Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലാളിമാർ പണം തട്ടിയെടുത്ത് മുങ്ങിയാലും ആരു ചോദിക്കാൻ; ജപ്തിയും പീഡനവും പാവങ്ങൾക്കു മാത്രം; 14 ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് 7000 കോടി അടിച്ച മാറ്റിയ വ്യവസായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്കു കടന്നു

മുതലാളിമാർ പണം തട്ടിയെടുത്ത് മുങ്ങിയാലും ആരു ചോദിക്കാൻ; ജപ്തിയും പീഡനവും പാവങ്ങൾക്കു മാത്രം; 14 ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് 7000 കോടി അടിച്ച മാറ്റിയ വ്യവസായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്കു കടന്നു

ന്യൂഡൽഹി: വൻവ്യവസായിയുടെ തട്ടിപ്പിന്റെ കഥകൾ ഒരു വിജയ്മല്യയിൽ അവസാനിക്കുന്നില്ല. മുതലാളിമാർ വൻ തട്ടിപ്പുകൾ നടത്തി മുങ്ങിയാലും ആരും ചോദിക്കില്ലെന്നും പാവങ്ങൾക്കുനേരെ മാത്രമാണ് അധികാരികളുടെ കുതിരകയറ്റമെന്നും ഒരുവട്ടംകൂടി തെളിയുകയാണ്. മല്യ മോഡലിൽ, 14 ബാങ്കുകളിൽ നിന്നായി 6800 കോടിയുടെ വായ്പ തരപ്പെടുത്തിയ മറ്റൊരു 'വേദനിക്കുന്ന കോടീശ്വരൻ' കൂടി വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ പറ്റിച്ച് മുങ്ങി. വ്യവസായിയായ ജതിൻ മേത്തയും ഭാര്യ സോണിയയും ഇന്നലെ ഇന്ത്യവിട്ടതോടെ മല്യയുടെ കാര്യത്തിലെന്നപോലെ വായ്പ തിരിച്ചുപിടിക്കാൻ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് ബാങ്കുകൾ.

കാര്യങ്ങൾ കയ്യിൽനിന്നു പോയതോടെയാണ് മല്യ ഇംഗഌണ്ടിലേക്ക് മുങ്ങിയതെങ്കിൽ കഴിഞ്ഞ മൂന്നു വർഷമായി ദുബായിൽ താമസിക്കുന്ന ജതിൻ മേത്ത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതോടെയാണ് ബാങ്കുകൾ വെട്ടിലായത്. 2013-14 ൽ മേത്തയും സോണിയയും കരീബിയൻ ദ്വീപ് സമൂഹമായ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിലെ പൗരത്വം സ്വീകരിച്ചുവെന്നാണ് ഇപ്പോൾ അറിയുന്നത്. വിജയ് മല്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന്റെ കഥയാണ് ഇതോടെ പുറത്തുവരുന്നത്.

ഇന്ത്യൻ ബാങ്കുകളിൽ നിന്നെടുത്ത 7000 കോടി രൂപതിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് മല്യ ഇംഗ്‌ളണ്ടിലേക്കു കടന്നത്. ജതിൻ മേത്തയും ഭാര്യ സോണിയയും 2013ൽ സിംഗപ്പൂരിലേക്കും അവിടെ നിന്ന് ദുബായിലേക്കും താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് രണ്ടുതട്ടിപ്പുകളും അരങ്ങേറിയത്. പക്ഷേ, മേത്ത പ്രധാനമന്ത്രി മോദിയുടെ സുഹൃത്തായ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ബന്ധുവാണെന്നതിനാൽ മേത്തയുടെ കാര്യത്തിൽ ബിജെപിക്കും മോദിക്കും വിമർശനം നേരിടേണ്ടിവരും. മല്യയെ നാട്ടിൽ തിരിച്ചെത്തിച്ച് പണം തിരിച്ചുപിടിക്കാൻ നടപടികളെടുക്കണമെന്ന ആവശ്യത്തോടൊപ്പം മേത്തയുടെ കാര്യത്തിലും ഉടൻ നടപടികൾ വേണമെന്ന ആവശ്യമുയരുമെന്ന് തീർച്ച.

ഗുജറാത്തിൽ വിൻസം ഡയമണ്ട്‌സ് എന്ന വജ്ര നിർമ്മാണക്കമ്പനി നടത്തുകയായിരുന്നു മേത്ത. 1985ൽ സുരാജ് ഡയമണ്ട്‌സ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. പിന്നീട് പേര് വിൻസം എന്നു മാറ്റി. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ മകൾ കൃപയെയാണ് ജതിൻ മേത്തയുടെ മകൻ സുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. വിനോദ് അദാനിയും കുടുംബവും ദുബായിലാണ് താമസം. ഇന്ത്യക്ക് പുറത്ത് നികുതി വെട്ടിപ്പിനായി വൻ നിക്ഷേപം നടത്തിയവരുടെ വിവരങ്ങൾ അടങ്ങിയ പാനമ രേഖകളിൽ വിനോദ് അദാനിയുടെ പേരും ഉണ്ടായിരുന്നു.

ഇന്ത്യയിൽ നിന്ന് വജ്രങ്ങളും സ്വർണാഭരണങ്ങളും സ്വർണ നാണയങ്ങളും കയറ്റി അയയ്ക്കുന്നതിൽ മുന്നിൽ നിന്ന സ്ഥാപനങ്ങളാണ് സുരാജ് ഡയമണ്ട്‌സും വിൻസം ഡയമണ്ട്‌സും. 2013 മാർച്ചിൽ കമ്പനി നഷ്ടത്തിലായതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സംഘം ബാങ്കുകൾ 4680 കോടി രൂപ വിൻസം ഡയമണ്ട്‌സിന് വായ്പ നൽകിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം ബാങ്കുകൾ 2122 കോടി രൂപയും നൽകി.

ഈ വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കു പരാതി നൽകി. വായ്പ തിരിച്ചടയ്ക്കാൻ മനഃപൂർവം വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ വിൻസമിനെയും ഉൾപ്പെടുത്തി. യുഎ ഇയിലെ ആറ് സ്ഥാപനങ്ങളിലേക്ക് അയച്ച വജ്രത്തിന്റെയും ആഭരണങ്ങളുടെയും തുക കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് മേത്ത ബാങ്കുകളോട് പറഞ്ഞത്. ആദ്യമെല്ലാം ഇത് വിശ്വസിച്ചിരുന്ന ബാങ്കുകൾ പിന്നീട് പണം തീരെ കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിൽ മേത്ത പറയുന്ന സ്ഥാപനങ്ങൾ നിലവിൽ ഇല്ലാത്തവയാണെന്ന് വ്യക്തമായി. പക്ഷേ, അപ്പോഴേക്കും ജതിൻ മേത്തയും കുടുംബവും ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് പറന്നിരുന്നു.

ജിതിൻ മേത്ത യു എ ഇ യിലേക്ക് അയച്ചിരുന്ന ആഭരണങ്ങളും വജ്രവും മറ്റും നാലു കപ്പലുകളിലായി കടത്തിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും എവിടേക്കാണ് കൊണ്ടുപോയത് എന്ന് കണ്ടെത്താനായിട്ടില്ല. മാത്രമല്ല, ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയിൽ നല്ലൊരു ഭാഗം ജതിൻ മേത്ത റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയിട്ടുണ്ടെന്നും ഇത് തിരിച്ചുപിടിക്കാനാകുമോ എന്ന് പരിശോധിക്കുകയുമാണ് അധികൃതർ ഇപ്പോൾ.

ഇന്റർ നാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് അടുത്ത കാലത്ത് പുറത്തുവിട്ട പാനമ രേഖകൾ പ്രകാരം വിനോദ് അദാനിക്ക് ബ്രിട്ടീഷ് എലൻഡ്‌സിൽ രണ്ട് 'ഓഫ്‌ഷോർ അക്കൗണ്ടു'കൾ ഉണ്ട്. ജിനേശ്വർ ഹോൾഡിങ്‌സ്, പാർശ്വ ഹോൾഡിങ്‌സ് എന്നീ കമ്പനികളുടെ പേരിലാണിവ. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന എസ്ട്രാഡിഷൻ കരാർ ഒപ്പു വയ്ക്കാത്ത രാജ്യമാണ് സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് എന്നതിനാൽ ജതിൻ മേത്തയെയും ഭാര്യ സോണിയയെയും ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടു വരിക എളുപ്പമാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP