Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ ജോലി കവരുന്ന പോളീഷുകാർക്കും റൊമാനിയക്കാർക്കും ഇനി ബ്രിട്ടണിൽ എത്താൻ വഴികൾ ഒന്നുമില്ല; നഴ്സുമാർക്കും ടെക്കികൾക്കും ടീച്ചർമാർക്കും അവസരം ഉയരുമെന്നതിനാൽ ആശ്രിത വിസക്കാരടക്കം മലയാളികൾക്ക് സുവർണാവസരം; യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഔദ്യോഗികമായി പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമം ഇന്ത്യാക്കാർക്ക് പ്രതീക്ഷയാകുമ്പോൾ

മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ ജോലി കവരുന്ന പോളീഷുകാർക്കും റൊമാനിയക്കാർക്കും ഇനി ബ്രിട്ടണിൽ എത്താൻ വഴികൾ ഒന്നുമില്ല; നഴ്സുമാർക്കും ടെക്കികൾക്കും ടീച്ചർമാർക്കും അവസരം ഉയരുമെന്നതിനാൽ ആശ്രിത വിസക്കാരടക്കം മലയാളികൾക്ക് സുവർണാവസരം; യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഔദ്യോഗികമായി പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമം ഇന്ത്യാക്കാർക്ക് പ്രതീക്ഷയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒന്നരപ്പതിറ്റാണ്ട് മുൻപ് വരെ യുകെയിൽ എത്തുന്ന സകല മലയാളികൾക്കും വന്നിറങ്ങുന്ന ദിവസം തന്നെ ഇവിടെ ജോലി കിട്ടുമായിരുന്നു. ഡിപ്പെന്റന്റ് വിസയിൽ എത്തുന്നവർക്ക് ആരോടും ഒരു കണക്കും പറയാതെ ഇഷ്ടം പോലെ ജോലി ചെയ്യാമായിരുന്നു. സ്റ്റുഡന്റ് വിസക്കാർക്കു പോലും സുഖമായിരുന്നു സ്ഥിതി. എന്നാൽ പൊടുന്നനെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ആ അവസരങ്ങൾ എല്ലാം അവർ കവർന്നെടുത്തു. പൊളീഷുകാരും ചെക്ക് റിപ്പബ്ലിക്കുകാരും ലാത്വിയക്കാരും മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ മുഴുവൻ തൊഴിലും കവർന്നെടുത്തതിന്റെ ഷോക്കിൽ മലയാളികളിൽ പലരും ഓസ്ട്രേലിയയ്ക്ക് കുടിയേറി.

അതൊക്കെ ഇനി പഴയ കാര്യങ്ങളായി മാറും. ഇന്നലെ ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പുറത്തു വിട്ട പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ഇത്തരക്കാർക്കാർക്കും ഇനി യുകെയിലേക്ക് വരാൻ കഴിയില്ല. യുകെയിൽ ജോലി ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും മലയാളികൾക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. അങ്ങനെ ബ്രക്സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുന്നത് ഇന്ത്യക്കാർക്കാവുകയാണ്.

പുതിയ മാനദണ്ഡം അനുസരിച്ചു നഴ്സുമാരും ടെക്കികളും ടീച്ചർമാരും അടങ്ങുന്ന മലയാളികൾക്കു മുൻപത്തേക്കാൾ എളുപ്പത്തിൽ യുകെയിൽ എത്താം. മാത്രമല്ല, ഇവരുടെ ഒക്കെ ആശ്രിതർക്കും ഇവിടെത്തി തടസ്സങ്ങൾ ഇല്ലാതെ ജോലി ചെയ്യാം. എന്നാൽ പൊളീഷുകാർക്കും ഇംഗ്ലീഷ് അറിയാത്തതിനാലും നഴ്സിങ് അടക്കമുള്ള പ്രൊഫഷണലുകൾ കുറവായതിനാലും ഇതു വെല്ലുവിളിയാകും. കുറഞ്ഞ കൂലിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന അനാരോഗ്യ പ്രവണതയ്ക്ക് അന്ത്യം കുറിക്കുന്നതാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നതും ബ്രക്‌സിറ്റിനെ തുടർന്ന് നടപ്പിലാക്കാനിരിക്കുന്നതുമായ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ.

ഇതു പ്രകാരം യുകെയിൽ ജോലി തേടുന്ന യൂറോപ്യന്മാർക്ക് സാധുതയുള്ള ജോബ് ഓഫറും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളമുള്ള ജോലിയുള്ളവരെ മാത്രമേ ഇവിടേക്ക് കുടിയേറാൻ സമ്മതിക്കുകയുള്ളൂ. ആളുകളെ ലഭിക്കാൻ വളരെ പ്രയാസമുള്ള നഴ്‌സിങ് പോലുള്ള ജോലിക്കായെത്തുന്നവർക്ക് ഇളവ് അനുവദിക്കും. യുകെ 1973ൽ യൂറോപ്യൻ യൂണിയന്റെ കോമൺ മാർക്കറ്റിൽ അംഗമായതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ബോർഡർ നിയമമാറ്റങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ വ്യവസ്ഥ ഓസ്‌ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത വ്യവസ്ഥയാണ്. ഇത് പ്രകാരം കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയില്ല.

യൂറോപ്യന്മാർക്ക് യുകെയിൽ വർക്ക് വിസ ലഭിക്കുന്നതിനുള്ള സാധ്യത ലോകത്തിലെ മറ്റിടങ്ങളിലുള്ളവർക്ക് സമാനമായിത്തീർക്കുന്ന സിസ്റ്റമാണിത്. പുതിയ നിയമങ്ങൾ അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും നേടിയാൽ മാത്രമേ ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റുകൾ നിശ്ചയിക്കുന്നത്. സയന്റിസ്റ്റുമാരെ പോലുള്ള ഉയർന്ന കഴിവുകളുള്ള കുടിയേറ്റക്കാർക്ക് യുകെയിലേക്ക് വരുന്നതിന് ജോബ് ഓഫറില്ലെങ്കിലും പ്രശ്‌നമില്ല. ലോകത്തിലെ ഏറ്റവും കഴിവുറ്റവരെയും മികച്ചവരെയും യുകെയിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഇമിഗ്രേഷൻ വ്യവസ്ഥയിൽ കാര്യമായ അഴിച്ച് പണി സർക്കാർ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റവും കഴിവുറ്റവർക്ക് ഇവിടേക്ക് കുടിയേറുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കുറഞ്ഞ കഴിവുകളുള്ള കുടിയേറ്റക്കാർക്ക് ജനറൽ വിസകൾ അനുവദിക്കുന്നതായിരിക്കില്ല.

2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം, 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയിലെ ജനവികാരത്തിന് അനുസരിച്ചാണ് ഇപ്പോൾ പുതിയ കുടിയേറ്റ നിയമങ്ങളുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിശദീകരിച്ചിരിക്കുന്നത്. അതായത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള ലോ സ്‌കിൽഡ് ഇമിഗ്രേഷൻ ഓരോ വർഷവും വർധിച്ച് വരുന്നതിനാൽ അത് വെട്ടിക്കുറയ്ക്കണമെന്ന് ജനം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിലൂടെ അത് സാധ്യമാകുമെന്നും പ്രീതി പട്ടേൽ ഉറപ്പേകുന്നു.

യുകെയുടെ അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള ചരിത്രപ്രാധാന്യമേറിയ ബ്ലൂപ്രിന്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രീതി വിശദീകരിക്കുന്നു. ഒരു തലമുറയ്ക്കിടയിലെ ഏറ്റവും വിപ്ലവകരമായ ഇമിഗ്രേഷൻ നിയമ പരിഷ്‌കാരങ്ങളാണിതെന്നും ഇതിനായി പൊതുജനം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ എടുത്ത് കാട്ടുന്നു. പുതിയ നിയമങ്ങൾ പ്രാവർത്തികമാകുന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടു വന്ന് നിയമിക്കുന്നത് യുകെയിലെ തൊഴിലുടമകൾ അവസാനിപ്പിക്കണമെന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.

ഇതിന് പകരമായി ബ്രിട്ടനിലെ 1.3 മില്യൺ വരുന്ന തൊഴിൽ രഹിതരിൽ നിന്നും ജോലിക്ക് ആളെയെടുക്കാൻ യുകെയിലെ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളാണിവ. അല്ലെങ്കിൽ നിലവിലുള്ള തൊഴിലാളികളെ നിലനിർത്തുന്നതിന് പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഉയർന്ന ശമ്പളം നൽകേണ്ടി വരും. എന്നാൽ പുതിയ പരിഷ്‌കാരത്തിനെതിരെ യുകെയിലെ നിരവധി ഇന്റസ്ട്രി ലീഡർമാരാണ് കടുത്ത പ്രതിഷേധവും മുന്നറിയിപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രട്ടിങ് നിബന്ധനകൾ കെയർ സിസ്റ്റം പോലുള്ള മേഖലകളിൽ കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പേകുന്നത്.

ഇതിന് പുറമെ കാർഷിക മേഖല, ബിൽഡർമാർ, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയിലെ റിക്രൂട്ടിംഗിലും ഈ നിയമങ്ങൾ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ട്.

പുതിയ നിയമങ്ങൾ എന്താണ്? എന്നാണ് പ്രാബല്യത്തിൽ വരുന്നത്?

പുതിയ നീക്കമനുസരിച്ച് ന്യൂ ഇയർ ഈവിന് യുകെയിലുണ്ടാവുന്ന ഏത് യൂറോപ്യൻ പൗരന്മാർക്കും ഇവിടെ നിലവിലെ നിയമങ്ങൾ പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടായിരിക്കും. അടുത്ത ജനുവരി മുതലാണിവ നിലവിൽ വരുന്നത്. പുതിയ നിയമങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയൻകാർക്ക് വിസയില്ലാതെ യുകെയിൽ പരമാവധി ആറ് മാസങ്ങൾ മാത്രമേ നിലനിൽക്കാനാവുകയുള്ളൂ. വരുമാനവുമായി ബന്ധപ്പെട്ട ബെനഫിറ്റുകൾ ക്ലെയിം ചെയ്യുന്നതിൽ നിന്നും യൂറോപ്യന്മാർ അടക്കമുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വിലക്കുന്നതായിരിക്കും.

യൂറോപ്യൻ ട്രാവലർമാർക്ക് നിലവിലെ യുകെ ആൻഡ് ഇയു ഇ ഗേറ്റുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാം. എന്നാൽ ഇത് കർക്കശമായ റിവ്യൂവിന്റെ കീഴിൽ മാത്രമേ ഉപയോഗിക്കാനാവൂ.യൂറോപ്യൻ യൂണിയനിൽ നിന്നടക്കമുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെ ജോലി ചെയ്യാൻ വരുന്നവരാണെങ്കിൽ വർഷത്തിൽ 400 പൗണ്ട് ഹെൽത്ത് സർചാർജ് നിർബന്ധമായും നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ള യൂറോപ്യന്മാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷിതമല്ലാത്ത യൂറോപ്യൻ യൂണിയൻ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നത് വിലക്കും.

പുതിയ പോയിന്റ് സിസ്റ്റം

പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികൾക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേൽ ശമ്പളമുള്ളവർക്ക് 20പോയിന്റുകളും ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ളവർക്കും ശരിയായി സ്‌കിൽ ലെവലുകളുള്ള ജോലികൾക്കായെത്തുന്നവർക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവർക്ക് പത്തും സയൻസ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എൻജിനീയറിങ് എന്നിവയിൽ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവർക്ക് 20 പോയിന്റുകളും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP