Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി വെള്ളിയാഴ്ച ഓടി തുടങ്ങും; രണ്ടാം തേജസ് ഓടുന്നത് അഹമ്മദാബാദ്-മുംബൈ പാതയിൽ

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി വെള്ളിയാഴ്ച ഓടി തുടങ്ങും; രണ്ടാം തേജസ് ഓടുന്നത് അഹമ്മദാബാദ്-മുംബൈ പാതയിൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സർവീസ് വെള്ളിയാഴ്ച ഓടി തുടങ്ങും. അഹമ്മദാബാദ്-മുംബൈ പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി ഓടി തുടങ്ങുക. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേർന്ന് രണ്ടാം തേജസിന്റെ ഉദ്ഘാടന യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വെള്ളിയാഴ്ച മുതൽ പരീക്ഷണ ഓട്ടം തുടങ്ങുന്ന രണ്ടാം തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക. ഓൺലൈനായും ആപ്പ് വഴിയും ടിക്കറ്റെടുക്കാം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി-ലഖ്‌നൗ പാതയിൽ സർവ്വീസ് ആരംഭിച്ച ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങുന്നത്. അഹമ്മദാബാദിൽനിന്ന് രാവിലെ 6.40-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് മുംബൈയിൽ എത്തുന്ന രീതിയിലാണ് ഐ.ആർ.സി.ടി.സി. നൽകിയ സമയക്രമം. മുംബൈയിൽനിന്ന് വൈകീട്ട് 3.40-ന് തിരിച്ച് രാത്രി 10.15-ന് വണ്ടി അഹമ്മദാബാദിൽ എത്തും.

വ്യാഴാഴ്ച ഒഴികെ ആറുദിവസങ്ങളിൽ സർവീസ് നടത്തും. നിലവിൽ ഈ റൂട്ടിൽ ഓടുന്ന ശതാബ്ദി എക്സ്പ്രസിനെക്കാൾ 10 മുതൽ 15 ശതമാനം വരെ നിരക്ക് വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റുതീവണ്ടികളിലെപോലെ സൗജന്യയാത്രയോ നിരക്കിളവോ തേജസിൽ അനുവദിക്കില്ല. മികച്ച നിലവാരത്തിലുള്ള കോച്ചുകൾക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എൽഇഡി ടിവി, ഓട്ടോമാറ്റിക് ഡോർ, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈൽ ചാർജിങ് പോയന്റ് തുടങ്ങി യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങൾ തേജസിലുണ്ട്.

വൈഫൈ സംവിധാനത്തിലൂടെ സീറ്റിനുമുന്നിൽ ഘടിപ്പിച്ച സ്‌ക്രീനിൽ സിനിമയും മറ്റും യാത്രക്കാർക്ക് ആസ്വദിക്കാം. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയിൽ ജോലിക്കാർ യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകും. പത്ത് ചെയർകാർ കോച്ചുകളും രണ്ട് എക്സിക്യുട്ടീവ് കാർ കോച്ചുകളുമടങ്ങുന്നതാണ് തേജസ്. ആകെ 736 സീറ്റുകൾ വണ്ടിയിലുണ്ട്. യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇൻഷുറൻസും ലഭിക്കും. ആദ്യ സ്വകാര്യ തീവണ്ടിയിലുള്ളതിന് സമാനമായി ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാൽ യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി 100 രൂപ നൽകും. രണ്ട് മണിക്കൂറിന് മുകളിൽ വൈകിയാൽ 250 രൂപ വരെയും ലഭിക്കും.

ഡൽഹി-ലഖ്നൗ, അഹമ്മദാബാദ്-മുംബൈ പാതകൾക്ക് പുറമേ അധികം വൈകാതെ കേരളം ഉൾപ്പെടെ രാജ്യത്തെ 150-ഓളം റൂട്ടുകളിൽ സ്വകാര്യതീവണ്ടികൾ ഓടിക്കാൻ റെയിൽവേ കണക്കുകൂട്ടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP