Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് കരുത്തേകാൻ കേരളത്തിൽ നിന്ന് 105- അംഗ മെഡിക്കൽ സംഘം; ഐസിയു നഴ്‌സുമാരും ഡോക്ടർമാരും പാരാമെഡിക്കൽ വിദഗ്ദരും അടങ്ങുന്ന സംഘം ഇനി സേവനത്തിന്

കോവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് കരുത്തേകാൻ കേരളത്തിൽ നിന്ന് 105- അംഗ മെഡിക്കൽ സംഘം; ഐസിയു നഴ്‌സുമാരും ഡോക്ടർമാരും പാരാമെഡിക്കൽ വിദഗ്ദരും അടങ്ങുന്ന സംഘം ഇനി സേവനത്തിന്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇ സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരാൻ ഇന്ത്യയിൽ നിന്നുള്ള 105 അംഗ മെഡിക്കൽ സംഘം യുഎഇയിൽ. അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കൽ വിദഗ്ദരും അടക്കമുള്ള സംഘമാണ് ഇന്ന് രാവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എത്തിഹാദ് എയർവേയ്‌സിന്റെ ചാർട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായി കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള സംഘത്തിന്റെ യാത്ര. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ പൂർണ്ണപിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയിൽ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപ്പൂർ പറഞ്ഞു. 'ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ കരുത്തേകുമെന്ന് നമ്മൾ എല്ലായ്‌പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് ഇന്ത്യയും യുഎഇയും ഇപ്പോൾ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങൾ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീർഘകാല ബന്ധത്തെ തുടർന്നാണ് ഇത് സാധ്യമായത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെത്തിയ 105 അംഗ സംഘത്തിൽ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. അടിയന്തര പരിചരണത്തിൽ വൈദഗ്ദ്യമുള്ള നഴ്‌സുമാർ, ഡോക്ടർ, പാരാമെഡിക്കുകൾ എന്നിവർ ഇതിലുണ്ട്. ഇതിനു പുറമെ യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടിൽ വന്നു ലോക്ക് ഡൗൺ കാരണം തിരിച്ചു പോവാനാകാതെ നാട്ടിൽ കുടുങ്ങിയതാണിവർ.

കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ആരോഗ്യരംഗത്ത് അനുഭവസമ്പത്തുള്ള മെഡിക്കൽ സംഘത്തെ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. നബീൽ ഡിബൗണി പറഞ്ഞു. കോവിഡിനെ നേരിടാൻ യുഎഇ സർക്കാർ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. സർക്കാരിനെ പിന്തുണയ്ക്കാനുള്ള നടപടികളുടെ തുടർച്ചയായാണ് മെഡിക്കൽ സംഘത്തെ ഇന്ത്യയിൽ നിന്ന് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ സംഘത്തെ കൊണ്ടുവരാൻ സഹായിച്ച യുഎഇ, ഇന്ത്യൻ സർക്കാരുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യൻ എംബസി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, മിനിസ്ട്രി ഓഫ് ഫോറിൻ അഫെയർസ് ആൻഡ് ഇന്റർനാഷണൽ കോപ്പറേഷൻ, ഇന്ത്യൻ സർക്കാർ എന്നിവരുടെ പൂർണ്ണ പിന്തുണയാണ് തുടക്കം മുതൽ ദൗത്യത്തിന് ലഭിച്ചിരുന്നത്.

വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ യാത്രയ്ക്ക് ആവശ്യമായ അനുമതികൾ നൽകിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ മെഡിക്കൽ സംഘത്തിലെ അംഗങ്ങളെ യാത്രയ്ക്കായി കൊച്ചിയിൽ എത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും സഹായിച്ചു. വിവിധ ജില്ലകളിൽ താമസക്കാരായ ഇവരെ പ്രത്യേകം ഏർപ്പാടാക്കിയ കെഎസ്ആർടിസി ബസുകളിലാണ് ഞായറാഴ്ച കൊച്ചിയിൽ എത്തിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മെഡിക്കൽ സംഘത്തിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പിസിആർ പരിശോധനയിൽ എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര.

കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി യുഎഇയിൽ വിപിഎസ് ഹെൽത്ത്‌കെയർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വലിയ കോവിഡ് പരിശോധന പദ്ധതിയായ നാഷണൽ കോവിഡ് സ്‌ക്രീനിങ് പ്രൊജക്ടിലെ സ്വകാര്യ പങ്കാളിയാണ് വിപിഎസ്. അബുദാബിയിലെ പുതിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP