Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ വിമാനം എത്തുമ്പോൾ തന്നെ കേരളത്തിലേക്ക് പറക്കാൻ നോട്ടീസ് ലഭിച്ചത് ജാഗ്വാർ ലാൻഡ് റോവറിലെ 150 മലയാളികൾക്ക്; കോവിഡ് കാർ, ഐടി, വിപണിയെ തകർക്കുമ്പോൾ കൂടുതൽ പുതു തലമുറ മലയാളികൾ ബ്രിട്ടനോട് വിട പറയേണ്ടി വരും; കാറും വീടും വിൽക്കാൻ നെട്ടോട്ടം; വാടക കുതിച്ചുയരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയുക ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ എത്തിയവർക്ക് മാത്രം

ആദ്യ വിമാനം എത്തുമ്പോൾ തന്നെ കേരളത്തിലേക്ക് പറക്കാൻ നോട്ടീസ് ലഭിച്ചത് ജാഗ്വാർ ലാൻഡ് റോവറിലെ 150 മലയാളികൾക്ക്; കോവിഡ് കാർ, ഐടി, വിപണിയെ തകർക്കുമ്പോൾ കൂടുതൽ പുതു തലമുറ മലയാളികൾ ബ്രിട്ടനോട് വിട പറയേണ്ടി വരും; കാറും വീടും വിൽക്കാൻ നെട്ടോട്ടം; വാടക കുതിച്ചുയരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയുക ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ എത്തിയവർക്ക് മാത്രം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വ്യോമപാത തുറന്നാൽ ആദ്യ വിമാനം എത്തുന്നതും നോക്കിയിരിക്കുന്നത് 150 ലേറെ മലയാളി കുടുംബങ്ങൾ. നാട്ടിൽ എത്തി മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളെ കാണാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ട് മാത്രമല്ല, യുകെയിൽ തുടരാൻ കഴിയാതെ ജോലി നഷ്ടമായതുകൊണ്ട് കൂടിയാണ് ഈ കാത്തിരിപ്പ്. കോവിഡ് തകർത്തെറിഞ്ഞ കാർ വിപണിയിലെ ആദ്യ ഞെട്ടിക്കുന്ന വാർത്തയാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. ആയിരത്തിലേറെ മലയാളികൾ ജോലി ചെയ്യുന്നതായി കരുതപ്പെടുന്ന കവൻട്രിയിലെയും പരിസര പ്രദേശങ്ങളിലെയും ജാഗ്വാർ ലാൻഡ് റോവർ കമ്പനി ജീവനക്കാരായ മലയാളികൾക്കാണ് എത്രയും വേഗത്തിൽ കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തും ഉള്ള അവരുടെ ആദ്യ ജോലിയിടങ്ങളിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണം മൂലം ഉൽപ്പാദന ഇടിവ് നേരിടുന്ന ജെഎൽആർ കൂടുതൽ കടുത്ത നടപടികൾ ആരംഭിക്കും എന്നതിന്റെ സൂചന കൂടിയാണിത്. കോവിഡ് തകർക്കുന്ന കാർ വിപണിയിലെ മഞ്ഞുമലയുടെ മുനപ്പ് മാത്രമാണ് മലയാളികളായ യുവ പ്രൊഫഷണലുകൾക്ക് ലഭിച്ചിരിക്കുന്ന ട്രാൻസ്ഫാർ നോട്ടീസ്. ശരാശരി 50000 പൗണ്ട് എങ്കിലും വാർഷിക ശമ്പളം നേടിയിരുന്നവർക്കാണ് ഇപ്പോൾ നാട്ടിലേക്കു മടങ്ങേണ്ടി വരുന്നതും.

രാജ്യത്തെ കാർ നിർമ്മാണത്തിൽ വെറും 200 കാറുകൾ പോലും മൊത്തമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് പുറത്തു വരുന്നത്. ലോക്ഡൗൺ സമയത്തു കാർ കമ്പനികളോട് വെന്റിലേറ്റർ നിർമ്മിക്കാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടത് ലോക മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടം പിടിച്ചപ്പോൾ കാർ വ്യവസായത്തിന്റെ കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോയത്. ബ്രിട്ടീഷ് ധന വ്യവസ്ഥയുടെ നട്ടെല്ലായ വീട് വിപണിയും കാർ വിപണിയും ഒന്നിച്ചു നിലനിൽപ്പിനുള്ള ഭീഷണി നേരിടുന്നതോടെ രണ്ടാം ലോക മഹായുദ്ധ ശേഷം ഉണ്ടായ പ്രതിസന്ധിയേക്കാൾ ഭയാനകമായ പ്രതികരണം സമ്പദ് മേഖലയിൽ എത്തും എന്നാണ് നിരീക്ഷണം.

കാർ വിപണിയിൽ തകർച്ച 99.7 ശതമാനം എത്തിക്കഴിഞ്ഞു എന്നാണ് വിപണി റിപ്പോർട്ടുകൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ഏപ്രിലിൽ 71000 കാറുകൾ വിപണിയിൽ ഇറക്കിയ ബ്രിട്ടനിലെ കാർ വിപണിയിൽ കഴിഞ്ഞ മാസം പുറത്തു വന്നത് വെറും 197 കാറുകൾ. അതും ലോക്ഡൗൺ ആരംഭിക്കും മുൻപ് അവസാന വട്ട മിനുക്കുപണികൾ പൂർത്തിയാക്കിയവ. പാതിയിലധികം കാർ കമ്പനികൾ വീണ്ടും തുറന്നെങ്കിലും കോവിഡ് തകർച്ചയുടെ ആഘാതം മനസിലാക്കാൻ രണ്ടോ മൂന്നോ മാസം കൂടി കാത്തിരിക്കേണ്ടി വരും.

വർഷങ്ങളായി യുകെയിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും. ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും കയറ്റുമതി വിപണി ഉൾപ്പെടെ വ്യാപാര മേഖല ഉണർവ്വു നേടാൻ കൂടുതൽ സമയം എടുക്കുകയും ചെയുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ കമ്പനി മടക്കി വിളിക്കാനും സാധ്യതയുണ്ട്. ഇതോടെ വീടും കാറും ഒക്കെ സ്വന്തമായുള്ളവർ എങ്ങനെയും അവ വിറ്റൊഴിയാനുള്ള തത്രപ്പാടിലാണ്.

വീട് വിപണി താൽക്കാലികമായി വാങ്ങലും വിൽപ്പനയും അനുവദിച്ചതോടെ വീടുകൾ വിൽക്കാമെന്ന പ്രതീക്ഷയാണ് നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതർ ആയവർ പറയുന്നത്. കാർ വിൽപനക്കും ഇവർ മലയാളികളെ തന്നെ ആശ്രയിക്കുകയാണ്. ഓട്ടോ ട്രേഡർ അടക്കമുള്ള വിൽപന സൈറ്റുകളിൽ എല്ലാം കടുത്ത മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിപണി വിലയുടെ 25 ശതമാനം വരെ നഷ്ടം സഹിച്ചാണ് അത്യാവശ്യക്കാർ കാർ വിൽപ്പന നടത്തുന്നത്.

വ്യോമഗതാഗതം ആരംഭിച്ചാൽ നാട്ടിലേക്കു മടങ്ങുന്നത് വൈകിയാൽ വാടക അടക്കം ഉള്ള കാര്യങ്ങളിലും ഇവർ പ്രതിസന്ധി നേരിടേണ്ടി വരും. കഴിഞ്ഞ ഒരു വർഷമായി കുത്തനെ ഉയർന്ന വീട്ടു വാടക കോവിഡ് എത്തിയതോടെ അന്തം വിട്ട ഉയർച്ചയിലാണ്. മൂന്നു ബെഡ്‌റൂം വീടുകൾ കവൻട്രി പോലെയുള്ള മധ്യവർഗ നഗരങ്ങളിൽ പോലും ആയിരം പൗണ്ട് മാസ വാടകയിലേക്ക് നീങ്ങുകയാണ്. ഇത് ലണ്ടൻ നഗര പ്രാന്തങ്ങളിൽ എത്തുമ്പോൾ 1800 മുതൽ ഉള്ള നിരക്കായും മാറുന്നു. കാർ വിപണിക്കു പുറമെ റോൾസ് റോയ്‌സ്, എയർ ബസ്, ടാറ്റ കൺസൾട്ടൻസി, ടാറ്റ സ്റ്റീൽ, മൾട്ടി നാഷണൽ ഐടി കമ്പനികൾ എന്നിവയിൽ ഒക്കെ ജോലി ചെയുന്ന യുവ പ്രൊഫഷണലുകളും ജോലി നഷ്ട ഭീതി നേരിടുന്നുണ്ട്.

ഇവരെക്കൂടാതെ ഷിപ്പിങ് മേഖലയിൽ ജോലി ചെയ്തിരുന്ന യുകെയിൽ ഉള്ള മലയാളികളിൽ പലർക്കും മെയ് മാസം യുകെയിൽ ജോലി ഇല്ല എന്ന അറിയിപ്പ് ലഭിച്ചതോടെ രണ്ടാഴ്ച മുൻപ് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഇവരൊക്കെ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഇവരിൽ മിക്കവർക്കും ഇനി ഗൾഫ് രാജ്യങ്ങളിൽ ആയിരിക്കും ജോലിയെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ സ്ഥിര താമസം ആക്കുക എന്ന ഇവരുടെ ഒക്കെ മോഹങ്ങൾ കൂടിയാണ് കോവിഡ് തകർത്തെറിയുന്നത്.

ഇതോടെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായി തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ലോകമാണ് കോവിഡിന് ശേഷം യുകെയിൽ കാണേണ്ടി വരുന്നത്. ഇൻട്രാ കമ്പനി ട്രാൻസ്ഫറുകൾ എന്ന പേരിൽ എത്തുന്ന യുവ പ്രൊഫഷണലുകൾക്ക് ഇനിയുള്ള കാലം യുകെ ജീവിതം കിട്ടാക്കനി ആകും എന്ന സൂചനകളും ലഭ്യമാണ്. ഏറ്റവും കുറവ് മനുഷ്യ വിഭവ ശേഷി ഉപയോഗിച്ച് കോവിഡിന് ശേഷം പിടിച്ചു നിൽക്കാൻ ഉള്ള ശ്രമമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ എൻഎച്ച്എസിൽ കൂടുതൽ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം ആവശ്യമായതിനാൽ ഇത്തരം തൊഴിൽ തേടി എത്തുന്നവരുടെ എണ്ണം വർധിക്കും എന്നും ഉറപ്പാണ്. കഴിഞ്ഞ ഏതാനും വർഷമായി പതിനായിരത്തിലധികം നഴ്‌സുമാർ തന്നെ കേരളത്തിൽ നിന്നും എത്തിക്കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റ നിയമത്തിൽ വരുത്തിയ ഇളവുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതാനും വർഷം കൂടി തുടരാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതർ ആകും എന്നതുമാണ് ആരോഗ്യ മേഖലയിലെ തൊഴിലിൽ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ സുരക്ഷിതരാകാൻ കാരണമായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP