപെട്ട കുടുംബത്തിന് വീട് വെയ്ക്കാൻ സഹായിച്ചതിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഈ മെഡിക്കൽ വിദ്യാർത്ഥികൾ മാതൃക കാട്ടി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളാണ് വർണയിൽ കൂടുതലെങ്കിലും അയർലണ്ട്, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും കഴിഞ്ഞ കുറെ വർഷങ്ങളായി മെഡിസിൻ പഠിക്കാനായി ബൾഗേറിയയിൽ എത്തുന്നുണ്ട്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ മെഡിസിൻ പഠിക്കുന്നതിനേക്കാൾ കുറഞ്ഞ ഫീസും കുറഞ്ഞ ജീവിത ചെലവിലും ഇവിടെ പഠിക്കാമെന്നതുകൊണ്ടാണ് ബൾഗേറിയ പോലുള്ള സ്ഥലങ്ങളിലേക്ക് മലയാളികൾ ഒഴുകിയെത്തുന്നത്.

ബ്രിട്ടനിൽ നിന്നും വിസ്റ്റാമെഡ് എന്ന മലയാളി സ്ഥാപനമാണ് കുട്ടികളെ മെഡിക്കൽ പഠനത്തിനായി ബൾഗേറിയയിലേക്ക് തെരഞ്ഞെടുക്കുന്നത്. അപേക്ഷ അയ്ക്കുന്നത് മുതൽ താമസ സൗകര്യം, ബൾഗേറിയൻ ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങി ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കി സർവ്വകലാശാലകളിൽ നിന്നും ഇറങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്ക് മലയാളി സ്ഥാപനം കൂടിയായ വിസ്റ്റമെഡ് മാർഗ്ഗ നിർദ്ദേശവും സഹായവും നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP