Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഇന്ത്യക്കാരെന്നും ഞങ്ങൾ നാഗന്മാരെന്നും ഇപ്പോഴും പറയുന്ന ഭൂവിഭാഗം; നൂറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇരുപതോളം ആദിവാസി ഗോത്രസമൂഹങ്ങൾ ഉൾപ്പെട്ട ജനത; ചരിത്രപ്രധാനമായ മുഹൂർത്തമെന്ന് പ്രഖ്യാപിച്ച് മോദി ഒപ്പിട്ട സമാധാന കരാറോടെ അവസാനിക്കുന്നതാണോ നാഗാലാൻഡിലെ കലാപം? ബിജെപി മാത്രം മത്സരിക്കാൻ ഒരുങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് പത്രികപോലും നൽകാതെ മാറി നിന്ന് സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന 'നാഗാലിം'

നിങ്ങൾ ഇന്ത്യക്കാരെന്നും ഞങ്ങൾ നാഗന്മാരെന്നും ഇപ്പോഴും പറയുന്ന ഭൂവിഭാഗം; നൂറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇരുപതോളം ആദിവാസി ഗോത്രസമൂഹങ്ങൾ ഉൾപ്പെട്ട ജനത; ചരിത്രപ്രധാനമായ മുഹൂർത്തമെന്ന് പ്രഖ്യാപിച്ച് മോദി ഒപ്പിട്ട സമാധാന കരാറോടെ അവസാനിക്കുന്നതാണോ നാഗാലാൻഡിലെ കലാപം? ബിജെപി മാത്രം മത്സരിക്കാൻ ഒരുങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് പത്രികപോലും നൽകാതെ മാറി നിന്ന് സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന 'നാഗാലിം'

മറുനാടൻ ഡെസ്‌ക്‌

രുപതിലേറെ ഗോത്രവർഗങ്ങൾ ഉൾപ്പെടുന്ന മണിപ്പൂർ, അരുണാചൽ, അസം, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങൾ ചേർന്ന് ഒരു രാജ്യം. ഈ സ്വപ്‌നത്തിനായി പോരാടുകയായിരുന്നു നാഗന്മാർ ഒന്നടങ്കം ഇത്രയുംകാലം. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇന്ത്യൻ സർക്കാരിന് എതിരെ നടക്കുന്ന സായുധ കലാപത്തിന് കുറച്ചെങ്കിലും അറുതി വന്നത് അടുത്തകാലത്താണ്.

2015 ആഗസ്റ്റിൽ നാഗാ തീവ്രവാദി സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എൻ എസ് സി എൻ ഐ എം) കേന്ദ്രസർക്കാരും സമാധാനകരാർ ഒപ്പിട്ടതോടെയാണ് സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടത്തിന് അൽപമെങ്കിലും കുറവുവന്നതെന്ന് പറയാം.

ചരിത്രപ്രധാനമായ മുഹൂർത്തമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാർ ഒപ്പിട്ടതിനെ അന്ന് വിശേഷിപ്പിച്ചത്. എന്നാൽ പ്രശ്‌നങ്ങളൊന്നും അവസാനിച്ചില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സ്ത്രീസംവരണം തദ്ദേശ തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്നതിന് എതിരെ ശക്തമായ പ്രതിഷേധമുയർത്തി ഗോത്രവർഗക്കാർ ഒറ്റക്കെട്ടായി നിലകൊണ്ടു.

ഇത്തരം പ്രശ്‌നങ്ങളും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമായി പുതുരാഷ്ട്രമെന്ന സങ്കൽപവും ഇപ്പോഴും നീറിപ്പുകയുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലേക്ക് വീണ്ടും നാഗാലാൻഡിൽ കാര്യങ്ങൾ എത്തുന്നു എന്നു പറയാം. ഈ മാസം 27ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് നാഗാലാൻഡിൽ. നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി മൂന്നുദിവസം ആയിട്ടും ബിജെപി സ്ഥാനാർത്ഥികൾ ഒഴികെ ആരും പത്രിക നൽകിയിട്ടില്ല.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ചാണ് തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഇതിൽ നിന്ന് പിന്മാറി ബിജെപി പത്രിക നൽകാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസും ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടും ഉൾപ്പെടെ സംസ്ഥാനത്തെ 11 രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ബിജെപി സംസ്ഥാന ഘടകവും ആദ്യം ഈ തീരുമാനത്തിന് ഒപ്പം നിന്നെങ്കിലും അവസാന നിമിഷം കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദം എത്തിയതോടെയാണ് ചുവടുമാറ്റം നടത്തിയത്.

ഭരണകക്ഷിയായ എൻപിഎഫുമായുള്ള സഖ്യം അവസാനിപ്പിച്ച് പുതുതായി രൂപീകരിക്കപ്പെട്ട നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പീൾസ് പാർട്ടി (എൻഡിപിപി)യുമായി സഖ്യമുണ്ടാക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി നെഫു റിയോയുടെ നേതൃത്വത്തിലുള്ളതാണ് എൻഡിപിപി. 60 അംഗ നിയമസഭയിലെ 40 സീറ്റിൽ എൻഡിപിപിയും ബാക്കി 20ൽ ബിജെപിയും മൽസരിക്കാനാണ് ഇപ്പോഴത്തെ ധാരണ.

എന്നാൽ ശക്തമായ എതിർപ്പാണ് ബിജെപിക്ക് എതിരെ ഉയരുന്നത്. നാഗാ പ്രശ്നത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് നാഗാലാൻഡ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടുവർഷംമുമ്പ് നാഗാ പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിന്മേൽ സമാധാന കരാർ ഒപ്പിട്ടെങ്കിലും പിന്നീട് ഒന്നും നടന്നില്ല. മാത്രമല്ല, കഴിഞ്ഞവർഷം ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സ്ഥിതിഗതികൾ കൈവിട്ടുപോയി. ഇതോടെ വീണ്ടും ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും മുഖ്യമന്ത്രി ടി ആർ സെലിയാങ് രാജിവയ്ക്കുകയും ചെയ്തു.

എല്ലാ ഗോത്രവർഗക്കാരും ഒന്നടങ്കം കേന്ദ്രതീരുമാനത്തെ എതിർക്കുകയായിരുന്നു. സ്ത്രീസംവരണം ഗോത്രരീതികൾക്ക് വിരുദ്ധമാണെന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്നുമാണ് അവർ നിലപാടെടുത്തത്. നാഗാലാൻഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലംമുതലേ തുടങ്ങുന്നതാണ് ഇന്ത്യൻ റിപ്പബ്‌ളിക്കുമായി നാഗന്മാരുടെ കലാപം. നാഗാ ദേശീയതയിലൂന്നിയ സമരം എക്കാലത്തും രക്തരൂഷിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പേതന്നെ ബ്രിട്ടീഷുകാരുമായുൾപ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടി, സ്വതന്ത്ര രാഷ്ട്രമെന്ന സങ്കൽപത്തിൽ നടന്ന സമരം ഇന്നും തുടരുകയാണ്. ഒരു സമ്പൂർണ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഇന്നും പൂർണതയിൽ എത്തിയില്ലെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ പ്രശ്‌നങ്ങൾ.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സായുധ കലാപം

അങ്ങനെയേ നാഗന്മാരുടെ പോരാട്ടങ്ങളെ വിശേഷിപ്പിക്കാനാകൂ. ഇന്ത്യയിലും മ്യാന്മറിലുമായി വ്യാപിച്ചുകിടന്നിരുന്ന നാഗാ ഗോത്രവർഗക്കാർ പുറംലോകവുമായി ബന്ധമുണ്ടാകുന്നത് മുതലേ തുടങ്ങിയിരുന്നു സ്വത്വത്തിനായുള്ള സമരങ്ങൾ. പ്രത്യേക രാജ്യത്തിനായുള്ള പോരാട്ടത്തിലേക്ക് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ ആ കലാപം നീങ്ങുകയും ചെയ്തിരുന്നു. അന്ന് തങ്ങളുമായുള്ള പോരാട്ടം അവസാനിക്കാൻ ബ്രിട്ടീഷ് സർക്കാർ ഗോത്രവർഗ്ഗക്കാരുമായി ഒരു സമാധാന കരാർ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ആ കരാർ യാതൊരു പ്രയോജനവും ചെയ്തില്ല. ഗോത്ര വർഗ്ഗത്തിൽപ്പെട്ട അംഗാമികൾ പലതവണ ബ്രിട്ടീഷ് സൈന്യത്തെ തുരത്തിയോടിച്ചതും ചരിത്രം.

പിന്നീട് വന്ന ക്രിസ്ത്യൻ മിഷനറിമാരാണ് പ്രശ്നത്തിന്റെ രൂക്ഷത അൽപ്പമെങ്കിലും കുറച്ചത്. അവർ 95 ശതമാനം നാഗാ ഗോത്രവർഗ്ഗക്കാരെയും മതപരിവർത്തനം നടത്തി. ക്രിസ്തുമതം സ്വീകരിച്ചതോടെ നാഗന്മാർ മറ്റു വിഭാഗക്കാരുമായി ഒത്തുതീർപ്പിലെത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. പക്ഷേ അതും സ്വാതന്ത്ര്യ സമര കാലഘട്ടം വരെയേ ഇത് നിലനിന്നുള്ളൂ. അന്ന് രൂപീകരിക്കപ്പെട്ട നാഗാ നാഷണൽ കൗൺസിൽ മുൻ ആവശ്യവുമായി വീണ്ടും രംഗത്തെത്തി. തുടർന്നാണ് 1963 ൽ നാഗാലാൻഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. അടുത്ത വർഷം തന്നെ നാഗാ നാഷണൽ കൗൺസിൽ സമാധാനകരാറിൽ ഒപ്പിട്ടു.

പക്ഷേ, അപ്പോഴും പരമാധികാര രാഷ്ട്രം എന്ന ആവശ്യത്തിൽ നിന്ന് അവർ പിന്മാറിയില്ല. 1980 ജനുവരി 31ന് എൻഎസ്സിഎൻ രൂപീകരിച്ചതോടെ സംഘടിത സമരത്തിലേക്ക് നാഗാ ഗോത്രക്കാർ നീങ്ങി. ഇസാക് ചിഷിസ്വവിന്റെ നേതൃത്വത്തിൽ നാഗാ കൗൺസിലിനെതിരെ രൂപീകരിച്ച സംഘടനയായിരുന്നു ഇത്. ഇവർ ഇന്ത്യയിലെയും മ്യാന്മറിലെയും നാഗന്മാരെ കൂട്ടിച്ചേർത്ത് നാഗലിം എന്ന രാജ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ 1988 ഏപ്രിൽ 30 ന് എൻഎസ്സിഎൻ കേന്ദ്രസർക്കാരുമായി കരാറുണ്ടാക്കിയത് പാർട്ടിക്കുള്ളിൽ തന്നെ പിളർപ്പിന് കാരണമായി. എസ്എസ് ഖാല്ലാങ്ങിന്റെയും ഇസാക് ചിഷിയുടെയും നേതൃത്വത്തിലുള്ള ഇരു പാർട്ടികളും തമ്മിൽ വ്യാപക കൂട്ടക്കൊല അരങ്ങേറി. തീവ്രവാദികളും മിതവാദികളും തമ്മിലുള്ള പോരാട്ടം എല്ലാ സമാധാന കരാറുകളും ഇല്ലാതാക്കുന്നതായി. അതിർത്തിക്കപ്പുറത്തു നിന്നും ചൈനയുടെ ഉൾപ്പെടെ സഹായങ്ങൾ എത്തിയെന്നതും ചർച്ചയായി.

ഇത്തരത്തിൽ ഇന്ത്യൻ സേനയുമായി ഉൾപ്പെടെ നിരന്തരം ഏറ്റുമുട്ടിവന്ന നാഗാ കലാപകാരികൾ (അവരുടെ ഭാഷയിൽ ദേശീയവാദികൾ) ഒടുവിൽ ചർച്ചയ്ക്ക് തയ്യാറായി. മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അങ്ങനെയാണ് 2015 ആഗസ്റ്റിൽ സമാധാന കരാർ ഉണ്ടാകുന്നത്. അതീവ രഹസ്യമായി നടത്തിയ ചർച്ചകളിലൂടെ എൻഎസ്സിഎൻ ഐഎമ്മുമായി കരാറൊപ്പിട്ടു കേന്ദ്രം. നാഗ വാസമേഖലകൾ ഒരു ഭരണത്തിൻ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടന്ന അശാന്തി നിറഞ്ഞ കാലഘട്ടം തീരുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാഴ്ചയുടെ തന്ത്രമായ വിഭജിച്ചു ഭരിക്കുക എന്ന ആശയത്തിലേക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ വലിച്ചിഴയ്ക്കുകയായിരുന്നു എന്നും ഇതിൽ നിന്നും മാറി പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകാൻ നാഗ ജനതയ്ക്ക് കഴിയട്ടെ മോദി ആശംസിക്കുകയും ചെയ്തു.

നാഗാലാൻഡിലെ സംഘടനകളും സമാധാന കരാറും

നാഗാ സായുധ കലാപത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു 87-ാം വയസ്സിൽ അന്തരിച്ച ചെയർമാൻ ഇസാക്ക് സു. നാഗാ കലാപത്തിന് ചൈനയുടെ പിന്തുണയുണ്ടായിരുന്നു എന്നും സുവിന് മാത്രമേ അതിന്റെ രഹസ്യങ്ങളറിയൂ എന്നുമാണ് വിശ്വസിക്കപ്പെട്ടത്. അടുത്തിടെ അദ്ദേഹം മരിച്ചതോടെ ദശകങ്ങളായി നടന്നു വരുന്ന സായുധ കലാപം സംബന്ധിച്ച് ഒരുപാട് രഹസ്യങ്ങളും സുവിനൊപ്പം മൺമറഞ്ഞു. സുവിനെ മുന്നിൽ നിർത്തി ഇന്ത്യൻ സർക്കാർ ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാവി എന്താവുമെന്ന ചോദ്യവും അന്നാണ് ഉയർന്നത്.

സായുധ കലാപത്തിന്റെ ശക്തി മുയ്വ ആയിരുന്നു. സുവിന് സ്വാധീനശേഷി കുറവായിരുന്നു. എന്നാലും സു ആണ് കരാറിന് തയ്യാറായത്. അത് മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ആ കരാർ എല്ലാ വിധത്തിലും തട്ടിപ്പായിരുന്നു എന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്. മുയ്വയുടെ നേതൃത്വത്തിലുള്ള ഒരു സായുധ സംഘടനയായിരുന്നു ദി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്. ചെയർമാൻ ഇസാക് ചിഷി സുവും ജനറൽ സെക്രട്ടറി തു മുയ്വയും. ഇന്ത്യൻ സായുധ കലാപത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സംഘടന. കൂട്ടക്കൊലകളും സാധാരണക്കാരെ ഭീഷണിപ്പെടുത്തലും നികുതി ഏർപ്പെടുത്തലും ആയുധങ്ങളും മയക്കുമരുന്നുകളും കള്ളക്കടത്ത് നടത്തുകയുമെല്ലാം നടത്തി മേഖലയിൽ ആധിപത്യം ഉറപ്പിച്ച സംഘടനയായിരുന്നു നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ.

ഇത്തരത്തിൽ സമാധാന കരാറിൽ ഒപ്പിട്ടത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആണെങ്കിലും കലാപങ്ങളുടെ ചരിത്രം വേറെയാണ്. 1918-ൽ കൊഹിമയിൽ ഒരുകൂട്ടം വിദ്യാസമ്പന്നരായ നാഗ വംശജർ ചേർന്ന് രൂപീകരിച്ച നാഗ ക്ലബ് ആയിരുന്നു ബ്രി്ട്ടീഷുകാർക്ക് എതിരെ നാഗ പോരാട്ടത്തിന്റെ തുടക്കം കുറിച്ചത്. 1946-ൽ നാഗാ നാഷണൽ കൗൺസിൽ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത് തങ്ങളുടെ പ്രദേശങ്ങൾ ഇന്ത്യക്ക് കൈമാറരുത് എന്നാണ്. അന്നുമുതൽ ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സായുധ പ്രതിരോധത്തിലാണ് നാഗാ പ്രദേശത്തെ ഗോത്രവർഗങ്ങൾ ഒന്നടങ്കം. എന്നാൽ മുന്നോട്ട് പോകും തോറും നാഗാ പ്രസ്ഥാനത്തിൽ പിളർപ്പുണ്ടാവുകയും ലക്ഷ്യങ്ങൾ സ്വാതന്ത്ര്യത്തിലപ്പുറം മറ്റുപലതുമായി മാറുകയും ചെയ്തു.

നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്, എൻഎസ് സിഎൻ (ഐഎം) എന്നും എൻഎസ് സിഎൻ (കെ) എന്നും രണ്ടായി പിരിഞ്ഞു. ഇതിന് പിന്നാലെ 1988-ൽ മുയ്വ അധികാരത്തിലേക്ക് വന്നു. പക്ഷേ അദ്ദേഹം താങ്കുൾ ഗോത്രത്തിൽ നിന്നുള്ളയാൾ ആയിരുന്നു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചികഞ്ഞാൽ മണിപ്പൂരിലാണ് വേരുകൾ. നാഗാ വംശജർ പാർക്കുന്ന മേഖലകളുടെ അല്ലെങ്കിൽ ഗ്രേറ്റർ നാഗാലാൻഡ്- നാഗാലിം- ഏകീകരണത്തെ ചൊല്ലി പിന്നീട് വൻ കലാപങ്ങൾ നടന്നതിന് പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു എന്ന് പറയാം. കച്ച നാഗസ്സ് എന്നറിയപ്പെട്ടിരുന്ന താങ്കുൾ വംശജരെ മറ്റ് നാഗാ ഗോത്രങ്ങൾ തങ്ങളുടെ യഥാർഥ പ്രതിനിധികളായി അംഗീകരിക്കാൻ തയാറായിരുന്നില്ലെന്നതാണ് ഇതിന് കാരണമായത്.

എന്നാൽ സുവിനെ മറ്റു ഗോത്രങ്ങൾ അംഗീകരിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു മുയ്വ പിടിച്ചുനിന്നത്. എന്നാൽ സു മരിച്ചതോടെ സ്ഥിതി മാറി. കേന്ദ്രവുമായി ഒപ്പിട്ട കരാറിനെ ചൊല്ലി സുവിന്റെ വേർപാടിന് ശേഷം ഭിന്നത ഗോത്രങ്ങൾക്കിടയിൽ രൂക്ഷമായി. അങ്ങനെയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ ആയി കഴിഞ്ഞവർഷം വനിതാ സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനവും. ഇന്ത്യൻ സർക്കാരുമായി നടന്ന ചർച്ചകളിൽ നിന്ന് കഴിഞ്ഞ വർഷം പിന്മാറിയ എൻഎസ് സിഎൻ (കെ) ഇന്ത്യൻ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിലിലാണ് പിന്നീട്. മ്യാന്മാറിൽ നിന്നുള്ള ഹെമി നാഗ വംശജനായ കപ്ലാങ് നാഗാ പ്രതിരോധ പോരാട്ടത്തിന്റെ പ്രധാനിയെന്ന നിലയിലേക്കും എത്തിയിരിക്കുന്നു ഇപ്പോൾ.

എന്നും ഇന്ത്യയെ വേറെ രാജ്യമായി കണ്ട നാഗന്മാർ

'ഞങ്ങൾ നാഗർ. നിങ്ങൾ ഇന്ത്യക്കാർ' എന്ന് നാഗാലാൻഡുകാർ പറയുമെന്ന് അവിടെ ചെന്നിട്ടുള്ളവരിൽ പലരും പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യ-നാഗാ പ്രശ്നം പരിഹരിക്കണം' എന്നാണ് അവിടത്തെ മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിക്കുന്നത്. നാഗാലാൻഡിനെ തോൽപ്പിക്കാൻ ഇന്ത്യക്കാവില്ലെന്ന് അവിടത്തെ പത്രങ്ങളിൽ ലേഖനങ്ങളും പ്രത്യക്ഷപ്പെടുന്നു.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നരവംശ ശാസ്ത്രപരമായും ഒരുകാലത്തും ഇന്ത്യയോട് ചേർന്നു നിൽക്കുന്നതല്ല നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ നാഗർ താമസിച്ചുവരുന്ന കഴിയുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് വിശാല നാഗരാജ്യമാണ് നാഗാ ദേശീയവാദി സംഘടനകളുടെ സ്വപ്നം. 'നാഗാലിം' എന്നാണ് അവർ രാജ്യത്തിന് ഇട്ട പേര്. ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ ഭൂഭാഗമാണ് ഈ മേഖല. ഇന്ത്യയുടെ ഭാഗമാകാൻ പോവുകയാണ് തങ്ങൾ എറിഞ്ഞപ്പോൾ നാഗാ ഗോത്രങ്ങൾ സ്വമേധയാ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഇക്കാര്യത്തിൽ 1951ൽ ഹിതപരിശോധന നടത്തിയപ്പോൾ 99 ശതമാനം ജനങ്ങളും സ്വതന്ത്ര നാഗാലാൻഡിനു വേണ്ടിയാണ് വോട്ടു ചെയ്തത് എന്നുമോർക്കണം. യൂറോപ്യൻ യൂണിയനിൽ നിന്ന് വിടണമെന്ന് ബ്രിട്ടീഷുകാർ വിധിയെഴുതിയതും സ്‌പെയിനിൽ നിന്ന് മാറണമെന്ന് കാറ്റലോണിയക്കാർ ആവശ്യപ്പെട്ടതുമായ ഹിതപരിശോധനകളെ നമ്മൾ ആഘോഷിച്ചപ്പോഴും ഇന്ത്യയിൽ നിന്ന് വിടണമെന്ന് നാഗാലാൻഡുകാർ ആവശ്യപ്പെട്ട ഹിതപരിശോധന പിന്നീട് നമ്മുടെ കേന്ദ്രസർക്കാരുകൾ ചർച്ചചെയ്തതേയില്ല. പക്ഷേ, ഇന്ത്യയ്‌ക്കൊപ്പം നിൽക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നുവെങ്കിലും സ്വാതന്ത്ര്യവാദത്തിൽ നിന്ന് ഒട്ടും പിന്നോട്ടു പോയിട്ടില്ല ഗോത്രമനസ്സുകളെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണവും.

371-ാം വകുപ്പുപ്രകാരം സവിശേഷ അധികാരങ്ങൾ

അസം പ്രവിശ്യയുടെ ഭാഗമായിരുന്ന നാഗാലാൻഡിനെ 1963ൽ പ്രത്യേക സംസ്ഥാനമാക്കിയപ്പോൾ ഭരണഘടനയുടെ 371-എ വകുപ്പ് പ്രകാരം സവിശേഷാധികാരങ്ങളും നൽകിയിരുന്നു. അതനുസരിച്ച് സംസ്ഥാനത്തെ ഭൂമിക്കും പ്രകൃതി വിഭവങ്ങൾക്കും മേൽ പൂർണാധികാരം നാഗാ ജനതയ്ക്കാണ്. ഈ വിഷയത്തിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നിയമസഭ അംഗീകരിക്കാത്തിടത്തോളം കാലം സംസ്ഥാനത്തിനു ബാധകമാവില്ല. നാഗാലാൻഡിലെ നീതിനിർവഹണം പരമ്പരാഗത ഗോത്ര നിയമങ്ങൾകൂടി കണക്കിലെടുത്ത് വേണമെന്ന് 1937ലെ നാഗാ ഹിൽ നിയമം വ്യക്തമാക്കുന്നു്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഈ നിയമത്തിന് ഇപ്പോഴും സാധുതയുണ്ടെന്ന് സുപ്രീം കോടതി അടുത്തയിടെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാഗാ ദേശീയതയെ അംഗീകരിച്ചുകൊണ്ടേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സമ്മതിക്കൂ എന്ന് വ്യക്തമാക്കുകയാണ് അവിടെയുള്ള ഗോത്രവർഗക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP