Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിമ്മിയുടെയും മക്കളുടെയും തോരാത്ത കണ്ണുനീർ ഒപ്പമുള്ളവർക്കും കണ്ടു നിൽക്കാനായില്ല; അപ്പാ... എന്നു കരഞ്ഞു വിളിച്ചു നിമ്മിയും മക്കളും; ഉറ്റു സുഹൃത്തിന് അന്ത്യാജ്ഞലി അർപ്പിച്ചു സുഹൃത്തുക്കൾ; കോവിഡ് ബാധിച്ചു മരിച്ച ബ്രിട്ടനിലെ മലയാളിയുടെ സംസ്‌ക്കാരം കഴിഞ്ഞു; വികാര നിർഭര നിമിഷങ്ങളുമായി സിന്റോ ജോർജ്ജിന്റെ വിട വാങ്ങൽ

നിമ്മിയുടെയും മക്കളുടെയും തോരാത്ത കണ്ണുനീർ ഒപ്പമുള്ളവർക്കും കണ്ടു നിൽക്കാനായില്ല; അപ്പാ... എന്നു കരഞ്ഞു വിളിച്ചു നിമ്മിയും മക്കളും; ഉറ്റു സുഹൃത്തിന് അന്ത്യാജ്ഞലി അർപ്പിച്ചു സുഹൃത്തുക്കൾ; കോവിഡ് ബാധിച്ചു മരിച്ച ബ്രിട്ടനിലെ മലയാളിയുടെ സംസ്‌ക്കാരം കഴിഞ്ഞു; വികാര നിർഭര നിമിഷങ്ങളുമായി സിന്റോ ജോർജ്ജിന്റെ വിട വാങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊവിഡ് 19 ബാധിച്ചു മരണത്തിനു കീഴടങ്ങിയ ക്രോയ്‌ഡോൺ റെഡ് ഹില്ലിലെ സിന്റോ ജോർജ്ജിന്റെ മൃതദേഹം സംസ്‌കരിച്ചു. വികാര നിർഭരമായ നിമിഷങ്ങൾക്കാണ് ഫ്യൂണറൽ സർവ്വീസ് സെന്ററിലും സെമിത്തേരിയിലും എത്തിയവർ സാക്ഷികളായത്. നിമ്മിയും മക്കളും അപ്പാ എന്നു വിളിച്ചിരുന്ന സിന്റോയോട് ജീവിതത്തെ കുറിച്ചും മുൻപോട്ട് ഇനി എങ്ങനെ ജീവിക്കുമെന്നും ഉള്ള ആശങ്കകളും പ്രതീക്ഷകളും നിമ്മി പങ്കുവെച്ചത് കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. മക്കളെ നന്നായി വളർത്തുവാനും അപ്പായെ കാണുവാൻ എന്നും വരുമെന്നും നിമ്മി വിടവാങ്ങൽ നിമിഷങ്ങൾക്കിടയിൽ പറയുന്നുണ്ടായിരുന്നു. നാട്ടിലേക്ക് പോയാൽ അപ്പായെ കാണാൻ വരാൻ പറ്റില്ലല്ലോ.. അതുകൊണ്ടു തന്നെ ഇവിടെ തന്നെ നിൽക്കുമെന്നായിരുന്നു നിമ്മിയുടെ വാക്കുകൾ... അങ്ങനെ പറഞ്ഞാൽ തീരാത്ത പരിഭവങ്ങളും പ്രയാസങ്ങളും ആശങ്കകളും പ്രതീക്ഷകളും എല്ലാം പങ്കുവച്ചാണ് നിമ്മി സിന്റോയെ യാത്രയാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റെഡ്ഹില്ലിലുള്ള സ്റ്റോൺമാൻ ഗാരേജിനു മുന്നിൽ നിന്നും ഫ്യൂണറൽ സർവ്വീസ് ആരംഭിച്ചത്. കൊവിഡ് 19 ബാധിച്ചു മരിച്ചതിനാൽ തന്നെ ചാപ്പലിലോ ഹാളിലോ പൊതുദർശനത്തിനു വയ്ക്കുന്നതിന് ഒന്നും തന്നെ അനുവാദമില്ലായിരുന്നു. നിമ്മിയുടെ ചേച്ചിയും കസിനും സഹായത്തിനായി എത്തിയ സുഹൃത്തുക്കളും നിമ്മിക്കും മക്കൾക്കും ഒപ്പം ഉണ്ടായിരുന്നു. റെഡ് ഹില്ലിൽ നിന്നും പള്ളിയുടെ രണ്ടു ട്രസ്റ്റിമാരും അസോസിയേഷൻ ഭാരവാഹികളും ഉണ്ടായിരുന്നു.

ഫാ. ജൂപ്പനക്കാട്ടിന്റെ നേതൃത്വത്തിലാണ് ഫ്യൂണറൽ സർവ്വീസ് സെന്ററിൽ സംസ്‌കാര ശുശ്രൂഷകളും മറ്റും നടത്തിയത്. രണ്ടു മണിയോടു കൂടി മൃതദേഹം റെഡ് സ്റ്റോൺ സെമിത്തേരിയിലേക്ക് കൊണ്ടു വന്നു. വിലാപ യാത്രയായി കൊണ്ടു വന്ന ശേഷം സെമിത്തേരിയിൽ ഫാ. സാജുവിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. സിന്റോയെ അനുസ്മരിച്ചു കൊണ്ട് മൂത്തമകൾ വളരെ ഹൃദ്യമായി സംസാരിച്ചു. റെഡ്ഹിൽ അസസിയേഷനേയും പള്ളിയേയും പ്രതിനിധീകരിച്ചു കൊണ്ട് പള്ളി ട്രസ്റ്റി ആയിരുന്ന ജിപ്സൺ തോമസ് ഏതാനും വാക്കുകൾ സംസാരിച്ചു. കൂടാതെ, ജൂബി ഫിലിപ്പ്, തോമസ് ജോസഫ്, ജിജി ജോസ്, ജോയസ് ജോൺ എന്നിവരും ചടങ്ങിൽ ഉടനീളം പങ്കെടുത്തു. നാട്ടിലുള്ള സിന്റോയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുമിത്രാദികൾക്കായും യുകെയിലെ സുഹൃത്തുക്കൾക്കായും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുമായി സംസ്‌കാര ശുശ്രൂഷകൾ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്റോ ജോർജ്ജ് ഏപ്രിൽ ആറിനു രാവിലെയാണ് വിടവാങ്ങിയത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അൽപം ഭേദപ്പെട്ടെങ്കിലും രാവിലെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി സിന്റോ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഭാര്യ നിമ്മി ചാലക്കുടി സ്വദേശിയാണ്. മൂന്നു മക്കളാണ് ദമ്പതികൾക്കുള്ളത്.

11 വർഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനിൽ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടത്. ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചു. എട്ടു വർഷം മുമ്പായിരുന്നു വിവാഹം. അതിനു ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി. ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് നിമ്മി തിരികെ എത്തിയത്. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാൽ തന്നെ കെയർ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. മറ്റു രണ്ടു മക്കളും ലണ്ടനിലാണ് ജനിച്ചത്. മൂന്നാമത്തെ കുഞ്ഞിന് ഒരു വയസ് ആയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ നിമ്മി ജോലിക്കും പോയിരുന്നില്ല.

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. പഠനശേഷം മുംബൈയിൽ ഓപ്പറേഷൻ തീയേറ്ററിന്റെ ഇൻചാർജ്ജായും കപ്പലിൽ നഴ്‌സായുമൊക്കെ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അതിനു ശേഷമാണ് ലണ്ടനിലേക്ക് ചേക്കേറുന്നത്. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനിൽ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയിൽ പെർമനന്റ് റെസിഡൻസിക്ക് നൽകിയ അപേക്ഷയിൽ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു.

യുകെയിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹത്തിന് വേണ്ടിയാണു സിന്റോ നാട്ടിൽ എത്തിയത്. അന്ന് മടങ്ങിയ സിന്റോ പിന്നീട് വിസാ കാലാവധി തീർന്നപ്പോൾ ഓരോ തവണയും പി ആർ ലഭിക്കും എന്ന ധാരണയിൽ അത് നേടിയെടുക്കുവാനുള്ള ഓട്ടത്തിൽ ആയിരുന്നു. ഇക്കാരണത്താലാണ് നാട്ടിൽ എത്താൻ കഴിയാതിരുന്നതും. പ്രതീക്ഷ കൈവിടാതെയുള്ള പരിശ്രമങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇടയിൽ ഏപ്രിൽ - മെയ് മാസത്തോടെ പിആർ ലഭിക്കുന്നതിനുള്ള അവസാന പേപ്പറുകളും ശരിയാകുമെന്ന വിശ്വാസത്തിൽ ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു സിന്റോയും കുടുംബവും.

അതിനിടയിലാണ് 15 ദിവസം മുമ്പ് സിന്റോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ മരുന്നുകൾ കഴിച്ച് വീട്ടിൽ തന്നെ വിശ്രമിക്കുവാൻ പറഞ്ഞു. എങ്കിലും ശ്വാസം മുട്ടൽ ഉണ്ടായതോടെ ആംബുലൻസ് ടീം എത്തുകയും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതായി വ്യക്തമാകുകയും ചെയ്തു. ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടു ദിവസം വാർഡിലും ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ പുലർച്ചെ അഞ്ചരയോടെ കാർഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഈസ്റ്റ് സറേ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.

സിന്റോയുടെ അപ്രതീക്ഷിക വിയോഗത്തിൽ തളർന്ന കുടുംബത്തിന് സാമ്പത്തിക സഹായങ്ങളുമായി നിരവധി മലയാളി ഗ്രൂപ്പുകൾ സജീവമായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച 16250 പൗണ്ട് കുടുംബത്തിന് ഉടൻ തന്നെ കൈമാറുന്നതാണ്. മൂന്നു ചെറിയ കുട്ടികൾക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച ഫണ്ട് നൽകുന്നത്. ഇപ്പോൾ നൽകുന്ന തുക കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപം നടത്തി അവർ പ്രായപൂർത്തിയാവുമ്പോൾ ഉപയോഗിക്കുവാൻ സാധിക്കുന്ന വിധത്തിലാവും ഫണ്ട് വിനിയോഗിക്കുന്നത്. ആറും മൂന്നും ഒന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് അന്തരിച്ച സിന്റോയ്ക്കുള്ളത്. മറ്റു ഫണ്ട് ശേഖരണങ്ങളിലൂടെ സിന്റോയുടെ കുടുംബത്തിന് നല്ലൊരു തുക ലഭിക്കുമെന്നുള്ളതുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ച തുക കുട്ടികളുടെ പേരിൽ നിക്ഷേപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP