Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് പോവാൻ കഴിയാതെ 17 വർഷം കുടുംബം തള്ളി നീക്കിയത് സൗദിയുടെ മണ്ണിൽ; മാതാപിതാക്കൾ മരണപ്പെട്ടതോടെ ഒറ്റയ്ക്കായ ഏഴ് മക്കൾക്ക് ഒടുവിൽ കാനഡയിൽ അഭയം; 19കാരൻ മുഹയദ്ദീൻ അലി ബാഷ മുതൽ അഞ്ചു വയസുകാരൻ ഇബ്‌റാഹിം അലിക്ക് വരെ തണലായി പിതൃ സഹോദരി; ഹൈദരാബാദ് സ്വദേശികളായ കുടുംബം വർഷങ്ങളോളം അനുഭവിക്കേണ്ടി വന്ന ദുരിത ജീവിതമിങ്ങനെ

നാട്ടിലേക്ക് പോവാൻ കഴിയാതെ 17 വർഷം കുടുംബം തള്ളി നീക്കിയത് സൗദിയുടെ മണ്ണിൽ; മാതാപിതാക്കൾ മരണപ്പെട്ടതോടെ ഒറ്റയ്ക്കായ ഏഴ് മക്കൾക്ക് ഒടുവിൽ കാനഡയിൽ അഭയം; 19കാരൻ മുഹയദ്ദീൻ അലി ബാഷ മുതൽ അഞ്ചു വയസുകാരൻ ഇബ്‌റാഹിം അലിക്ക് വരെ തണലായി  പിതൃ സഹോദരി; ഹൈദരാബാദ് സ്വദേശികളായ കുടുംബം വർഷങ്ങളോളം അനുഭവിക്കേണ്ടി വന്ന ദുരിത ജീവിതമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയാദ് : നീണ്ട 17 വർഷം നാട്ടിൽ പോകാൻ കഴിയാതെ ഹൈദരാബാദ് സ്വദേശികളായ കുടുംബം കഴിഞ്ഞത് സൗദിയുടെ മണ്ണിൽ. സാമ്പത്തിക പരാധീനതയും നിയമക്കുരുക്കും തങ്ങളെ വലയ്ക്കുന്ന വേളയിലും എന്നെങ്കിലും എല്ലാം കലങ്ങിത്തെളിഞ്ഞ് നാട്ടിലേത്ത് തിരിക്കാം എന്ന് പ്രത്യാശയോടെ കരുതിയിരുന്ന വേളയിൽ മരണം അവരെ തേടി വന്നു. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ ഒറ്റപ്പെട്ട് ആ ഏഴ് കുഞ്ഞുങ്ങൾ എന്ത് ചെയ്യുമെന്ന് അറിയാതിരുന്ന വേളയിൽ ദൈവം കാനഡയിലെ പിതൃ സഹോദരിയുടെ രൂപത്തിലെത്തി അവരെ ചേർത്തു പിടിച്ചു. ഇതോടെ മൂന്നു പെൺകുട്ടികളടക്കം ഏഴു കുട്ടികൾക്കാണ് പുതു ജീവിതം ലഭിച്ചത്.

മുഹിയദ്ദീൻ അലി ബാഷ (19), ഹിദായത്ത് അലി മാലിക് (18), അഹ്മദ് അലി (15), ഷഹനാസ് ഫാത്തിമ (14), അബ്ദുല്ല അലി (9), ഖുൽസൂം ഫാത്തിമ (7), ഇബ്റാഹിം അലി (5) എന്നിവർക്കാണ് കാനേഡിയൻ പൗരത്വമുള്ള പിതൃസഹോദരി കാനഡയിൽ അഭയം നൽകിയത്. ഹൈദരാബാദ് സ്വദേശികളായ സാമൂഹിക പ്രവർത്തകരും ഒപ്പം നിന്നതോടെയാണ് ഇവർക്ക് സഹായ ഹസ്തം ലഭിച്ചത്. ഇവരിൽ ആറ് കുഞ്ഞുങ്ങളും റിയാദിലാണ് ജനിച്ചത്. ഇവർ ഇന്ത്യ ഇതു വരെ കണ്ടിട്ടു പോലുമില്ല. ശരിയായ വിദ്യാഭ്യാസവും അവർക്ക് ലഭിച്ചിട്ടില്ല.

മുഹമ്മദ് അലിയുടേയും കുടുംബത്തിന്റെയും കഥ കേട്ടാൽ തന്നെ ഏവരുടേയും നെഞ്ചു പൊള്ളുമെന്ന് ഉറപ്പ്. വർഷങ്ങളായി റിയാദിലെ ഷിഫയിൽ വർക്ഷോപ് നടത്തുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ പിതാവ് മുഹമ്മദ് അലി, മൂത്ത രണ്ടു കുട്ടികൾക്ക് ഒന്നും രണ്ടും വയസുള്ളപ്പോഴാണ് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. രണ്ട് പേരും റിയാദ് ഇന്ത്യൻ സ്‌കൂളിൽ നാലാം ക്ലാസ് വരെ പഠിച്ചു. പിന്നീട് പഠനം മുടങ്ങുകയായിരുന്നു.

നാട്ടിൽ വലിയ കുടുംബമാണെങ്കിലും ദുരഭിമാനം മൂലം ഈ അവസ്ഥ ആരോടും പങ്കുവച്ചിട്ടില്ലെന്ന് പിന്നീട് അന്വേഷണത്തിൽ മനസ്സിലായി. സാമ്പത്തിക പരാധീനതകളാണ് കുടുംബത്തെ ഈ അവസ്ഥയിലെത്തിച്ചത് എന്ന് കരുതുന്നു. രോഗിയായി ആദ്യം കിടപ്പിലാകുന്നത് മാതാവ് ആയിഷ സിദ്ദീഖയാണ്. 2018 മാർച്ചിൽ ഇവർ മരിച്ചു. ഭാര്യയുടെ മരണത്തോടെ കിടപ്പിലായ മുഹമ്മദ് അലി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ 2019 മാർച്ചിലും മരണത്തിന് കീഴടങ്ങി.

പിതാവ് കിടപ്പിലായതോടെ മൂത്ത രണ്ട് ആൺകുട്ടികളാണ് വർക് ഷോപ്പിൽ പോയിരുന്നത്. മാതാവും പിതാവും മരിച്ച് കുട്ടികൾ അനാഥമായതോടെയാണ് ഈ കഥ പുറം ലോകം അറിയുന്നത്. ഇതോടെ ഹൈദരാബാദ് സ്വദേശികളായ അബ്ദുൽ ഖയ്യൂം, ഷാനവാസ്, അബ്ദുറഹ്മാൻ, സഫർ, മിസ്ബഹ് എന്നിവർ കുട്ടികളെ സഹായിക്കാനും സംരക്ഷണം നൽകാനും മുന്നോട്ട് വന്നു.

ഇവരിൽ നിന്നാണ് നാട്ടിലെ ബന്ധുക്കളും കാനഡയിലെ പിതൃ സഹോദരി ഹാജറ ഖാനും മുഹമ്മദലിക്കും ഭാര്യക്കുമുണ്ടായ അന്ത്യവും ഈ ദുരിത കഥകളും അറിയുന്നത്. ഉടൻ തന്നെ ഹാജറ കുട്ടികളെ ഏറ്റെടുക്കാൻ സന്നധത അറിയിക്കുകയും കനേഡിയൻ സർക്കാരിന് അപേക്ഷ നൽകുകയുമായിരുന്നു. കാനഡ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ലഭിച്ചെങ്കിലും സൗദിയിൽ മതിയായ രേഖകളില്ലാതെ കഴിഞ്ഞ ഇവരെ കാനഡയിൽ എത്തിക്കുന്നതിൽ ഒട്ടേറെ നൂലാമാലകളാണ് തേടി വന്നത്. മുഴുവൻ പേർക്കും പാസ്‌പോർട്ട് ഉണ്ടായിരുന്നെങ്കിലും ചെറിയ രണ്ട് കുട്ടികൾക്ക് താമസ രേഖ (ഇഖാമ) എടുത്തിട്ടുണ്ടായിരുന്നില്ല.

പിതാവ് മുഹമ്മദലിയെ സ്‌പോൺസർ ഹുറൂബ് ആക്കിയതിനാൽ മൂന്നു വർഷം മുമ്പ് അദ്ദേഹത്തിന്റെ ഇഖാമ കാലാവധി തീർന്നിരുന്നു. മാത്രമല്ല ഇത്തരം സർക്കാർ സേവനങ്ങൾ ചെയ്യേണ്ട സ്‌പോൺസറുടെ കംപ്യൂട്ടർ സിസ്റ്റം റദ്ദ് ആയത്, പാസ്‌പോർട്ട് ഓഫിസിൽ പല കുട്ടികളുടെയും വിരലടയാളം എടുക്കാത്തത്, കുട്ടികളിൽ ചിലരുടെ പാസ്‌പോസ്ട്ട് അവധി തീരുന്നത് എല്ലാം തടസ്സമായി നിന്നു.

സാമൂഹിക പ്രവർത്തനായ ഷിഹാബ് കൊട്ടുകാടിൽ വിഷയം അറിയുന്നതോടെയാണ് ഇവർക്ക് പുതു വെളിച്ചം ലഭിച്ചത്. അദ്ദേഹം ജവാസാത്ത് (പാസ്‌പോർട്ട് ഓഫിസ്), മക്തബുൽ അമൽ (ലേബർ ഓഫിസ്), തർഹീൽ, എംബസി എന്നിവിടങ്ങളിൽ നിന്ന് നിയമക്കുരുക്കുകൾ നീക്കി. അഭയാർഥികൾ എന്ന പരിഗണനയിൽപ്പെടുത്തി. പാസ്പോർട്ട് അവധി തീർന്നത് അടക്കമുള്ള നിയമക്കുരുക്കുകൾ മറികടക്കാൻ കാനഡ എംബസിയും സഹായിച്ചു. സൗദി സർക്കാർ, ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി, കാനഡ സർക്കാർ എന്നിവർക്ക് ഷിഹാബ് കൊട്ടുകാട് നന്ദി അറിയിച്ചു. പൗരത്വമുൾപ്പെടെ പല സഹായങ്ങളും നേടിക്കൊടുക്കുന്നതിന് ഇടപെട്ടിട്ടുണ്ടെങ്കിലും 22 വർഷത്തെ സേവനപ്രവർത്തനങ്ങൾക്കിടയിൽ ഇത്തരമൊരനുഭവം ആദ്യമായാണെന്ന് ഷിഹാബ് കൊട്ടുകാട്  പറഞ്ഞു.

കുട്ടികളെ കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അവർക്ക് വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങളും കാനഡ സർക്കാർ വാഗ്ധാനം ചെയ്തിരിക്കുകയാണ്. ഒരു വർഷത്തെ മൾട്ടിപിൾ വീസയാണ് സർക്കാർ കുട്ടികൾക്ക് അനുവദിച്ചിട്ടുള്ളത്. തുടർന്നു തുർക്കിഷ് എയർലൈൻസുമായി ബന്ധപ്പെട്ടു യാത്രാ രേഖയും ശരിപ്പെടുത്തി. ഒടുക്കം കാനഡയിൽ നിന്ന് പിതൃസഹോദരി ഹാജറ ഖാൻ റിയാദിലേയ്ക്ക് അയച്ച തന്റെ രണ്ട് കുട്ടികളോടൊപ്പം എട്ട് പേരും കാനഡയിൽ തങ്ങളുടെ അഭയസ്ഥാനത്ത് അണഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP