Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ഇരുപതിനായിരം കുട്ടികൾ എവിടെ? വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായ രാഹുലിനെ കുറിച്ച് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല; ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ വീതം കാണാതാവുന്നു; രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതിലും; 40 ശതമാനം കുട്ടികളെയും തിരിച്ചുകിട്ടുന്നില്ല; ഭിക്ഷാടന മാഫിയ തൊട്ടുള്ളവരെ സംശയിച്ച് പൊലീസ്; മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷമാകുന്നത് തുടരുന്നു

ആ ഇരുപതിനായിരം കുട്ടികൾ എവിടെ? വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായ രാഹുലിനെ കുറിച്ച് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല; ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ വീതം കാണാതാവുന്നു; രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതിലും; 40 ശതമാനം കുട്ടികളെയും തിരിച്ചുകിട്ടുന്നില്ല; ഭിക്ഷാടന മാഫിയ തൊട്ടുള്ളവരെ സംശയിച്ച് പൊലീസ്; മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷമാകുന്നത് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കിൽ നാം ആശങ്കപ്പെടണം'', - നോബൽ സമ്മാന ജേതാവും കുട്ടികളുടെ ക്ഷേമത്തിനായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാസ് സത്യാർത്ഥിയുടെ വിഖ്യാതമായ ഒരു വാചകം ഇന്ന് കേരളത്തിൽ ഏറ്റവും ചർച്ചചെയ്യേണ്ട സമയമാണ്. കാരണം കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം വ്യാപകമായി ആശങ്കയുണ്ടാക്കുന്നു. കൊല്ലം പള്ളിമൺ ഇളവൂരിലെ ദേവനന്ദയുടെ കാണാതാവലും പിന്നീട് കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയിതിന്റെയും ഞെട്ടലിലാണ് കേരളം. 

2017 നുശേഷം കുട്ടികളെ കാണാതാവലും തട്ടിക്കൊണ്ടുപോകലും വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.2017ൽ നൂറു കുട്ടികളെയാണു കാണാതായതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2019ൽ 267 കുട്ടികളെയാണ് കാണാതായത്. 2016 മെയ്‌ മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോദിവസവും മൂന്ന് കുട്ടികളെ വീതം കാണാതാവുന്നുണ്ട്. പക്ഷേ ഇവരിൽ പലരെയും പന്നീട് കണ്ടുകിട്ടുന്നതുകൊണ്ടാണ് ഈ നിരക്ക് അപായകരമല്ലാത്ത രീതയിൽ ഉയരാത്തത്. എന്നാൽ രാജ്യത്താവട്ടെ ഓരോ എട്ടുമിനുട്ടിലും ഒരു കുട്ടിയെന്ന രീതിൽ കാണാതാവുന്നു എന്നാണ് കണക്ക്. തിരച്ചുകിട്ടുന്ന നിരക്കും ഉത്തരേന്തയിൽ അടക്കം വളരെ കുറവാണ്.കേരളത്തിൽ കാണാതാവുന്ന കുട്ടികളിൽ 60 ശതമാനവും തിരിച്ച് കിട്ടാറുണ്ട്.കുട്ടികളിൽ ചെറുതല്ലാത്ത ഒരു വിഭാഗം ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണവും വർധിക്കയാണ്. ഒൻപതിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഇതിൽ അധികവും.

മൂന്നുവർഷം മുമ്പ് കേരളത്തിൽ എത്തിയ കൈലാസ് സത്യാർഥി ഇവിടുത്തെ സർക്കാറിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. സാമൂഹികരംഗത്തെ നേട്ടങ്ങളുടെ പേരിൽ അഭിമാനിക്കുന്ന മലയാളികളുടെ ചങ്കിൽക്കൊള്ളുന്ന മുന്നറിയിപ്പായിരുന്നു അത്. അഞ്ചുവർഷത്തിനിടെ 20,000 കുട്ടികളെ കേരളത്തിൽനിന്നു കാണാതായിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ ഉണ്ടെന്നും ഈ കുട്ടികൾ എവിടെയെന്നു കണ്ടെത്തേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സത്യാർഥി ചോദിച്ചിരുന്നു. ഇതിൽ എത്രപേരെ കണ്ടെത്തിയെന്നതിന് ഇപ്പോഴും വിവരമില്ല. 'സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണു കേരളത്തിലേത് എന്നതു ശരിയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കേരളവും അപകടകരമായ ദിശയിലാണു നീങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇവിടെ വർധിക്കുകയാണ്. വീടിനുള്ളിലാണ് കൂടുതലും ചൂഷണമെന്നതു ഞെട്ടിക്കുന്ന കാര്യം.2010-15 കാലയളവിൽ കേരളത്തിൽനിന്ന് 20,000 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവർ എവിടെപ്പോയി? കുട്ടിക്കടത്തു സംഘങ്ങൾ ഇവിടെയും സജീവമാണെന്നല്ലേ ഇതിനർഥം? ലൈംഗിക ചൂഷണം ഉൾപ്പെടെ ക്രൂരതകൾക്കാണ് ഈ കുട്ടികൾ ഇരകളാകുന്നത്. കൗമാരക്കാരുടെ ആത്മഹത്യയാണ് ഇവിടത്തെ മറ്റൊരു ഗുരുതര പ്രശ്നം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ കൂടുന്നു. ഇതെല്ലാം കേരള സർക്കാരും സമൂഹവും ഗൗരവത്തോടെ കാണണം. - സത്യാർഥി ചൂണ്ടിക്കാട്ടി.-

എന്നാൽ സത്യാർഥിയുടെ ഈ കണക്കുകൾ വ്യാജമാണെന്നും ഇത്രയും കുട്ടികളെയെ്ാന്നും കാണാതായിട്ടില്ലെന്നും കാണാതാവുന്നവരിൽ 60 ശതമാനത്തെയും തിരിച്ചുകിട്ടുന്നുണ്ടെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. സർക്കാറിന്റെ കണക്കുകളും കൈലാസ് സത്യാർഥിയുടെ കണക്കുകളും ഒത്തുപോവാത്തതിനെ തുടർന്ന് അക്കാലത്ത് വലിയ വിവാദം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി കൈലാസ് സത്യാർഥി ഇങ്ങനെയാണ് പറഞ്ഞത്. 'എന്റെ ഭാവനയിൽ വിരിഞ്ഞ കണക്കല്ല ഇത്. നമ്പർ വണ്ണായ കേരളത്തെ തകർക്കാൻ വേണ്ടി ഒരു ഉത്തരേന്ത്യൻ സാമൂഹ്യ പ്രവർത്തകന്റെ ശ്രമവുമല്ല. ബച്പൻ ബചാവോ ആന്തോളൻ എന്ന സംഘടന രൂപീകരിച്ച് 1980 മുതൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന്റെ അനുഭവ പരിചയത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ പറഞ്ഞതാണ് ഇത്. തമിഴ്‌നാട് അതിർത്തിയിലും ആദിവാസി-ദലിത് മേഖലകളിലും മറ്റും നടക്കുന്ന കുട്ടിക്കടത്തിന് സർക്കാറിന്റെ കൈയിൽ കണക്കില്ല. എന്നാൽ ഞങ്ങളുടെ കൈയിൽ കണക്കുണ്ട്. കാരണം ഞങ്ങൾ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.'- കൈലാസ് സത്യാർഥി വ്യക്തമാക്കി.

.

കേരളത്തിലെ പുതിയ സാമൂഹിക പ്രശ്നം

കാണാതാകുന്ന കുട്ടികൾ സംസ്ഥാനത്തിന്റെ സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. ആ നിലയിൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് പൊലിസ് അസിസ്റ്റന്റ് കമ്മിഷണർ നോഡൽ ഓഫിസറായി ജില്ലാ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും സ്‌കൂളുകളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷൽ ജുവനൈൽ പൊലിസുമുണ്ട്. ഇതിനൊക്കെപുറമെ സംസ്ഥാന സർക്കാരിനു കീഴിൽ ഓപ്പറേഷൻ വാത്സല്യ, സ്‌മൈൽ തുടങ്ങിയ പദ്ധതികളും കുട്ടികളെ കണ്ടെത്താനായി പ്രവർത്തിക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടായിട്ടും ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അപ്രത്യക്ഷമാകുന്ന കുട്ടികളിൽ 60 ശതമാനം പേരെയും കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും 40 ശതമാനം കുട്ടികൾ എവിടെപ്പോയെന്നറിയുന്നില്ല. എന്നാൽ യൂറോപ്യൻരാജ്യങ്ങളിലും മറ്റും കാണാതാവുന്ന കുട്ടികളിൽ 90 ശതമാനത്തെയും തിരിച്ചുകിട്ടുന്നുവെന്നാണ് കണക്കുകൾ.

മാതാപിതാക്കളുടെ നെഞ്ചിൽ തീയിട്ടുകൊണ്ടാണ് ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നില്ലെങ്കിൽ മരണംവരെ ഈ വേദന അവരെ അലട്ടിക്കൊണ്ടിരിക്കും. സ്‌നേഹിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞുങ്ങളെ കാണാതാകുമ്പോൾ ബാക്കിയുള്ള ജീവിതം രക്ഷിതാക്കൾക്കു മരിച്ചതിനു തുല്യമാണ്. ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നതോടെ ഒരു കുടുംബത്തിന്റെ സന്തോഷമാണ് എന്നെന്നേക്കുമായി ഇല്ലാതാകുന്നത്.2005 ൽ കാണാതായ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുൽ ഇന്നും കേരളീയ മനഃസാക്ഷിയുടെ വിങ്ങലാണ്. കാണാതായ കുട്ടികളുടെ ചരിത്രത്തിലെ എക്കാലത്തെയും നൊമ്പരമാണ്. 2005 മെയ് 18ന് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രാഹുലിനെ കാണാതാകുന്നത്. കാണാതാകുമ്പോൾ ഏഴു വയസ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ 20 വയസായിട്ടുണ്ടാകും. ലോക്കൽ പൊലിസും ക്രൈംബ്രാഞ്ചും സിബിഐയും വരെ അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ചു തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല.നിസാര കാര്യങ്ങൾക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരിൽ ഏറെയും. ഇതും പുതിയൊരു സാമൂഹിക പ്രശ്നമാണ്. മാറുന്ന സാമൂഹിക ക്രമത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ വളരെ പെട്ടെന്ന് ്മനസ്സുമാറുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

രാഹുലിനുവേണ്ടി അവർ ഇപ്പോളും കാത്തിരക്കുന്നു

ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കാണാതായിട്ടു പതിനഞ്ചുവർഷം കഴിഞ്ഞതിനാൽ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾക്കുണ്ട്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എങ്ങനെയായിരിക്കും. ഇത്തരം ചോദ്യങ്ങളാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്.

'ഏറെ ആത്മാർപ്പണത്തോടെ വരച്ച ചിത്രമാണിത്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എപ്രകാരമായിരിക്കും എന്ന ചോദ്യമാണു രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്. സെലിബ്രിറ്റികളുടെയും മറ്റും കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഒത്തുനോക്കി പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കിയാണു വരച്ചത്. വിവിധ മുഖങ്ങൾക്കു പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്ത രീതിയിലായതിനാൽ ഉദ്യമം ഏറെ ശ്രമകരമായിരുന്നു. മോഷണക്കേസുകളിലെ നിരവധി പ്രതികളുടെ ചിത്രം പൊലീസിനു വരച്ചുനൽകിയിട്ടുണ്ട്. ഈ പരിചയം രാഹുലിന്റെ ചിത്രം വരയ്ക്കാൻ സഹായകമായി. രാഹുലിന്റെ ചിത്രം വരച്ചപ്പോൾ ഏറെ ആത്മാർപ്പണവും നീതിയും പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. രാഹുലിനെ വീണ്ടെടുക്കാൻ ഈ ചിത്രം ഉപകരിക്കും എന്നാണു കരുതുന്നത്,'ശിവദാസ് വാസു പറയുന്നു.

2005 മെയ്‌ 18നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേർന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കൽ പൊലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.

ഭിക്ഷാടന മാഫിയയും ശക്തം

ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇത്തരം കൊച്ചുകുട്ടികളുടെ സ്ഥിതിയായിരിക്കും ഏറെ ദയനീയം. ബാലവേലയ്‌ക്കോ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനോ ഇവരെ ഉപയോഗിക്കുന്നു. ഭേദപ്പെട്ട ചുറ്റുപാടിൽ വളർന്ന കുട്ടികളായിരിക്കും ഇങ്ങിനെ ദുരന്തപൂർണമായ ജീവിതം നയിക്കാൻ വിധിക്കപ്പെടുന്നത്.ആ നിലക്ക് ഇതു കേരളത്തിന്റെ സാമൂഹികമായ അവസ്ഥയെ ഗുരുതരമായി ബാധിച്ച പ്രശ്‌നം തന്നെയാണ്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്തു നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് ഒരു കാരണമായി പറയുന്നതു ഈ മാഫിയയയെ ആ്ണ് .പക്ഷേ യാഥാർഥ്യം കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

രണ്ടു തരം ഭിക്ഷാടക സംഘങ്ങളുണ്ടെന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നു. ഒന്ന്: കേരളത്തിനകത്തു മാത്രം പ്രവർത്തിക്കുന്ന സംഘങ്ങൾ. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റർ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണു ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ ലഹരി വിൽപനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചു മോഷ്ടാക്കൾക്കു വിവരം ലഭിക്കുന്നതും ഇവരിൽ നിന്നാണ്. രണ്ട്: തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്ന സംഘങ്ങൾ. ഒന്നോ രണ്ടോ രാത്രി കേരളത്തിൽ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവർ. നാലു വയസ്സു വരെയുള്ളവരെയാണു ലക്ഷ്യമിടുക. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാലും കുട്ടികൾക്ക് വീടും സ്ഥലവും പറയാൻ തക്ക ഓർമയുണ്ടാകില്ല.

കുട്ടികളെ പിടികൂടി അവയവങ്ങളെടുക്കുന്ന മാഫിയകളുണ്ടെന്ന പ്രചാരണം ഒരു കാലത്തു ശക്തമായിരുന്നു. എന്നാൽ, അതിൽ വാസ്തവമില്ലെന്ന ഉറച്ച നിലപാടിലാണു പൊലീസും ഡോക്ടർമാരും. അതേസമയം, വിവിധ ജംക്ഷനുകളിലും ദേശീയ പാതകളിലും കൗതുക വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാൻ കുട്ടികളുമായി ഇറങ്ങുന്ന സ്ത്രീകൾക്കു പിന്നിൽ ഒരു സംഘമുണ്ടാകാമെന്നു പൊലീസ് പറയുന്നു.ബാലഭിക്ഷാടനം വിലക്കിയതോടെ കുട്ടികളെ ഉപയോഗിച്ചുള്ള വഴിയോര വിൽപനയാണ് ഈ സംഘം നടത്തുന്നത്. അമ്മയെയും കുഞ്ഞിനെയും പൊരിവെയിലത്തു റോഡിലിറക്കി നിർത്തി വാഹനങ്ങളിലെ സൺ ഷെയ്ഡും കുടയുമൊക്കെ വിൽക്കുമ്പോൾ, സഹതാപത്തിന്റെ പേരിൽ ആളുകൾ വാങ്ങും. ഭിക്ഷാടനത്തിൽ എന്നതുപോലെ, ഈ വിൽപനയുടെ പേരിലുള്ള പണത്തിന്റെയും അധികഭാഗവും പോകുന്നതു മറ്റു ചിലരുടെ പോക്കറ്റുകളിലേക്കാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി മാത്രമെത്തുന്നവരുമുണ്ട്. തൃശൂരിൽ നടന്ന രണ്ടു സംഭവങ്ങൾ ഇതിനു തെളിവ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 2015 ഡിസംബർ 26നു തമിഴ് ദമ്പതികൾ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് വളർത്താൻ വേണ്ടിയാണ്.കൊല്ലം അഞ്ചാലുംമൂട് സ്വദേശികളുടെ മകളെയാണ് കന്യാകുമാരി സ്വദേശികളായ ദമ്പതികൾ റാഞ്ചിയത്. പത്തുമാസത്തിനുശേഷം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രപരിസരത്തു നിന്നാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഒന്നര മാസം പ്രായമായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2016 ജനുവരിയിലാണ്. കന്യാകുമാരിയിൽനിന്നുള്ള ദമ്പതികൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും ഒന്നര മണിക്കൂറിനകം പൊലീസ് കുട്ടിയെ കണ്ടെത്തി.

നവമാധ്യമങ്ങൾക്കും വലിയ പങ്ക്

പരീക്ഷയിൽ തോറ്റതിനോ മാർക്ക് കുറഞ്ഞതിനോ മാതാപിതാക്കൾ വഴക്ക് പറയുമെന്ന ഭയത്താൽ വീടുവിട്ടിറങ്ങുന്നു കുട്ടികളിൽ പലരും. ചോദിച്ച സാധനങ്ങൾ കിട്ടാത്തതിന്റെ പേരിലും നാടുവിടുന്നു. ബസ്സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാനായി ക്രിമിനൽ സംഘങ്ങളുണ്ടായിരിക്കും. കുടുംബത്തിനകത്തെ ഛിദ്രത, മാതാപിതാക്കളുടെ നിരന്തരമായ ശകാരങ്ങൾ, കുടുംബത്തിൽ നിത്യേനയുണ്ടാകുന്ന കലഹം, മദ്യപിച്ചെത്തുന്ന പിതാവ് വീടിനകത്തു കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ ഇതെല്ലാം കൗമാരക്കാരായ കുട്ടികളെ വീടു വിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ലഹരിമരുന്നു മാഫിയയുടെ സ്വാധീനത്തിൽപ്പെട്ട് അപ്രത്യക്ഷരാകുന്നവരുമുണ്ട്.

ജില്ലാതലങ്ങളിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച അന്വേഷണച്ചുമതല വഹിക്കുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ദേശീയതലത്തിൽ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിക്കുന്നു. എന്നിട്ടും കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നറിയാതെ നട്ടംതിരിയുകയാണ് പൊലിസും ബന്ധുജനങ്ങളും. ഇതിൽനിന്ന് വീടുവിട്ടിറങ്ങുന്ന കുട്ടികളെ റാഞ്ചാനും കൊച്ചുകുട്ടികളെ തട്ടിക്കൊണ്ട് പോകാനും രാജ്യവ്യാപകമായ രീതിയിൽതന്നെ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്വേണം കരുതാൻ.നിസാര കാര്യത്തിന് വീടുവിട്ടിറങ്ങിയ കുട്ടികൾ തിരികെവന്നാലും പഴയ മാനസികാവസ്ഥയിലേക്ക് അവർ മടങ്ങുന്നില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഇവരുടെ പഠനത്തെയും ഭാവി ജീവിതത്തെയും ഈ ഒളിച്ചോട്ടം കാര്യമായിതന്നെ ബാധിക്കുന്നു.നവമാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.

പെൺകുട്ടികളാണ് ഇങ്ങനെ ഏറെയും ചതിക്കപ്പെടുന്നത്. അവർ എത്തിപ്പെടുന്നതാകട്ടെ പിന്നീടൊരിക്കലും കരകയറാനാവാത്ത ലൈംഗിക ചളിക്കുണ്ടിലും. കുട്ടികളെ വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കാണാതാകുന്നത് തടയുവാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പങ്കുവഹിക്കാനാകും. സൗഹാർദത്തോടെ അവരുമായി ഇടപഴകുകയും എല്ലാം തുറന്ന് സംസാരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന സമീപനമാണ് ആദ്യമായി വേണ്ടത്. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പഠനമികവുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തി അവരെ അപമാനിക്കുംവിധം സംസാരിക്കാതിരിക്കുക. വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കിട്ടുന്ന സ്‌നേഹവും പരിഗണനയും ഓരോ കുട്ടിയിലും ആത്മവിശ്വാസം വളർത്തുമെന്ന യാഥാർഥ്യം രക്ഷിതാക്കളും അദ്ധ്യാപകരും ഓർക്കണമെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.

ഈ വിഷയം വിശദമായി പഠിച്ച കൈലാസ് സത്യാർഥി ഇങ്ങനെ എഴുതുന്നു-' അനാവശ്യ മൽസരങ്ങളും കരിയറിനെക്കുറിച്ചുള്ള ആധിയും പണം സമ്പാദിക്കാനുള്ള ആർത്തിയുമൊക്കെ രക്ഷിതാക്കൾ അടിച്ചേൽപിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദത്തിന് അടിമകളാകുന്നു. നമുക്കു നേടാൻ കഴിയാതിരുന്നതെല്ലാം കുട്ടികൾ നേടണമെന്നാണു രക്ഷിതാക്കളുടെ അത്യാഗ്രഹം ബാല്യത്തിന്റെ ആനന്ദമാണു നഷ്ടപ്പെടുത്തുന്നത്. ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഓൺലൈൻ ഗെയിമുകളാണു പ്രചരിക്കുന്നത്. കുട്ടികൾ സൈബർ ചതിക്കുഴികളിൽപെടുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്.

വീട്ടിൽനിന്നു മാനസിക പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് അവർ മറ്റു മേഖലകൾ തേടുക. വഴിതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താനും തിരുത്താനും ആദ്യം കഴിയേണ്ടതു രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.'- സതാർഥി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP