Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുകെ മലയാളി ശാസ്ത്രജ്ഞൻ ഡോ ജയകൃഷ്ണൻ ചന്ദ്രപ്പന് അപൂർവ നേട്ടം; റോൾസ് റോയ്‌സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന ഗവേഷണ സ്ഥാപനത്തിന് ഇനി ഈ ചേർത്തലക്കാരന്റെ മേൽനോട്ടം; സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ; മുംബൈ ഐഐടി യിൽ നിന്നും സിംഗപ്പൂർ വഴി ലീഡ്സ് യൂണിവേഴ്‌സിറ്റിയിൽ എത്തിയ പ്രതിഭയ്ക്ക് അംഗീകാരം വിദേശ മണ്ണിൽ

യുകെ മലയാളി ശാസ്ത്രജ്ഞൻ ഡോ ജയകൃഷ്ണൻ ചന്ദ്രപ്പന് അപൂർവ നേട്ടം; റോൾസ് റോയ്‌സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന ഗവേഷണ സ്ഥാപനത്തിന് ഇനി ഈ ചേർത്തലക്കാരന്റെ മേൽനോട്ടം; സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ; മുംബൈ ഐഐടി യിൽ നിന്നും സിംഗപ്പൂർ വഴി ലീഡ്സ് യൂണിവേഴ്‌സിറ്റിയിൽ എത്തിയ പ്രതിഭയ്ക്ക് അംഗീകാരം വിദേശ മണ്ണിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യൻ തലച്ചോറുകൾ വിദേശ രാജ്യങ്ങൾ വിലയ്ക്ക് വാങ്ങുന്നു എന്നത് പുതിയ കാര്യമല്ല, പതിറ്റാണ്ടുകളായി സംഭവിക്കുന്ന കാര്യമാണിത്. ഈ നിരയിൽ ഏറ്റവും ഒടുവിലായി കേൾക്കുന്ന വാർത്തയാണ് ചേർത്തലക്കാരൻ ജയകൃഷ്ണന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന അംഗീകാരം. വ്യവസായ സ്ഥാപനങ്ങൾക്കു കൈത്താങ്ങാകാൻ ഗവേഷകരെയും വ്യവസായ സ്ഥാപങ്ങളെയും കൂട്ടിയിണക്കി പത്തു വർഷം മുൻപ് ആരംഭിച്ച സംരംഭങ്ങളിൽ ഒന്നിന്റെ ചുമതലയാണ് ബ്രിട്ടീഷ് സർക്കാർ ഈ മലയാളിയെ ഏൽപ്പിച്ചിരിക്കുന്നത്. ഒരർത്ഥത്തിൽ ജയകൃഷ്ണന്റെ നേട്ടം ഇന്ത്യയുടെ കോട്ടമായി മാറുകയാണ്. കാരണം ഒന്നര പതിറ്റാണ്ട് മുൻപ് മുംബൈ ഐ ഐ ടിയിൽ ഗവേഷകനായി ജോലി ചെയ്യുമ്പോൾ ജപ്പാനിൽ തുടർ ഗവേഷണം നടത്താൻ ലഭിച്ച അപൂർവ അംഗീകാരം നിസാര കാര്യങ്ങൾ പറഞ്ഞു മുടക്കി മനസ് മടുപ്പിച്ചതോടെയാണ് ഇലക്ട്രോണിക്സ് രംഗത്ത് അത്ഭുതങ്ങൾ കാട്ടുന്ന ഈ യുവശാസ്ത്രജ്ഞൻ നാട് വിട്ടു പ്രവാസിയാകാൻ തീരുമാനിക്കുന്നത്.

മുംബൈയിൽ നിന്നും സിംഗപ്പൂരിലെ അമേരിക്കൻ കമ്പനിയിൽ എത്തിയ ജയകൃഷ്ണൻ തന്റെ ഗവേഷണം തുടരാൻ ലീഡ്സ് യൂണിവേഴ്‌സിറ്റിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫും കുതിച്ചുയരുക ആയിരുന്നു. ഒടുവിലിപ്പോൾ ഗവേഷകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മധ്യവർത്തിയായി പ്രവർത്തിക്കുന്ന സി എസ് എ ക്യാറ്റപുലറ്റ് എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് പാക്കേജിങ് തലവനായി മാറിയിരിക്കുകയാണ് ബ്രിസ്റ്റോൾ നിവാസിയായ ഈ മലയാളി. ഈ ചുമതലയിൽ അദ്ദേഹം എത്തുമ്പോൾ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ കൂടിയാണെന്ന വിവരം കൂടി പുറത്തെത്തുകയാണ്. ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നവർ അടക്കം 75 ജീവനക്കാരുടെ ടീമിനെ നയിച്ച് സ്ഥാപനത്തിന് ബിസിനസ് കണ്ടെത്തുന്നത് അടക്കമുള്ള നിർണായക ചുമതലകൾ ആണ് ബ്രിട്ടീഷ് സർക്കാർ ഈ മലയാളിയെ ഏൽപ്പിച്ചിരിക്കുന്നത്.

റോൾസ് റോയ്‌സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന സ്ഥാപനം

പുത്തൻ ഐ ഫോണും ഇലക്ട്രോണിക് കാറും ഉപയോഗിക്കുമ്പോൾ സാധാരണക്കാർ കരുതുക ഏതെങ്കിലും ബ്രാൻഡ് പണം മുടക്കി വികസിപ്പിച്ച സാങ്കേതിക വിദ്യ ആണെന്നാകും. എന്നാൽ അനേകം ഇലട്രോണിക് സെമി കണ്ടറ്ററുകൾ ഉപയോഗിക്കുന്ന ആധുനിക മെഷീനുകളുടെ പ്രവർത്തനം അനേക വർഷങ്ങളുടെ ഗവേഷണ ഫലമായി രൂപം കൊള്ളുന്നവയാണ്. ഇത്തരം ഗവേഷങ്ങൾ പലതും നടക്കുക സർക്കാർ സ്ഥാപനങ്ങളിലും ആയിരിക്കും. സാങ്കേതിക വിദ്യ വികസനത്തിൽ എന്നും പണം മുടക്കാൻ തയാറാകുന്ന ബ്രിട്ടന്റെ നൂതന ആശയമാണ് കാട്യാപുലറ്റ് സെന്ററുകൾ. വൻകിട, ചെറുകിട വ്യവസായങ്ങൾക്കു ആവശ്യമായ ഗവേഷണം പരുവപ്പെടുത്തുക എന്നതാണ് ഇത്തരം സെന്ററുകളുടെ ജോലി. ഉദാഹരണമായി ഐ ഫോൺ അമിതമായി ചൂടാകുന്നതും ഇലക്ട്രിക് കാറുകൾ അതിവേഗം ബാറ്ററി തീരുന്നതും പ്രധാന ന്യൂനതയായി വിപണി ചൂണ്ടിക്കാട്ടുമ്പോൾ പരിഹാരം കണ്ടെത്താൻ ഉള്ള ജോലിയാണ് യുകെയിലെ കാട്യാപുലറ്റ് സെന്ററുകൾ ഏറ്റെടുക്കുന്നത്. അതായതു ഒരു കണ്ടെത്തലിനെ ഭംഗിയായി പായ്ക്ക് ചെയ്തു ഉപകരണത്തിൽ ഫിറ്റ് ചെയ്യുക. അതുകൊണ്ടുകൂടിയാണ് ഈ സെന്ററുകളെ അഡ്വാൻസ്ഡ് പാക്കേജിങ് യൂണിറ്റുകൾ എന്ന് വിളിക്കുന്നതും. ബ്രിട്ടന്റെ നവീന ആശയമായ കാട്യാപുലറ്റ് സെന്ററുകൾ മികച്ച നേട്ടങ്ങളാണ് കണ്ടെത്തികൊണ്ടരിക്കുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചലനാത്മകം ആക്കുന്നതിൽ കാട്യാപുലറ്റ് സെന്ററുകൾ പോലെയുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന റോളും ഏറെ വലുതാണ്.

ഐഐടി മടുപ്പിച്ചപ്പോൾ വിളി വന്നത് സിംഗപ്പൂരിലെ അമേരിക്കൻ കമ്പനിയിൽ നിന്നും

വാർത്താവിനിമയ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ രംഗത്ത് ഏഴു വർഷം മുംബൈ ഐഐടിയിൽ ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അക്കാലത്തൊന്നും നാട് വിടുന്നത് ആലോചിച്ചിട്ട് പോലുമില്ല. സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നതിൽ അഭിമാനം മാത്രമായിരുന്നു. എന്നാൽ ഇത്തരം ഗവേഷണങ്ങൾക്കു അധികം പണം മുടക്കാൻ ഇന്നും ഇന്ത്യ തയാറല്ലാത്തതിനാൽ അക്കാലത്തെ പരിമിത സാഹചര്യങ്ങളിൽ മികച്ച ഒരു സ്‌കോളർഷിപ് അവസരം ജപ്പാനിൽ നിന്നും വന്നപ്പോൾ ജയകൃഷ്ണൻ കൈകൊടുക്കാൻ തയ്യാറായി. എന്നാൽ ജയകൃഷ്ണൻ ഐഐടി യിൽ ചെയ്തിരുന്ന ജോലി പകരം ഏറ്റെടുക്കാൻ ആളുണ്ടായിരുന്നില്ല. അതോടെ ജയകൃഷ്ണന് സർക്കാരിൽ നിന്നും എൻ ഓ സി ലഭിക്കുന്നത് തടയപ്പെട്ടു. തന്റെ കരിയർ അവിടെ ഒരുങ്ങുന്നതായി അദ്ദേഹത്തിന് സാവകാശം ബോധ്യപ്പെടുക ആയിരുന്നു. ഒരു യുവ ശാസ്ത്രജ്ഞന്റെ മനസ് മടുപ്പിക്കാൻ ആവശ്യത്തിൽ ഏറെയായിരുന്നു ആ സ്‌കോളർഷിപ്പ് തടയൽ.

എന്നാൽ ഒട്ടും വൈകാതെ ജയകൃഷ്ണന്റെ വഴിയിൽ അടുത്ത അവസരം വന്നെത്തുക ആയിരുന്നു. അമേരിക്കൻ ഉടമസ്ഥയിൽ ഉള്ള ലോകത്തെ രണ്ടാമത്തെ വലിയ ചിപ്പ് നിർമ്മാണ കമ്പനിയിൽ ഉയർന്ന ഉദ്യോഗത്തിൽ അദ്ദേഹം നിയമിക്കപ്പെട്ടു. അക്കാലത്തു മാൾട്ട, ജർമനി, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഈ സമയത്താണ് വീണ്ടും ഡോക്ട്രറേറ്റ് എന്ന മോഹം സജീവം ആകുന്നത്. അങ്ങനെ ലീഡ്സ് യൂണിവേഴ്‌സിറ്റിയിൽ ഒപ്റ്റിക്കൽ സിഗ്നൽ ബൂസ്റ്റിങ് അടിസ്ഥാനമാക്കി ഗവേഷണം ഏറ്റെടുത്തത്. സാധാരണ മൂന്നോ നാലോ വർഷം എടുത്തേക്കാവുന്ന ഗവേഷണം രണ്ടു വർഷം കൊണ്ട് പൂർത്തിയാകാനായി. 20 മീറ്റർ ഉള്ള ഒരു ഫൈബർ കേബിൾ സ്റ്റോറിങ് രണ്ടു സെന്റിമീറ്റർ വലിപ്പത്തിലേക്കു ചുരുക്കിയെടുത്താണ് ജയകൃഷ്ണൻ നേട്ടം കൊയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ചെറുതായിക്കൊണ്ടിരിക്കുന്ന കാലത്തു ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഏറെയാണ്. ഇപ്പോൾ ലീഡ്‌സിൽ ഉള്ള ഒരു സ്റ്റാർട്ട് അപ് സ്ഥാപനം ഈ കണ്ടെത്തൽ ഒരു ഡിവൈസ് ആയി വിപണിയിൽ എത്തിക്കാൻ ഉള്ള ഒരുക്കത്തിലുമാണ്. ഈ കണ്ടെത്തലിനു റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. മാത്രമല്ല ശാസ്ത്ര വിഷയങ്ങളിലെ ആധികാരിക പ്രസിദ്ധീകരണമായ നേച്ചർ മാഗസിൻ വലിയ പ്രാദാന്യത്തോടെയാണ് ജയകൃഷ്ണന്റെ നേട്ടം ഉൾപ്പെടുന്ന ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.

വീണ്ടും അംഗീകാരമായി രണ്ടു കോടി രൂപയുടെ ഫെല്ലോഷിപ്പ്

ജയകൃഷ്ണന്റെ സമയം കൂടുതൽ തെളിയുക ആയിരുന്നു എന്നും പറയാം. ഏകദേശം രണ്ടു കോടി രൂപയോളം മൂല്യമുള്ള മേരി ക്യൂറി ഫെല്ലോഷിപ്പ് ആണ് ഇദ്ദേഹത്തെ തേടി എത്തിയത്. ഈ സമയത്തു സീനിയർ പ്രൊഫസർ വാങ്ങുന്ന ശമ്പളത്തേക്കാൾ ആനുകൂല്യം ജയകൃഷ്ണനെ തേടി എത്തുകയായിരുന്നു. തുടർന്ന് സെന്റർ ഫോർ പ്രോസസിങ് ഇന്നൊവേഷൻ എന്ന സിപിഐയിൽ നിയമനം. ഹെൽത്ത് കെയർ ഫോട്ടോണിക്‌സിൽ ടെക്‌നോളജി മാനേജർ ആയി പ്രവർത്തിച്ച ശേഷമാണു പ്രിൻസിപ്പൽ എൻജിനീയറായി ക്യാറ്റപ്പുൽറ്റിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഈ സർക്കാർ ഏജൻസിയിൽ നിയമിതനായ ജയകൃഷ്ണൻ കേവലം ഒരു വർഷം കൊണ്ടാണ് ആരും കൊതിക്കും വിധം സ്ഥാപന മേധാവിയുടെ റോളിലേക്ക് ഉയരുന്നത്. ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചു മില്യൺ പൗണ്ട് മൂല്യമുള്ള പ്രോജക്ട് ഫണ്ടിങ്ങും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ നേട്ടങ്ങൾ ചുരുങ്ങിയ സമയത്തിൽ ഗവേഷണ രംഗത്ത് സ്വന്തമാക്കിയ മലയാളികൾ നന്നേ വിരളം ആയിരിക്കും. ഇപ്പോൾ ക്യാറ്റപുലറ്റിൽ പുതിയ ഇടപാടുകാരെ കണ്ടെത്തുന്നത് മുതൽ ഡിവൈസുകൾ നിർമ്മിക്കുന്നതും ടീമിനെ നയിക്കുന്നതും ഒക്കെ ഈ ചേർത്തല തണ്ണീർമുക്കംക്കാരന്റെ റോൾ ആയി മാറുകയാണ്.

ഐടി രംഗത്തെ അതികായന്മാരായ ഐബിഎമ്മിന്റെ ബ്രിസ്റ്റോൾ യൂണിറ്റിൽ ഡെവലൊപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന കീർത്തി ജയകൃഷ്ണനാണ് പത്നി. ഗ്ലോസ്റ്റർ ഗ്രാമർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീറാമും മൂന്നാം ക്ലാസ് വിദ്യാർത്ഥി സ്വരാജുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP