Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വധുവിനെത്തേടി 60-കാരൻ പരസ്യം നൽകി; വിവാഹവാഗ്ദാനം നൽകി വിളിച്ചുവരുത്തിയ യുവതിയും സംഘവും ബാങ്ക് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി

വധുവിനെത്തേടി 60-കാരൻ പരസ്യം നൽകി; വിവാഹവാഗ്ദാനം നൽകി വിളിച്ചുവരുത്തിയ യുവതിയും സംഘവും ബാങ്ക് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി

60-ാം വയസ്സിൽ വിവാഹപ്പരസ്യം നൽകുമ്പോൾ ഇങ്ങനെയൊരു അക്കിടി മുൻ ബാങ്ക് ഉദ്യോഗസ്ഥനായ വി.രാമമൂർത്തി കരുതിയിരുന്നില്ല. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചെത്തിയ യുവതിയും സംഘവും രാമമൂർത്തിയെ തട്ടിക്കൊണ്ടുപോയി. രാമമൂർത്തിയുമായി താംബരത്തെ ബാങ്കിലെത്തിയ സംഘം 35 ലക്ഷം രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പൊലീസെത്തുകയും അക്രമി സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.

പുനർവിവാഹം കഴിക്കാൻ വധുവിനെത്തേടിയാണ് രാമമൂർത്തി പരസ്യം നൽകിയത്. പരസ്യം വന്ന് ദിവസങ്ങൾക്കുശേഷമാണ് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് രാമമൂർത്തിയുടെ ഫോണിലേക്ക് സന്ദേശം വന്നത്. പെണ്ണുകാണുന്നതിനായി കോയംബേട് ബസ് സ്റ്റാൻഡിലെത്താനായിരുന്നു നിർദ്ദേശം. അവിടെയെത്തിയപ്പോൾ പ്രതിശ്രുത വധുവും നാല് സഹായികളുമുണ്ടായിരുന്നു. ബലംപ്രയോഗിച്ച് രാമമൂർത്തിയെ ഒരു കാറിലേക്ക് വലിച്ചുകയറ്റിയ സംഘം അദ്ദേഹവുമായി താംബരത്തെ ബാങ്കിലേക്ക് പോവുകയായിരുന്നു.

ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം നേടിയ രാമമൂർത്തി അടുത്തിടെയാണ് സ്വകാര്യ ബാങ്കിൽനിന്ന് വിരമിച്ചത്. ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന അദ്ദേഹം പുനർ വിവാഹത്തിനായാണ് പരസ്യം നൽകിയത്. ചൊവ്വാഴ്ച വൈഷ്ണവി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി അദ്ദേഹത്തെ വിളിക്കുകയും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. രാമമൂർത്തിയുടെ സാമ്പത്തിക നിലയൊക്കെ ചോദിച്ചറിഞ്ഞശേഷം അദ്ദേഹത്തെ ബസ് സ്റ്റാൻഡിലേക്ക് ക്ഷണിക്കുകയായിരുന്നു.

സ്റ്റാൻഡിലെത്തി വൈഷ്ണവിയെക്കണ്ട രാമമൂർത്തി അവരുമായി സംസാരിച്ചുകൊണ്ട് നിൽക്കവെയാണ് നാലംഗ അക്രമിസംഘമെത്തിയത്. അവർ രാമമൂർത്തിയെ വലിച്ച് കാറിലേക്ക് കയറ്റി. വൈഷ്ണവി അവരോടൊപ്പം ചേർന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം രാമമൂർത്തി മനസ്സിലാക്കിയത്. ചൊവ്വാഴ്ച മുതൽ ചെന്നൈയിലെ പ്രാന്തപ്രദേശങ്ങളിലൂടെ രാമമൂർത്തിയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം ഇതിനിടെ, അദ്ദേഹത്തിന് താംബരത്തെ ബാങ്കിൽ അക്കൗണ്ടുണ്ടെന്ന കാര്യം മനസ്സിലാക്കി.

വ്യാഴാഴ്ച രാവിലെ ഇവർ രാമമൂർത്തിയുമായി ബാങ്കിലെത്തി. ഇതിനിടെ ബാങ്കിലെ ചില ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് താൻ ഇങ്ങനെയൊരു കുടുക്കിൽപ്പെട്ട കാര്യം രാമമൂർത്തി അറിയിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ താംബരം പൊലീസിനെയും വിവരമറിയിച്ചു. ബാങ്കിലെത്തിയ സംഘം പൊലീസെത്തുമെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് രാമമൂർത്തിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP