യുവതി വീട്ടിൽ വ്യാജ മദ്യം വിൽപ്പന നടത്തിയെന്ന് ആരോപണം; വീട്ടിലേക്ക് അക്രമിച്ച് കയറിയത് സ്ത്രീകളുൾപ്പടെയുള്ള സംഘം; നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക്പൊടി പുരട്ടി തെരുവിട്ട് മർദ്ദനം; 19 പ്രതികൾ ഒടുവിൽ പൊലീസ് പിടിയിൽ
September 22, 2018 | 08:49 PM IST | Permalink

ഗുവാഹട്ടി: വ്യജമദ്യവിൽപന നടത്തിയെന്നാരോപിച്ച് അസമിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ച കേസിൽ 19 പേർ അറസ്റ്റിൽ. അസം-മിസോറാം അതിർത്തിയിലുള്ള കരിംഗഞ്ചിണ് സംഭവം. യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സെപ്റ്റംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവതിയെ നഗ്നയാക്കിയ ശേഷം രഹസ്യഭാഗങ്ങളിൽ മുളകുപൊടി വിതറിയതായും റിപ്പോർട്ടുണ്ട്. തന്നെ അകാരണമായി മർദ്ദിച്ചെന്ന് കാട്ടി യുവതി കരിംഗഞ്ച് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആളുകൾ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അക്രമിച്ചവരിൽ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 19 പേർ അറസ്റ്റിലായെന്നും മുഖ്യപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മർദ്ദനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചവർക്കെതിരേയും ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവതി വ്യാജമദ്യം വിൽക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തതായി ഗ്രാമീണർ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയശേഷമേ വസ്തുത എന്താണെന്ന് പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.
ബിജെപി ഭരണത്തിൻ കീഴിൽ അസമിൽ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പശുവിനെ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞമാസം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.