Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുതുവത്സര ദിനത്തിൽ അദ്‌നാൻ സാമി ഇന്ത്യൻ പൗരൻ; ഒന്നര ദശാബ്ദത്തോളം ഇന്ത്യയിൽ താമസിച്ച ബോളിവുഡ് ഗായകനു പൗരത്വം നൽകുന്നത് ശിവസേനയുടെ എതിർപ്പ് അവഗണിച്ച്

പുതുവത്സര ദിനത്തിൽ അദ്‌നാൻ സാമി ഇന്ത്യൻ പൗരൻ; ഒന്നര ദശാബ്ദത്തോളം ഇന്ത്യയിൽ താമസിച്ച ബോളിവുഡ് ഗായകനു പൗരത്വം നൽകുന്നത് ശിവസേനയുടെ എതിർപ്പ് അവഗണിച്ച്

ന്യൂഡൽഹി: ഒടുവിൽ പാക് വംശജനായ ബോളിവുഡ് ഗായകൻ അദ്‌നാൻ സാമിക്ക് ഇന്ത്യ പൗരത്വം നൽകുന്നു. പുതുവത്സര ദിനമായ ജനുവരി ഒന്നിന് സാമി ഇന്ത്യൻ പൗരനാകും.

ശിവസേന ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് സമിക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത്.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ തന്റെ താമസത്തിനു നിയമസാധുത നൽകണമെന്നുള്ള അപേക്ഷ സ്വീകരിച്ചാണ് സാമിക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.

മെയ്‌ 26നാണ് ഇക്കാര്യവുമായി ബന്ധപ്പെട്ടു സമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. പാക്കിസ്ഥാനിലെ ലഹോറിൽ ജനിച്ച അദ്‌നൻ സമി 2001 മാർച്ച് 13നാണ് ഒരു വർഷത്തെ സന്ദർശക വീസയിൽ ആദ്യമായി ഇന്ത്യയിലെത്തിയത്. തുടർന്ന് വർഷാവർഷം വീസയുടെ കാലാവധി നീട്ടുകയായിരുന്നു.

2015 മെയ്‌ 26ന് കാലാവധി അവസാനിച്ച തന്റെ പാക്ക് പാസ്‌പോർട്ട് പുതുക്കി നൽകാൻ പാക്കിസ്ഥാൻ അധികൃതർ തയാറാകാതിരുന്നതാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകാൻ സമിയെ പ്രേരിപ്പിച്ചത്.

ഒന്നര ദശാബ്ദത്തോളമായി ഇന്ത്യയിൽ താമസിക്കുന്ന സാമിക്ക് പുതുവർഷത്തിൽ ഇന്ത്യൻ പൗരനായിത്തന്നെ ഇന്ത്യയിൽ കഴിയാം. ബോളിവുഡ് സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്‌നൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത്. പൗരത്വം നൽകുന്ന കാര്യത്തിൽ അറ്റോർണി ജനറലിനും ആഭ്യന്തര മന്ത്രാലയത്തിനും സമ്മതമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് അഡ്‌നന്റെ പാക് പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞത്. പാസ്‌പോർട്ട് കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടരുന്ന തന്നെ പുറത്താക്കരുതെന്ന് കാണിച്ച് അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു.

പാസ്‌പോർട്ട് പുതുക്കാതിരുന്നതോടെ, പാക് പൗരത്വം അഡ്‌നൻ സാമി ഉപേക്ഷിച്ചുകഴിഞ്ഞു. ഇതോടെയാണ് ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷയിൽ അറ്റോർണി ജനറൽ അനുകൂല തീരുമാനം കൈക്കൊണ്ടത്. 1955ലെ പൗരത്വ നിയമത്തിലെ നാച്ചുറലൈസേഷൻ വകുപ്പ് പ്രകാരമാണ് പൗരത്വ അപേക്ഷ സ്വീകരിച്ചിട്ടുള്ളത്. കലാകാരന്മാർക്കും ശാസ്ത്രജ്ഞർക്കും സാമൂഹിക പ്രവർത്തകർക്കും പൗരത്വം നേടുന്നതിനുള്ള വകുപ്പാണിത്.

പാക് കലാകാരന്മാരെയും കായികതാരങ്ങളെയും ഇന്ത്യയിൽ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിൽ ശിവസേന ഉറച്ചുനിൽക്കുന്നതിനിടെയാണ് അദ്‌നൻ സാമിയുടെ പൗരത്വ അപേക്ഷ കേന്ദ്രം പരിഗണിച്ചത്. ശിവസേനയുടെ എതിർപ്പിനെത്തുടർന്ന് പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടിയും മുംബൈയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു.

നേരത്തെ പാക് മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസൂരി, ഐ.സി.സി അംപയർ അലീം ദാർ, വസീം അക്രം എന്നിവർക്കെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു. നേരത്തെ തന്റെ രണ്ടാം ഭാര്യയായ സബാഹ് ഗലാദ്രിയുമായുള്ള വിവാഹ തർക്കത്തെ തുടർന്ന് സമിക്ക് പാസ്‌പോർട്ട് പുതുക്കി നൽകാൻ പാക് അധികൃതർ തയ്യാറായിരുന്നില്ല. ഇരുവരും 2012ലാണ് വേർപിരിഞ്ഞിരുന്നത്. ലാഹോർ സ്വദേശിയായ അദ്‌നാൻ സമി ഖാൻ ബോളിവുഡിൽ ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ഗായകനാണ്. മലയാളത്തിൽ 'മകൾക്ക്' എന്ന സിനിമയിൽ അദ്‌നാൻ സമി പാടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP