Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിയന്തിരാവസ്ഥക്ക് ഇന്ന് നാൽപ്പത്; ഇന്ദിരയുടെ വീഴ്ചയ്ക്ക് കാരണക്കാരായവരിൽ പ്രധാനി വില്യം ജോർജ് ബ്രൂം; അധികം വായിക്കപ്പെടാതെ പോയ ചരിത്രത്തിൽ ഇന്നും തെളിയുന്നത് ബ്രിട്ടീഷുകാരന്റ ന്യായബോധം

അടിയന്തിരാവസ്ഥക്ക് ഇന്ന് നാൽപ്പത്; ഇന്ദിരയുടെ വീഴ്ചയ്ക്ക് കാരണക്കാരായവരിൽ പ്രധാനി വില്യം ജോർജ് ബ്രൂം; അധികം വായിക്കപ്പെടാതെ പോയ ചരിത്രത്തിൽ ഇന്നും തെളിയുന്നത് ബ്രിട്ടീഷുകാരന്റ ന്യായബോധം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നൂറ്റാണ്ടുകൾ വിദേശിയുടെ അടിച്ചമർത്തൽ അനുഭവിച്ച ഇന്ത്യൻ ജനത സ്വന്തം ഭരണത്തിന്റെ തണലിലും സ്വാതന്ത്രമില്ലയ്മയുടെ രുചി അറിഞ്ഞിട്ടു ഇന്ന് നാൽപ്പതാണ്ട്. അടുത്ത ദിവസം അരുവിക്കരയിൽ ജനം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ തയ്യാറെടുക്കവേ, തിരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നില്ല എന്ന ഉറപ്പു നേടിയെടുത്ത ഒരു കോടതി വിധി കൂടിയാണ് അടിയന്തിരാവസ്ഥയിലേക്ക് നയിച്ചത് എന്ന് അധികം ചർച്ച ചെയ്യപ്പെടാതെ പോയ കാര്യമാണ്.

ടി എൻ ശേഷൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ഇന്ത്യൻ ജനതയെ ഇലക്ഷൻ ചട്ടം പഠിപ്പിക്കും മുന്നെ ഇക്കാര്യം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയത് ഒരു ബ്രിട്ടീഷുകാരൻ ആണ്. ഇന്ദിരയ്‌ക്കെതിരെ പ്രശസ്തമായ റായ് ബറേലി തിരഞ്ഞെടുപ്പ് വിധി പുറത്തു വിട്ട ജസ്റ്റിസ് വില്യം ജോർജ് ബ്രൂം എന്ന ബ്രിട്ടനിലെ ഷ്രൊപ്‌ഷെയർ സ്വദേശിയുടെ ഉത്തരവിന് ഇന്ത്യൻ അടിയന്തിരവസ്ഥയിലേക്ക് നയിച്ച കാരണങ്ങളിൽ മുഖ്യ പങ്കാണുള്ളത്. ഇന്നത്തെ തലമുറയ്ക്ക് 19 മാസം നീണ്ട അധികാര ദുർമത്തതയുടെ അനുഭവം വായിച്ചറിഞ്ഞും കേട്ടറിഞ്ഞും മാത്രം പരിചയം ഉള്ളതാണെങ്കിലും ഇന്നും ഭയത്തോടെ മാത്രം ഭരണകൂട ഭീകരത അനുഭവിച്ചറിഞ്ഞ ഒരു തലമുറ ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട്.

ചരിത്രം ഏറെ പറഞ്ഞു പോയ കഥകൾക്ക് ഇടയിലും ഇനിയും പുറത്തു വരാത്ത കേരളത്തിലെ രാജൻ കേസ് പോലെ എത്രയോ സംഭവങ്ങൾ കാലത്തിന്റെ ഇരുണ്ട തടവറകളിൽ ഇനിയും ആവശേഷിക്കുന്നു. ഇന്ദിര ഗാന്ധിയുടെ റായ് ബറേലി തിരഞ്ഞെടുപ്പ് വിജയം അലഹബാദ് കോടതി റദ്ദാക്കിയത് മുതലുള്ള അസംഖ്യം കാരണങ്ങൾ ചേർന്നാണ് 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള നാളുകളിൽ ആണ് ഇന്ത്യ ജനാധിപത്യത്തിന്റെ ക്രൂര മുഖം നേരിട്ടറിയുന്നത്. സമീപകാല ചരിത്രം ടി എൻ ശേഷനിലൂടെ തിരഞ്ഞെടുപ്പ് ചട്ടം ഇന്ത്യൻ ജനതയെ പഠിപ്പിച്ചപ്പോൾ അതേ ചട്ടം അനുശാസിക്കുന്ന വിധം കോടതി നിരീക്ഷണം ഉണ്ടായതാണ് അടിയന്തിരാവസ്ഥയ്ക്ക് വിത്ത് പാകിയതെന്ന ശ്രദ്ധേയ വസ്തുത എന്തുകൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടില്ല. ചരിത്രത്തെ വഴി തിരിച്ചു വിട്ട ആ കോടതി വിധിയിൽ ഒരു പക്ഷെ രാഷ്ട്രീത്തെ പാർട്ടികളുടെ കണ്ണിൽ കൂടി കാണാത്ത ബ്രിട്ടീഷുകാരന്റെ ന്യായബോധം കൂടി നിഴലിച്ചിരുന്നിരിക്കാം.

1971 ൽ ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ യുദ്ധമാണ് അടിസ്ഥാനപരമായി ഇന്ത്യയെ അടിയാന്തിരാവസ്ഥയുടെ കറുത്ത നാളുകളിൽ കൊണ്ടെത്തിച്ചത്. റായ് ബറേലി സീറ്റിൽ 1 11 810 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചു കയറി പ്രധാനമന്ത്രി ആയതെങ്കിലും എതിരാളി ആയിരുന്ന ലോക്‌ബന്ധു രാജ് നരൈൻ തിരഞ്ഞെടുപ്പ് വിജയത്തെ അലഹബാദ് ഹൈക്കൊടതിയിൽ ചോദ്യം ചെയ്തു. കേസ് എത്തിയത് ബ്രിട്ടീഷ് ഭരണത്തിന് ശേഷവും ജോലിയിൽ തുടർന്ന ജസ്റ്റിസ് വില്യം ജോർജിന്റെ ബ്രൂമിന്റെ കോടതിയിലും ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷെയറിൽ ജനിച്ചു കേംബ്രിഡ്ജിൽ നിന്നും നിയമം സ്വന്തമാക്കി ഇന്ത്യയിൽ എത്തിയ വില്ല്യം നിയമം ഇഴകീറി പരിശോധിച്ച് വിധി നടപ്പക്കുന്നവരിൽ പ്രശസ്തൻ ആയിരുന്നു. അക്കാലത്തെ സമകാലികരായ പല ന്യായാധിപന്മാരെയും പോലെ തന്നെ തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് ഇന്ദിര വോട്ടു കരസ്ഥമാക്കിയതെന്ന ലോക്‌ബന്ദു രാജ് നരൈന്റെ വാദത്തിൽ കഴമ്പു ഉണ്ടെന്നു കോടതി കണ്ടെത്തി.

തിരഞ്ഞെടുപ്പ് ഉപയോഗത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 23 ജീപ്പുകൾ പ്രചാരണത്തിലും വോട്ടർമാരെ പോളിങ് ബൂത്തുകളിലും എത്തിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്ന് രാജ് നരൈൻ ഹർജിയിൽ ആരോപിച്ചു. കൂടാതെ വോട്ടർമാരെ സ്വാധീനിക്കാനായി പുതപ്പുകളും മുണ്ടുകളും ചാരായവും യഥേഷ്ടം ഒഴുക്കി എന്നും ഹർജിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാർ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ജീപ്പുകളുടെ വഴി വിട്ട ഉപയോഗം തെളിവുകൾ സഹിതം സമർത്ഥിക്കാൻ ലോക്‌ബന്ധു രാജ് നരൈനു കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ പ്രധാനമന്ത്രി ആയിരുന്ന ആൾ നേരിടുന്ന ഏക തിരഞ്ഞെടുപ്പ് കേസ് എന്ന നിലയിൽ സംഭവം രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ദിരക്കെതിരെ മുറുമുറുപ്പ് ഉയരുന്ന സമയം കൂടി ആയതിനാൽ കേസിന്റെ പുരോഗതി ഏറെ രാഷ്ട്രീയ പ്രധാനമായി മാറി

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്പോഴേക്കും തന്റെ വ്യക്തി പ്രഭാവം പടർത്തിയിരുന്ന ഇന്ദിരയ്‌ക്കെതിരെ ഒരു കോടതി വിധി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷെ ഇന്ദിരയ്‌ക്കെതിരെ വിധി പറയാൻ ജസ്റ്റിസ് വില്യം ജോർജിന് അവരുടെ സ്ഥാനമാനമോ അപ്രമാദിത്വമോ തടസ്സമായില്ല എന്നതാണ് ശ്രദ്ധേയം. ഇന്ദിരയ്‌ക്കെതിരെ നിയമ യുദ്ധം നടത്താൻ തികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്ന രാജ് നരൈനും ഒട്ടും ആശങ്ക ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു വസ്തുത. ഒരു പക്ഷെ തികഞ്ഞ നിയമ ലംഘനം എന്നതിലുപരി വിധി തയ്യാറാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നായിരിക്കും തന്റെ ഉത്തരവ് എന്ന് വില്യം ജോർജ് ബ്രൂമും കരുതിയിരിക്കില്ല. കേസും വിധിയും വെറും 6 മാസം കൊണ്ട് തീർപ്പായി എന്നത് മറ്റൊരു കൗതുകം. പക്ഷെ പിന്നീട് ഇതുമായി ബന്ധപ്പെട്ടു തുടർ കേസുകൾ സുപ്രീം കോടതിയിലേക്ക് നീണ്ടു. 1971 മാർച്ച് ആദ്യ വാരം നടന്ന തിരഞ്ഞെടുപ്പ് ഒരു മാസം കഴിഞ്ഞു ഏപ്രിൽ 24 നാണ് രാജ് നരൈൻ ചോദ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ സഞ്ജയ് ഗാന്ധി ഉൾപ്പെടെയുള്ളവർ നടത്തിയ അധികാര കടന്നു കയറ്റം വേണ്ടത്ര തെളിവില്ലാത്തതിനാൽ നിലനിൽക്കില്ലെന്നു മനസിലായി ചോദ്യം ചെയ്യാൻ ലോക്‌ബന്ദു തയ്യാറായില്ല. ഹർജിയിൽ ജീപ്പുകളുടെ ദുരുപയോഗം മാത്രം ആണ് എടുത്തു കാട്ടിയിരുന്നത്.

റായ് ബറെലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീപ്പുകൾ ആവശ്യമാണെന്ന് കാട്ടി ജില്ല കോൺഗ്രസ്സ് പ്രസിഡന്റ് ദാൽ ബഹാദൂർ സിങ് എഴുതിയ കത്തും കേസിൽ പ്രധാന തെളിവായി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർ അതൃപ്തി രേഖപ്പെടുതിയിരുന്നെങ്കിലും ജീപ്പുകൾ കൈക്കലാക്കുന്നതിൽ ദാൽ ബഹാദൂർ വിജയിച്ചു. കേസ് കോടതിയിൽ നടക്കുമ്പോൾ ദാൽ ബഹാദൂർ കാട്ടിയ അബദ്ധം ഇന്ദിരയും ആവർത്തിച്ചു. ജീപ്പുകൾ ഉപയോഗിച്ചു എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ ആണ് അവർ കോടതിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ എഴുതി നൽകിയത്. ഒരു പക്ഷെ അമിത ആത്മ വിശ്വാസം ആയിരിക്കാം അത്തരം ഒരു അബദ്ധം അവരെക്കൊണ്ട് ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചത്. എന്തായാലും ആറ് മാസത്തിനകം, ജൂലൈ 15 ന് വാദം തുടങ്ങി സെപ്റ്റംബർ 14 ന് ജസ്റ്റിസ് വില്യം ജോർജ് ബ്രൂം ഈ കേസിൽ വിധി നൽകി. എന്നാൽ കേസുകൾ അവിടം കൊണ്ടും തീർന്നില്ല.

രാജ് നരൈൻ അലഹബാദ് ഹൈക്കോടതിയിൽ താന്നെ ജസ്റ്റിസ് കെ എസ് ശ്രീവാസ്തവയുടെ ബെഞ്ചിൽ മറ്റൊരു കേസും നൽകി. പ്രധാനമന്ത്രിയുടെ ടൂർ ഡയറി എന്നറിയപ്പെടുന്ന ബ്ലു ബുക്ക് സംബന്ധിച്ച കേസ് ആയിരുന്നു രണ്ടാമത്തേത്. ഈ കേസിലും തോറ്റ ഇന്ദിര സുപ്രീം കോടതിയിൽ എത്തി അനുകൂല വിധി നേടി. എന്നാൽ അധികം നീണ്ടില്ല. ഇന്ത്യ എന്നാൽ ഇന്ദിര എന്നും ഇന്ദിര എന്നാൽ ഇന്ത്യ എന്നും മുദ്രാവാക്യം ഉയർന്നിരുന്ന 1974 ൽ തന്നെ അലഹബാദ് ഹൈക്കോടതിയുടെ സിങ്ങിൽ ബെഞ്ചിൽ ജസ്റ്റിസ് ജഗ്‌മോഹൻ ലാൽ സിൻഹയുടെ മുന്നിൽ മറ്റൊരു കേസും എത്തി. തുടർ പരമ്പര ആയ തിരഞ്ഞെടുപ്പ് കേസിൽ 1975 ജൂൺ 12 ന് ജസ്റ്റിസ് ജഗ്‌മോഹൻ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി വിധി പുറത്തു വിട്ടു. ഇന്ദിരയെ മാത്രമല്ല, ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന വിധി. അധികം വൈകിയില്ല, കൃത്യം 13 ദിവസത്തിന് ശേഷം കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയും ഇന്ത്യൻ മണ്ണിൽ പിറന്നു വീണു. ഇരുപത്തിയഞ്ച് വയസ്സ് മാത്രം പ്രായമായ ഇന്ത്യൻ ജനാധിപത്യത്തിന് പിറന്ന ജാരസന്തതി എന്ന വിശേഷണവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP