Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?

ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?

തിരുവനന്തപുരം: ലോകത്ത് തമിഴരെ പോലെ സ്വന്തം വ്യക്തിത്വം ഉള്ള മറ്റൊരു ദേശക്കാർ ഉണ്ടാവില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആദി ദ്രാവിഡ ഭാഷയുടെ പിന്തുടർച്ചക്കാർ. സാംസ്‌കാരികമായി ചരിത്രാതീത കാലം മുതൽ ലോകത്തിനു മാതൃകയാണിവർ. മലയാളികളെ പോലെ തന്നെ ലോകം എമ്പാടും ഇവർ പടർന്നു കിടക്കുന്നു. അയൽ രാജ്യമായ ശ്രീലങ്കയിലെ നിർണ്ണായക ന്യൂനപക്ഷം കൂടിയാണിവർ. എന്നാൽ അവർക്കു ചില പ്രത്യേകതൾ ഉണ്ട്. മറ്റൊരു സംസ്‌കാരത്തിലും കാണാത്ത ചില പ്രത്യകതകൾ. താരാരാധനയുടെ കാര്യത്തിൽ അവർ ലോകത്തേറ്റവും മുൻപിലാണ്. ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അവർ ക്ഷേത്രങ്ങൾ വരെ പണിയും. ഒരു നേതാവോ ഇഷ്ടതാരമോ മരിച്ചാൽ ആത്മഹത്യ ചെയ്യുന്ന മറ്റൊരു സമൂഹം ലോകത്തുണ്ടാവില്ല.

ആലോചിച്ചു നോക്കൂ ജയലളിത എന്ന പ്രതിഭാസം കേരളത്തിൽ ആയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു മാസം പോലും ഏകാധിപതിയായി ഭരിക്കാൻ കഴിയുമായിരുന്നോ? എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും ഏകാധിപത്യ സ്വഭാവം കാണിച്ചാൽ ആ ഒറ്റക്കാരണം കൊണ്ട് ജനങ്ങൾ പുറംകാലുകൊണ്ട് ചവിട്ടി തെറിപ്പിക്കും. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടാൽ പിന്നെ കേരള രാഷ്ട്രീയത്തിൽ മടങ്ങിവരുന്ന കാര്യം ആലോചിക്കാൻ പറ്റുമോ? ബാലകൃഷ്ണപിള്ളയുടെ കാര്യം എടുക്കുക.

ലോക രാജ്യങ്ങളുടെ സ്ഥിതി ഇതിനേക്കാൾ കഠിനമാണ്. സ്വപ്രയത്‌നം കൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ രണ്ടാമനായി ഉയർന്ന അന്ധനായ ഡേവിഡ് ബ്ലങ്കറ്റ് എന്ന ലേബർ നേതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത് എംപിക്ക് അനുവദിച്ച ഫ്രീ ടിക്കറ്റ് ഉപയോഗിച്ച് ഒരു സുഹൃത്ത് ട്രെയിനിൽ യാത്ര ചെയ്തതിനാണ്. അൻപത് വയസ് തികയും മുമ്പ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വീകാര്യനായ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാഷ്രീയം മതിയാക്കിയത് ബ്രെക്‌സിറ്റ് പരാജയപ്പെട്ടതുകൊണ്ടാണ്. എന്നിട്ടും എന്തുകൊണ്ട് തമിഴൻ കോടികൾ അഴിമതി നടത്തിയെന്നു തെളിഞ്ഞ, നേതാക്കളും അനുയായികളും കാലിൽ തൊട്ടു വന്ദിക്കണമെന്ന് കരുതുന്ന, ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ നിന്നും പുറത്തിറങ്ങാത്ത ഒരു നേതാവിനെ ദൈവതുല്യം സ്‌നേഹിക്കുകയും അവർക്കുവേണ്ടി ജീവൻ ബലികൊടുക്കുകയും ചെയ്യുന്നത്. പലരും പറയുന്നത് പോലെ ജയലളിത തമിഴ്‌നാടിനെ പറുദീസ ആക്കിയതുകൊണ്ടൊന്നുമല്ല. കേരളവുമായി താരതമ്യം ചെയ്താൽ വികസന കാര്യത്തിൽ ഒരുപാട് പിന്നിലാണ് തമിഴ്‌നാട്.

എന്തുകൊണ്ട് രാജ്യത്തെ മറ്റു പ്രദേശങ്ങൾ പല മാറ്റങ്ങൾക്കും വിധേയമായപ്പോഴും തമിഴ്‌നാട് അതിന്റെ പരമ്പരാഗത തനിമകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അന്വേഷിച്ചാൽ അതിന് നിദാനമായ നിരവധി ഘടകങ്ങളുണ്ട്. ഒരു പക്ഷേ, കേരളവും തമിഴ്‌നാടും കർണാടകവും ആന്ധ്രയുമായി ഇപ്പോൾ നിൽക്കുന്ന ദക്ഷിണേന്ത്യൻ ഭൂമിയിലേക്ക് മനുഷ്യൻ എത്തിപ്പെട്ടതുമുതലുള്ള ചരിത്രമാണ് തനിമയുള്ള തമിഴ് സംസ്‌കാരത്തിന്റെ ആണിക്കല്ല്. പിന്നീടുണ്ടായ നിരവധി അധിനിവേശങ്ങളിലൂടെ കടന്നുപോകമ്പോഴും ആദിമരീതികളിൽ നിന്ന് അറച്ചറച്ചു മാത്രം മാറിയ സംസ്ഥാനമാണ് തമിഴ്‌നാട്. ബുദ്ധമതത്തിന്റെയും ആര്യാധിനിവേശത്തിന്റെയും കോളനിവാഴ്ചയുടെയും വരവിലെല്ലാം കേരളം വലിയരീതിയിൽ മാറി. കർണാടകവും ആന്ധ്രയും കേരളത്തിന്റെയത്ര മാറിയില്ലെങ്കിലും അധിനിവേശങ്ങൾക്ക് വഴങ്ങിക്കൊടുത്തു. പക്ഷേ, അപ്പോഴും തമിഴകം പിടിച്ചുനിന്നു. ഇതാണ് ദ്രാവിഡസംസ്‌കാരത്തിന്റെ തനിമകൾ ഇപ്പോഴും അവശേഷിക്കുന്നതും അത് ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നതും.

തമിഴ് നാട്ടിലെ ജനകീയ നേതാവായ കെ കാമരാജ് ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിങ് മേക്കറാ'യിരുന്നു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ജവഹർലാൽ നെഹ്റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാൾ. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തി. സ്വാതന്ത്ര്യാനന്തരം തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനിയായ നേതാവ്. 1954 മുതൽ 1963 വരെ മുഖ്യമന്ത്രി ആയിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് പദവിയിലുമെത്തി. ഇതിന് പിന്നാലെയാണ് ദ്രാവിഡ വികാരം കത്തിച്ച് അണ്ണാദുരൈ തമിഴ്‌നാട് രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയത്.

ഭാഷയും സംസ്‌കാരവും രാഷ്ട്രീയത്തിലെ ഘടകങ്ങളാകുമ്പോൾ

മിഴ് എന്ന വികാരം തമിഴ്‌നാടിന്റെ സംസ്‌കാരം തന്നെയാണ്. ഇതോടൊപ്പം ദ്രാവിഡത്തനിമകൂടി ചേരുമ്പോൾ മറ്റൊരു രാഷ്ട്രീയ കക്ഷിക്കും ഇടംകിട്ടാത്ത രീതിയിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ മനസ്സും മാറിനിൽക്കുന്നു. സ്വാതന്ത്ര്യസമരകാലത്തും മറ്റും കോൺഗ്രസ് എന്ന ദേശീയ വികാരം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചതുപോലെ തമിഴ്‌നാട്ടിലും വളർന്നുവന്നിരുന്നു. എന്നാൽ അതോടൊപ്പം തന്നെ തമിഴ്‌നാട് എന്ന വികാരത്തിൽ നിന്ന് മാറില്ലെന്ന പിടിവാശിയും ഈ ദേശം കാണിച്ചു. കോൺഗ്രസ്സിന്റെ പ്രവർത്തനം സജീവമായതിനൊപ്പം തന്നെ ആശയഭിന്നതയുള്ളവർ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴിമാറി.

പക്ഷേ, ഇതൊടൊപ്പം ഉയർന്നുവന്ന അബ്രാഹ്മണ പ്രസ്ഥാനമാണ് പിന്നീട് തമിഴ്‌നാടിന്റെ തലവര മാറ്റിയെഴുതിയ ദ്രാവിഡ പാർട്ടികളുടെ പിറവിക്ക് കാരണമായത്. മത-സാമൂഹിക-രാഷ്ട്രീയ രംഗത്ത് തമിഴ്‌നാട്ടിൽ ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന അപ്രമാദിത്തം തന്നെ കാരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും തിയോസൊഫിക്കൽ സൊസൈറ്റിയിലുമെല്ലാം ബ്രാഹ്മണ മേധാവിത്വമുള്ളതായി ആരോപിക്കപ്പെട്ടു. കോൺഗ്രസ്സിലെ ഈ പ്രവണതയ്‌ക്കെതിരായി മദ്രാസ് പ്രസിഡൻസി അസ്സോസിയേഷൻ എന്നൊരു സംഘടന നിലവിൽ വന്നു. കേശവപിള്ള എന്ന നേതാവായിരുന്നു ഇതിന്റെ പ്രസിഡന്റ്. അസോസിയേഷനിൽ അബ്രാഹ്മണർ മാത്രമായിരുന്നു അംഗങ്ങൾ. ഈ സംഘടനാ വിഭാഗം കോൺഗ്രസ്സിന്റെ ഭാഗമായിത്തന്നെ തുടർന്നു.

തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്‌നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.

 

ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്‌പെക്ട് മൂവ്‌മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കുവാൻ ആഹ്വാനമുണ്ടായി ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്‌ക്കർഷിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡർ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകിയതോടെയാണ് ദ്രാവിഡ വികാരം തമിഴന്റെ വികാരമായി മാറുന്നതും ദേശീയരാഷ്ട്രീയത്തിനായി വാദിക്കുമ്പോഴും അതിനുമേലെ തമിഴന്റെ രാഷ്ട്രീയത്തിനായി വാദിച്ചുതുടങ്ങുന്നതും.1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നതോടെയാണ് തമിഴ് എന്നും തമിഴൻ എന്നുമുള്ള വികാരം ദ്രാവിഡ പാർട്ടിക്ക് തുണയാകുന്നത്. ശക്തമായ 'ഹിന്ദിവിരുദ്ധ പ്രക്ഷോഭം' ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്. ഇതു തമിഴ് വൈകാരികത ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി. സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു.

പെരിയോരുടെ ദ്രാവിഡർ കഴകം അഥവാ ജസ്റ്റീസ് പാർട്ടി

ദേശീയ പ്രസ്ഥാനത്തിനൊപ്പം സമരമുഖത്ത് നിൽക്കുമ്പോഴും സാധാരണക്കാരായ തമിഴർക്കുവേണ്ടി, അബ്രാഹ്മണർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ദ്രാവിഡർ കഴകത്തിന്റെയും അതിന്റെ സാരഥിയായ പെരിയോർ രാമസ്വാമി നായ്ക്കരുടേയും രീതി. ഇത്തരത്തിൽ ആദ്യ രൂപത്തിൽ പെരിയോരുടെ ജസ്റ്റീസ് പാർട്ടി പ്രവർത്തിക്കുന്ന കാലത്താണ് പാവപ്പെട്ട കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചുവന്ന കാഞ്ചീവരം നടരാജൻ അണ്ണാദുരൈ നായ്ക്കരുടെ അടുത്തെത്തുന്നത്.

കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽകിയ സ്‌കോളർഷിപ്പിന്റെ പിൻബലത്തിൽ 'പാച്ചിയപ്പാസ്' കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934 ൽ 'ജസ്റ്റീസ് പാർട്ടി' നേതാവായിരുന്ന പെരിയോർ ഇ.വി.രാമസാമിനായ്ക്കറെ കണ്ടു മുട്ടിയതോടെ പെരിയോരുടെ ആശയങ്ങൾക്കൊപ്പം അണ്ണാദുരൈയുടെ രീതികളും തമിഴകം മനസാ സ്വീകരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു. 1944ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം 'ദ്രാവിഡർ കഴകം' ആയി മാറി. എന്നാൽ പിന്നീടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചുവന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന അണ്ണാദുരൈയുടെ നിലപാടിനോട് പെരിയോർ ഒരിക്കലും അനുകൂലമായിരുന്നില്ല.

1948 ൽ 69കാരനായ പെരിയോർ 30കാരിയായ മണിയമ്മയെ വിവാഹം കഴിച്ചത് അണ്ണാദുരൈ ഉൾപ്പെടെയുള്ള അനുയായികളെ പ്രകോപിപ്പിച്ചു. സത്യത്തിൽ ഈ വിവാഹം പാർട്ടിയിൽ നിന്ന് വിട്ടുപോകാൻ അണ്ണാദുരൈയും കൂട്ടരും കാത്തിരുന്ന ഒരു കാരണമായിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും താൻ തന്നെയായിരിക്കണമെന്ന് പെരിയോറിന് നിർബന്ധമുണ്ടായിരുന്നു. ഇത്തരത്തിൽ ഏകാധിപത്യ സ്വഭാവം കാട്ടിത്തുടങ്ങിയ പെരിയോറിന് കീഴിൽ തങ്ങൾക്ക് വളർച്ചയില്ലെന്ന തിരിച്ചറിവാണ് വാസ്തവത്തിൽ ദ്രാവിഡകഴകത്തിൽ നിന്നും വിട്ടുപോരാൻ ഇവരെ പ്രേരിപ്പിച്ചത്. പെരിയോറിന്റെ സഹോദരപുത്രനായിരുന്ന ഇ.വി.കെ. സമ്പത്തായിരുന്നു ഈ കലാപത്തിൽ അണ്ണാദുരൈയുടെ വലംകൈ. 1949 ൽ ഗുരുവിനെ ധിക്കരിച്ച് അണ്ണാദുരൈയും സമ്പത്തും ചേർന്ന് പാർട്ടി വിടുകയും 'ദ്രാവിഡ മുന്നേറ്റ കഴകത്തി'നു രൂപം നൽകുകയും ചെയ്തു.

യഥാർത്ഥ ഏഴൈ തോഴനായിരുന്ന അണ്ണാദുരൈ

ളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്‌നം കൊണ്ട് നേതാവായി തീരുകയായിരുന്നു അണ്ണാദുരൈ. പാവങ്ങളോടുള്ള സ്‌നേഹവും അവരുടെ എല്ലാ വിഷമത്തിലും കൂട്ടുനിന്നതും ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ 'ഏഴകളു'ടെ പ്രിയങ്കരനാക്കി. അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു. യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതിരുന്ന ഒരു പ്രസ്ഥാനമായിരുന്ന ഡി.എം.കെയ്ക്ക്, അന്നത്തെ കാലത്ത് കോൺഗ്രസിനെപ്പോലെ ഒരു വലിയ പ്രസ്ഥാനത്തെ 'മദ്രാസ്' പോലെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ നിന്നു പുറത്താക്കാൻ സാധിച്ചത് തന്നെ അണ്ണാദുരൈ എന്ന ഒരു മനുഷ്യന്റെ നേതൃപാടവമാണ്. അനുകൂലമായിരുന്ന ഒട്ടനവധി സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.

തന്റെ ഗുരു കൂടിയായ പെരിയോരിൽ നിന്ന് ഭിന്നിച്ച് പുതിയ പാർട്ടിയുണ്ടാക്കി മാറിയെങ്കിലും 1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം.കെ. മൽസരിച്ചില്ല. 1957 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു. 1957 ൽ വിജയിച്ച അണ്ണാദുരൈ 1962 ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു. എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. 'ദ്രാവിഡ നാട്' എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിലും 1962 ലെ ചൈനായുദ്ധത്തെ തുടർന്ന് അത്തരം വിഘടനവാദപരമായ സമീപനം അവർ ഉപേക്ഷിച്ചു.

പക്ഷേ, യഥാർത്ഥത്തിൽ ഡിഎംകെയുടെ ഭരണത്തിലേക്കുള്ള തേരോട്ടത്തിനും പിന്നീട് ഇത്രയും കാലം തമിഴകം ദ്രാവിഡ പാർട്ടികൾ തന്നെ ഭരിക്കുന്നതിനും കാരണമായത് തമിഴ് ഭാഷ ആണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നതോടെയാണ് തമിഴ് എന്നും തമിഴൻ എന്നുമുള്ള വികാരം ദ്രാവിഡ പാർട്ടിക്ക് തുണയാകുന്നത്. ശക്തമായ 'ഹിന്ദിവിരുദ്ധ പ്രക്ഷോഭം' ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്. ഇതു തമിഴ് വൈകാരികത ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി. സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു.

സിനിമയെ തമിഴക രാഷ്ട്രീയത്തിൽ കലർത്തിയ അണ്ണാ

ണ്ണാദുരൈ നല്ല എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു. സിനിമയെ ഒരു പ്രധാന രാഷ്ട്രീയപ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണ്. ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ചൈനീസ് യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കിയതിനു പിന്നാലെ 1 രൂപക്ക് 4.5 കിലോഗ്രാം അരി കൊടുക്കും എന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായപ്പോൾ 1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പൊത്തി. പന്നെ കോൺഗ്രസ് തമിഴകത്ത് തലപൊക്കിയതുമില്ല. അതുപോലെ മറ്റൊരു ദേശീയ കക്ഷിക്കും തമിഴർ മനസ്സിൽ ഇടംകൊടുത്തില്ല.

1967 മാർച്ച് ആറിനാണ് അണ്ണാദുരൈ മുഖ്യമന്ത്രിയായത്. അതിന് തലേന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പിന്നീട് എഴുതി. 'രാത്രി മുഴുവൻ ഞാൻ ഉറക്കം വരാതെ കിടന്നു. എന്റെ കണ്ണുകൾക്ക് മുന്നിൽ തമിഴകത്തെ ചേരികളായിരുന്നു. വിശന്നു വലയുന്നവരുടെ മുഖങ്ങൾ എന്റെ മനസ്സിലേക്ക് ഓടിവന്നു. ഇതെല്ലാം എങ്ങനെയാണ് നേരെയാക്കുക. അന്നു രാത്രി എനിക്കുറങ്ങാനായില്ല. ഇതുവരെ ഞാൻ ഒരു വാനമ്പാടിയെ പോലെ എനിക്കിഷ്ടമുള്ളിടത്തേക്ക് പറക്കുകയായിരുന്നു. ഇനിയിപ്പോൾ ഞാൻ കൂട്ടിലടച്ച പക്ഷിയാണ്.' മുഖ്യമന്ത്രിയായിട്ടും അണ്ണാ താമസിച്ചത് നുങ്കമ്പാക്കത്തെ ചെറിയ വീട്ടിലായിരുന്നു. മുഖ്യമന്ത്രിയായശേഷം ശമ്പളം വാങ്ങേണ്ടി വന്നപ്പോഴാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് തുറന്നത്. മക്കളില്ലാത്ത അണ്ണാ മാതൃസഹോദരിയുടെ മകളുടെ നാലു മക്കളെ ദത്തെടുത്ത് വളർത്തി. പക്ഷേ, ഇവരെയാരെയും അണ്ണാ രാഷ്ട്രീയത്തിൽ തന്റെ പിൻഗാമികളാക്കിയില്ല. തീ.മൂ.കാ. (ഡി.എം.കെ.) ആണ് തന്റെ കുടുംബമെന്ന് അണ്ണാ പറയുമായിരുന്നു. തമിഴ്‌നാട് എന്ന പേരു നൽകിയതും 1967 ൽ അധികാരത്തിൽ വന്ന അണ്ണാദുരൈ മന്ത്രിസഭയാണെന്നതുതന്നെ തമിഴിനോട് അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം വ്യക്തമാക്കുന്നു.

അണ്ണായുടെ മരണത്തിന് പിന്നാലെ പാർട്ടി പിളർന്നപ്പോൾ

ഹിന്ദിക്കെതിരായും സ്വതന്ത്ര ദ്രാവിഡ നാട് എന്ന ആശയത്തിനുവേണ്ടിയും നിലകൊണ്ട പാർട്ടിയായിരുന്നു ഡിഎംകെ. ഇതിൽ സ്വതന്ത്ര രാഷ്ട്രവാദം വെടിഞ്ഞതോടെയാണ് 1967ൽ അവർ അധികാരത്തിൽ വരുന്നത്. പക്ഷേ, ജനങ്ങൾക്കുവേണ്ടി പ്രവർത്തികൊണ്ടിരുന്ന അണ്ണാദുരൈ രണ്ടുവർഷത്തിനകം അന്തരിച്ചു. തമിഴ്‌നാട് ഒന്നടങ്കം വാവിട്ടുകരഞ്ഞ ആദ്യ മുഹൂർത്തമായിരുന്നു അത്. അത്രയ്ക്കും ജനമനസ്സിൽ ഇടംനേടിയ മറ്റൊരു നേതാവും അവർക്കുണ്ടായിരുന്നില്ല.

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങുകളിലൊന്നായിരുന്നു മറീനാ ബീച്ചിൽ നടന്ന ഏകദേശം ഒന്നര കോടിയോളം പേർ പങ്കെടുത്ത അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങ്. തങ്ങളുടെ നേതാവിനെ അവസാനമായൊന്നു കാണാൻ തീവണ്ടിക്ക് മുകളിലിരുന്ന് സഞ്ചരിച്ച 30 പേർ മധുരയ്ക്കടുത്തുകൊള്ളിഡാം പാലത്തിൽ തലയിടിച്ച് മരിച്ചു. അണ്ണാദുരൈ കഴിഞ്ഞിട്ടേ അന്നുമിന്നും തമിഴകത്ത് മറ്റൊരു നേതാവുള്ളൂ എന്നതിന് ദൃഷ്ടാന്തമാണ് ഈ സംഭവം.

അണ്ണാദുരൈ പാർട്ടിയിൽ വളർത്തിയെടുത്ത രണ്ട് നേതാക്കളായിരുന്നു കലൈഞ്ജർ കരുണാനിധിയും എംജിആറും. ഒരാൾ സാഹിത്യത്തിന്റെയും കവിത്വത്തിന്റെയും വക്താവായിരുന്നെങ്കിൽ മറ്റെയാൾ സിനിമാലോകത്തിന്റെ സംഭാവനയായിരു്ന്നു. പക്ഷേ, അണ്ണാദുരൈ മരിച്ചപ്പോൾ മുഖ്യമന്ത്രിയായത് കരുണാനിധിയായിരുന്നു. ഇത് പിന്നീട് ആശയഭിന്നിപ്പിന് കാരണമായി. 1973ൽ എംജിആർ ഡിഎംകെ വിട്ട് തന്റെ രാഷ്ട്രീയ ഗുരുവിന്റെ പേരുകൂടി ചേർത്ത് അണ്ണാ ഡിഎംകെ രൂപീകരിച്ചു. ഇതോടെ ജനം എംജിആറിനൊപ്പമായി. പിന്നീട് 1987ൽ മരിക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു തമിഴരുടെ ഏഴൈ തോഴനും ഭരണാധികാരിയും. അദ്ദേഹത്തിന്റെ മരണശേഷം ജയലളിതയും എംജിആറിന്റെ ഭാര്യ ജാനകിയും തമ്മിലുണ്ടായ ഭി്ന്നിപ്പ് മുതലെടുത്താണ് കരുണാനിധി വീണ്ടും തമിഴകത്ത് ഭരണം പിടിച്ചെടുക്കുന്നത്. പക്ഷേ, രാജീവ് ഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും എഐഎഡിഎംകെ അധികാരത്തിലെത്തി. ഇത്തരത്തിൽ രണ്ട് ദ്രാവിഡ പാർട്ടികളും മാറിയും മറിഞ്ഞും അധികാരം നേടി തമിഴകം ഭരി്ച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു രാഷ്ട്രീയ കക്ഷിക്കും തമിഴ് മനസ്സിൽ ഇടം നൽകാതെ.

ജയയിൽ നിന്നും കരുണാനിധിയിൽ നിന്നുമെല്ലാം അകന്ന് തമിഴകത്ത് പുതിയ രാഷ്ട്രീയ ഇടം തേടുന്ന ക്യാപ്റ്റൻ വിജയകാന്തിന്റെ ഡിഎംഡികെയും വൈകോയുടെ എംഡിഎംകെയുമെല്ലാം പയറ്റുന്നതും ഇതേ രാഷ്ട്രീയ തന്ത്രംതന്നെ. തമിഴൻ എന്ന വികാരവും ദ്രാവിഡമെന്ന തനിമയും ചേരുന്ന തന്ത്രം. ഒരുപക്ഷേ, ജയയ്ക്കുശേഷം എന്ത് എന്ന ചോദ്യത്തിന് തമിഴ്‌നാട് ഉത്തരംതേടുമ്പോൾ അതിനിടയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും ബിജെപിക്കും ഈ പാരമ്പര്യത്തോട് ഏറ്റുമുട്ടുമ്പോൾ ഏറെ വിയർക്കേണ്ടിവരും.പക്ഷേ, അണ്ണാദുരൈയ്ക്കു ശേഷം ഇക്കാലമത്രയും ഭരിച്ചിട്ടും അന്നത്തെപ്പോലെ ജനപിന്തുണ അടുത്തകാലംവരെ ജയലളിതയ്‌ക്കോ കരുണാനിധിക്കോ ഉണ്ടാക്കാനായിരുന്നില്ല. എംജി ആറിനു ശേഷം തുടർച്ചയായി അധികാരത്തിലെത്തുകയെന്ന രീതിയിലേക്ക് ജയലളിത എത്തിയത് ഇപ്പോഴാണ്. ജനോപകരാപ്രദമായ പദ്ധതികൾ നടത്തിയെന്നത് അവരെ രണ്ടാമതും തമിഴ്മക്കൾ തിരഞ്ഞെടുത്തതിന് കാരണമാകുകയും ചെയ്തിരുന്നു. ഇടയ്‌ക്കെല്ലാം അധികാരം ലഭിച്ചപ്പോഴും മക്കൾ രാഷ്ട്രീയം കളിച്ച കരുണാനിധിയേക്കാൾ ജനം ഇഷ്ടപ്പെട്ടത് അവരുടെ അമ്മയെയാണ്. ഈ ഇഷ്ടം കൂടിവരുന്നതിനിടെ ജയലളിത വിടചൊല്ലുന്നു. പെരിയോറിൽ നിന്ന് തുടങ്ങി അണ്ണാദുരൈയിലൂടെ എംജിആറിലൂടെയും കരുണാനിധിയിലൂടെയും ജയലളിതയിലേക്ക് വന്നുനിൽ്ക്കുന്ന തമിഴക ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിനെതിരെ പൊരുതാൻ 1967ൽ കോൺഗ്രസ് തറപറ്റിയതിനു ശേഷം തമിഴകത്ത് മറ്റൊരു പാർട്ടിക്കും കഴിഞ്ഞിട്ടില്ല. ആദിമപാരമ്പര്യത്തിന്റെ ചേരുവകൾക്കൊപ്പം തമിഴ ്എന്ന വികാരവും അതൊടൊപ്പം സിനിമയെന്ന താരാരാധനയും സമംചേർന്നുള്ള ഈ പ്രത്യേക രാഷ്ട്രീയ ചേരുവകൾ തന്നെയാണ് തമിഴ്‌നാടിന്റെ മനസ്സ്.

ജയയിൽ നിന്നും കരുണാനിധിയിൽ നിന്നുമെല്ലാം അകന്ന് തമിഴകത്ത് പുതിയ രാഷ്ട്രീയ ഇടം തേടുന്ന ക്യാപ്റ്റൻ വിജയകാന്തിന്റെ ഡിഎംഡികെയും വൈകോയുടെ എംഡിഎംകെയുമെല്ലാം പയറ്റുന്നതും ഇതേ രാഷ്ട്രീയ തന്ത്രംതന്നെ. തമിഴൻ എന്ന വികാരവും ദ്രാവിഡമെന്ന തനിമയും ചേരുന്ന തന്ത്രം. ഒരുപക്ഷേ, ജയയ്ക്കുശേഷം എന്ത് എന്ന ചോദ്യത്തിന് തമിഴ്‌നാട് ഉത്തരംതേടുമ്പോൾ അതിനിടയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും ബിജെപിക്കും ഈ പാരമ്പര്യത്തോട് ഏറ്റുമുട്ടുമ്പോൾ ഏറെ വിയർക്കേണ്ടിവരും. കോൺഗ്രസ്സിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ തമിഴകത്ത് അണ്ണാദുരൈയ്ക്കു ശേഷം ദ്രാവിഡ രാഷ്ട്രീയം ഒട്ടേറേ കാറും കോളും നിറഞ്ഞ വഴികളിലൂടെ കടന്നു പോയിട്ടുണ്ട്. കരുണാനിധി എം.ജി.ആർ. മൂപ്പിളമ തർക്കത്തിൽ പാർട്ടി പിളർന്നതിന് പിന്നാലെ കുടുംബമാണ് കഴകമെന്ന രീതിയിലേക്ക് കരുണാനിധിയുടെ നേതൃത്വത്തിൽ ഡി.എം.കെ. മാറി. അനന്തരാവകാശികളെ പ്രഖ്യാപിക്കാതെ ഡിഎംകെയുടെ തുടക്കത്തിലെ പതിവുപോലെ ജയലളിതയും അരങ്ങൊഴിയുന്നു. താരലോകത്ത് അവസരം കാത്തിരിക്കുന്നവരോ അല്ലെങ്കിൽ ജയലളിതയെന്ന ഏകാധിപതിയുടെ മുന്നിൽ മിണ്ടാനാവാതെ പാർട്ടിയിൽ പതുങ്ങിയിരുന്ന ഏതെങ്കിലും ആർജവമുള്ള രാഷ്ട്രീയക്കാരോ, അല്ലെങ്കിൽ ഇതുവരെ തോഴിയായി നിന്ന് അമ്മയുടെ മനസ്സു നിയന്ത്രിച്ച ശശികല നടരാജനോ? ആരാണ് ഇനി അണ്ണാ ഡിഎംകെയുടെ അമരത്ത് എത്തുകയെന്ന കാത്തിരിപ്പിന് ഏതായാലും അധികംവൈകാതെ തന്നെ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

തമിഴ്‌നാടിനെ മുന്നോട്ടു നയിക്കാൻ ഇനിയാര്?

ബ്രാഹ്മണവിരോധത്തിൽ പിറന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിൽ ഒരു ബ്രാഹ്മണസ്ത്രീ വരികയും അണ്ണാ ദുരൈക്കുശേഷം ഏറ്റവും സ്വാധീനമുള്ള നേതാവായി മാറുകയും ചെയ്തു എന്ന യാദൃച്ഛികതയാണ് ഇനിയാര് എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കു നയിക്കുന്നത്. തമിഴ്‌നാടുമായി ഒരു ബന്ധവുമില്ലാതെ പഴയ മൈസൂർ സംസ്ഥാനത്തു ജനിച്ച, ബംഗളൂരുവിൽ ബസ് കണ്ടക്ടറായ ശേഷം തമിഴ് മനസിനെ കീഴടക്കിയ രജനീകാന്ത് തന്നെയാകണം ഈ ചുമതല ഏറ്റെടുക്കേണ്ടത് എന്നു തമിഴ് മക്കൾ കരുതുന്നതിനു പല കാരണങ്ങൾ ഉണ്ട്.

രജനീകാന്തിനോളം തമിഴ് ജനതയെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരാൾ ഇന്നു തമിഴ്‌നാട്ടിൽ ഇല്ല എന്നത് പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ചലച്ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പല 'മാസ് ഡയലോഗുകളും' രാഷ്ട്രീയമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തി, തമിഴ്‌നാടിന്റെ സ്വന്തമായി മാറിയ ചരിത്രമാണു രജനീകാന്തിനുള്ളത്. പുറത്തുനിന്നെത്തി തമിഴ്‌നാടിന്റെ ഭരണചക്രം തിരിച്ച നേതാക്കൾക്കു പിൻഗാമിയായി ചരിത്രം ആവർത്തിക്കാൻ രജനീകാന്തു തന്നെ വേണ്ടിവരുമെന്ന തരത്തിലാണു വിലയിരുത്തലുകൾ. സിനിമാമേഖലയിൽ നിന്നെത്തി രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായ നേതാക്കളാണു തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റെടുത്തിരുന്നതെന്നതും രജനീകാന്തിന് അനുകൂലമായ ഘടകമായി വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP