ബന്ദിപ്പൂർ വനപാതയ്ക്ക് ബദൽപാത നിർമ്മിക്കാൻ ആശയവുമായി കേന്ദ്രം സുപ്രീംകോടതിയിൽ; കേരളത്തിന്റേയും കർണാടകയുടേയും നാല് ജില്ലാ റോഡുകളെ ബന്ധിപ്പിച്ച പുതിയ സംസ്ഥാനപാത നിർമ്മിക്കാൻ നീക്കം; അവശ്യമായ ഭൂമി ഇരു സർക്കാരുകളും കണ്ടെത്തണം; വനപാതയിലെ രാത്രിയാത്ര ഒഴിവാക്കിയ പശ്ചാത്തലത്തിൽ കേന്ദ്ര ഇടപെടൽ കേരളത്തിന്റെ നീണ്ടനാളത്തെ നിയമപോരാട്ടത്തിന് പിന്നാലെ
November 15, 2019 | 07:10 AM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബന്ദിപ്പൂരിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാൻ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കേരള സർക്കാരിന്റെ നീണ്ടനാളത്തെ ഹർജിയിലാണ് കേന്ദ്ര ഇടപെടൽ.തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോൽപ്പെട്ടി എന്നീ ജില്ലാറോഡുകളെ സംസ്ഥാന പാതകളായി ഉയർത്തിയും ആവശ്യമായ ഭൂമി കേരള, കർണാടക സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്തും ബദൽപാത നിർമ്മിക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബന്ദിപ്പൂർ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ദേശീയ പാതാ അഥോറിറ്റി ചീഫ് എൻജിനീയറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. രാത്രി യാത്രാനിരോധനക്കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ഭൂമി ഏറ്റെടുക്കലിനുശേഷം ബദൽപാതയുടെ റൂട്ടുകളുടെ വിശദാംശങ്ങൾ ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് ആവശ്യമായ പാരിസ്ഥിതിക അനുമതിയും ലഭ്യമാക്കണം. അതേസമയം, എലിവേറ്റഡ് പാത വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.മുൻപ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോവുന്ന വയനാട്-മൈസൂരു ദേശീയപാത 212(പുതിയ നം. 766)ലെ രാത്രി യാത്രാ വിലക്ക് നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രസർക്കാർ കർണാടക ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. വനമേഖലയിലെ റോഡിന്റെ വീതി കൂട്ടാനും രാത്രിയാത്രാ നിരോധനം നീക്കുന്നതിനും പിന്തുണ തേടിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറി വൈ എസ് മാലിക് കർണാടക സർക്കാരിനെ സമീപിച്ചിരുന്നത്.
ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷയ്ക്കായി റോഡിന്റെ വീതി 15 മീറ്റർ വർധിപ്പിക്കണം. പത്തു മീറ്റർ ക്യാരേജ് പാതയടക്കം (രണ്ടു വരി ഹൈവേയിൽ നിലവിൽ ഏഴു മീറ്ററാണ് ക്യാരേജ് പാതയുള്ളത്) വീതി വർധിപ്പിക്കാനാണ് നിർദ്ദേശം. മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ആകാശപാത (എലിവേറ്റഡ്) നിർമ്മിക്കുകയും ആകാശപാത ഇല്ലാത്ത ഭാഗങ്ങളിൽ മൃഗങ്ങൾ റോഡിലേക്കു കടക്കുന്നത് തടയുന്നതിന് ഇരുവശവും എട്ടടി ഉയരത്തിൽ കമ്ബിവല കൊണ്ട് മതിൽ തീർക്കുകയും വേണം.
ഒരു കിലോമീറ്റർ വീതം നീളമുള്ള അഞ്ച് ആകാശപാതകൾ നിർമ്മിച്ച് അതിനു താഴെ കൂടി മൃഗങ്ങൾക്ക് കടന്നുപോവാൻ സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. നാലെണ്ണം കർണാടക ഭാഗത്തും ഒന്ന് വയനാട് ഭാഗത്തുമാണ് നിർമ്മിക്കേണ്ടത്. ഇതിനായി ചെലവു വരുന്ന 460 കോടി കർണാടകയും കേരളവും സംയുക്തമായി വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പാതവഴിയുള്ള രാത്രിയാത്രയിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നു എന്ന കാരണത്താൽ ഈ ആവശ്യത്തെ കർണാടക സർക്കാർ നിരാകരിക്കുകയായിരുന്നു.
ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിർപ്പില്ലെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു.
