Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുകെ മലയാളികളിൽ വില്ലനാകുന്നത് വൈറൽ ലോഡെന്നു സൂചന; ഓരോ മരണത്തിന്റെയും കാരണം തേടുമ്പോൾ ജോലി സ്ഥലത്തിന്റെയും സാമൂഹ്യ സമ്പർക്കത്തിന്റെയും രീതികൾ കോവിഡ് മരണത്തിൽ നിർണായക റോൾ ഏറ്റെടുക്കുന്നു; നിസാര രീതിയിൽ കോവിഡിനെ കാണരുത് എന്നോർമ്മിപ്പിച്ചു കടന്നു പോകുന്നത് യുകെ മലയാളികളുടെ പ്രിയപ്പെട്ടവർ

യുകെ മലയാളികളിൽ വില്ലനാകുന്നത് വൈറൽ ലോഡെന്നു സൂചന; ഓരോ മരണത്തിന്റെയും കാരണം തേടുമ്പോൾ ജോലി സ്ഥലത്തിന്റെയും സാമൂഹ്യ സമ്പർക്കത്തിന്റെയും രീതികൾ കോവിഡ് മരണത്തിൽ നിർണായക റോൾ ഏറ്റെടുക്കുന്നു; നിസാര രീതിയിൽ കോവിഡിനെ കാണരുത് എന്നോർമ്മിപ്പിച്ചു കടന്നു പോകുന്നത് യുകെ മലയാളികളുടെ പ്രിയപ്പെട്ടവർ

പ്രത്യേക ലേഖകൻ

കവൻട്രി: ഇതുവരെ 14 കോവിഡ് മരണങ്ങൾ യുകെ മലയാളികൾ കണ്ടു കഴിഞ്ഞു. ഇതിൽ പ്രായാധിക്യം കൊണ്ട് മരിച്ചവർ വെറും നാലുപേർ മാത്രം. കാരണം ലളിതം, യുകെ മലയാളികൾ പ്രായാധിക്യം മൂലമുള്ള വിഭാഗമായി ഇനിയും മാറിയിട്ടില്ല. അവശേഷിക്കുന്ന പത്തു പേരിൽ ഒരാൾ കൂടി പ്രായാധിക്യ കണക്കിൽ പെടുത്താമെങ്കിലും ആ വ്യക്തി രോഗം പിടിപെടും വരെ ജോലി ചെയ്തിരുന്ന സാഹചര്യത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്. അവശേഷിക്കുന്ന ഒൻപതു പേരിൽ ഭൂരിഭാഗവും പ്രമേഹം ഉൾപ്പെടെയുള്ള മറ്റു രോഗങ്ങളുടെ അവശത അലട്ടിയിരുന്നവർ കൂടിയാണ്. രോഗം സംബന്ധിച്ച സ്വകാര്യത കാത്തു സൂക്ഷിക്കാൻ ഏവരും ആഗ്രഹിക്കും എന്ന വാസ്തവം നിലനിൽക്കെ യുകെ മലയാളികളിൽ കോവിഡ് മരണത്തിൽ തികഞ്ഞ ആരോഗ്യത്തോടെ കഴിഞ്ഞവർ മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിൽ തന്നെ ചുരുങ്ങിയത് രണ്ടോ മൂന്നോ പേരുടെ എങ്കിലും ജീവനുകൾ അൽപം അശ്രദ്ധയിലും അനാസ്ഥയിലും രക്ഷിക്കാൻ സാധിക്കാതെ പോയി എന്ന പാപഭാരവും എൻഎച്ച്എസിനെ തേടി എത്തുകയാണ്. കോവിഡ് രോഗികൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ രോഗം പിടിപെട്ടിട്ടും വേണ്ട ശ്രദ്ധ ലഭിക്കാതെ പോയവരാണ് ഈ രണ്ടോ മൂന്നോ പേർ. ഓരോ മരണവും പ്രത്യേകമായ വിലയിരുത്തലിന് വിധേയമാക്കുമ്പോൾ ജോലി ചെയ്തിരുന്ന പത്തു പേരിൽ ഭൂരിഭാഗവും ചെയ്തിരുന്ന ''വൈറൽ ലോഡ്'' എന്നറിയപ്പെടുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ നിര്ബന്ധിതർ ആയവരും വിധിക്കപ്പെട്ടവരും ആയിരുന്നു.

ഇതോടെ യുകെ മലയാളികളുടെ കാര്യത്തിൽ എങ്കിലും വൈറൽ ലോഡിന് നിർണായക പ്രാധാന്യം കൈവരുകയാണ്. ഇക്കാര്യം മാർച്ച മാസം അവസാനം തന്നെ ബ്രിട്ടീഷ് വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നതുമാണ്. ഓരോ വ്യക്തിയും ഇടപെടുന്ന അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കോവിഡ് വൈറസ് സാന്നിധ്യമാണ് വൈറൽ ലോഡ് എന്നറിയപ്പെടുന്നത്. നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പല മലയാളികളും വൈറൽ ലോഡ് കൂടിയ സാഹചര്യത്തിൽ നിന്നും രോഗവാഹകരായാണ് ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ടത്. കടുത്ത രോഗബാധയുണ്ടായി അനേകം ആഴ്ചകൾ വെന്റിലേറ്ററിൽ കഴിഞ്ഞു ഒടുവിൽ രോഗമുക്തി തേടിയവർ വെളിപ്പെടുത്തുന്നതും വൈറൽ ലോഡ് ഉണ്ടായിരുന്ന സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നതിനെ കുറിച്ച് തന്നെയാണ്. ഇതോടെ വൈറൽ ലോഡാണ് കോവിഡ് മരണങ്ങളിൽ വലിയ പങ്കു വഹിക്കുന്നതെന്നു ചുരുങ്ങിയ പക്ഷം യുകെ മലയാളികളുടെ കോവിഡ് അനുഭവം തെളിയിക്കുകയാണ്.

പ്രധാനമായും ആശുപത്രി ഐടിയു, എ ആൻഡ് ഇ, കോവിഡ് ഐസലേഷൻ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, അനേകം രോഗികൾ ഉള്ള കെയർ ഹോം ജീവനക്കാർ, അനേകം ആളുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന ബസ്, ടാക്‌സി ഡ്രൈവർമാർ, പെട്രോൾ പമ്പു ജീവനക്കാർ, കടകളിലും മറ്റും ജോലി ചെയുന്ന റീറ്റെയ്ൽ രംഗത്തെ ജീവനക്കാർ, ലണ്ടൻ ട്യൂബ് ട്രെയിനിലെ യാത്രക്കാർ, പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർ എന്നിവരൊക്കെ വൈറൽ ലോഡ് കൂടിയ സാഹചര്യങ്ങളിലാണ് കോവിഡിന് വിധേയരായി മാറുന്നത്. ഇത്തരക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടായാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം മറ്റുള്ളവരെക്കാൾ കൂടുതൽ തീവ്രമായിരിക്കും എന്ന നിഗമനമാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിൽ ആകെ മരണങ്ങളിൽ ജോലി ചെയ്തിരുന്നവരെ കുറിച്ചുള്ള പഠനവും സമാനമായ കണ്ടെത്തലാണ് പങ്കു വയ്ക്കുന്നത്.

കോവിഡ് ഒരു ദയയും ഇല്ലാതെ കടന്നാക്രമണം നടത്തിയ ലണ്ടനിലെ ആശുപത്രികളിൽ കോവിഡ് രോഗികളെ കിടത്തിയിരുന്ന എമർജൻസി യൂണിറ്റുകളിൽ എല്ലാം വൈറൽ ലോഡ് പരിധിയിലും ഏറെ ഉയർന്നത് ആയിരുന്നു എന്ന് മലയാളി ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. ജീവനക്കാരിൽ പലരും രോഗബാധിതർ ആയതോടെ മൈക്രോ ബയോളജിസ്റ്റുകളും മറ്റും ചേർന്ന് നടത്തിയ അന്തരീക്ഷ സാമ്പിൾ പഠനത്തിൽ കോവിഡ് സാന്നിധ്യം ശക്തമായിരുന്നു. ഇതോടെ ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൻഎച്ച്എസ് പരിപൂർണ സുരക്ഷാ ഉറപ്പാക്കുന്ന പിപിഇ കിറ്റുകൾ നിർബന്ധമാക്കിയിട്ടണ്ട്. ഇത് സൂചിപ്പിക്കുന്ന ഇ മെയിൽ മുന്നറിയിപ്പുകൾ എല്ലാ ജീവനക്കാർക്കും നൽകിയിട്ടുണ്ട്. കൂടുതൽ സമയം ഈ സാഹചര്യത്തിൽ കഴിയുന്നത് ഒഴിവാക്കാൻ ഷിഫ്റ്റ് സമയ ക്രമീകരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കണമെന്നാണ് ജീവനക്കർ ആവശ്യപ്പെടുന്നത്.

ഇതോടെ കടുത്ത സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ബോധ്യപ്പെടുകയാണ്. നിസാരമായി കോവിഡിനെ കാണരുത് എന്നാണ് ഓരോ കോവിഡ് മരണവും ഓർമ്മിപ്പിക്കുന്നത്. അതിനാൽ തന്നെ ബ്രിട്ടീഷ് സർക്കാർ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സാധിക്കുന്നവർ അത് തുടരണമെന്ന കാര്യം പ്രോത്സാഹിപ്പിക്കുകയാണ്. അല്ലാത്തവർ ലോക് ഡൗൺ നിയന്ത്രണം ഇളവ് ചെയ്യുമ്പോൾ കഴിവതും പൊതു ഗതാഗതം ഉപയോഗിക്കരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. കാൽനടയായോ സൈക്കിൾ ഉപയോഗിച്ചോ മാത്രമായിരിക്കണം ജോലിക്കു പോകേണ്ടതെന്നു സർക്കാർ ഓർമ്മിപ്പിക്കുന്നത് വൈറൽ ലോഡിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ശക്തമായതോടെയാണ്.

കടകളിലും മറ്റും ഷോപ്പിങ് അത്യാവശ്യ സാഹചര്യങ്ങളിൽ മതിയെന്ന് പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. സുഹൃത്തുക്കളെയും മറ്റും സന്ദർശിക്കാൻ വെമ്പി നിൽക്കുന്ന മലയാളികൾ പലരും ഓർത്തിരിക്കേണ്ടത് കോവിഡ് തുടച്ചു മാറ്റപ്പെടും വരെ പാലിക്കേണ്ട സാമൂഹ്യ അകലത്തെ കുറിച്ച് കൂടിയാണ്. എത്രയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടാമോ അത്രയും രോഗസാധ്യതയിൽ നിന്നുമുള്ള അകൽച്ച കൂടിയാണ് വൈറൽ ലോഡ് ഓരോ വ്യക്തിയേയും ഓർമ്മിപ്പിക്കുന്നത്. സാമൂഹ്യ ജീവിതത്തിൽ ഏറെ സന്തുഷ്ടരായ മലയാളികൾക്ക് ഇതത്ര വേഗത്തിൽ വഴങ്ങാത്ത കാര്യം അല്ലെന്നതാണ് സത്യം. എന്നാൽ വീഴ്ച വരുത്തിയാൽ കാത്തിരിക്കുന്നത് കോവിഡിന്റെ പ്രഹര ശേഷി കൂടിയ ആക്രമണം ആയിരിക്കും എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമായി ഓർമ്മിക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP