Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ഏറ്റവും പട്ടിണിക്കാരായ ആദിവാസികൾ ഗുജറാത്തിൽ; 94 ശതമാനം ആദിവാസിക്കുട്ടികളും പോഷകാഹാരം ഇല്ലാതെ വലയുന്ന ഏക സംസ്ഥാനം മോദിയുടെ ഗുജറാത്ത്

ഇന്ത്യയിൽ ഏറ്റവും പട്ടിണിക്കാരായ ആദിവാസികൾ ഗുജറാത്തിൽ; 94 ശതമാനം ആദിവാസിക്കുട്ടികളും പോഷകാഹാരം ഇല്ലാതെ വലയുന്ന ഏക സംസ്ഥാനം മോദിയുടെ ഗുജറാത്ത്

ങ്ങ് ഡൽഹിയിൽ പുതിയൊരു ഇന്ത്യയെ വാർത്തെടുക്കാൻ ഗുജറാത്തിന്റെ പുത്രനായ പ്രധാനമന്ത്രി നരേന്ദ്ര മോദി കിണഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാൽ ഇങ്ങ് അദ്ദേഹത്തിന്റെ സ്വദേശമായ ഗുജറാത്തിൽ പോഷകാഹാരമില്ലാതെ ആദിവാസിക്കുട്ടികളിൽ 94 ശതമാനവും നരകജീവിതം നയിക്കുകയുമാണെന്ന് റിപ്പോർട്ട്. ദീർഘകാലം ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇവരുടെ കാര്യ ശ്രദ്ധിച്ചില്ലെന്നതോ പോകട്ടെ ഇപ്പോൾ മോദി പ്രധാനമന്ത്രിയായപ്പോഴും ഇവരുടെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഇന്ത്യയിലെ ആദിവാസികളിൽ ഏറ്റവും പട്ടിണിക്കാർ മോദിയുടെ വികസനമന്ത്രം ഉയർത്തിപ്പിടിക്കുന്ന ഗുജറാത്തിലാണെന്നത് വിരോധാഭാസമായി തോന്നാം. ഇത് മോദിയുടെ ശത്രുക്കൾ പറഞ്ഞ് പരത്തുന്ന കള്ളപ്രചാരണമാണെന്ന് തെറ്റിദ്ധരിക്കേണ്ട കേട്ടോ... മറിച്ച് മോദിയുടെ പിൻഗാമി നയിക്കുന്ന ഗുജറാത്ത് സർക്കാർ നടത്തിയ വ്യത്യസ്തമായ സർവേകളിലൂടെയാണ് ഈ ദുഃഖകരമായ യാഥാർത്ഥ്യം വെളിവായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശത്തെ ആദിവാസിമേഖലയായ അംബാജി മുതൽ തെക്കുള്ള ഡാൻഗ്‌സ് വരെയുള്ള ഇടങ്ങളിലെ ആദിവാസിക്കുട്ടികൾ പോഷകാഹാര ദൗർലഭ്യം നേരിടുന്നുണ്ടെന്നാണ് പ്രസ്തുത സർവേകളിലൂടെ വെളിവായിരിക്കുന്നത്. ഈ കുട്ടികൾ കടുത്ത വളർച്ചാമുരടിപ്പ് അനുഭവിച്ചു കൊണ്ടാണ് ജീവിക്കുന്നത്.

സംസ്ഥാനത്തെ അംഗനവാടികളിൽ നടപ്പിലാക്കിയ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സ്‌കീം (ഐസിഡിഎസ്) സ്‌കീമുകളിൽ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോട്ടിൽ കണ്ടെത്തിയിരുന്നു. അതിലേക്ക് കൂട്ടിച്ചേർക്കലുകൾ നടത്താൻ പര്യാപ്തമായ വിവരങ്ങളാണ് പുതിയ സർവേകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തെ മൂന്നിലൊരുഭാഗം കുട്ടികളും കുറഞ്ഞ തൂക്കമുള്ളവരാണെന്ന് 2013 ഒക്ടോബറിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. 2012ലെ മാസാന്ത പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ. 2012ലെ റിപ്പോർട്ട് പ്രകാരം പോഷകപദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഗുജറാത്ത് വളരെ പിന്നിലായിരുന്നു. 2007നും 2011നും ഇടയിലുള്ള കാലഘട്ടത്തിൽ പോഷകക്കുറവ് പരിഹരിക്കുന്നതിൽ അരുണാചൽ പ്രദേശ്, സിക്കിം, മഹാരാഷ്ട്ര, ഉത്തരഖണ്ഡ് തുടങ്ങിയവ ഗുജറാത്തിനേക്കാൾ മുന്നിലായിരുന്നു. ഗുജറാത്തിൽ പോഷകക്കുറവ് നേരിടുന്ന കുട്ടികൾ 4.56 ശതമാനമാണ്. ദേശീയ ശരാശരിയായ 3.33 ശതമാനത്തേക്കാൾ കൂടുതലാണിത്. കുട്ടികളുടെയും യുവതികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും ക്ഷേമത്തിനായി ഐസിഡിഎസ് സ്‌കീമിൽ നിന്നുള്ള ബെനഫിറ്റുകൾ ഗുജറാത്തിലെ 1.87 കോടി ആളുകൾ കൈപ്പറ്റിയിട്ടുണ്ടെന്ന് സിഎജി പറയുന്നു.സംസ്ഥാനത്ത് 75,000 അംഗനവാടി സെന്ററുകൾ ആവശ്യമാണെന്നിരിക്കെ ഇവിടെ 67 ശതമാനം അംഗനവാടികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളൂ.

അംഗനവാടികളുടെ പ്രവർത്തനക്കുറവും സംസ്ഥാനത്തെ പോഷകാഹാരക്കുറവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് പ്രസ്തുത സർവേകളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആദ്യ സർവേ നടത്തിയത് സൂറത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസാണ്. ഇവർ നിരീക്ഷണ വിധേയമാക്കിയ 849 കുട്ടികളിൽ പോഷകാഹാരക്കുറവ് 94 ശതമാനത്തിനും മുകളിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദിവാസി പ്രാമുഖ്യമുള്ള താലൂക്കായ ദേദിയപാഡയിലെ 20 ഗ്രാമങ്ങളിലെ അഞ്ച് വയസ്സുമുതൽ 15 വയസ്സുവരെയുള്ള ആദിവാസിക്കുട്ടികളെയാണ് ഇവർ പഠനവിധേയമാക്കിയത്. ഇവിടങ്ങളിലെ ചില പ്രദേശങ്ങളിൽ 96 ശതമാനവും ആദിവാസികളാണ. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഓട്ടോണമസ് ഇൻസ്റ്റിറ്റ്യൂട്ടാണ് സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ്.

ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു ആണ് രണ്ടാമത്തെ പഠനം നടത്തിയിരിക്കുന്നത്. 17 ജില്ലകളിലെ ആദിവാസി മേഖലകളിലെ 249 അംഗനവാടികളെ കേന്ദ്രീകരിച്ചാണീ പഠനം നടത്തിയത്. ആദിവാസികളുടെ നില പരുങ്ങലിലാണെന്നാണ് ഈ പഠനവും വെളിപ്പെടുത്തുന്നത്. 65 ശതമാനം പേർക്കും ശൗചാലയങ്ങളില്ലെന്നും 34 ശതമാനത്തിനും തൂക്കക്കുറവും പോഷകക്കുറവുമുണ്ടെന്നും 34 ശതമാനത്തിന് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ പാത്രങ്ങളില്ലെന്നും 28 ശതമാനത്തിന് സ്ഥിരമായി ആരോഗ്യ പരിശോധന നടത്താനുള്ള സൗകര്യങ്ങളില്ലെന്നും ഈ പഠനം കണ്ടെത്തിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP