Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശപ്പടക്കാൻ പശുക്കളുടെ ചാണകത്തിൽനിന്ന് ധാന്യം തോണ്ടിയെടുത്ത് കഴുകിയുണക്കി തിന്നുന്നവർ; ചത്ത പശുവിന്റെ മാംസംതിന്നും എലിയെ ചുട്ടുതിന്നും വിശപ്പടക്കുന്ന ദലിതർ; രണ്ട് ദിവസത്തിലൊരിക്കൽ അടുത്ത തെരുവിലെ പൈപ്പിൽ വരുന്ന വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന ചേരിനിവാസികൾ; ഈ അവസ്ഥയിൽ ഇവർ എങ്ങനെയാണ് ഇടവിട്ട് കൈ കഴുകുക; രാജ്യം അടച്ചിടുമ്പോൾ തെരുവിന്റെ മക്കളും ചേരിനിവാസികളും എങ്ങോട്ട് പോവും; ലോക്ഡൗണിൽ ഉത്തരേന്ത്യയിൽ പട്ടിണി മരണ ഭീതിയും

വിശപ്പടക്കാൻ പശുക്കളുടെ ചാണകത്തിൽനിന്ന് ധാന്യം തോണ്ടിയെടുത്ത് കഴുകിയുണക്കി തിന്നുന്നവർ; ചത്ത പശുവിന്റെ മാംസംതിന്നും എലിയെ ചുട്ടുതിന്നും വിശപ്പടക്കുന്ന ദലിതർ; രണ്ട് ദിവസത്തിലൊരിക്കൽ അടുത്ത തെരുവിലെ പൈപ്പിൽ വരുന്ന വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന ചേരിനിവാസികൾ; ഈ അവസ്ഥയിൽ ഇവർ എങ്ങനെയാണ് ഇടവിട്ട് കൈ കഴുകുക; രാജ്യം അടച്ചിടുമ്പോൾ തെരുവിന്റെ മക്കളും ചേരിനിവാസികളും എങ്ങോട്ട് പോവും; ലോക്ഡൗണിൽ ഉത്തരേന്ത്യയിൽ പട്ടിണി മരണ ഭീതിയും

എം മാധവദാസ്

ന്യൂഡൽഹി: ലോകത്തെ മുച്ചൂടം മുടിക്കുന്ന കോവിഡ് വൈറസിനെ നേരിടാനായി രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണമായി ലോക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർ വ്യാപകമായി സ്വാഗതം ചെയ്യുകയാണ്. കോവിഡിനെ തടയുന്നതിൽ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾ അലംഭാവം തുടരുന്നതിനിടെ അതിശക്തമായ നടപടി എടുത്ത ഇന്ത്യയെ ലോകാരോഗ്യ സംഘടനയടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു. പക്ഷേ 70 ശതമാനം ജനങ്ങളും കർഷകരും നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നതുമായ ഒരു രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് എങ്ങനെയാണ് പ്രായോഗികമാവുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കേരളത്തിന്റെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും സാമൂഹിക നിലവാരവും വെച്ച് ഉത്തരേന്ത്യയെ അളക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ കോവിഡിനെ നേരിടാൻ ലോക്ഡൗണിനെ സ്വാഗതം ചെയ്യുമ്പോൾ തന്നെ അത് പട്ടിണി മരണങ്ങളിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നാണ് സാമൂഹിക പ്രവർത്തകരും എഴുത്തുകാരും സർക്കാറിനെ ഓർമ്മിപ്പിക്കുന്നത്.

എഴുത്തുകാരിയും ആക്റ്റീവിസ്റ്റുമായ അരുന്ധതി റോയ് ഇങ്ങനെ എഴുതുന്നു. 'നാടോടികളായി കഴിയുന്നവരും, ചേരികളിൽ ജീവിക്കുന്നതുമായ പതിനായിരക്കണക്കിന് മുനുഷ്യർ ഇന്ത്യയിൽ ഉണ്ട്. ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന കൃഷിക്കാരും സാധാരണക്കാരുമാണ് ഇന്ത്യയിലെ 70 ശതമാനം ആളുകളും. എങ്ങനെയാണ് ഇവർ ഈ 21 ദിവസം ജീവിക്കുക. നിങ്ങൾ ധൈര്യമായി വീട്ടിൽ ഇരിക്കുക. ഈ മൂന്നാഴ്ച ജീവിക്കാനുള്ള അത്യാവശ്യ സാധനങ്ങൾ സർക്കാർ തരും എന്ന് പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു.'- അവർ ചൂണ്ടിക്കാട്ടുന്നു.

മാധ്യമ പ്രവർത്തകരായ കരൺഥാപ്പറും, രാജ്ദീപ് സർ ദേശായിയും സമാനമായ അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ' വെള്ളവും കക്കുസുമൊന്നുമില്ലാത്ത ഇന്ത്യയിലെ ചേരി നിവാസികൾ എങ്ങനൊണ് കോവിഡിനെ പ്രതിരോധിക്കുക എന്ന ഭീതിയിലാണ് ഞാൻ'- കരൺഥാപ്പർ ചൂണ്ടിക്കാട്ടുന്നു. 'ഞാൻ ലോക് ഡൗണിന് ഒപ്പമാണ്. അതല്ലാതെ ഈ ഘട്ടത്തിൽ മറ്റ് പോംവഴികൾ ഉണ്ടെന്ന് തോനുന്നില്ല. പക്ഷേ ഇന്ത്യയിലെ ദരിദ്രനാരായണന്മാർ എങ്ങനെ ഈ ദിവസങ്ങൾ അതിജീവിക്കും. ഒരാൾപോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പിക്കാനുള്ള എന്തെങ്കിലും ഒരു പദ്ധതിയാണ് സർക്കാറിൽനിന്ന് ഉണ്ടാവേണ്ടിയിരുന്നത്.'

മൃഗതുല്യമായ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ

'രണ്ട് ദിവസത്തിലൊരിക്കൽ അടുത്ത തെരുവിലെ പൈപ്പിൽ വെള്ളം വരും. അത് കുട്ടികളാണ് വന്ന് അറിയിക്കുന്നത്. അപ്പോൾ ഞങ്ങൾ പോയി, പാത്രങ്ങളിൽ വെള്ളം പിടിച്ചുവയ്ക്കും. ഈ അവസ്ഥയിൽ ഞങ്ങളെങ്ങനെയാണ് ഇടവിട്ട് കൈ കഴുകുന്നതും വൃത്തിയായി ജീവിക്കുന്നതും. ചെറിയ മക്കളൊക്കെയുള്ളവർ ധാരാളമാണ് ഞങ്ങൾക്കിടയിൽ. എനിക്ക് പോലും ചെറിയ കുഞ്ഞുണ്ട്. ഞങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പോകുമെന്ന വിശ്വാസം മാത്രമേയുള്ളൂ. ഇതുവരെ സർക്കാർ ഞങ്ങളോട് പ്രത്യേകിച്ചൊന്നും അറിയിച്ചിട്ടില്ല...'- കൊവിഡ് പടർന്നുപിടിച്ച പശ്ചാത്തലത്തിൽ എൻഡിടിവി നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ തെരുവിൽ കഴിയുന്ന പത്തൊമ്പതുകാരി പറഞ്ഞ വാക്കുകളാണിത്. ഡൽഹിയിൽ മാത്രമല്ല മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗലൂരു തുടങ്ങി രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തിൽ ആയിരക്കണക്കിന് പേരാണ് തുറന്ന തെരുവുകളിൽ മാത്രം അന്തിയുറങ്ങുന്നത്. ഇവരുടെ കാര്യത്തിൽ അടിയന്തരമായ നടപടികൾ കൈക്കൊള്ളണമെന്നാണ് സാമൂഹ്യവിദഗ്ദ്ധർ ഒന്നടങ്കം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

2015ലെയോ 2011ലെയോ കണക്കുകളല്ല നിലവിലെ സാഹചര്യത്തിലുള്ളത്. പോയ വർഷം മാത്രം ഇന്ത്യയിൽ 11 സംസ്ഥാനങ്ങളാണ് പ്രളയം നേരിട്ടത്. അത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെയേറെയാണ്. ഇതിനിടെ 'പ്രധാനമന്ത്രി ആവാസ് യോജന' പദ്ധതി പ്രകാരം 2022നകം ഭവനരഹിതർക്കായി ഒരു കോടി വീടുകൾ നിർമ്മിച്ചുനൽകുമെന്ന പ്രഖ്യാപനം രാജ്യത്തിന് പ്രതീക്ഷകൾ നൽകിയിരുന്നുവെങ്കിലും ഭരണത്തിലിരുന്ന ആറ് വർഷത്തിനുള്ളിൽ ആകെ 36 ശതമാനം വീടുകളുടെ പണി മാത്രമാണ് സർക്കാരിന് പൂർത്തിയാക്കാനായത്. പലയിടങ്ങളിലും അനുവദിച്ച വീടുകളുടെ നിർമ്മാണം പോലും പൂർത്തിയാക്കിയിട്ടില്ല. കൊവിഡ് 19 പ്രതിരോധത്തിനുള്ള മികച്ച മാർഗമെന്ന നിലയ്ക്കാണ് 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീടുകളിൽ തുടരുകയെന്ന നിബന്ധനയാണ് ഏറ്റവും പ്രധാനമായി ഇത് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ വീടില്ലാത്തവർ എവിടെ സുരക്ഷിതരായി തുടരണമെന്ന ചോദ്യം ഈ സാമൂഹിക പശ്ചാത്തലത്തിൽ അവശേഷിക്കുക തന്നെയാണ്. ഫലപ്രദമായ ഇടപെടൽ സർക്കാർ നടത്തുമെന്ന പ്രത്യാശയാണ് തെരുവുകൾ വീടുകളായി കണ്ട ഈ വലിയ വിഭാഗം ജനതയും പങ്കുവയ്ക്കുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും 'ബീമാരി' സ്റ്റേറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്ന ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവടങ്ങളിലൊക്കെ സ്ഥിയി അതീവ ദയനീയമാണ്. റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സും ബിബിസിക്കുവേണ്ടി നടത്തിയ ഡോക്യുമെന്റിയിൽ ജാതിയും ജമീന്ദാർ സമ്പ്രദായവുമൊക്കെയായി 19ാം നൂറ്റാണ്ടിൽനിന്ന് മോചനമില്ലാതെയാണ് ഇപ്പോഴും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ നിലനിൽക്കുന്നതെന്ന് വ്യക്തമാക്കുന്നു. വിശപ്പടക്കാൻ പശുക്കളുടെ ചാണകത്തിൽനിന്ന് ധാന്യം തോണ്ടിയെടുത്ത് കഴുകിയുണക്കി തിന്നുന്ന മഹർ സമുദായത്തിലെ പിന്നോക്കക്കാരുടെ കഥ ഇവർ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്നതായിരുന്നു. അതുപോലെ നാടോടികളായി അലയുന്ന വാത്മീകി സമുദായക്കാർ.

പെറുക്കിത്തിന് ജീവിക്കുന്ന നാടോടികൾ. ചത്ത പശുവിന്റെ മാസം തിന്നുവരും എലിയെ തിന്നും വിശപ്പടക്കുന്ന ആദിവാസികളും ദലിതരും. ഇവർക്കൊക്കെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്താണെന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല. രാജ്യം സമ്പൂർണ്ണമായി അടക്കുകയും, യാത്രാ നിയന്ത്രണം കർശനമാക്കുകയും ചെയ്താൽ പട്ടിണി മരണങ്ങൾ ആയിരിക്കും ഇവിടെ നിന്ന് ഉണ്ടാവുക. ശ്രേണീ ബന്ധമായ ജാതി വ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഇതുപോലെ ഒരു മഹാമാരിയെ ഒന്നിച്ച് ചെറുക്കാൻ കഴിയില്ലെന്ന് ജെ എൻ യു സർവകലാശാലയിലെ പൊളിറ്റികസ് അദ്ധ്യാപകൻ കൂടിയായ സാമൂഹിക പ്രവർത്തകൻ പ്രകാശ്മേത്തയും ചൂണ്ടിക്കാട്ടുന്നു. സർക്കാർ സാമൂഹിക സുരക്ഷാസംവിധാനങ്ങൾ അടിയന്തരമായി പ്രഖ്യാപിച്ച് ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വീടില്ലാത്തവർ 18ലക്ഷമെന്ന് യുഎൻ കണക്കുകൾ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം 21 ദിവസത്തേക്ക് 'ലോക്ഡൗണി'ലാകുമ്പോൾ വീടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ അവശേഷിക്കുമോ എന്ന ആശങ്ക ബാക്കിയാവുകയാണ്. ഐക്യരാഷ്ട്രസഭയുടെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 18 ലക്ഷത്തിലധികം പേർക്ക് വീടില്ല. ഇതിൽ 52 ശതമാനം പേരും നഗരങ്ങൾ കേന്ദ്രീകരിച്ച് കഴിയുന്നവരാണ്. ഇവരിൽ തന്നെ വലിയൊരു വിഭാഗം പേരും കൂട്ടമായി ചേർന്നുതാമസിക്കുന്നവരാണ്. 2011ലെ സെൻസസ് പ്രകാരം ഏതാണ്ട് ഒരു കോടി 37 ലക്ഷം പേർ നിയമവിരുദ്ധമായി താൽക്കാലിക ഷെഡ്ഡുകൾ പോലുള്ളയിടങ്ങളിൽ കഴിയുന്നവരാണ്. ഇവർക്ക് സ്വയം സുരക്ഷിതരാകാനുള്ള സാധ്യതയില്ലെന്ന് മാത്രമല്ല, സമൂഹവ്യാപനം വലിയ തോതിൽ ഇവരിലൂടെ നടക്കുകയും ചെയ്‌തേക്കാം. ഇതിന് പുറമെയാണ് അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം. ആവശ്യത്തിന് വെള്ളമില്ല, കക്കൂസില്ല, ഭക്ഷണം കൃത്യമല്ല, ചികിത്സയോ മരുന്നോ ഇല്ല എന്നിങ്ങനെ പോകുന്നു അടിസ്ഥാനവിഷയങ്ങളുടെ പട്ടിക.

70 ശതമാനത്തിനടുത്ത് ജനങ്ങൾ അന്നത്തെ ഭക്ഷണത്തിന് വേണ്ടി അധ്വാനിക്കുന്ന ഇന്ത്യയിൽ ഈ 21 ദിവസം എങ്ങനെ മറികടക്കും എന്നാണ് ചോദ്യം. തങ്ങൾക്ക് ജോലിക്ക് പോകാൻ കഴിയാതെ ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വന്നാൽ തങ്ങളുടെ മക്കൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സർക്കാർ എന്ത് ചെയ്യും എന്നതായിരുന്നു അത്. തൊഴിൽ ചെയ്യാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയുടെ രീതിയിൽ സർക്കാർ വീടുകളിലേക്ക് എത്തിച്ചു കൊടുത്തില്ലെങ്കിൽ ജനം കർഫ്യൂ ലംഘിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി 15000 കോടി വിലയിരുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം കോടിയെങ്കിലും വേണ്ടെടുത്താണ് 15000 കോടിയുള്ളത്. വിവിധ സംസ്ഥാനങ്ങളുടെ പാക്കേജുകൾ ഇന്ത്യയെ രക്ഷിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ആരോഗ്യ വികസനത്തിന്റെ 70% നഗര കേന്ദ്രീകൃതം

നഗരകേന്ദ്രീകൃതമായ ഇന്ത്യയുടെ വികസനം ശക്തമായ അസന്തുലതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നോബേൽ സമ്മാന ജേതാവ് അമൃത്യാസെന്നും ചൂണ്ടിക്കാട്ടുന്നു. ഒരു മഹാമാരിയെ നേരിടാൻ ഒട്ടും സജ്ജമല്ല ഇന്ത്യയുടെ ആരോഗ്യരംഗമെന്നതും വാസ്തവമാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കെ, ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങളുടെ കുറവ്. ആരോഗ്യരംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലടക്കം വെന്റിലേറ്റർ സൗകര്യങ്ങളുടെ കുറവുണ്ടെന്നാണു വിലയിരുത്തൽ. 2018 ലെ കണക്കനുസരിച്ചു കേരളത്തിലെ 8 സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രമായി 411 വെന്റിലേറ്ററുകളാണുള്ളത്. ഇതിൽ അൻപതിലേറെയും പ്രവർത്തനരഹിതമായിരുന്നു.

വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമം തുടരുമ്പോഴും അത്തരമൊരു ഘട്ടം നേരിടേണ്ടി വന്നാൽ എന്താവും പരിഹാരം എന്ന ചോദ്യം കേന്ദ്ര സർക്കാരിനു മുന്നിലുണ്ട്. കോവിഡ് രോഗികൾക്കു ശ്വാസതടസ്സം ഉണ്ടാകുമെന്നതിനാൽ വെന്റിലേറ്റർ അത്യാവശ്യമാണ്. വികസിത രാജ്യങ്ങളെ പോലും വെന്റിലേറ്ററിന്റെ കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ പരിഷ്‌കാരം ഉടനടി വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഓരോ 10,000 പേർക്കും 7 കിടക്കകൾ മാത്രമാണുള്ളത്. ആഗോള ശരാശരി 27. റഷ്യയിൽ 98. ഇന്ത്യയിൽ ഓരോ 1000 പേർക്കും ഒരു ഡോക്ടർ പോലും തികച്ചില്ല. റഷ്യയിൽ ഇത് 3.3 ആണ്. കൊറോണ ഗ്രാമങ്ങളിലേക്കു കടന്നാൽ സ്ഥിതി രൂക്ഷമാകും. അത് ഉണ്ടാവാതിരിക്കാനാണ് ഇന്ത്യ പരമാവധി ശ്രമിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP