Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്ന് നിന്റെ മൊയ്തീനും ടേക്ക് ഓഫും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ആണോ? കറുത്ത കഥാപാത്രത്തെ വെളുത്ത പാർവതിക്ക് മേക്കപ്പിട്ട് ചെയ്യാമോ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമ കരിങ്കൽപ്രതിമ പോലുള്ള ശരീരമുള്ള രാച്ചിയമ്മയെ വെളുപ്പിക്കുകയാണെന്ന് ദീപാ നിശാന്ത്; മലയാള സിനിമ നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് സണ്ണി കപിക്കാട്; ദലിത് സ്വത്വവാദവും ഇസ്ലാമോഫോബിയയും മറ്റുമായി മലയാള സിനിമയിലും ജാതിയും മതവും കയറിവരുന്നു!

എന്ന് നിന്റെ മൊയ്തീനും ടേക്ക് ഓഫും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ആണോ? കറുത്ത കഥാപാത്രത്തെ വെളുത്ത പാർവതിക്ക് മേക്കപ്പിട്ട് ചെയ്യാമോ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമ കരിങ്കൽപ്രതിമ പോലുള്ള ശരീരമുള്ള രാച്ചിയമ്മയെ വെളുപ്പിക്കുകയാണെന്ന് ദീപാ നിശാന്ത്; മലയാള സിനിമ നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് സണ്ണി കപിക്കാട്; ദലിത് സ്വത്വവാദവും ഇസ്ലാമോഫോബിയയും മറ്റുമായി മലയാള സിനിമയിലും ജാതിയും മതവും കയറിവരുന്നു!

എം മാധവദാസ്

തിരുവനന്തപുരം: ഒറ്റപ്പെട്ട അപവാദങ്ങൾ ഉണ്ടെങ്കിലും പൊതുവേ മതേതരമാണ് മലയാള സിനിമയെന്നാണ് പറയുക. ജാതി മത ബോധങ്ങൾ അത്രയൊന്നുമില്ലാതെയാണ് പ്രേംനസീറിന്റെയും സത്യന്റെയും കാലത്തുതൊട്ടുതന്നെ മലയാള സിനിമ പ്രവർത്തിച്ചത്. താരപദവിയുമായി ബന്ധപ്പെട്ട അധികാരഘടനയല്ലായെ മതവും ജാതിയും സ്വത്വബോധവുമൊന്നും ഈ വ്യവസായത്തിൽ അധികം സ്വാധീനിച്ചിട്ടില്ല.തനിക്കുനേരെ യാതൊരു വിവേചനവും ഉണ്ടായിട്ടിലെന്ന നടൻ വിനായകന്റെ പ്രതികരണം തന്നെ ഉദാഹരണം. എന്നാൽ അടുത്ത കാലത്തായി സ്വത്വവാദവും ഇസ്ലാമോഫോബിയയുമൊക്കെയായി മലയാള സിനിമയിലും ജാതിയും മതവും കയറിവരികയാണെന്നാണ് ആക്ഷേപം. പൗരത്വഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ സത്യത്തിൽ മലയാള സിനിമയെയും സാമുദായികമായി ഭിന്നിച്ചിട്ടുണ്ടെന്ന് യുവ സംവിധായകർ പറയുന്നുണ്ട്.

ഇതിനിടയിലാണ് നടി പാർവതിയുടെ ഒരു പ്രസ്താവനക്കെതിരെ സിനിമാ ലോകത്തുനിന്ന് വ്യാപകമായ വിമർശനമാണ് ഉണ്ടായത്. എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് എന്നീ രണ്ടു സിനിമകൾ ഇസ്ലാമോഫോബിയ വളർത്തുന്നവയാണെന്നാണ് നടി പാർവതി തെരുവോത്ത്, ഇയിടെ പ്രഖ്യാപിച്ചത്. ഈ പ്രസ്താവനയിൽ ശരിക്കും ഞെട്ടിയത് ഈ സിനിമയുടെ സംവിധായകരും എഴുത്തുകാരും ഉൾപ്പെടെയുള്ളവർ ആയിരുന്നു. പക്ഷേ കൂടുതൽ പ്രശ്നങ്ങൾ വേണ്ടെന്ന ധാരണയിൽ അവർ പ്രതികരിക്കാതിരിക്കയായിരുന്നു. അതിനിടെയാണ് വെളുത്ത നടിക്ക് കറുത്ത കഥാപാത്രത്തെ അവതിരപ്പിക്കാമോ എന്ന രീതിയിൽ ദലിത്സ്വത്വ വിവാദവും പുറത്തുവന്നത്. കറുത്ത കഥാപാത്രത്തെ വെളുത്ത പാർവതി തൊലി കറുപ്പിച്ച് ചെയ്യാമോ എന്നാണ് സ്വത്വവാദികൾ ചോദിക്കുന്നത്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമ കരിങ്കൽപ്രതിമ പോലുള്ള ശരീരമുള്ള രാച്ചിയമ്മയെ വെളുപ്പിക്കയാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി ദീപാ നിശാന്ത് ആണ് ആദ്യം രംഗത്ത് എത്തിയത്. ഇത് ചർച്ചയായതോടെ, മലയാളസിനിമ ഇപ്പോഴും നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദലിത് ചിന്തകൻ സണ്ണി കപിക്കാടും രംഗത്ത് എത്തി. നായർ, ദലിത്, മുസ്ലിം തുടങ്ങിയ ജാതി മതവാക്കുകൾ ഇങ്ങനെ തുടർച്ചയായി ചർച്ചചെയ്യുന്നത് മലയാള സിനിമയിൽ മോശമായ പ്രവണതയാണ് സൃഷ്ടിക്കുന്നതെന്നും, പൊതുവെ മതേതരമായ മലയാള സിനിമയിലേക്ക് മതം കൊണ്ടുവരാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ വിമർശനം ഉയരുന്നുണ്ട്.

പാലക്കാട് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷണ്മേനോൻ അപമാനിച്ചുവെന്ന പരാതി ഉയർന്നപ്പോഴും മലയാള സിനിമയിൽ ജാതിയും മതവും കത്തിനിന്നിരുന്നു. ബിനീഷിനെ അനിൽ രാധാകൃഷ്ണമേനോൻ അകറ്റാൻ ശ്രമിച്ചതിന് പിന്നിൽ ജാതിയാണ് പ്രശ്നമെന്ന ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഈ പ്രശ്നത്തിൽ എവിടെയും ജാതി ഒരു ഘടകം ആയിരുന്നില്ല. പക്ഷേ പ്രചാരണം നടന്നത് മറിച്ചാണ്. മെറിറ്റിനല്ല ജാതിക്കും മതത്തിനുമാണ് മലയാള സിനിമ പ്രാധാന്യം നൽകുന്നതെന്ന വ്യാജ ആരോപണം സിനിമയിലേക്ക് ഒളിച്ചുകടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ന്യൂജൻ സിനിമക്കാർക്കൊന്നും തീരെ താൽപ്പര്യമില്ലാത്ത വിഷയമായിരുന്നു ജാതിയും മതവും. എന്നാൽ ഇത്തരം ചർച്ചകളിലുടെ ഇപ്പോൾ ഈ വിഷയങ്ങൾ സജീവ ചർച്ചയാവുകയാണ്. നേരത്തെ നടൻ തിലകനാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച നായർലോബി ഉണ്ടെന്ന് ആരോപണം ഉയർത്തിയിരുന്നു. പക്ഷേ അത് വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തിലകൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ അക്കാലത്തൊന്നും ഇല്ലാത്ത രീതിയിൽ ജാതിയും മതവും മലയാള അഭ്രപാളികളിൽ കയറിവരികയാണ്.

ഐഎസിനെ വിമർശിക്കുന്നത് പാർവതിക്ക് ഇസ്ലാം വിമർശനമോ?

എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകൾ ഇസ്ലാമോഫോബിയ വളർത്തുന്നതാണെന്ന നടി പാർവതിയുടെ പ്രസ്താവനയിൽ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അതി ശക്തമായ പ്രതിഷേമാണ് ഉള്ളത്. പക്ഷേ അവർ അക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. താൻ അഭിനയിച്ച 'എന്ന് നിന്റെ മൊയ്തീനി'ലും 'ടേക്ക് ഓഫി'ലും ഇസ്ലാമോഫോബിയ അടങ്ങിയിട്ടുണ്ടെന്നും എന്നാൽ പിന്നീടാണ് അത് മനസിലായതെന്നും നടി പാർവതി പറഞ്ഞത്. കോഴിക്കോട് നടന്ന 'വാച്ച് ഔട്ട്' ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'കസബ' പോലെയുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യാനുള്ള അവകാശം താൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും പാർവതി പറഞ്ഞു.കസബ പോലെയുള്ള സിനിമയിലെ പ്രശ്‌നം മറ്റ് പല സിനിമകളിലും പ്രശ്‌നമായി ഇപ്പോഴും തുടരുന്നുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോകുന്നതിനാൽ മറ്റുള്ളവരുടെ സിനിമകളിലെ അനീതികൾ തുറന്നുപറയുന്നത് തുടരും. അതിനെപ്പറ്റി വീണ്ടുമൊരു ചർച്ചയും ചോദ്യവും വരുകയാണെങ്കിൽ അപ്പോൾ കിട്ടുന്ന ഇൻഫർമേഷനെപ്പറ്റി കേൾക്കാനും തിരുത്താനും ഇനിയുള്ള സിനിമകളിൽ അത് വരാതിരിക്കാനുമുള്ള തീരുമാനം ഞാൻ എടുത്തിട്ടുണ്ട്', കൈയടികൾക്കിടെ പാർവതി പറഞ്ഞു.

പക്ഷേ എന്ന് നിന്റെ മൊയ്തീനിൽ എന്താണ് ഇസ്ലാമോഫോബിയ ഉള്ളത് അത് എടുത്തുകാട്ടാമോ എന്ന സോഷ്യൽ മീഡിയുടെ ചോദ്യത്തിന് പാർവതി മറുപടി പറഞ്ഞിട്ടില്ല. മൊയ്തീന്റെയും കാഞ്ചനമാലയുടെ മതാതീതമായ പ്രണയത്തെക്കുറിച്ചുമുള്ള കഥ മതേതരത്വത്തെയല്ലാതെ എങ്ങനെയാണ് ഇസ്ലാമിനെ മോശമാക്കി ചിത്രീകരിക്കുന്നത് എന്നതിന് മറുപടിയില്ല. മൊയ്തീന്റെ പിതാവായി അഭിനയിച്ച സായികുമാർ അവതരിപ്പിച്ച കഥാപാത്രം അക്കാലത്തെ ഫ്യൂഡൽ മുസ്ലിം പ്രമാണിമാരുടെ പ്രതിനിധിയാണ്. അതിനർഥം എല്ലാ മുസ്ലീങ്ങളും അങ്ങനെയണോ എന്നാണോ എന്ന സോഷ്യൽ മീഡിയുടെ ചോദ്യത്തിന് പാർവതി മറുപടി പറഞ്ഞിട്ടില്ല. അതുപോലെ തന്നെ ടേക്ക് ഓഫ് എന്ന സിനിമയിൽ ഇസ്ലാമിനെയല്ല ഐഎസ് ഭീകരരെയാണ് ചിത്രീകരിക്കുന്നത്. ഒരുപറ്റം നഴ്സുമാരെ തട്ടിക്കൊണ്ടുപോയി വിലപേശുന്ന ഐഎസിന്റെ നിലപാടാണ് ഇവിടെ വിമർശിക്കപ്പെട്ടത്. ഇത് എങ്ങനെയാണ് മൊത്തം ഇസ്ലാമിനും ബാധകമാവുന്ന ഫോബിയയായി മാറുന്നത്.

മാത്രമല്ല എന്തിനും ജാതി- മത സ്‌കാനറിലൂടെ നോക്കുക, വലിയൊരു വിഭാഗം എഴുത്തുകാരും നിരൂപകരും കേരളത്തിലുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രം ക്രിസ്ത്യൻ വർഗീയത വളർത്തുന്നുവെന്ന വ്യാജ നിരൂപണം വന്ന നാടാണ് ഇത്. പക്ഷേ അപ്പോഴും എന്ന് നിന്റെ മൊയ്തീനിൽ ഇസ്ലാമോഫോഫിയ ഉണ്ടെന്ന് ആരും ആരോപിച്ചിരുന്നില്ല. എന്നാൽ ടേക്ക് ഓഫ് സിനിമ ഇറങ്ങിയപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും ഗ്രൂപ്പുകളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ മതേതര പക്ഷത്ത് നിൽക്കുന്നുവെന്ന് പറയുന്ന പാർവതിയും ഇതുപോലുള്ള വാദങ്ങൾ ഉയർത്തി മതമൗലിക വാദികളെ പിന്തുണക്കയാണ് ചെയ്യുന്നത്. ഈ ചിത്രങ്ങളുടെ സംവിധായകർ ഒക്കെ ഇസ്ലാം വിരുദ്ധരാണ് എന്ന ആരോപണം ഉയർത്തുന്നത് സത്യത്തിൽ സിനിമയിലെ മതേതര ചേരിയെ ദുർബലമാക്കുകയാണ്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി പാർവതി ചെയ്യുന്നതെന്നാണ് യുവ സംവിധായകർ ആരോപിക്കുന്നത്. എന്നാൽ ഈ രീതിയിൽ കുടുംതുറന്നുവിട്ട മതവാദവും സ്വത്വവാദവും പാർവതിക്ക് തിരിച്ചടിയാവുന്നതാണ് രാച്ചിയമ്മ വിവാദം സൂചിപ്പിക്കുന്നത്. വെളുത്ത പാർവതിയെങ്ങനെയാണ് കറുത്ത രാച്ചിയമ്മയെ അവതരിപ്പിക്കയെന്ന രീതിയിലുള്ള സ്വത്വവാദമൊക്കെ മലയാള സിനിമയിൽ നാളിതുവരെ കേട്ടിട്ടില്ലാത്തതാണ്.

രാച്ചിയമ്മ തുറന്നിട്ട വികലവാദം

സിനിമയെ ഒരു വിനോദാപാധിയായി കാണാതെ ജാതിയും മതവും കലർത്തി തള്ളുന്നതിന്റെ ഫലമാണ് ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ വേണു ചലച്ചിത്രമാക്കുമ്പോൾ ഉണ്ടായ വിവാദം. ഉറൂബിന്റെ കഥയിലെ രാച്ചിയമ്മ കരിങ്കല്ലുപോലെ കറുത്തതാണെന്നും വെളുത്ത പാർവതി മേക്കപ്പിട്ട് അത് ചെയ്യരുതെന്നുമുള്ള തീവ്ര സ്വരങ്ങളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇതിന് പാർവതി പറഞ്ഞ മറുപടി ഇങ്ങനെയാണ്. രാച്ചിയമ്മ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരുന്ന വ്യക്തിയല്ല. അതൊരു ഫിക്ഷൻ കഥാപാത്രം മാത്രമാണ്. രാച്ചിയമ്മ ജീവിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിൽ ഒരിക്കലും താൻ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നെന്ന് പാർവതി പറഞ്ഞു. . കൂടുതൽ ചർച്ചകൾ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാർവ്വതി പറഞ്ഞു. ഛായാഗ്രാഹകൻ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ൽ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകൻ. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേഷണം ചെയ്തിട്ടുണ്ട്.

നോവലിലെ രാച്ചിയമ്മയും പാർവതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആദ്യം വിവാദം ഉണ്ടാക്കിയത് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആണ്. 'കരിങ്കൽപ്രതിമ പോലുള്ള ശരീരം' എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. 'ടോർച്ചടിക്കും പോലുള്ള ഇടിമിന്നൽച്ചിരിയുള്ള' പെണ്ണാണ്. 'കറുത്തു നീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലുള്ള ' നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോൾ രാച്ചിയമ്മയെ കണ്ടറിയാൻ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാർവതിയെ കൊണ്ടുവരാൻ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.- ദീപ നിഷാന്ത് ഇങ്ങനെ എഴുതി.

ചിത്രത്തിനായുള്ള പാർവതിയുടെ കാസ്റ്റിങിനെ വിമർശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കൽ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

കുക്കുവിന്റെ പോസ്റ്റിന്റെ പൂർന്നരുപം ഇങ്ങനെയാണ്

 ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ..രാച്ചിയമ്മയായി പാർവതിയാണ്..നോക്കൂ... എന്തൊരു തെറ്റായ കാസ്റ്റിങ് ആണത്...

ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്‌നം.. എങ്ങനെ പറയാതിരിക്കും? കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?...

നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം... ഇതാണ് കറുപ്പിനോടുള്ള സമീപനം

നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാർവതിയുടെ കഴിവിനെയാവണം സംവിധായകൻ പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങൾ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളിൽ നിന്ന് 'കഴിവ്' പുറത്തെടുപ്പിക്കാൻ സംവിധായകർ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാർക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന 'ആദ്യമേ കഴിവ് തെളിയിച്ച' ആളുകളുടെയും മേൽ കുരുങ്ങിക്കിടക്കാതെ. അലീന പറഞ്ഞ പോലെ, 'If you can't cast dark people, don't make movies on them.''-കുക്കു ദേവകി പറയുന്നു.

മലയാളത്തിൽ നായർ ഭാവുകത്വമെന്ന് സണ്ണി കപിക്കാട്

ഇതിനിടെ പാർവതിയെ വിമർശിച്ചുകൊണ്ട് എഴുത്തുകാരനും ദളിത് ആക്റ്റീവിസറ്റുമായ സണ്ണി കപിക്കാട് രംഗത്തെത്തി. കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ പാർവതിയെപ്പോലൊരു നടി ആലോചിച്ചു പ്രവർത്തിക്കേണ്ടിയിരുന്നുവെന്ന് രാച്ചിയമ്മ വിവാദത്തിൽ കപിക്കാട് പറഞ്ഞത് പെട്ടെന്ന് വൈറൽ ആയി. മാധ്യമം പത്രം ആയിരുന്നു ഈ വിഷയത്തിൽ കപിക്കാടിന്റെ പ്രതികരണം എടുത്തത്.

'കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ പാർവതിയെപ്പോലൊരു നടി ആലോചിച്ചു പ്രവർത്തിക്കേണ്ടിയിരുന്നു. രാച്ചിയമ്മ എന്ന കഥാപാത്രത്തിൽ നിന്ന് നടി പാർവതി ഇനി പിന്മാറണമെന്ന അഭിപ്രായം തനിക്കില്ല. സിനിമ ഒരു സാമ്പത്തിക വ്യവസായം കൂടിയാണെന്നത് പരിഗണിക്കപ്പെടേണ്ടതായതിനാലാണ് പിന്മാറണമെന്ന് അഭിപ്രായപ്പെടാത്തത്. വലിയ വിഭാഗം നിർമ്മാക്കളും തിരക്കഥാകൃത്തുക്കളും ഇപ്പോഴും വരേണ്യചിന്താഗതിയിൽ തന്നെയാണ് എന്നതാണ് വാസ്തവം. അതിന്റെ കുഴപ്പമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. മലയാളസിനിമ ഇപ്പോഴും നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നായർ ബോധമാണ് ഇപ്പോഴും സിനിമ മേഖലയിൽ വ്യവസ്ഥാപിതമായിരിക്കുന്നത്. അതിൽ നിന്ന് മാറ്റം കൊണ്ടുവരാൻ ചിലരൊക്കെ ശ്രമിക്കുന്നത് അവഗണിക്കാനാവില്ല. പുതിയ നിർമ്മാതാക്കളിലും സംവിധായകരിലും മാറി ചിന്തിക്കുന്നവരുണ്ട്. താരപരിവേഷം സിനിമയുടെ വിജയത്തിനു വേണമെന്ന ചിന്ത പൊളിച്ചഴുതാൻ തയാറാവുകയാണ് വേണ്ടത്. തമിഴിൽ പാ രഞ്ജിത് ഇത്തരത്തിൽ സിനിമകൾ ചെയ്ത് വിജയം കൊയ്ത ആളാണ്. മലയാളത്തിലും ഇത്തരം സിനിമകൾ വിജയിച്ച ചരിത്രമുണ്ട്. ഉറൂബിന്റെ രാച്ചിയമ്മ കാരിരുമ്പിൻ കറുപ്പുള്ള സ്ത്രീ ആയാണ് നോവലിൽ വിവരിക്കുന്നത്. അതങ്ങനെതന്നെയാണ് സിനിമയിലും വേണ്ടത്.

സിനിമയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. മറ്റു പല മേഖലകളിലും മാറ്റം ഉണ്ടായപോലെ ദലിത് അല്ലെങ്കിൽ കറുത്ത നിറക്കാർ ചില മുൻധാരണകളുടെ അടിസ്ഥാനത്തിൽ ഓഴിവാക്കപ്പെടുന്ന സാഹചര്യം സിനിമയിലും മാറുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുണ്ടായ വിമർശനങ്ങൾ അതിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കുന്നു'- സണ്ണി എം. കപിക്കാട് വ്യക്തമാക്കി.

പക്ഷേ ഈ വാദവും സോഷ്യൽ മീഡിയയിൽ വൻ വിവാദത്തനാണ് തിരികൊളുത്തിയത്്. എന്തും ജാതി സ്‌കാനർവെച്ച് നോക്കുന്നവർ ജാതിയെ പ്രോൽസാഹിപ്പിക്കയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ വയലാറിനെ സവർണ്ണ കവിയായി വിലയിരുത്തിക്കൊണ്ടുള്ള കപിക്കാടിന്റെ പ്രസംഗവും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. കവിയെന്ന നിലയിയുള്ള വയലാറിന്റെ സംഭവാനകളെ പരിഗണിക്കാതെ അദ്ദേഹം എഴുതിയ ഏതാനും സിനിമാ പാട്ടകളുടെ അടിസ്ഥാനത്തിലാണ് കപിക്കാട് വയലാറിൻെ സവർണ്ണ കവിയായി ചാപ്പയടിച്ചത്.

മമ്മൂട്ടിക്ക് അംബേദ്ക്കറായി വേഷമിടാൻ കഴിയുമായിരുന്നോ?

ഇങ്ങനെയാക്കെ ചിന്തിക്കുയാണെങ്കിൽ നമ്മുടെ പ്രിയ നടൻ മമ്മൂട്ടിക്ക് അംബ്ദേക്കറായി വേഷമിടാൻ കഴിയുമായിരുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. വെളത്ത് തുടത്ത മമ്മൂട്ടി മേക്കപ്പിട്ടുതന്നെയാണ് അംബേദ്ക്കർ ആയത്. മമ്മൂട്ടി അംബദ്കറായി പകർന്നാട്ടം നടത്തുമ്പോൾ ,തൊലി വെളുത്തവൻ, മുസ്ലിം ,മലയാളി എന്നൊന്നും പറഞ്ഞ് ആരും രംഗത്ത് വന്നില്ല. അംബദ്കറെ ചലച്ചിത്രമാക്കിയതിൽ സന്തോഷിക്കുകയാണ് എല്ലാവരും ചെയ്തത്. ഇതൊല്ലാം വിലകുറഞ്ഞതാണെന്നും ഇല്ലാത്ത ജാതിയെ സിനിമയിലേക്കും കൊണ്ടുവരികയാണെന്നുമാണ് നിഷ്പക്ഷരായ എഴുത്തുകാർ പറയുന്നത്.

ഇതുസംബന്ധിച്ച് എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി കെ സുരേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ

രാച്ചിയമ്മ മേക്കോവർ ... പാർവ്വതി ചെയ്യരുത്... കറുത്ത കഥാ പാത്രത്തെ വെളുത്ത പാർവതി തൊലി കറുപ്പിച്ച് ചെയ്യരുത്, അത് കറുത്ത ; ദലിത് സ്ത്രീ തന്നെ ചെയ്യണം ... ദലിത് സ്വത്വവാദികളുടെ കൽപ്പനയാണ്... മാങ്ങാത്തൊലി ...

മഹാനായ അംബദ്കറെ അഭ്രപാളിയിൽ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. അതും ബോളിവുഡ് ചിത്രം ... മമ്മൂട്ടി അംബദ്കറായി പകർന്നാട്ടം നടത്തുമ്പോൾ ,തൊലി വെളുത്തവൻ, മുസ്ലിം ,മലയാളി എന്നൊന്നും പറഞ്ഞ് ആരും രംഗത്ത് വന്നില്ല ... അംബദ്കറെ ചലച്ചിത്രമാക്കിയതിൽ സന്തോഷിക്കുകയാണ് എല്ലാവരും ചെയ്തത്..

ഉറൂബിന്റെ ഒരു കഥ സിനിമയാകുമ്പോൾ, അതിലെ കഥാപാത്രമായ രാച്ചിയമ്മയായി നടി പാർവ്വതി വേഷമിടുന്നു... വെളുത്ത പാർവ്വതി കറുത്ത രാച്ചിയമ്മയായി അഭിനയിക്കുന്നതിന് എതിരെ കുറെ ദലിത് സ്വത്വവാദികൾ ഇറങ്ങിയിട്ടുണ്ട് ... ഞങ്ങടെ കറുപ്പിനെ അപഹരിക്കുകയാണത്രേ...

പണം മുടക്കി പടമെടുക്കുന്ന നിർമ്മാതാവ്, പടം ചെയ്യുന്ന സംവിധായകൻ, സിനിമ പിടിക്കാൻ ഉറൂബിന്റെ കഥയുടെ റൈറ്റ്സ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അവർക്കിഷ്ടമുള്ളവരെ വെച്ച് രാച്ചിയമ്മയായി അഭിനയിപ്പിക്കും.. അത് അവരുടെ ഇഷ്ടം, സ്വാതന്ത്ര്യം. സിനിമ കല എന്നതിനപ്പുറം ഒരു കച്ചവട സാധനം കൂടിയാണ്.. നിർമ്മാതാവിന് പണം മുടക്കിയാൽ അത് തിരികെ കിട്ടണം.. അതിന് പറ്റുന്ന അഭിനേതാക്കളെ അവർ അഭിനയിപ്പിക്കും...

ആവശ്യത്തിനും അനാവശ്യത്തിനും ദലിത് സ്വത്വം പറഞ്ഞ് കുത്തിത്തിരുപ്പുണ്ടാക്കുന്നതു കൂടാതെ ഇപ്പോൾ ഒരു കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നതിന്റെ പേരിൽ ആണ് പുതിയ ഹാലിളക്കം ...

ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ നാളെ മുസ്ലിം കഥാ പാത്രത്തെ അവതരിപ്പിക്കാൻ മുസ്ലിങ്ങളും, ക്രിസ്ത്യൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്രിസ്ത്യാനികളും ഹിന്ദു കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്രിസ്ത്യാനികളും മതിയെന്ന വാദം ഉയർന്ന് വരുമല്ലോ....

ടേക്ക് ഓഫ് സിനിമയിൽ പാർവ്വതി അവിസ്മരണീയമാക്കിയ കഥാപാത്രത്തിന്റെ പേരിൽ ഏതെങ്കിലും മുസ്ലിങ്ങൾ ഹാലിളക്കം നടത്തിയോ ?

ഇതൊരു തരം വൃത്തികെട്ട ജാതിഭ്രാന്താണ്.. സവർണ്ണ സംഘികളുടെ മറുപുറം...

രാച്ചിയമ്മയായി പാർവ്വതി വരുമ്പോൾ ആരാണ് നിലവിളിക്കുന്നത് ?
കറുത്തവരുടെ ഇടം കൂടി കവരുന്നുവെന്ന് കരയുന്നതാരാണ്?
കറുപ്പ് കുറ്റമാണോ എന്ന് ചോദിക്കുന്നവർ എന്തുകൊണ്ട് വെളുപ്പ് കുറ്റമാണോ എന്ന് സ്വയം ചോദിക്കുന്നില്ല?

കറുത്ത രാച്ചിയമ്മയായി വെളുത്ത പാർവതി പാടില്ല എന്ന വംശീയന്യായം അംഗീകരിച്ചാൽ വ്യത്യസ്ത വംശീയ സ്വത്വവാദങ്ങൾ ( മുസ്ലിം ,കീഴാള, ബ്രാഹ്മണ ,തെക്കൻ ,വടക്കൻ) ഇതേ ന്യായം മുഴക്കും.

മുസ്ലിം ,സ്ത്രീ തുടങ്ങി അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇരയാക്കപ്പെട്ടവർക്കൊപ്പം നിന്നു ശക്തമായ നിലപാടെടുത്ത പാർവതിക്ക് ,കറുപ്പിന്റെ പ്രശ്നങ്ങളെയും ബോധ്യപ്പെടുവാൻ ശേഷിയുണ്ട് എന്ന് വിശ്വസിക്കാം.
വംശീയവാദിയെയും മാനവിക വാദിയെയും വിത്യസ്തരാകുന്നത് ഇവിടെയാണ് .

ലോകത്ത് വിവിധ ഇടങ്ങളിൽ ഇന്നും കുറവല്ലാത്ത വർണ്ണവെറിയോട് അജ്ഞത പുലർത്തുകയോ
മലയാളസിനിമ പുലർത്തുന്ന വർണ്ണ വരേണ്യ വ്യവസ്ഥകളോട് കണ്ണടച്ചോ അല്ല ഇതെഴുതുന്നത്. അംബേദ്കർ ആയി മമ്മൂട്ടി വേഷമിട്ടപ്പോൾ ഉണ്ടാകാത്ത കറുപ്പിന്റെ ഇരവാദം ഇപ്പോൾ മുഴക്കുന്നവർക്ക് കൃത്യമായ അജണ്ടകൾ ഉണ്ട് .

പിൻകുറി :- കഥ കഥാകാരന്റെ ഭാവനയാണ് ; അതിന് അതിരുകളില്ല .... ഒരു സിനിമയുടെ ഫൗണ്ടേഷൻ മാത്രമാണ് കഥ... ബാക്കി ഈടുറ്റ തിരക്കഥയിലും അഭിനയ - ഛായാഗ്രഹണ മികവിലുമാണ് സിനിമ വിജയിക്കുന്നത് .. പ്രതിഭയുള്ള നടൻ / നടി റോൾ നിർവഹിക്കുന്നത് സിനിമയുടെ വിജയത്തിന് അഭികാമ്യം...

ലോഹിതദാസ് - മമ്മൂട്ടി ടീമിന്റെ ഭൂതക്കണ്ണാടി സിനിമയിൽ പുള്ളുവ സ്ത്രീ സരോജിനി ആയി വന്ന ശ്രീലക്ഷ്മി അസാദ്ധ്യ അഭിനയമാണ് കാഴ്ചവെച്ചത് .. ഇനി ശ്രീലക്ഷ്മി പുള്ളുവ സ്ത്രീ അല്ലാത്തതിനാൽ ഭൂതക്കണ്ണാടി സിനിമ മുൻ കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യേണ്ടി വരുമോ ആവോ ?

രാച്ചിയമ്മയായി പാർവ്വതി വരുന്നതിനെ എതിർത്ത് വന്ന ഒരു പോസ്റ്റ് കൂടി ഉൾപ്പെടുത്തുന്നു ..

Rachiyamma is a Dark skinned Woman... ??
രാച്ചിയമ്മ കരിങ്കൽ മല പെറ്റെറിഞ്ഞവളെ പോലെ കറുത്തിട്ടാണ്.. കറുത്ത ചായം പൂശിയ വെളുത്ത സ്ത്രീയല്ല എണ്ണക്കറുപ്പുള്ള മിടുക്കി പെണ്ണിനെയാണ് തിരശീലയിൽ പ്രതീക്ഷിക്കുന്നത് . കറുത്ത ജീവിതങ്ങളെ കട്ടെടുക്കരുത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയം കറുപ്പിന്റെ അവസരങ്ങൾ അർഹതപ്പെട്ട കലാകാരിയിലേക്കു എത്തട്ടെ. dont steal our lives...
മാറ്റിനിർത്തപ്പെട്ടിടങ്ങളോട് കലഹിച്ചുണ്ടാക്കുന്ന ഇടങ്ങൾ ഞങ്ങൾക്കായി തന്നെ ഒഴിച്ചിടുക എന്ന സാമാന്യ മര്യാദ പ്രൊഫഷണലിസം പാർവതിയിൽ Parvathy Thiruvothu നിന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കറുത്ത പെണ്ണുടലുകൾ നിങ്ങളെ അഡ്രസ് ചെയ്യും ??
#Rachiyamma_Makeover

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP