Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടണിൽ വീണ്ടും മലയാളിയുടെ മരണം; നോർത്താംപ്ടണിൽ മരണമടഞ്ഞത് തൃശൂർ സ്വദേശി സണ്ണി ആന്റണി; മകളെ കാണാൻ എത്തിയ പിതാവിന്റെ മരണം നാട്ടുകാർക്കും കണ്ണീരായി; കോവിഡിൽ യുകെ മലയാളികളെ തേടി എത്തുന്നത് പതിനഞ്ചാം മരണം

ബ്രിട്ടണിൽ വീണ്ടും മലയാളിയുടെ മരണം; നോർത്താംപ്ടണിൽ മരണമടഞ്ഞത് തൃശൂർ സ്വദേശി സണ്ണി ആന്റണി; മകളെ കാണാൻ എത്തിയ പിതാവിന്റെ മരണം നാട്ടുകാർക്കും കണ്ണീരായി; കോവിഡിൽ യുകെ മലയാളികളെ തേടി എത്തുന്നത് പതിനഞ്ചാം മരണം

മറുനാടൻ മലയാളി ബ്യൂറോ

നോർത്താംപ്ടൺ: ഇന്ന് പുലർച്ചെ നോർത്താംപ്ടണിൽ തൃശൂർ സ്വദേശിയായ തെക്കേത്തല സണ്ണി ആന്റണി കോവിഡ് മരണത്തിനു കീഴടങ്ങി. 61 വയസായിരുന്നു പ്രായം. കോവിഡ് ലോക്‌ഡോൺ ആരംഭിക്കുന്നതിനു ഏതാനും നാൾ മുൻപ് മകളെ കാണാൻ എത്തിയ പിതാവ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത് നാട്ടുകാർക്കും കണ്ണീരായി മാറുകയാണ്. രാവിലെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. അടുത്തകാലത്ത് നോർത്താംപ്ടണിൽ താമസം ഉറപ്പിച്ച കുടുംബത്തെ തേടിയാണ് മരണം എത്തിയിരിക്കുന്നത്. തൃശൂർ കലൂർ സ്വദേശിയാണ് മരണത്തിനു കീഴടങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം.

നാലു മാസം മുൻപ് യുകെയിൽ മകൾ ബിസ ഓസ്റ്റിനെ കാണാൻ എത്തിയ സണ്ണിയും ഭാര്യയും രണ്ടു മാസം കൂടി കഴിഞ്ഞു മടങ്ങാൻ ഇരിക്കവെയാണ് മരണം എത്തിയത്. നോർത്താംപ്ടണിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കോവിഡ് രോഗബാധിതനായി കുറച്ചു ദിവസങ്ങളിലായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി വെന്റിലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാലു മാസം മുൻപ് ഭാര്യയോടൊപ്പം മകളെയും കുടുംബത്തെയും സന്ദർശിക്കുവാൻ വേണ്ടി യുകെയിൽ എത്തിയതായിരുന്നു. ഈ ജൂലായ് മാസം തിരികെ നാട്ടിലേക്കു പോകുവാൻ ഇരുന്നതാണ്. മുൻപ് ചില ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. നോർത്താംപ്ടണിലുള്ള മകൾ ഉൾപ്പടെ രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.

വിവരമറിഞ്ഞു നോർത്താംപ്ടൺ സീറോ മലബാർ ഇടവക വികാരി ഫാ. ബെന്നിയുടെ നേതൃത്വത്തിൽ ഓൺ ലൈൻ പ്രാർത്ഥന നടക്കുകയാണ്. പരേതന്റെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിലും പ്രയാസത്തിലും ബ്രിട്ടീഷ് മലയാളിയും മനസ് കൊണ്ട് പങ്കുചേരുന്നു.

നാട്ടിൽ പോകാനുള്ള വിമാന സർവീസുകൾ പേരിനു ആരംഭിച്ചെങ്കിലും സണ്ണിയെയും ഭാര്യയെയും പോലെയുള്ള നൂറുകണക്കിന് പ്രായം ചെന്ന മാതാപിതാക്കൾ യുകെയിൽ തുടരുന്നതിനാൽ ഇവർക്കായി കൂടുതൽ വിമാനം എത്തണമെന്ന ആവശ്യവും ശക്തമാണ്. എംബസിയിൽ നിന്നുള്ള അഭ്യർത്ഥന എത്തിയാൽ വിമാനം അയക്കാം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ എംബസിയുടെയും മലയാളി സംഘടനകളുടെയും ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ ഉണ്ടായതായി വിവരമില്ല.

നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളെ തേടി കോവിഡ് എത്തുന്നത് ആവർത്തിക്കുകയാണ്. മുൻപ് ലണ്ടനിൽ മകളെ കാണാൻ എത്തിയ ഇന്ദിര എന്ന വീട്ടമ്മയും മരണപ്പെട്ടിരുന്നു. സണ്ണിയുടെ മരണത്തോടെ പതിനഞ്ചാമത്തെ മരണമാണ് യുകെ മലയാളികളുടെ ഇടയിൽ സംഭവിക്കുന്നത്. വെസ്റ്റ് യോർക്ഷയറിലെ പോന്റെഫ്രാക്ട് മലയാളിയായ കോഴിക്കോട്ടുകാരൻ സ്റ്റാൻലി സിറിയകാണ് ഇതിനു മുമ്പ് കൊവിഡ് മരണത്തിനു കീഴടങ്ങിയത്.

സന്ദർലാന്റിൽ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്ന പൂർണിമയും ഒരേദിവസം വിടവാങ്ങിയ ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും അടക്കം 13 പേരാണ് സ്റ്റാൻലിക്കു മുന്നേ കോവിഡിൽ പൊലിഞ്ഞ മലയാളി ജീവനുകൾ. ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്‌സ്‌ഫോഡിൽ നഴ്‌സായിരുന്നു. ലണ്ടനിലെ എൻഎച്ച്എസ് നഴ്‌സും കോട്ടയം വെളിയന്നൂർ സ്വദേശിയുമായ അനൂജ് കുമാർ ആണ് ഏപ്രിൽ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കുടുംബാംഗങ്ങൾക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് മരണവാർത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. അതിനു മുമ്പ് ബർമിങാമിലെ സീനിയർ ജിപി ആയിരുന്ന ഡോ. അമറുദീനും പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെ സി ഫിലിപ്പും ഡെർബി മലയാളി സിബി മാണിയും വിടവാങ്ങിയവരിൽ ഉൾപ്പെടുന്നു. കൂടാതെ, ഒരു ദിവസം തന്നെ മൂന്നു മരണങ്ങളും യുകെ മലയാളികളെ തേടിയെത്തിയിരുന്നു. റെഡ് ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാൻ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്തു വീട്ടിൽ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ബർമിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതേസമയം, നിരവധി മലയാളികൾ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP