Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശരിക്കും എന്താണീ ജിഎസ്ടി അഥവ ചരക്കു സേവന നികുതി; ഏതൊക്കെ നികുതികൾ ഇല്ലാതാകും? ഏതൊക്കെ നിലനിൽക്കും? വിലയുമൊക്കെ കൂടുമോ? ജിഎസ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം

ശരിക്കും എന്താണീ ജിഎസ്ടി അഥവ ചരക്കു സേവന നികുതി; ഏതൊക്കെ നികുതികൾ ഇല്ലാതാകും? ഏതൊക്കെ നിലനിൽക്കും? വിലയുമൊക്കെ കൂടുമോ? ജിഎസ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ഡെസ്‌ക്‌

ചരക്കു സേവന നികുതി(ജിഎസ്ടി) നിലവിൽ വരുന്നതോടെ നികുതിക്ക് മേൽ നികുതി എന്ന സങ്കൽപ്പമാണ് രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുന്നത്. നിലവിൽ ഒരു ഉൽപന്നത്തിന് ഒന്നിലധികം നികുതി നൽകേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. എന്നാൽ ജിഎസ്ടിയെന്ന ഏകീകൃത നികുതി വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. ഒരു ഉത്പന്നത്തിന് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജിഎസ്ടിയുടെ മറ്റൊരു പ്രത്യേകത.

എന്താണ് ശരിക്കും ഈ ജിഎസ്ടി

ഇന്ത്യയിൽ ഒട്ടാകെ ഒരൊറ്റ നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആൻഡ് സർവ്വീസസ് ടാക്സ് എന്ന ജിഎസ് ടിയിലൂടെ നിലവിൽ വരുന്നത്. ഏകീകൃത നികുതി നിലവിൽ വരുന്നതോടെ ഏർപ്പെടുത്തുന്നതോടെ ജിഡിപിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതായത് ജിഡിപി നിരക്കിൽ ഒരു ശതമാനത്തിന്റെയെങ്കിലും സംഭാവന ജിഎസ്ടിയുടേതായിരിക്കുമെന്നാണ് പ്രതീക്ഷ.

കേന്ദ്രത്തിനും സംസ്ഥാനത്തിനും വെവ്വേറെ നികുതിയില്ല

ജിഎസ്ടിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും വെവ്വേറെ നികുതി ചുമത്താനാകില്ല. ഇതു നിലവിൽ വരുന്നതോടെ കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികൾ ലയിക്കും. അതായത് ഒരു ഉൽപ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ടിവരില്ലെന്ന് അർഥം.ഒന്നിലധികം നികുതി ഇല്ലാതാകുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വില കുറയും.

ഏതൊക്കെ നികുതികൾ ഇല്ലാതാകും

കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ് എന്നിവ ഇനി ഉണ്ടാകില്ല. സെൻട്രൽ എക്‌സൈസ് തീരുവ, അഡീ. എക്‌സൈസ് തീരുവ, സേവന നികുതി, ചരക്ക്, സേവന സർചാർജ്, ലക്ഷ്വറി ടാക്‌സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ്, സർചാർജ്, മെഡിക്കൽ എക്‌സൈസ് ഡ്യൂട്ടി തുടങ്ങി എല്ലാ നികുതികൾ ഇല്ലാതാകും.

തുടരുന്ന നികുതികൾ ഏതൊക്കെ

ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ടാക്‌സ്, മോട്ടോർ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴിൽ, വിനോദ നികുതികൾ തുടങ്ങിയവ ജിഎസ്ടയിലും മാറ്റമില്ലാതെ തുടരും.

എന്തിനൊക്കെ വില കൂടും?

ജിഎസ്ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങൾ, മദ്യം, സിഗററ്റ്, മൊബൈൽഫോൺ ബില്ല്, തുണിത്തരങ്ങൾ, ബ്രാൻഡഡ് ആഭരണങ്ങൾ തുടങ്ങിയവയ്ക്കു വില കൂടും

എന്തിനൊക്കെ കുറയും?

എൻട്രി ലെവൽ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, എസ്യുവി, കാർ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കു വില കുറയും

കേരളത്തിന് എന്താണു നേട്ടം?

ഉത്പാദക സംസ്ഥാനങ്ങളേക്കാൾ ഉപഭോക്തൃ സംസ്ഥാനങ്ങൾക്കു കൂടുതൽ നികുതി പിരിക്കാൻ കഴിയുമെന്നതിനാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജിഎസ്ടി നേട്ടമുണ്ടാക്കും. അന്തർ സംസ്ഥാന വിനിമയങ്ങളിൽ ഏതു സംസ്ഥാനത്താണോ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് അവിടെ നികുതി നൽകിയാൽ മതിയെന്ന രീതിയാണു ജിഎസ്ടി മുന്നോട്ടുവയ്ക്കുന്നത്.

വരുമാന നഷ്ടം ഉണ്ടാകുമോ?

എന്നാൽ ഉൽപാദനമുള്ള സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം. നിർമ്മിക്കുന്ന സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ നികുതി നിശ്ചയിച്ചിരുന്നത്. എന്നാൽ വിതരണ മേഖലയെ അടിസ്ഥാനമാക്കിയാകും ഇനി നികുതി നിശ്ചയിക്കുന്നത്. തമിഴ്‌നാടിനൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ജി എസ് ടി തിരിച്ചടിയാകും.

നഷ്ടം കേന്ദ്ര സർക്കാർ നികത്തും

സംസ്ഥാനങ്ങളുടെ നഷ്ടം കേന്ദ്രസർക്കാർ നികത്തും. ആദ്യത്തെ 3 വർഷം 100 ശതമാനവും അടുത്ത 1 വർഷം 75 ശതമാനവും മൂന്നാമത്തെ വർഷം നഷ്ടത്തിന്റെ 50 ശതമാനവുമാണ് കേന്ദ്ര സർക്കാർ വരുമാനനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് നൽകുക.

വ്യപാരികൾക്കുള്ള പ്രയോജനം

വ്യാപാരത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെടമെന്നതു ജിഎസ്ടി കൊണ്ടുവരുന്ന പ്രധാന നേട്ടം. ഒറ്റക്കമ്പോളമാകുന്നതോടെ ബിസിനസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കുറയും.

നികുതിവെട്ടിപ്പ് തടയാം

നികുതി സംവിധാനം സുഗമമാവുന്നതോടെ നികുതി ശൃംഖല കൂടുതൽ വിപുലമാവുകയും നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. ഉൽപാദനച്ചെലവു കുറഞ്ഞ് കയറ്റുമതി കൂടുന്നതോടെ ജിഡി പി കൂടും. സംസ്ഥാനാന്തര നികുതികൾ ഒഴിവാക്കുന്നതോടെ സാധനങ്ങൾക്ക് വില കുറയും.

ജി.എസ്.ടിയെ എതിർക്കുന്നവരുടെ വാദം

വൻകിട ഉൽപാദകർക്കും വ്യാപാരികൾക്കും മാത്രമായിരിക്കും ഇതുകൊണ്ട് നേട്ടമുണ്ടാവുക എന്നാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്നത്. വിൽപനനികുതി പിരിവിൽ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇതു ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. സംസ്ഥാനത്തിന് നികുതിനിരക്കിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്നതാണ് ഏറ്റവും പ്രധാനം.

വിലക്കയറ്റമുണ്ടാകും എന്നു പറഞ്ഞ് ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമകൾ പണിമുടക്ക് നടത്തിയിരുന്നു. 14.5% വാറ്റിന്റെ സ്ഥാനത്ത് 18 മുതൽ 28 % വരെ ജിഎസ്ടി അടയ്‌ക്കേണ്ടിവരുമെന്നായിരുന്നു അവരുടെ ആശങ്ക. വാറ്റിനെക്കുറിച്ചു പറഞ്ഞവർ മറ്റുനികുതികളുടെ കാര്യം മറന്നു എന്നതാണ് സത്യം. ലക്ഷ്വറി ടാക്‌സ്, സർവീസ് ടാക്‌സ് ഭക്ഷണത്തിനുള്ള വാറ്റ് തുടങ്ങി ഹോട്ടൽ താമസത്തിന് മറ്റനേകം ടാക്‌സുകളും വരുന്നുണ്ട്. ഈ നികുതികൾ സംസ്ഥാനങ്ങൾ തോറും റൂമിന്റെ നിരക്കിനനുസരിച്ചും വ്യത്യസ്തവുമാണ്. ഇനി ഈ നികുതികളൊന്നും നൽകേണ്ട ജിഎസ്ടി മാത്രം നൽകിയാൽമതി എന്ന പ്രത്യേകതയുണ്ട്.

ആയിരം രൂപയിൽ താഴെ നിരക്കുള്ള റൂമിൽ താമസിച്ചാൽ നികുതിയില്ല. 2500 രൂപവരെ നോൺഎസി റസ്റ്ററന്റുകൾക്കും റൂമുകൾക്കും 12% ജിഎസ്ടി. എസി റസ്റ്ററന്റിലെ ഭക്ഷണത്തിനും റൂമിലെ താമസത്തിനും 7500 രൂപയ്ക്കു മുകളിൽ ചെലവായാൽ 28% നികുതി നൽകണം. പലവിധ നികുതികളുമായി കെട്ടിപ്പിണയുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകും എല്ലായിടത്തും ഒറ്റനികുതിനിരക്ക് എന്ന സവിശേഷത ഉണ്ടാകുകയും ചെയ്യും. സേവനമേഖലയിൽ ചെലവു കൂടിയാലും ഉപഭോക്തൃമേഖലയിൽ വിലക്കുറവിനാണ് സാധ്യതയെന്ന പ്രതീക്ഷയിലാണ് വിപണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP