Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ബാധിതർ എവിടെ എത്തിയാലും അലാറം മുഴങ്ങുന്ന ആപ്പ്; പതിനായിരങ്ങളിൽ നിന്ന് ഉയർന്ന താപനിലയുള്ളവരെ വേർതിരിച്ചറിയാനുള്ള ഫെയ്‌സ് ആപ്പ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വികസിപ്പിച്ച ട്രാക്കിങ് സിസ്റ്റത്തിലൂടെ രോഗികളുടെ റൂട്ട് മാപ്പ് കണ്ടെത്തിയത് നിമിഷങ്ങൾക്കുള്ളിൽ; യഥാർഥ ഹീറോകൾ ഭക്ഷണ വിതരണ ആപ്പുകളിലെ തൊഴിലാളികൾ; കോവിഡിനെ ചൈന അതിജീവിച്ചത് ഉയർന്ന ശാസ്ത്ര-സാങ്കേതിക വിദ്യയുടെയും ബലത്തിൽ

കൊറോണ ബാധിതർ എവിടെ എത്തിയാലും അലാറം മുഴങ്ങുന്ന ആപ്പ്; പതിനായിരങ്ങളിൽ നിന്ന് ഉയർന്ന താപനിലയുള്ളവരെ വേർതിരിച്ചറിയാനുള്ള ഫെയ്‌സ് ആപ്പ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വികസിപ്പിച്ച ട്രാക്കിങ് സിസ്റ്റത്തിലൂടെ രോഗികളുടെ റൂട്ട് മാപ്പ് കണ്ടെത്തിയത് നിമിഷങ്ങൾക്കുള്ളിൽ; യഥാർഥ ഹീറോകൾ ഭക്ഷണ വിതരണ ആപ്പുകളിലെ തൊഴിലാളികൾ; കോവിഡിനെ ചൈന അതിജീവിച്ചത് ഉയർന്ന ശാസ്ത്ര-സാങ്കേതിക വിദ്യയുടെയും ബലത്തിൽ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: 'ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ വളർച്ച. അതായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക. അല്ലാതെ ആയുധങ്ങളല്ല'- 80കളുടെ അവസാനത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞ ഈ വാചകം ആധുനിക കാലത്ത് അക്ഷരം പ്രതി ശരിയാവുകയാണ്.

ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയുമാണ് കോവിഡ് 19 പടരാൻ കാരണമായതെന്ന് ഒരു ഘട്ടത്തിൽ വ്യാപകമായി വിമർശനം ഉയരുന്നുവെങ്കിലും ഇപ്പോൾ ലോകമാധ്യമങ്ങൾ ചർച്ചചെയ്യുന്നത് ചൈനയുടെ അതിജീവന രീതികളാണ്. ഒരുലക്ഷത്തിലേറെ പേർക്ക് പടർന്നിട്ടും അതിനെ ചെറുത്തുതോൽപ്പിക്കാൻ കഴിഞ്ഞത് ഉയർന്ന ശാസ്ത്ര-സാങ്കേതിക വിദ്യ ഒന്നുകൊണ്ട് മാത്രമാണെന്ന് റോയിട്ടേഴ്സിന്റെ ചൈനീസ് ലേഖകൻ യു ലുൻ ടിയാൻ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ റോബോട്ടുകൾ നിയന്ത്രിക്കുന്ന മെഡിക്കൽ ലോകത്തേക്കുള്ള തുടക്കമായും ഈ അതിജീവനത്തെ വിലയിരുത്തുന്നവർ ഉണ്ട്. അതോടൊപ്പം ചൈന ഈ രോഗത്തെ നേരിടുകയായിരുന്നില്ല അടിച്ചമർത്തുകയായിരുന്നെന്നും, യൂറോപ്പുപോലുള്ള വിശാലമായ ജനാധിപത്യ- പൗരാവകാശങ്ങൾ ഉള്ള രാജ്യങ്ങൾക്ക് ആ രീതിയിൽ കഴിയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യമേഖലയിലെ ഉയർന്ന പൊതുനിലവാരവും ചൈനയെ തുണച്ചുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ പ്രതിനിധികളും പറയുന്നത്. പൊതുജനാരോഗ്യ രംഗം വഷളായിക്കിടക്കുന്ന ഉത്തരകൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെ ആശങ്ക മൂഴവൻ. അമേരിക്കയുമായുള്ള ദീർഘകാലത്തെ ഉപരോധം മൂലം ആരോഗ്യരംഗം താറുമാറായിക്കിടക്കുന്ന, കൊറിയയിൽ ഗ്രാമങ്ങളിൽ കാലിയായ ബിയർ കുപ്പി കഴുകിയാണ് ഡ്രിപ്പ് വരെ കൊടുക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിച്ചാണ് ജലക്ഷാമം ഒക്കെ പരിഹരിക്കുന്നത്.

അതുപോലെ ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും കൊറോണ വ്യാപിച്ചാലുള്ള അവസ്ഥ സങ്കൽപ്പിക്കാൻ കഴിയുന്നതിന്റെയും അപ്പുറത്താണ്. താരതമ്യേന മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനവും പൊതുഭരണ സംവിധാനവും നിലവിലുള്ളതുകൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നത്. അതിവേഗത്തിൽ പടരുന്ന വൈറസ് ആരോഗ്യ സംവിധാനം മോശമായ ഉത്തരേന്ത്യയിലൊക്കെ പടർന്ന് പിടിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ കരുതൂ. ചാണകവും മഞ്ഞളും കൊറോണക്കുള്ള മരുന്നാണെന്ന് കരുതുന്ന, അച്ചടക്കമില്ലാത്ത ഒരു രാജ്യത്ത് ഈ വൈറസ് ഭീകരമായിരിക്കും. അവിടെയാണ് ചൈനയുടെ പ്രസക്തിയും. ആധുനിക വൈദ്യം അല്ലാതെ ഒരു സമാന്തര ചികിൽസയും ചൈന അനുവദിച്ചില്ല. അക്യൂപങ്്ചർ തൊട്ട് ഹോമിയോപ്പതി, ആയുർവേദം വരെയുള്ള ബദൽ വൈദ്യങ്ങൾക്ക് വലിയ വേരുകൾ ഉണ്ടായിരുന്നു ചൈനയിൽ. പക്ഷേ കൊറോണയിൽ സർക്കാർ അവയെ ഒന്നും തൊടാൻ അനുവദിച്ചില്ല.

ആദ്യം അലംഭാവം; പിന്നെ യുദ്ധം

കഴിഞ്ഞ വർഷം ഡിസംബർ 31 നാണ് ചൈനയിലെ വുഹാനിൽ നിന്ന് ആദ്യത്തെ റിപ്പോർട്ട് വരുന്നത്. ശ്വാസ തടസ്സം ബാധിച്ച നിരവധി പേർ കൂട്ടത്തോടെ ആശുപത്രിയിൽ. ന്യൂമോണിയ എന്നാണ് ആദ്യം ഡോക്ടർമാർ കരുതിയത്. വുഹാനിലെ സീഫുഡ് മാർക്കറ്റിൽ ജോലി ചെയ്യുന്നവരാണേറെയും. അധികൃതർ പിറ്റേന്നു തന്നെ മാർക്കറ്റ് പൂട്ടി സീൽ വെച്ചു. പഴയ വില്ലൻ സാർസ് വീണ്ടും രംഗത്തെത്തിയോ എന്ന് പലരും സംശയിച്ചു. പക്ഷെ, അധികൃതർ അതത്ര കാര്യമാക്കിയില്ല. ഈ അലംഭാവമാണ് സത്യത്തിൽ പ്രശ്നമായതും. ആദ്യഘട്ടത്തിൽ ചൈന ശ്രദ്ധിച്ചത് വാർത്ത പുറത്തുപോവാതിരിക്കാൻ മാത്രമായിരുന്നു.പിന്നീട് ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടന വാർത്താ സമ്മേളനം നടത്തി ചൈനയിൽ കണ്ടെത്തിയത് പുതിയ വൈറസാണെന്ന് പ്രസ്താവന ഇറക്കിയത്. കൊറോണ കുടുംബത്തിൽ പെടുന്ന ഇതിനെ 2019 നോവൽ കൊറോണ വൈറസ് എന്ന പേരു വിളിച്ചു ആദ്യം അവർ. പിന്നീട് അത് ചുരുക്കി കോവിഡ് എന്നാക്കി. അപ്പോഴേക്കും രോഗികളുടെ എണ്ണം നൂറു കവിഞ്ഞിരുന്നു.

ജനുവരി പതിനൊന്നിനാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വുഹാനിലെ സീഫുഡ് മാർക്കറ്റ് സന്ദർശിച്ചിരുന്ന 61 കാരനാണ് മരിച്ചത്.ജനുവരി 13- വുഹാൻ സന്ദർശിച്ച ഒരു തായ്‌ലാൻഡുകാരന് കൊറോണ ബാധിച്ചു. ചൈനക്ക് പുറത്തെ ആദ്യ കേസ്. ജനുവരി 16ന് ജപ്പാനിലുമെത്തി കോവിഡ്. ജനുവരി 17ന് വുഹാനിൽ രണ്ടാമത്തെ മരണം. ജനുവരി 20ന് മൂന്നാമത്തെ മരണം. അതോടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന ധാരണ മാറി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന പ്രസ്താവന ചൈന സ്റ്റേറ്റ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു. പക്ഷെ, അപ്പോഴേക്കും 550 കേസുകൾ. പതിനേഴ് മരണങ്ങൾ. പിന്നെ വുഹാൻ കണ്ടത് ലോകം ഇതുവരെ കാണാത്ത യുദ്ധമാണ്. കംപ്ലീറ്റ് ലോക്കിങ്. ആദ്യം ലൂണാർ വാർഷികാഘോഷങ്ങൾ നിർത്തലാക്കി. പിന്നെ നഗരം സമ്പൂർണ്ണമായി അടച്ചു പൂട്ടി. ചൈനയിൽ ഏറ്റവും കൂടുതൽ കണക്ടിവിറ്റിയുള്ള വുഹാൻ നഗരത്തെ പൂർണ്ണമായി പൂട്ടി. ആറ് കോടി ജനങ്ങളോട് പുറത്ത് കാണരുതെന്ന് ഉത്തരവിറക്കി. കയ്യൂക്കും വേഗതയും സാങ്കേതിക വിദ്യയും ഒരു പോലെ ഉപയോഗിച്ചായിരുന്നു പിന്നീട് ചൈനയുടെ ഹൈടെക് നീക്കങ്ങൾ.

എല്ലാം കണ്ടെത്തിയത് മൊബൈൽ ആപ്പുകൾ

കോവിഡ്-19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോൺടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവർ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രെയിനുകളിൽ കയറി, ബസ്സുകളിൽ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആർടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകൾ സോഷ്യൽ മീഡിയയും ടെലഫോൺ റെക്കാഡുകളും മറ്റു ജനങ്ങൾ ഉപയോഗിക്കുന്ന ആപുകളും ചോർത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാൽ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേർന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാൽ ഉടനെ അലാറം മുഴങ്ങും.

വുഹാനിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോൾ ആ ഷോപ്പ് സന്ദർശിച്ച 3,000 പേരെ മൊബൈൽ വിവരങ്ങൾ വഴി ഒറ്റയടിക്ക് പൊക്കി ചൈന ക്വോറന്റൈനിൽ പാർപ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്‌സ് പ്ലസ് ആപ്പ് മറ്റൊരുപകരണമാണ്. വലിയ ജനക്കൂട്ടത്തിനുള്ളിൽ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയർന്ന താപനിലയുള്ളവരെ ഈ ആപ്പ് വേർതിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവൺമെന്റ് ഓഫീസുകളിലും പുറത്തെ തിരക്കള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിച്ചപ്പോൾ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈൻസ് ടൈം എന്നീ ആപ്പുകൾ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെ ഇതിനും ശരണം. ഗ്രാമങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാൻ സദാസമയവും ഡ്രോണുകൾ ആകാശത്തുണ്ടായിരുന്നു. പല തരത്തിൽ മുന്നറിയിപ്പുകൾ നൽകി. ഭീഷണിയും.

ഇ-കോമേഴ്‌സ് ഭീമൻ ആലിബാബ നിർമ്മിച്ച അലിപേ ആപ്പിലെ ക്യു.ആർ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാർക്ക് കളർ കോഡുകൾ നൽകി. പൗരന്മാർ ഉപയോഗിക്കുന്ന ഫോൺ, ഇന്റർനെറ്റ് ഡാറ്റകൾ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വൻ വിമർശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ ഭരണകൂടം ഇതിന് പിന്തുണ നൽകി. ഇതു പ്രകാരം ഗ്രീൻ കോഡ് ലഭിച്ചവർക്ക് യാത്ര ചെയ്യാം, മഞ്ഞക്കാർഡുകാർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ, റെഡ് കാർഡ് ലഭിച്ചവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ, ഇങ്ങനെ നിരവധി കോഡുകൾ. ഇതുപ്രകാരം ലക്ഷക്കണക്കിന് പേർക്ക് പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രെയിനിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങും. വീട്ടിൽ ക്വാറൻൈറൻ കൊടുത്ത കൊറോണ ഐസലോഷൻ പേഷ്യൻസ് അവിടെ നിന്ന് ഇറങ്ങി കലക്ടറേറ്റിൽ എത്തുന്ന അവസ്ഥയുള്ള കേരളത്തെ ഇതുമായൊന്നും താരതമ്യം ചെയ്തുനോക്കുക. രോഗികളെ ട്രാക്ക് ചെയ്തപ്പോൾ കേരളത്തിൽ അടക്കമുണ്ടായപ്പോൾ ഉള്ള തെറ്റുകൾ ഓർക്കുക. ഇത് വ്യക്തിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഉണ്ടായതാണ്. ചൈനയിൽ ഡിജിറ്റൽ ട്രാക്കിങ്ങാണ്. അവിടെ വ്യക്തിക്ക് യാതൊരു പ്രസക്തിയില്ല അതാണ് മാറ്റം.

യഥാർഥ ഹീറോകൾ ഭക്ഷണ വിതരണ ആപ്പുകാർ

കൊറോണക്കാലത്തെ യഥാർത്ഥ ഹീറോകളായി ചൈനീസ് ജനത വാഴ്‌ത്തുന്നത് ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ വിതരണത്തൊഴിലാളികളെയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകൾ, അവശ്യസാധനങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവർ വീടുകളിലെത്തിച്ചു. അതുകൊണ്ട് തന്നെ ചൈനയിലെ പലചരക്ക് ഭീമൻ സൺ ആർട്ട് ഗ്രൂപ്പ് തങ്ങളുടെ 80 ശതമാനം സ്റ്റോറുകൾ അടഞ്ഞുകിടന്നെങ്കിലും ലാഭത്തിൽ മാറ്റമില്ലെന്നാണ് പ്രതികരിച്ചത്. മറ്റു ചില ഭക്ഷണ വിതരണ ഭീമന്മാരായ മീറ്റുവാൻ, ഇ കൊമേഴ്‌സ് ഭീമനായ ജെഡി എന്നിവർ സ്വയം ചലിക്കുന്ന യന്ത്രവാഹനങ്ങളുമായി നിരത്തിലിറങ്ങി. ഹൈ റിസ്‌കി പ്രദേശങ്ങളിൽ സുഗമമായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയായിരുന്നു ചുമതല. ഓൺലൈൻ ക്ലാസുകൾ, കുക്കിങ് വീഡിയോകൾ, എന്തിന് നമ്മുടെ യോഗ മാറ്റിനു വരെ കൊറോണക്കാലത്ത് വമ്പിച്ച ബിസിനസായിരുന്നു ചൈനയിൽ. മുപ്പത് കോടി ജനങ്ങൾ സബ്‌സ്‌ക്രിപ്ഷനുള്ള പിൻഗാൺ ഗുഡ് ഡോക്ടർ എന്ന ആപ്പിനാണ് ഏറ്റവും വലിയ ചാകര. രോഗികളെ വീഡിയോ കോൺഫറൻസ് വഴി ചികിത്സിക്കും. വിദൂര ആശുപത്രികളിൽ പോലും റോബോട്ടുകൾ വഴി ശസ്ത്രക്രിയക്ക് മാർഗനിർദ്ദേശം നൽകും. കുറിപ്പുകൾ നൽകും. അങ്ങനെ എല്ലാം ഓൺ ലൈവ്..

വൈറസ് ബാധിച്ചവരെ കണ്ടെത്താൻ മാത്രമല്ല, രോഗ ചികിത്സയും അതിവേഗം ബഹുദൂരമായിരുന്നു. 9 ദിവസം കൊണ്ടാണ് ആയിരം ബെഡും 30 ഐസിയുവും ഉള്ള 60,000 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള പുത്തൻ ഹോസ്പിറ്റൽ നിർമ്മിച്ചത്. 7,000 ആളുകൾ രാവും പകലും ജോലി ചെയ്താണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അന്നു തന്നെ 1400 ആർമി മെഡിക്കൽ പ്രൊഫഷണലുകളെ ഹോസ്പിറ്റലിൽ നിയമിക്കുകയും ചെയ്തു. അതു കഴിഞ്ഞ ഉടനെ രണ്ടാമത്തെ ഹോസ്പിറ്റലിനുള്ള പണിയും ചൈന തുടങ്ങി. പൂർണ്ണമായും ലോക്കായ വുഹാൻ സിറ്റിക്ക് ആശ്വാസമേകുന്ന നടപടിയായിരുന്നു ഈ രണ്ട് ഹോസ്പിറ്റലുകളും.

സിറ്റിയിൽ നിന്ന പുറത്തുപോകുന്ന റോഡ്, റെയിൽ, വിമാനം, ജലം തുടങ്ങി എല്ലാ പാതകളും പൊലീസിന്റെ കയ്യിലായിരുന്നു. അതിനിടയിലും 80,000 പേർക്ക് രോഗവും 3,100 പേർ മരിക്കുകയും ചെയ്തിരുന്നു. ദിവസം ശരാശരി ആയിരം പേർക്ക് രോഗവും നൂറു മരണവും. 600 കോടി ഡോളർ ചൈനീസ് കേന്ദ്ര ബാങ്ക് കൊറോണ യുദ്ധത്തിനു വേണ്ടി മാത്രം മാറ്റിവെച്ചു. വൈറസിനെതിരെ ചൈനയുടെ തീവ്രയുദ്ധം ഘട്ടംഘട്ടമായിട്ടാണെങ്കിലും ഫലം കണ്ടുതുടങ്ങി. പുതിയ കേസുകളിലും മരണങ്ങളിലും ദിവസം കഴിയും തോറും കുറവുണ്ടായി. അറുപതിനായിരത്തോളം പേർക്ക് രോഗമുക്തിയുണ്ടായി. പക്ഷെ, അപ്പോഴേക്കും കൊറോണ കടൽ കടന്ന് ഇറ്റലിയിലും കൊറിയയിലും ഇറാനിലും അമേരിക്കയിലും ഇപ്പോ ഇങ്ങ് കേരളത്തിലും ദുരന്തം വിതച്ചുതുടങ്ങി.

കൊറോണ യുദ്ധത്തിനിടയിൽ ചൈന പയറ്റിയ ചില പുതുതന്ത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലത്ത് ക്ലാസുകൾ മുടങ്ങിയെങ്കിലും ലൈവ് സ്ട്രീമിങ് വഴി അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിന് ഭംഗം വരുത്തിയില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഒറ്റയടിക്ക് ഇത്തരം എജ്യൂ ആപ്പുകളിൽ ചേർന്നത്. അതായത് സ്‌കുളുകൾ അടഞ്ഞു കിടക്കുമ്പോളും വിദ്യാഭ്യാസം തുടരുകയാണ്. എന്നാൽ കേരളത്തിലടക്കമുള്ള സ്ഥിതി നോക്കൂ. സ്‌കൂളുകളും കോളജുകളും അടയുന്നതോടെ വിദ്യാഭ്യാസം മുടങ്ങുകയാണ്. അതാണ് കേരളവും ചൈനയും തമ്മിലുള്ള മാറ്റം.

രോഗികളെ ചികിൽസിക്കാൻ റോബോട്ടുകളുടെ സേവനം ഉപയോഗിച്ച് വൈദ്യശാസ്ത്ര രംഗത്തും ചൈന വലിയ കുതിച്ച് ചാട്ടം നടത്തി. ബെയ്ജിങിലെ സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യയിലെ തങ്ങളുടെ പ്രാഗത്ഭ്യം കൊറോണ ചികിൽസയിൽ പ്രയോജനപ്പെടുത്തിയത്. ഏതാനും വിദ്യാർത്ഥികളും സംഘത്തോടൊപ്പം ചേർന്നു. തന്റെ സുഹൃത്തും സിങ്വ ചഗുങ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോക്ടർ ഡോങ് ജിയോങിന്റെ വിദഗ്ധോപദേശം തേടി.ആഴ്ചകളോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രക്കൈ സംഘം പൂർത്തിയാക്കി. ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി. രോഗിയെ കാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നൽകുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.

ചികിൽസയോ അടിച്ചമർത്തലോ?

അതേസമയം എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള അതിശക്തമായ അടിച്ചമർത്തലിലൂടെയാണ് ചൈന കൊറോണയെ ഏതാണ്ട് മറികടന്നതെന്നും ഉന്നതമായ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയാത്തതും ഇതു തന്നെയാണെന്നാണ് റോയിട്ടേഴ്സിന്റെ മാധ്യമ പ്രവർത്തകൻ ഡാനി മാർട്ടിൻ വ്യക്തമാക്കുന്നു. സത്യത്തിൽ സ്വന്തം പൗരന്മാരെ ജയിലിൽ അടക്കയാണ് ഇക്കാലത്ത് ചൈന ചെയ്തത്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ നടപ്പാക്കിയത് നിർദയമായിട്ടായിരുന്നു. സംശയം തോന്നിയവരെയൊക്കെ ക്വാറന്റൈൻ ചെയ്തതോടെ ഒറ്റക്കുട്ടികളുള്ള പല കുടുംബങ്ങളിലും ജീവിതം നരകുതുല്യമായി. മാതാവിനെയും പിതാവിനെയും ഐസോലേറ്റ് ചെയ്തതോടെ മരുന്നുകൊടുക്കാൻപോലും ആളില്ലാതെ സെറിബ്രൽപാളിസിയെന്ന അസുഖബാധിതനായി ഒരു കുട്ടി മരിച്ചതും വലിയ വിവാദമായിരുന്നു.

ശുചീകരണം അടക്കമുള്ള സകല സകലകാര്യങ്ങളും പട്ടാളച്ചിട്ടയിലാണ് കാര്യങ്ങൾ നടന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് കഠിന ശിക്ഷയാണ് ചൈന നൽകിയത്. ആരോഗ്യ പ്രവർത്തകർക്കും ചൈന അവധി നൽകിയില്ല. മാസങ്ങളായി ഇവരിൽ പലരും വീട്ടിൽ പോയിട്ട്. മാസ്‌ക്കെല്ലാം ധരിച്ച് ശരീരം ആസകലം മൂടിക്കെട്ടിയശേഷമാണ് ഇവരിൽ പലർക്കും ദിവസങ്ങൾക്കുശേഷം ദൂരെ നിന്ന് സ്വന്തം കുഞ്ഞുങ്ങളെപ്പോലും കാണാൻ അനുവദിച്ചത്. ഇങ്ങനെ പൊട്ടിക്കരയുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. മനുഷ്യർ തമ്മിൽ സമ്പർക്കത്തിലാവുന്നത് ഒഴിവാക്കാനായി സാധ്യമായ എല്ലാകാര്യങ്ങളും ചൈന ചെയ്തു. ഹസ്തദാനം പോലും പൂർണ്ണമായി ഉപേക്ഷിച്ചു. പകരം കാലുകൾ തമ്മിൽ ചേർത്ത് മുന്നോട്ട് നീക്കുന്ന പ്രത്യേക അഭിവാദന രീതിയും ചൈന വികസിപ്പിച്ചെടുത്തു.

'കിംവദന്തി/അഭ്യൂഹം' നമ്മുടെ കാലത്തെ പ്രവചനം'

അതേസമയം രോഗം ഈ രീതിയിൽ പടരാൻ ഇടയാക്കിയത് തുടക്കത്തിലെ ചൈന കാണിച്ച അലംഭാവവും അമിതമായ ആത്മവിശ്വാസവും ആയിരുന്നെന്ന് വിമർശനം ഉണ്ട്. പകർച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നവരെ ദേശദ്രോഹികളെപ്പോലെയാണ് ചൈനീസ് ഭരണകൂടം പരിഗണിച്ചത്. അതുവരെ 'കേട്ടുകേൾവി' എന്നുപറഞ്ഞ് ഈ മഹാമാരിയെ ഇവർ തള്ളിക്കളയുക ആയിരുന്നു. പകർച്ചവ്യാധിയെക്കുറിച്ചു രാജ്യത്ത് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ ബാധിച്ചു മരിച്ചതോടെയാണു 'കേട്ടുകേൾവി' എന്ന വാക്കിനു ചൈനയിൽ പുതിയ അർഥങ്ങളുണ്ടായത്. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റ് നിയന്ത്രണം ചൈന നിയന്ത്രണം കടുപ്പിച്ചു. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു.

മെസേജിങ് ആപ്പായ വി ചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലമ്നൈ ഗ്രൂപ്പിലാണു ലീ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഒരു മാധ്യമപ്രവർത്തകനെ കാണാതായതും ചർച്ചയായി. ചൈനയിലെ വുഹാനിൽനിന്നു കൊറോണ ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്ന പരാതിയും വലിയ വാർത്തയായി.സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ വുഹാനിൽനിന്നു മൊബൈൽ ഫോൺ വഴി പുറത്തുവിട്ട വാർത്തകളാണ് കൊറോണ വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ഇവരിൽ ചെൻ ക്വിഷിയെ ആണു കാണാതായത്.

കൊറോണ ബാധ ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ ലീ ഉൾപ്പെടെ ചൈനയിലെ 2900ലേറെ മരണങ്ങൾ കുറയ്ക്കാമായിരുന്നെന്ന അഭിപ്രായമാണു ചൈനക്കാർ പങ്കുവയ്ക്കുന്നത്. ലീയെ പോലുള്ളവർ പങ്കിടുന്ന വിവരങ്ങൾ കേട്ടുകേൾവിയും അപവാദ പ്രചാരണവുമായി കണ്ടു ശിക്ഷിക്കുന്ന നടപടിക്കെതിരെയാണു പ്രതിഷേധം.

'കിംവദന്തി/അഭ്യൂഹം നമ്മുടെ കാലത്തെ പ്രവചനം' എന്ന ഉദ്ധരണിയാണ് കുറച്ചു ദിവസങ്ങളായി ചൈനയിലെ സൈബർ ലോകത്തിൽ ഹിറ്റ്. ഇന്റർനെറ്റിനും ആശയപ്രചാരണത്തിനും രാജ്യത്ത് അധികാരികൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിൽ അസംതൃപ്തരാണു ചൈനക്കാർ. സത്യസന്ധമായ കണക്കുകളും വിവരങ്ങളും മറച്ചുവയ്ക്കാൻ ഇന്റർനെറ്റ് കമ്പനികൾക്കു ചൈന പണം കൊടുക്കുന്നുണ്ടെന്നാണ് ആരോപണം. ഈ സെൻസറിങ് ഇല്ലായിരുന്നെങ്കിൽ ലക്ഷത്തിലേറെ പേർക്കു രോഗം വരില്ലെന്നും ലക്ഷക്കണക്കിനു മനുഷ്യർ തടവുജീവിതം അനുഭവിക്കേണ്ടി വരില്ലെന്നും അഭിപ്രായമുയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP