Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളവും ത്രിപുരയും നിശ്ചലമായി; ബംഗാളിലും ഏറെക്കുറേ വിജയം; ഡൽഹി ഒഴികെയുള്ള വൻ നഗരങ്ങളെയെല്ലാം സമരം ബാധിച്ചു: ഒറ്റ ദിവസം രാജ്യത്തിന് നഷ്ടമായത് 25,000 കോടിയെന്ന് കണക്ക്

കേരളവും ത്രിപുരയും നിശ്ചലമായി; ബംഗാളിലും ഏറെക്കുറേ വിജയം; ഡൽഹി ഒഴികെയുള്ള വൻ നഗരങ്ങളെയെല്ലാം സമരം ബാധിച്ചു: ഒറ്റ ദിവസം രാജ്യത്തിന് നഷ്ടമായത് 25,000 കോടിയെന്ന് കണക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അടക്കം പത്ത് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളവും ത്രിപുരയും നിശ്ചലമായി. ബംഗാളിലും പണമുടക്ക് പൂർണ്ണമായി. രാജ്യത്തെ വൻ നഗരങ്ങളെയൊക്കെ തൊഴിലാളി പണിമുടക്ക് ബാധിച്ചു. രാജ്യതലസ്ഥാനമായ ഡൽഹി പണിമുടക്ക് ദിവസവും സാധാരണ പോലെ പ്രവർത്തിച്ചു.

റോഡുഗതാഗതം, പ്രതിരോധനിർമ്മാണം, ബാങ്ക്ഇൻഷുറൻസ്, തുറമുഖം, തപാൽ, ടെലികോം, കൽക്കരി, ഉരുക്ക്, എണ്ണ പ്രകൃതിവാതകം, ഊർജം, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ തുടങ്ങി വിവിധ മേഖലകളെ ഹർത്താൽ ബാധിച്ചു. ആർഎസ്എസ് സമ്മർദത്തെ തുടർന്ന് ബിഎംഎസ് പിൻവാങ്ങിയെങ്കിലും പണിമുടക്കിനെ ബാധിച്ചില്ലെന്നാണ് മറ്റ് ട്രേഡ് യൂണിയനുകൾ അഭിപ്രായപ്പെട്ടത്. 15 കോടിയിലേറെപ്പേർ അണിനിരന്ന സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവുംവലിയ പണിമുടക്കാണെന്ന് ട്രേഡ്യൂണിയൻ നേതാക്കൾ പറഞ്ഞു. ആന്ധ്ര, തെലങ്കാന, ഒഡിഷ, ഹിമാചൽ, പുതുശ്ശേരി, ഗോവ, കർണാടക സംസ്ഥാനങ്ങളെയും പണിമുടക്ക് ബാധിച്ചു.

അതേസമയം അഖിലേന്ത്യാ പണിമുടക്കുമൂലം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം 25,000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. അസോഷ്യേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) കണക്കുപ്രകാരം ഉൽപാദനം, വ്യാപാരം, ഗതാഗതം, കയറ്റുമതി, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലുണ്ടായ നഷ്ടത്തിന്റെ കണക്കാണിത്.

കേരളത്തിൽ ഡയസ്‌നോൺ പോലുള്ള ഭീഷണികൾ തള്ളി ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പ്രകടനങ്ങളും ധർണയും നടത്തി.സർക്കാർ ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പണിശാലകളും പൂർണമായും അടഞ്ഞുകിടന്നു. സ്‌കൂൾ, കോളേജ്, സർവകലാശാലാ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. പിഎസ്‌സിയുടേത് അടക്കം പരീക്ഷകൾ മാറ്റിവച്ചു. വാഹനങ്ങൾ പണിമുടക്കിയതോടെ തെരുവുകൾ നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ പ്രവർത്തനം സ്തംഭിച്ചു.

സെക്രട്ടറിയറ്റിലെ ഹാജർനില 21.48 ശതമാനമാണെന്ന് സർക്കാർ പത്രക്കുറിപ്പിൽ അവകാശപ്പെട്ടെങ്കിലും എല്ലാ വകുപ്പുകളുടെയും പ്രവർത്തനം സ്തംഭിച്ചു. ബാങ്കിങ്, തപാൽ, ടെലികോം മേഖലകളിലും പണിമുടക്ക് പൂർണമായി. റിസർവ് ബാങ്ക് ജീവനക്കാരും സമരത്തിൽ പങ്കുചേർന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും റിസർവ് ബാങ്ക് ശാഖകൾ പ്രവർത്തിച്ചില്ല. നബാർഡ് ജീവനക്കാരും പണിമുടക്കി. ബാങ്കിടപാടുകൾ പൂർണമായും നിലച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ലയിൽ അഞ്ചു ലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും പണിമുടക്കി. പ്രതിരോധ എൻജിനിയറിങ് വിഭാഗം, ഇൻഫോ പാർക്ക് എന്നിവിടങ്ങളിലും ഇതാദ്യമായി പണിമുടക്ക് ബാധിച്ചു. ഇൻഫോ പാർക്കിലെ 40 ശതമാനം പേർ പണിമുടക്കി. കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി. കൊച്ചി എണ്ണശുദ്ധീകരണശാലയിലെ നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭിച്ചു. ഇവിടെ 16,000 തൊഴിലാളികളിൽ 92 ശതമാനം പേരും പണിമുടക്കി. അത്യാവശ്യ സർവീസിലുള്ളവരും പ്രൊബേഷനിലുള്ളവരും മാത്രമാണ് ഹാജരായത്.

ഡൽഹിയിൽ ഒരുവിഭാഗം ഓട്ടോ- ടാക്‌സി തൊഴിലാളികളുടെ ഏകദിനസമരവും ഇന്നലെയായിരുന്നു. എന്നാൽ, മെട്രോ - ബസ് സർവീസുകൾക്കു മുടക്കമുണ്ടായില്ല. ബാങ്കിങ് മേഖലയെയാണു പണിമുടക്ക് ഏറ്റവുമധികം ബാധിച്ചത്. 23 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, 52 പ്രാദേശിക - ഗ്രാമീണ ബാങ്കുകൾ, 13,000 സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കി. കൽക്കരി ഖനികളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ ട്രെയിനുകൾ വൈകി. ബംഗാളിലും കേരളത്തിലും ചിലയിടങ്ങളിൽ സംഘർഷങ്ങളുമുണ്ടായി. ഇടതുപാർട്ടികളുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങളെത്തുടർന്നു ബംഗാളിൽ 200 പേരെ അറസ്റ്റ് ചെയ്തു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ അഖിലേന്ത്യാ പണിമുടക്കായിരുന്നു ഇന്നലത്തേത്. പണിമുടക്കു വൻ വിജയമായിരുന്നുവെന്നു ട്രേഡ് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു. കുറഞ്ഞ വേതനം 15,000 രൂപയാക്കി നിശ്ചയിക്കുക, വിലക്കയറ്റം പിടിച്ചുനിർത്തുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, നിയമ ഭേദഗതികൾ ഒഴിവാക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, സാമൂഹിക സുരക്ഷ എല്ലാ തൊഴിലാളികൾക്കും ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്ക്. ബിഎംഎസ് പണിമുടക്കിൽനിന്നു വിട്ടുനിന്നു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഒരുവിഭാഗം ജീവനക്കാർ പണിമുടക്കിൽ പങ്കുചേർന്നതു ബാങ്കുകളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു. 12,000 ജീവനക്കാരിലേറെയും പണിമുടക്കിയതുമൂലം മുംബൈ പോർട്ട് ട്രസ്റ്റിന്റെ പ്രവർത്തനവും സ്തംഭിച്ചു. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചില്ല. സബർബൻ ട്രെയിനുകളും ബസുകളും പതിവുപോലെ ഓടി. ഒരു വിഭാഗം ടാക്‌സി സർവീസുകൾ പണിമുടക്കി.

തമിഴ്‌നാട്ടിൽ ബാങ്കിങ് ടെകസ്റ്റെയിൽ മേഖലയെ ബാധിച്ചത് ഒഴികെ മറ്റ് പ്രവർത്തനങ്ങളെ പണമുടക്ക് സാരമായി ബാധിച്ചില്ല. എസ്‌ബിഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ ഒഴികെയുള്ള ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. കൂടാതെ തുറമുഖത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. തിരുപ്പൂരിലെ ടെക്‌സ്‌റ്റൈൽ യൂണിറ്റുകളിൽ ചിലതു പ്രവർത്തിച്ചില്ല. സംസ്ഥാനാന്തര ബസ് സർവീസുകൾ തടസ്സപ്പെട്ടെങ്കിലും ചെന്നൈ നഗരത്തിനുള്ളിൽ ബസുകളും ഓട്ടോകളും പതിവുപോലെ സർവീസ് നടത്തി. ചില സ്ഥലങ്ങളിൽ ട്രെയിൻ ഉപരോധിക്കാനും ശ്രമമുണ്ടായി.

രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബാംഗ്ലൂരിനെ ഇത്തവണത്തെ പണിമുടക്ക് സാരമായി തന്നെ ബാധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എഎൽ, ബിഇഎൽ, ബിഇഎംഎൽ, ബിഎച്ച്ഇഎൽ, എച്ച്എംടി, ഐടിഐ എന്നിവയിലെ ജീവനക്കാർ പണിമുടക്കി. പീനിയ വ്യവസായമേഖലയിൽ നൂറുകണക്കിനു ഫാക്ടറികൾ അടഞ്ഞുകിടന്നു. നഗരത്തിലെ ബസ് ഗതാഗതം വൈകിട്ട് അഞ്ചുവരെ പൂർണമായി സ്തംഭിച്ചു. സംസ്ഥാനാന്തര ബസ് സർവീസുകൾ വൈകിട്ടാണു പുനരാരംഭിച്ചത്. ഓട്ടോറിക്ഷകളും വളരെ കുറച്ചു മാത്രമാണു നിരത്തിലിറങ്ങിയത്. ഐടി കമ്പനികൾ പ്രവർത്തിച്ചു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ബിഹാർ സംസ്ഥാനങ്ങളിൽ പണിമുടക്ക് റോഡുഗതാഗതത്തെ ബാധിച്ചു. ഈ സംസ്ഥാനങ്ങളിൽ ഓട്ടോടാക്‌സി തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. റോഡുഗതാഗത ഭേദഗതി ബില്ലിനെതിരായ ശക്തമായ താക്കീതുകൂടിയായി പണിമുടക്ക്. തൊഴിലാളികൾ വിവിധയിടങ്ങളിൽ ദേശീയപാതകളും റെയിൽപാളങ്ങളും ഉപരോധിച്ചു.

അതേസമയം പണിമുടക്ക് സാരമായി ബാധിക്കാതെയാണ് രാജ്യതലസ്ഥാനമായ ഡൽഹി കടന്നുപോയത്. ഡൽഹി സർക്കാരിന്റെ സിറ്റി ടാക്‌സി പദ്ധതിക്കെതിരെ ഒരുവിഭാഗം ഓട്ടോ - ടാക്‌സി തൊഴിലാളികൾ ഇന്നലെ നടത്തിയ ഏകദിനസമരം തലസ്ഥാന നിവാസികളെ വലച്ചു. രാവിലെ ഓഫിസുകളിലേക്ക് ഇറങ്ങിയവരാണു ബുദ്ധിമുട്ടിയത്. ഓട്ടോകൾ നിരത്തൊഴിഞ്ഞതോടെ മെട്രോ - ബസ് സർവീസുകളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു.

പണിമുടക്കിന് മുമ്പൊരിക്കലുമില്ലാത്ത പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആയിരക്കണക്കിന് പ്രാദേശിക യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണച്ചു. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളെയും ബാധിച്ചു. വികലനയങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന ജനങ്ങളുടെ പൂർണമായ പിന്തുണ ലഭിച്ചു. കോർപറേറ്റുകൾക്ക് അനുകൂലമായ തൊഴിൽ നിയമപരിഷ്‌കാരങ്ങളിൽനിന്ന് പിന്തിരിയണമെന്ന മുഖ്യമായ ആവശ്യമുൾപ്പെടെ 12 ഇന അവകാശപത്രികയാണ് ട്രേഡ് യൂണിയനുകൾ കേന്ദ്രത്തിനു മുമ്പാകെ വച്ചത്. പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെ അഭിനന്ദിക്കുന്നു.

സർക്കാർ പാഠംപഠിക്കണം. തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. ആവശ്യങ്ങൾക്ക് കൃത്യമായ പരിഹാരം കാണുംവിധം ട്രേഡ് യൂണിയനുകളുമായി ചർച്ചകൾ പുനരാരംഭിക്കണം. അതല്ലെങ്കിൽ പോരാട്ടം കൂടുതൽ തീവ്രമാക്കും. കൂട്ടപ്പിരിച്ചുവിടലിനും കരാർവൽക്കരണത്തിനും വഴിയൊരുക്കും വിധം സമ്പദ്വ്യവസ്ഥയിലുണ്ടായ ഇടിവ് തടയാൻ സർക്കാരിന് വന്ന വീഴ്ച, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളിവിരുദ്ധ നടപടികൾ തുടങ്ങി സർക്കാരിന്റെ വികലനയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള അതൃപ്തി തന്നെയാണ് പണിമുടക്ക് വിജയമാകാൻ കാരണം. സർക്കാരിന് താക്കീതു നൽകി വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, യുടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ് എന്നീ സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP