Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊവിഡ് മരണതാണ്ഡവം ആടുമ്പോഴും മനസ്സിലെ വർ​ഗീയത പ്രചരിപ്പിച്ചത് സോഷ്യൽ‌ മീഡിയയിലൂടെ; ​ഗൾഫിലിരുന്ന് ഇസ്‌ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യാക്കാർക്ക് കൂടി തൊഴിൽ നഷ്ടമായി; ജോലിയിൽ നിന്നും പിരിച്ചുവിട്ടവരെ കമ്പനി പൊലീസിന് കൈമാറിയത് നിയമനടപടികൾക്കായും

കൊവിഡ് മരണതാണ്ഡവം ആടുമ്പോഴും മനസ്സിലെ വർ​ഗീയത പ്രചരിപ്പിച്ചത് സോഷ്യൽ‌ മീഡിയയിലൂടെ; ​ഗൾഫിലിരുന്ന് ഇസ്‌ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യാക്കാർക്ക് കൂടി തൊഴിൽ നഷ്ടമായി; ജോലിയിൽ നിന്നും പിരിച്ചുവിട്ടവരെ കമ്പനി പൊലീസിന് കൈമാറിയത് നിയമനടപടികൾക്കായും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: കൊവിഡ് കാലത്തും വർ​ഗീയത പ്രചരിപ്പിച്ചതിന് മൂന്ന് ഇന്ത്യക്കാർക്ക് ​ഗൾഫിൽ ജോലി നഷ്ടമായി. യുഎഇയിലെ മൂന്ന് പ്രവാസി ഇന്ത്യക്കാരെയാണ് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ശേഷം പൊലീസിന് കൈമാറിയത്. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, ക്യാഷ്യർ വിശാൽ താകൂർ എന്നിവരെയാണ് നിയമ നടപടികൾക്കായി പൊലീസിന് കൈമാറിയത്. പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുക.

വർഗീയ വിദ്വേഷം പ്രചരിപ്പിച്ച ഇവരുടെ ശമ്പളം പിടിച്ചുവെച്ചതായും മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിൻ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഒാട്ടോമേഷൻ കമ്പനിയുടമയും അറിയിച്ചു. കമ്പനി നടത്തിയ അന്വേഷണത്തിൽ മുന്നാമൻ വിശാൽ താകൂർ എന്ന പേരിലാണ് പോസ്റ്റുകൾ ഇട്ടിരുന്നത്. ഇയാൾ തങ്ങളുടെ ജീവനക്കാരനാണെന്ന് ട്രാൻസ് ഗ്വാർഡ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു.

അതേസമയം, പ്രകാശ് കുമാർ എന്ന ജീവനക്കാരന് കമ്പനിയുമായി ബന്ധമില്ല. എന്നാൽ ഇയാൾ ട്വറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ വിദ്വേഷ പ്രചരണം നടത്തിയ നിരവധി ഇന്ത്യക്കാർ യുഎഇയിൽ നിയമ നടപടി നേരിടുകയാണ്. വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗൾഫിലെ ഇന്ത്യൻ സ്ഥാനപതികൾ ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

പൗരത്വനിയമത്തിനെതിരെ പ്രതികരിച്ച ഡൽഹിയിലെ നിയമവിദ്യാർത്ഥിയെ ബലാൽസംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്കാരനെതിരെ യുഎഇ രാജകുടുംബാഗം അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. അന്നം തേടുന്ന നാട്ടിലെ ജനങ്ങളെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് രാജ്യം വിടേണ്ടിവരുമെന്നായിരുന്നു ഹെന്ദ് അൽ ഖാസിമി രാജകുമാരിയുടെ മറുപടി. ഇതിനുപിന്നാലെ ഒമാൻ, ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിലെ പ്രമുഖ മാധ്യമങ്ങളും വർഗീയ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു.

സോഷ്യൽ മീഡിയ വഴി ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം വരെ മുന്നറിയിപ്പു നൽകിയ സാഹചര്യം ഉണ്ടായി. രാജകുമാരി ആയ ഹെന്ത് അൽ ഖാസിമിയാണ് ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാൾ പങ്കുവച്ച ചില ട്വീറ്റുകൾ ചൂണ്ടിക്കാട്ടി ഇസ്ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്. ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലിം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന അഭ്യൂഹവും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീൻഷോട്ടും പങ്കു വച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ കടുത്ത മുന്നറിയിപ്പ്.

'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലർത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്നായിരുന്നു ഖാസിമി ട്വിറ്ററിൽ കുറിച്ചത്. ' ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്.. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല.. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങൾക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കി.

മുസ്ലിം വിഭാഗത്തെ ഒന്നാകെ കുറ്റക്കാരാക്കി അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിവാദം ഉയർന്നതോടെ ഇയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. വിദ്വേഷ പ്രചാരകർ ആരായാലും അവരെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് യുഎഇ സർക്കാർ. രാജ്യത്തിന് ഉള്ളിൽ നിന്നും മതങ്ങളെ ആക്ഷേപിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുഎഇ ഭരണകൂടം കൊറോണ കാലത്തും തങ്ങളുടെ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ജോലി നോക്കുന്ന യുഎഇയിൽ കോവിഡ് കാലത്തും വിദ്വേഷ പ്രചരണം നടത്തിയതിന്റെ പേരിൽ ഒരു യുഎഇ പൗരനെ അറസ്റ്റു ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധം സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം നടത്തിയതിന് യു.എ.ഇ സ്വദേശിയായ മാധ്യമപ്രവർത്തകനെയാണ് അറസ്റ്റു ചെയ്തത്. കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ് യാസാണ് പിടിയിലായത്. വീഡിയോയിൽ ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാർശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷൻ ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാർശമാണ് ഇദ്ദേഹം നടത്തിയത്. യു.എ.ഇ ഉയർത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വർണം, ഭാഷ എന്നിവയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യു.എ.ഇയുടെ അടിസ്ഥാന നയമാണ്. ഇത് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും യു.എ.ഇ അധികൃതർ മുന്നറിയിപ്പ് നൽകി.

കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ വിഡിയോ എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്‌ച്ച മുമ്പ് വിദ്വേഷ പ്രചരണത്തിന്റെ പേരിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട സംഭവവും ഉണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിനാണ് ഇന്ത്യൻ പൗരനെ അന്ന് ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. ദുബായിലെ എമ്രിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കർണാടക സ്വദേശി രാകേഷ് ബി. കിട്ടുർമത്ത് എന്നയാളിനെയാണ് പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ ദുബായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിലാണ് രാകേഷ് മതത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇത്തരം വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് കമ്പനിക്കു തീരെ സഹിഷ്ണുതയില്ല. രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചുവിടുന്നു. ഇയാളെ ദുബായ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഒരു കമ്പനി എന്ന നിലയിൽ, വൈവിധ്യത്തെ ഉൾക്കൊള്ളുകയും ഓരോ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഓഫിസിലും പുറത്തും ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ കൃത്യമായി നിഷ്‌കർഷിച്ചിട്ടുള്ളതാണെന്നും ഹാരിസൺ പറഞ്ഞു.

ഫേസ്‌ബുക്ക് പേജിൽ മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് അബുദാബിയിൽ താമസിക്കുന്ന മിതേഷ് ഉദേഷി എന്നയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ദുബായിൽ ഫ്യൂച്ചർ വിഷൻ ഇവന്റ്‌സ് ആൻഡ് വെഡ്ഡിങ്‌സ് എന്ന സ്ഥാപനത്തിലെ ജോലി ചെയ്തിരുന്ന സമീർ ഭണ്ഡാരി സഹപ്രവർത്തകനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തു. യുഎഇയിൽ മതനിന്ദ നടത്തുന്നവർക്കെതിരെ കർശന നിയമമാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീവ്രമതവിദ്വേഷം പരത്തുന്നവർക്കെതിരെ കടുത്ത നടപടികളിലേക്ക് യുഎഇ കടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇത് യുഎഇിയലെ സാധാരണക്കാരായ ഇന്ത്യൻ ഹിന്ദുക്കൾക്കിടയിൽ കൂടി ഭയം അരക്ഷിത ബോധം ഉണർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP