Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമക്ഷേത്രവും സംവരണ വാഗ്ദാനങ്ങളും മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമോ? മൃദുഹിന്ദുത്വ നിലപാടുമായി കളത്തിലിറങ്ങുന്ന രാഹുലിനും പ്രിയങ്കയ്ക്കും ജനങ്ങൾ വോട്ടുചെയ്യുമോ? കർഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കറൻസി നിരോധനവും ഇന്ധന വില വർധനവും ചർച്ചയാകുമോ? വികസന കാര്യങ്ങളേക്കാൾ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ നിർണായകമാകുക മത-സാമുദായിക നിലപാടുകൾ തന്നെ; ജാട്ടുകളും ലിംഗായത്തുകളും പട്ടേൽ-യാദവ സമുദായങ്ങളും കൂടെ ദളിത് -മുസ്‌ളിം സമീപനങ്ങളും വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് വന്നെത്തുമ്പോൾ

രാമക്ഷേത്രവും സംവരണ വാഗ്ദാനങ്ങളും മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമോ? മൃദുഹിന്ദുത്വ നിലപാടുമായി കളത്തിലിറങ്ങുന്ന രാഹുലിനും പ്രിയങ്കയ്ക്കും ജനങ്ങൾ വോട്ടുചെയ്യുമോ? കർഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കറൻസി നിരോധനവും ഇന്ധന വില വർധനവും ചർച്ചയാകുമോ? വികസന കാര്യങ്ങളേക്കാൾ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ നിർണായകമാകുക മത-സാമുദായിക നിലപാടുകൾ തന്നെ; ജാട്ടുകളും ലിംഗായത്തുകളും പട്ടേൽ-യാദവ സമുദായങ്ങളും കൂടെ ദളിത് -മുസ്‌ളിം സമീപനങ്ങളും വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് വന്നെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നരേന്ദ്ര മോദിയും ബിജെപിയും ഒരു തുടർഭരണം പ്രതീക്ഷിച്ച് കളത്തിലിറങ്ങുമ്പോൾ കൂടെ കൂട്ടാവുന്ന മറ്റു പാർട്ടികളെയെല്ലാം ഒരുമിച്ച് അണിനിരത്തി ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്. അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിൽ എന്താവും പ്രധാന ചർച്ചാവിഷയം? രാമക്ഷേത്ര വിഷയം ബിജെപി ട്രംകാർഡായി പ്രചരിക്കുമോ? മറുമരുന്നായി മൃദുഹിന്ദുത്വ നിലപാട് കോൺഗ്രസ് പുറത്തെടുക്കുമോ? ഓരോ സംസ്ഥാനത്തെയും സഖ്യങ്ങൾ എത്രത്തോളം നിർണായകമാകും? ബിജെപിക്ക് കഴിഞ്ഞ കുറി തൂത്തുവാരാൻ കഴിഞ്ഞ സംസ്ഥാനങ്ങളിൽ അതേ നിലയിൽ തുടരാനാകുമോ? ഇത്തരത്തിൽ നൂറുനൂറ് ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നുകഴിഞ്ഞു.

എന്നാൽ ഉറപ്പാകുന്ന ചില കാര്യങ്ങളുണ്ട്. പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. മറ്റൊന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ജാതി,മത രാഷ്ട്രീയം പ്രമുഖ കക്ഷികളെല്ലാം കളിക്കും. ഈ രണ്ട് കാര്യങ്ങൾക്ക് പിന്നിലാകും ഇക്കുറി ദേശീയ തിരഞ്ഞെടുപ്പെന്ന സൂചനകളാണ് ലഭിക്കുന്നത്. അതായത്, രാജ്യത്തിന്റെ വികസനം, സാമ്പത്തിക സ്ഥിതി എന്നീ കാര്യങ്ങളിലൂന്നിയ പ്രചരണത്തിലുപരി ജാതി-മത പക്ഷപാതിത്വവും ഓരോ പാർട്ടികളുടേയും നിലപാടുകളും തന്നെയാവും രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിലും വിധിയെഴുത്തിൽ നിർണായകമാകുക എന്ന് രാഷ്ട്രീയ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.

രണ്ടുതവണ തുടർച്ചയായി രാജ്യം ഭരിച്ച മന്മോഹൻ സർക്കാരിനെ നിലംപരിശാക്കിയാണ് നരേന്ദ്ര മോദിയും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ മണ്ണിൽ പടയോട്ടം നടത്തിയത്. ആ വമ്പൻ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ രാജ്യത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഒന്നൊന്നായി താഴെയിടാനും ഭരണത്തിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ ബിജെപിക്ക് കഴിഞ്ഞു. നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ചാണക്യതന്ത്രങ്ങൾ യുപിയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലുമെല്ലാം വിജയിച്ചതോടെ വീണ്ടും മോദിക്ക് അധികാരം ലഭിക്കുമെന്ന നിലയിൽ ചർച്ചകളും കാര്യമായി തന്നെ തുടർന്നു.

എന്നാൽ മോദി സർക്കാരിന്റെ അവസാനകാലത്തെ ഒരു വർഷം അവർക്ക് തിരിച്ചടികളുടേതായി മാറി. പ്രത്യേകിച്ചും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി വന്നതിന് ശേഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് തിരഞ്ഞെടുപ്പുകളിൽ മുൻകാലങ്ങളിലെ നേട്ടത്തിലേക്ക് ബിജെപി എത്തിയില്ല. ഏറ്റവും ഒടുവിൽ ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ 'ഡ്രെസ് റിഹേഴ്‌സൽ' എന്ന് വിലയിരുത്തപ്പെട്ടു. മൂന്നിടത്തും ശക്തമായി തിരിച്ചുവന്ന് കോൺഗ്രസ് സാന്നിധ്യം അറിയിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവർ ആയിരിക്കില്ലെന്ന മുന്നറിയിപ്പുകൂടി നൽകിയിരിക്കുകയാണ്.

ഏപ്രിൽ-മെയ് മാസങ്ങളിൽ പതിനേഴാം ലോക്‌സഭയിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതോടൊപ്പം ആന്ധ്ര, അരുണാചൽ പ്രദേശ്, ഹരിയാന, ഒഡീഷ, സിക്കിം, ജമ്മു ആൻഡ് കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നേക്കും. ഇത്തരത്തിൽ വലിയൊരു തിരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്.

എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങൾ ചർച്ചയാകുമ്പോഴും അടിസ്ഥാനപരമായി ജനങ്ങളെ ബാധിച്ച വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ എന്നീ കാര്യങ്ങൾ എത്രത്തോളം ചർച്ചയാകുമെന്ന ചോദ്യമുയരുന്നുണ്ട്. അതേസമയം, മോദി സർക്കാർ നടപ്പിലാക്കിയ കറൻസി നിരോധവും അത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ എത്രത്തോളം ക്ഷീണമുണ്ടാക്കിയെന്നതുമെല്ലാം ചർച്ചയാകുകയും ചെയ്യും. പക്ഷേ, അതിലെല്ലാമുപരി മത-സാമുദായിക വിഷയങ്ങൾ തന്നെയാകും ചർച്ചയിൽ മുൻനിരയിൽ എന്നതുതന്നെയാണ് സൂചനകൾ.

മതവും സമുദായവും പ്രാദേശിക വാദങ്ങളും മുഖ്യ അജണ്ട

വികസന വിഷയങ്ങൾക്കപ്പുറം മത-സാമുദായിക കാര്യങ്ങൾ രാഷ്ട്രീയ കക്ഷികൾ പ്രചരണായുധം ആക്കുന്നത് തെറ്റായ പ്രവണതയാണ്. പക്ഷേ, ഇക്കുറി മുൻകാലങ്ങളേക്കാൾ തീഷ്ണമായിരിക്കും ഈയൊരു പ്രവണതയെന്നാണ് സൂചനകൾ. ഉദാഹരണമായി ഇങ്ങ് തെക്കേ ഇന്ത്യയിൽ കർണാടകത്തിൽ ലിംഗായത്ത് രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച കോൺഗ്രസ് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയത് നോക്കുക. ബിജെപിയുടെ വോട്ടുബാങ്കാണ് ലിംഗായത്ത് സമുദായം. ബിജെപി നേതാവ് യദിയൂരപ്പപോലും അതേ, സമുദായാംഗം. എന്നിട്ടും കോൺഗ്രസ് കളിച്ച ഒരു ജാതിക്കളി ബിജെപിയുടെ നില തെറ്റിച്ചു.

നിലവിൽ കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും മുതലെടുക്കാമെന്നും ബിജെപി കരുതിയെങ്കിലും ലിംഗായത്തിന് പ്രത്യേക മതപദവി നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ഇതോടെ സമുദായത്തിന്റെ വലിയൊരു ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചു. അതേസമയം, ഇത്തരത്തിൽ പ്രത്യേക മതപദവി നൽകുന്നതിനെ ആർഎസ്എസ് എതിർത്തത് ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. ദേവഗൗഡയുടെ ദളുമായി സഖ്യമില്ലാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും ഓർക്കണം. ഇത്തരത്തിൽ മിക്ക മണ്ഡലത്തിലും ദളിനും കോൺഗ്രസിനും വോട്ടുകൾ വീതിച്ചുപോകുമ്പോൾ ബിജെപിക്ക മിക്കയിടത്തും വിജയം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അത് പാളി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയെങ്കിലും ദളും കോൺഗ്രസും ചേർന്ന് സർക്കാരുണ്ടാക്കി.

ഇത്തരത്തിൽ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക വാദങ്ങളും സാമുദായിക സമവാക്യങ്ങളും തന്നെയാണ് വിധി നിർണയത്തിൽ മുഖ്യ പങ്കുവഹിക്കുക. രാജ്യത്ത് ഇത്തരം പ്രാദേശിക വാദങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലും ധ്രുവീകരണവും ഐക്യവും സൃഷ്ടിക്കപ്പെട്ടു എന്നതാണ് മോദിസർക്കാർ പിന്നിട്ട കാലത്തെ പ്രത്യേകതകളിലൊന്ന്. ഇതോടെ ഹിന്ദുത്വ വാദം കളിക്കുന്ന ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും പാതയിലേക്ക കോൺഗ്രസും മറ്റ്് പ്രാദേശിക രാഷ്ട്രീയ പാർട്ടികളും കളം മാറ്റി ചവിട്ടുകയാണ്. ഏറ്റവും ഒടുവിൽ നടന്ന അസംബ്‌ളി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുവെന്നതും ഓർക്കുക.

രാമക്ഷേത്രത്തിലുൾപ്പെടെ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഏതായാലും സാമുദായിക ധ്രുവീകരണം ഏറ്റവും വലിയ ഭീഷണിയാവുക ഒരുപക്ഷേ ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് തന്നെയാകും. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന ആക്ഷേപമാണ് ബിജെപി കേൾക്കേണ്ടിവരിക. ഹിന്ദുത്വവാദം ഉന്നയിച്ചപ്പോൾ തന്നെ രാമക്ഷേത്ര നിർമ്മാണം നടത്തുമെന്ന വാഗ്ദാനം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവച്ചത് അന്ന് വലിയ രീതിയിൽ ഗുണം ചെയ്തിരുന്നു. ഏറെക്കാലമായി ഈ ആവശ്യം സഖ്യകക്ഷിയായ ശിവസേനയും കൂടെ ആർഎസ്എസുമെല്ലാം ഉന്നയിക്കുന്നു. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സുപ്രീംകോടതി കേസിൽ തീർപ്പുണ്ടാകുംവരെ ക്ഷേത്രനിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ ആവില്ലെന്ന നിലപാട് മോദിക്ക് സ്വീകരിക്കേണ്ടിവന്നു.

ഇത് വലിയ എതിർപ്പാണ് സഖ്യകക്ഷികൾക്കിടെ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പുറമെയാണ് സംവരണം ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സമുദായങ്ങൾ നടത്തിവന്ന പ്രക്ഷോഭവും അതിന്റെ സമ്മർദ്ദവും. ഏറ്റവും ഒടുവിൽ ജാട്ട് സമുദായം ഉയർത്തിയ ഭീഷണി വലിയ തലവേദനയാവുകയാണ് ബിജെപിക്ക്. ബിജെപിക്ക് വോട്ടുചെയ്താൽ സംവരണം നടപ്പാക്കുമെന്ന് പറഞ്ഞ് മോദിയും അമിത്ഷായും പറ്റിച്ചെന്നാണ് ജാട്ട് നേതാക്കൾ ആരോപിക്കുന്നത്. യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാട്ട് സമുദായത്തിന് പ്രബലമായ സ്വാധീനമുണ്ട്. അതിനാൽ ഇവിടെയെല്ലാം ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായേക്കും. പ്രത്യേകിച്ച് സവർണ സംവരണം ഏഴുദിവസം കൊണ്ട് നടപ്പാക്കിയ മോദി ജാട്ടിനെ തഴഞ്ഞെന്ന പ്രചരണം സജീവമായിരിക്കുകയാണ് ഇവിടങ്ങളിൽ.

ഇതുപോലെ തന്നെ ബീഹാറിലും യുപിയിലും യാദവ സമുദായവും ഗുജറാത്തിൽ പട്ടേൽ സമുദായവും എല്ലാം ബിജെപിയിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയെ അപേക്ഷിച്ച് അകന്നുകഴിഞ്ഞു. സമുദായ പ്രീണനം ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി കളിച്ച കളി പലയിടത്തും അവരെ തന്നെ തിരിഞ്ഞുകൊത്തുന്നു എന്ന് ചുരുക്കം. അതേസമയം ഇത് കോൺഗ്രസിന് എത്രത്തോളം ഗുണകരമാകുമന്ന കാര്യത്തിൽ തീർച്ചയില്ലെങ്കിലും തീർച്ചയായും പ്രാദേശിക കക്ഷികൾ അതിനെ മുതലെടുക്കുമെന്ന നിലയിലാണ് കാര്യങ്ങൾ. ഇതിന് പുറമെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരത്വ പ്രശ്‌നവും ദളിത്, മുസ്‌ളീം ന്യൂനപക്ഷങ്ങൾക്ക് നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം. ഇത്തരത്തിൽ സമുദായ വിഷയങ്ങളാകും രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ നിർണായകമാകുക. മഹാരാഷ്ട്രയിലെ ബ്രാഹ്മണ-ദളിത് വിഷയങ്ങളും കാണാതിരുന്നുകൂടാ.

സാമ്പത്തിക പരിഷ്‌കരണങ്ങളും കർഷക പ്രക്ഷോഭവും

ബിജെപിയുടെ വലിയ വോട്ടുബാങ്കുള്ള മഹാരാഷ്ട്രയിലുൾപ്പെടെ വലിയ ചർച്ചയായ വിഷയമാണ് കറൻസി നിരോധനവും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാർഷിക-വ്യാവസായിക മേഖലയിൽ ഉണ്ടായ മാന്ദ്യവും അതേത്തുടർന്ന് വന്നുചേർന്ന തൊഴിലില്ലായ്മയുമെല്ലാം മോദി സർക്കാരിന് മറുപടി പറയേണ്ട വിഷയങ്ങളായി മാറും. മിക്ക സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെ വൻ കർഷക ലോംഗ് മാർച്ചാണ് നടന്നത്. മഹാരാഷ്ട്ര ഭരണസിരാകേന്ദ്രത്തിലേക്ക് നടന്ന കർഷക മാർച്ചിൽ ലക്ഷങ്ങളാണ് പങ്കെടുത്തത് എന്നതുതന്നെ സർക്കാർ നയങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ എത്രത്തോളം ദുരിതം വിതച്ചു എന്നതിന്റെ സൂചനയായി. താൽക്കാലികമായി ഈ വിഷയങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും ജനം അത് മറന്നുവോ എന്നറിയണമെങ്കിൽ ഈ തിരഞ്ഞെടുപ്പ് കഴിയണം.

പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനും ആയി മാറിക്കൊണ്ടിരിക്കുന്നു ഇന്ത്യയിൽ എന്ന കണക്കുകൾ പുറത്തുവന്നതും മോദി സർക്കാരിന്റെ കാലത്താണ്. ഇതൊടൊപ്പമാണ് വിലക്കയറ്റവും ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവും എല്ലാം ചർച്ചയാവുക. കറൻസി നിരോധനം കൊണ്ട് കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം എത്രത്തോളം ഫലവത്തായി എന്നത് ഈ തിരഞ്ഞെടുപ്പുകാലത്ത് മോദി സർക്കാരിന് വിശദീകരിക്കേണ്ടിവരും. ഇതിന് പുറമെയാണ് രാജ്യത്തിന്റെ കടബാധ്യത ഈ അഞ്ചുവർഷംകൊണ്ട് ഇരട്ടിയോളം വർദ്ധിച്ചുവെന്ന റിപ്പോർട്ട്. ഇത്തരത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും സുരക്ഷിതമല്ലെന്ന വിലയിരുത്തലുകളും വരുന്നു. ഇതെല്ലാം ഒരു പരിധിവരെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായേക്കും.

ഏതായാലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പലയിടത്തും നേടിയ 'ഈസി വാക്കോവർ' വരുന്ന തിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും ഉണ്ടാവില്ലെന്ന് തീർച്ച. എന്നാൽ അതിനെ എത്രത്തോളം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ കോൺഗ്രസിന് കഴിയുമെന്ന ചോദ്യവും ഉയരുന്നു. ഒരുപക്ഷേ, ബിജെപിക്ക് വരുന്ന നഷ്ടം ലാഭമാക്കുന്നത് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളാണെങ്കിൽ അത് കൂടുതൽ ക്ഷീണമാകുക കോൺഗ്രസിന് തന്നെയാകും. പ്രത്യേകിച്ചും പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളേക്കാൾ കുറഞ്ഞ സീറ്റാണ് കോൺഗ്രസ് നേടുന്നതെങ്കിൽ പ്രത്യേകിച്ചും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP