Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂറോപ്പിലിരുന്ന് ഇന്ത്യക്കുവേണ്ടി പൊരുതിയ മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയെ ചാരനാക്കി ബ്രിട്ടീഷ് സർക്കാർ; നേതാജിയുടെ ഡെപ്യൂട്ടിയും നെഹ്‌റുവിന്റെ വിശ്വസ്തനുമായ തലശേരിക്കാരൻ നമ്പ്യാരുടെ കഥ

യൂറോപ്പിലിരുന്ന് ഇന്ത്യക്കുവേണ്ടി പൊരുതിയ മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയെ ചാരനാക്കി ബ്രിട്ടീഷ് സർക്കാർ; നേതാജിയുടെ ഡെപ്യൂട്ടിയും നെഹ്‌റുവിന്റെ വിശ്വസ്തനുമായ തലശേരിക്കാരൻ നമ്പ്യാരുടെ കഥ

യൂറോപ്പിലിരുന്നുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കാളിയായ എ സി എൻ നമ്പ്യാർ സോവിയറ്റ് ചാരനായിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകൾ. വെള്ളിയാഴ്ച നാഷണൽ ആർക്കൈവ്‌സ് പുറത്തുവിട്ട രേഖകൾ പ്രകാരമാണ് നമ്പ്യാർ സോവിയറ്റ് ചാരനായത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ യൂറോപ്പിലെ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായിരുന്നു നമ്പ്യാർ. പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ഉറ്റ സുഹൃത്തും.

പത്രപ്രവർത്തകനായി 1924-ൽ ജർമനിയിലെ ബെർലിനിൽ എത്തിയ നമ്പ്യാർ, അവിടെ ഇന്ത്യക്കാർ ചേർന്ന് രൂപം നൽകിയ കമ്യൂണിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചു. 1929-ൽ സോവിയറ്റ് യൂണിയന്റ് അതിഥിയായി മോസ്‌കോ സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, നമ്പ്യാരെ ബെർലിനിൽനിന്ന് പുറത്താക്കി.

എന്നാൽ, പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഡപ്യൂട്ടി എന്ന നിലയ്ക്ക് അവിടെ തുടരാൻ അനുവദിച്ചു. നേതാജി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനായി ജപ്പാനിലേക്ക് പോയപ്പോൾ, അദ്ദേഹം രൂപം നൽകിയ ഫ്രീ ഇന്ത്യ മൂവ്‌മെന്റിന്റെ യൂറോപ്പിലെ ചുമതലക്കാരനായിരുന്നു നമ്പ്യാർ. ബ്രിട്ടന്റെ ശത്രുക്കളെ സഹായിക്കാൻ വേണ്ടി രൂപം നൽകിയ സംഘടനയായിരുന്നു ഇത്.

ഫ്രീ ഇന്ത്യ മൂവ്‌മെന്റിൽ അംഗമാകാൻ തുടക്കത്തിൽ നമ്പ്യാർക്ക് വിമുഖതയുണ്ടായിരുന്നു. കടുത്ത നാസി വിരുദ്ധനായിരുന്നു നമ്പ്യാർ. എന്നാൽ, നേതാജിയുടെ നിർബന്ധത്തെത്തുടർന്നാണ് അദ്ദേഹം ആ ചുമതലയേറ്റത്. ബെർലിനിലെ ഫ്രീ ഇന്ത്യ പ്രസ്ഥാനത്തിന് വിദേശ എംബസ്സിയുടെ സ്ഥാനം ജർമനി നൽയിരുന്നു. ഫ്രീ ഇന്ത്യ മൂവ്‌മെന്റ് എന്ന സേനയെ 1944-ൽ നാസി ജർമനി ഏറ്റെടുക്കുകയും ചെയ്തു.

നാസി ജർമനിയുടെ സഹായിയെന്ന പേരിൽ 1945-ൽ ഓസ്ട്രിയിൽവച്ച് നമ്പ്യാർ അറസ്റ്റിലായി. യുദ്ധാനന്തരം സ്‌കാൻഡിനേവിയയിലെ ഇന്ത്യൻ അംബാസിഡറായി നിയോഗിക്കപ്പെട്ട നമ്പ്യാർ, പിന്നീട് വെസ്റ്റ് ജർമനിയിലും സ്ഥാനപതിയായി. നെഹ്‌റുവുമായുള്ള അടുപ്പമായിരുന്നു അദ്ദേഹത്തെ നയതന്ത്ര പ്രതിനിധിയാക്കി മാറ്റിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ജർമൻ സ്ഥാനപതിയായിരുന്നു നമ്പ്യാർ. പിന്നീട് ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ യൂറോപ്യൻ പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.

നമ്പ്യാർ സോവിയറ്റ് ചാരനായിരുന്നുവെന്ന വിവരം ആദ്യം ലഭിക്കുന്നത് 1959-ലാണെന്ന് ബ്രിട്ടീഷ് രേഖകൾ പറയുന്നു. 1920 മുതൽക്ക് സോവിയറ്റ് ചാരനെന്ന നിലയ്ക്കാണ് നമ്പ്യാർ പ്രവർത്തിച്ചിരുന്നതെന്ന് ഒരാൾ വെളിപ്പെടുത്തുകയായിരുന്നു. നേതാജിയുടെ നേതൃത്വത്തിൽ ജർമനിയിലും യൂറോപ്പിലും നടന്ന ആസാദ് ഹിന്ദിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും അവയിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങളുമാണ് ബ്രിട്ടീഷ് രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധത്തിനിടെ ബ്രിട്ടൻ പിടിച്ചെടുത്ത ജർമൻ മുങ്ങിക്കപ്പലിൽനിന്ന് കണ്ടെടുത്ത രേഖകളിൽ നമ്പ്യാർ ബോസിനയച്ച കത്തുകളുമുണ്ടായിരുന്നു. നമ്പ്യാരും നെഹ്‌റുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രേഖകളും ബ്രിട്ടൻ ശേഖരിച്ചിരുന്നു.

ഒരു രേഖയിൽ നെഹ്‌റു വളരെ പ്രധാനപ്പെട്ടയാൾ എന്നാണ് നമ്പ്യാരെ വിശേഷിപ്പിക്കുന്നത്. മുഴുവൻ കാര്യവുമറിയുന്നയാൾ എന്നും നമ്പ്യാരെ നെഹ്‌റു വിശേഷിപ്പിക്കുന്നുണ്ട്. നെഹ്‌റുവിന്റെ പഴയ സുഹൃത്ത് എന്നാണ് നമ്പ്യാർ വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് മാർക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്‌ബോമിന്റെ പക്കലുണ്ടായിരുന്ന രേഖകളനുസരിച്ചാണ് നമ്പ്യാരെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടൻ പുറത്തുവിട്ടത്.

യൂറോപ്പിലെത്തിയ നമ്പ്യാർ, അവിടെ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണ് ഈ രേഖകളിൽനിന്ന് വ്യക്തമാകുന്നത്. മലയാള സാഹിത്യ ലോകത്തെ ആദ്യകാല എഴുത്തുകാരിലൊരാളായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനായ എ.സി.എൻ നമ്പ്യാാർ 1896-ൽ തലശ്ശേരിയിലാണ് ജനിച്ചത്. ഇന്ത്യയുടെ വാനമ്പാടിയെന്ന് പ്രസിദ്ധയായ സരോജിനി നായിഡുവിന്റെ സഹോദരിയായ സുഹാസിനി ചതോപാദ്ധ്യായയെയാണ് നമ്പ്യാർ വിവാഹം കഴിച്ചത്. ഇന്ത്യക്കാരിയായ ആദ്യത്തെ കമ്യൂണിസ്റ്റ് അംഗമായിരുന്നു സുഹാസിനി. പിന്നീട് ഇവർ വേർപിരിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP